Hot Posts

6/recent/ticker-posts

മണവാളൻ ജോസഫ്.

 

നീലാംബരീയം

ചിരിച്ചു കൊണ്ട് കരയാനും കരഞ്ഞു കൊണ്ട് ചിരിക്കാനും കഴിയുന്ന അപൂർവ നടന്മാരിൽ ഒരാളായിരുന്നു പഴയകാലനടൻ മണവാളൻ ജോസഫ്. ദ്രാരിദ്ര്യത്തിന്റെ ചേറ്റിലമർന്നാലും  കലയോടുള്ള ഒടുങ്ങാത്ത അഭിനിവേശവും കാരണം ഉന്നത വിദ്യാഭ്യാസം നേടാൻ കഴിഞ്ഞില്ലെങ്കിലും സ്വപ്രയത്നത്താൽ ഇംഗ്ലീഷും മലയാളവും പഠിച്ച ഹാസ്യ നായകനായിരുന്നു മണവാളൻ.

 ഏറണാകുളം ഫോർട്ട് കൊച്ചി ചിരട്ടപ്പാലം സ്വദേശിയായ ജോസഫ് കൊച്ചിയിലെ പ്രൊഫഷണൽ നാടക സംഘങ്ങളിലൂടെയും കൊല്ലം കാളിദാകലാകേന്ദ്രത്തിലൂടെയുമാണ് അഭിനയ രംഗത്ത് ശ്രദ്ധേയനായത്. കൊച്ചിൻ ഫിസിക്കൽ കൾച്ചറൽ അസോസിയേഷന്റെ മണവാളൻ എന്ന ഏകാങ്കനാടകത്തിലെ ടൈറ്റിൽ റോളിൽ അഭിനയിച്ചതോടെയാണ് ജോസഫ് മണവാളൻ ജോസഫായി മാറിയത്.

 കലാനിലയം നാടക നിലയത്തിലെ സ്ഥിരം നടനായിരുന്നു. ആദ്യ പ്രഫഷണൽ നാടകം "ഇളയിടത്ത് റാണി" ആയിരുന്നു. കെ.പി.എ.സി കോട്ടയം നാഷണൽ തിയേറ്റഴ്സ്, കാളിദാസ കലാകേന്ദ്രം എന്നീ നാടക സമിതികളിൽ ഏകദേശം 15 വർഷക്കാലം പ്രവർത്തിച്ചു. നാടകനടന്റെ അഭിനയം ഇഷ്ടപ്പെട്ട രാമു കാര്യാട്ടും പി.ഭാസ്ക്കരനുമാണ് നീലക്കുയിൽ എന്ന ചിത്രത്തിൽ ആദ്യമായി അദ്ദേഹത്തിനു വേഷം നൽകിയത്. നീലക്കുയിലിലെ ചായക്കടക്കാരൻ നാണുനായർ പ്രേക്ഷക മനസ്സിൽ നിന്നും മായാൻ ഒരിക്കലും വഴിയില്ല. ഇതു അദ്ദേഹത്തിന്റെ ജീവിതത്തിലെ നാഴികക്കല്ലായി മാറി.

 നീലക്കുയിൽ ഹിറ്റായതോടെ അവസരങ്ങളുടെ പ്രവാഹം അദ്ദേഹത്തെ തേടി എത്തി. കോമഡി റോളുകളിലൂടെ മലയാള സിനിമാ പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ട് മണവാളൻ ജോസഫ് 60, 70 കളിൽ സജീവമായി രംഗം കൈയടക്കി ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള മണവാളന്റെ വിരുത് ശ്രദ്ധേയമായിരുന്നു.ക്രിസ്ത്യൻ വേഷങ്ങളായിരുന്നു അദ്ദേഹം കൂടുതലും ചെയ്തിരുന്നത്. വടക്കൻ പാട്ടുകൾ പ്രമേയമായ ചിത്രങ്ങളിലെ നാടുവാഴി വേഷങ്ങളും ചെയ്തിട്ടുണ്ട്. വാർത്ത എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. ഐ.വി.ശശിയുടെ കഥാപാത്രങ്ങളിൽ പലതും അദ്ദേഹത്തിന്റെയും കൂടി കഥാപാത്രങ്ങളായി. ഏകദേശം ഇരുന്നൂറുഓളം സിനിമകളിൽ വേഷമിട്ടു. ഹാസ്യ വേഷങ്ങൾക്കു പുറമേ, സ്വഭാവ നടനായും, സഹനടനായും അഭിനയിച്ചിട്ടുണ്ട്.

 "മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു , പാഞ്ചജന്യം, കള്ളിയാങ്കാട്ട് നീലി, ചൂള ,വെല്ലുവിളി , കായംകുളം കൊച്ചുണ്ണി, ഓടയിൽ നിന്നും , പഴശ്ശിരാജാ, കടലമ്മ, നീലക്കുയിൽ തുടങ്ങിയവ അദ്ദേഹം അഭിനയിച്ച ചിത്രങ്ങളിൽ ചിലതു മാത്രം.

ഭാര്യ ത്രേസ്യ ജോസഫ്. 3 ആൺ മക്കളും 3 പെൺമക്കളും ഉണ്ട്. 1927 ഒക്ടോബർ 13 ന് ജനിച്ച അദ്ദേഹം 1986 ജനുവരി 23 ന് ഹൃദയസ്തംഭനം മൂലം ഈ ലോകത്തോടു വിട പറഞ്ഞു. മരണാനന്തരം അദ്ദേഹത്തിന്റെ ജന്മനാട് അർഹിക്കുന്ന രീതിയിലുള്ള ആദരവ് നൽകിയോ എന്ന കാര്യത്തിൽ സംശയമുണ്ട്.

അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ദീപ്ത സ്മരണകളോടെ നീലാംബരീയം അർച്ചനാ പുഷ്പങ്ങളർപ്പിക്കുന്നു.

കെ. കോമളവല്ലി 

പ്രശസ്തരായ അനേകം ശിഷ്യഗണത്താൽ സമ്പന്നനായിരുന്നു പുന്നശ്ശേരി നീലകണ്ഠൻ ശർമ്മ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

2 അഭിപ്രായങ്ങള്‍