കൈതൊഴാം കേൾക്കുമാറാകണം...
പാവമാമെന്നെ നീ കാക്കുമാറാകണം
എന്നുള്ളിൽ ഭക്തിയുണ്ടാകുമാറാകണം
നിന്നെ ഞാനെന്നുമേ കാണുമാറാകണം
നേർവഴിക്കെന്നെ നീകൊണ്ടുപോയീടണം
നേർവരും സങ്കടം ഭസ്മമാക്കീടണം..
ദുഷ്ടസംസർഗ്ഗം വരാതെ ആയീടണം
ശിഷ്ടരായുള്ളവർ തോഴരായീടണം
നല്ലകാര്യങ്ങളിൽ പ്രേമമുണ്ടാകണം
നല്ലവാക്കോതുവാൻ ത്രാണിയുണ്ടാകണം
കൃത്യങ്ങൾ ചെയ്യുവാൻ ശ്രദ്ധ ഉണ്ടാകണം
സത്യം പറഞ്ഞീടാൻ ശക്തിയുണ്ടാകണം
ദൈവമേ കൈതൊഴാം കേൾക്കുമാറാകണം...."
ആരുടേതാണ് ഓർമ്മയിലിപ്പോഴും വിടർന്ന് സൗരഭ്യം പരത്തുന്ന ഈ പ്രാർത്ഥനാ ഗീതത്തിന്റെ പദമലരുകൾ എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ... വാക്കുകളിലെ നൈർമ്മല്യവും ദൈവികത്വവും ഉൾക്കൊണ്ട് കവിയെ ആരെങ്കിലും തിരിച്ചറിഞ്ഞുവോ....?പന്തളം രാജകുടുംബാംഗമായ മഹാകവി പന്തളം കേരളവർമ്മ എന്നറിയപ്പെടുന്ന കേരളവർമ്മയുടെ രചനയാണ് ഈ
പ്രാർത്ഥനാഗീതം.....
കേവലം 40 വർഷത്തെ ഹ്രസ്വമായ ജീവിതം കൊണ്ട് സംസ്കൃതത്തിലും മലയാളത്തിലുമായി നൂറിലധികം ഖണ്ഡകാവ്യങ്ങൾ ഉൾപ്പെടെ വിവിധ സാഹിത്യ മേഖലകളിലായി ധാരാളം കൃതികൾ രചിച്ച കേരളവർമ്മ...
രുക്മാംഗദ ചരിതം, വിജയോദയം എന്നിവയാണ് മഹാകാവ്യങ്ങൾ . രുക്മാംഗദ ചരിതം അദ്ദേഹത്തിന്റെ മാസ്റ്റർപീസായി കണക്കാക്കപ്പെടുന്നു.
ഇന്ന് ജൂൺ 11.... പന്തളം കേരളവർമ്മയുടെ സ്‌മൃതിദിനം.
ഒരു നൂറ്റാണ്ട് പിന്നിട്ടു അദ്ദേഹം ദിവംഗതനായിട്ട്.....
കവിതയിൽ ജനിച്ച്, കവിതയിൽ ജീവിച്ച്,
കവിതയിൽ മരിച്ച കവി പന്തളം കേരള വർമ്മ എന്ന അപൂർവ്വ പ്രതിഭയാണ് ഇന്ന് മുഖക്കുറി വേദിയിൽ.
കവിയും പ്രസാധകനും ആയിരുന്നു മഹാകവി പന്തളം കേരളവർമ്മ എന്നറിയപ്പെട്ടിരുന്ന കേരളവർമ്മ. വിപുലമായ പദസമ്പത്തിന് ഉടമയായ
അദ്ദേഹത്തെ "പദം കൊണ്ട് പന്താടുന്ന പന്തളം " എന്ന് വള്ളത്തോൾ വിശേഷിപ്പിച്ചു. 1879 ജനുവരി 22 ന് പന്തളം രാജകുടുംബത്തിൽ ജനിച്ചു . ബാല്യത്തിൽ തന്നെ കവിതാ രചനയിൽ താല്പരനായ കുട്ടി. 12 ആം വയസ്സിൽ സംസ്‌കൃതത്തിലും 19 ആം വയസ്സിൽ മലയാളത്തിലും കവിതകൾ രചിച്ചു. എസ്. എം. വി. ഹൈസ്‌കൂളിൽ ഭാഷാ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു..
കവി എന്നതിലുപരി മലയാള മാധ്യമ ചരിത്രത്തിൽ ഒരു സുവർണ അദ്ധ്യായം എഴുതി ചേർത്ത അതുല്യ പ്രതിഭയാണ് പന്തളം കേരളവർമ്മ. പദ്യരൂപത്തിൽ എഴുതപ്പെട്ട മലയാളത്തിലെ ആദ്യത്തേതും അവസാനത്തേതും ആയ " കവനകൗമുദി " എന്ന വാർത്താ പ്രസിദ്ധീകരണം കേരളവർമ്മ തമ്പുരാന്റെ ഉടമസ്ഥതയിലും പത്രാധിപത്യത്തിലും 1904 നവംബർ 16 ന് പന്തളത്ത് നിന്നും പ്രസിദ്ധീകരിച്ചത് കേരള ചരിത്രത്തിൽ സുവർണരേഖയാണ്.അദ്ദേഹത്തിന്റെ ധീരമായ ഒരു പരീക്ഷണമായിരുന്നു ഈ കവിതാമയ ദ്വൈവാരിക. ഉള്ളടക്കങ്ങളെല്ലാം കവിതയിലായിരുന്ന സമ്പൂർണ്ണ കവിതാ പ്രസിദ്ധീകരണം. മുഖപ്രസംഗം, അറിയിപ്പുകൾ, വാർത്തകൾ, നിരൂപണങ്ങൾ, സമസ്യകൾ, കൂട്ടുകവിതകൾ, കവിത കത്തുകൾ എന്നിവ മാത്രമല്ല പരസ്യങ്ങൾ പോലും പദ്യരൂപത്തിൽ ആയിരുന്നു..
" ധീരോചിതമായ സാഹസം " എന്നാണ്
കവനകൗമുദിയെ മഹാകവി ഉള്ളൂർ വിശേഷിപ്പിച്ചത്. അക്കാലത്തെ പ്രമുഖ എഴുത്ത്കാരൊക്കെ കവനകൗമുദിയിൽ എഴുതിയിരുന്നു..
അയ്യപ്പന്റെ ജന്മനാടായ പന്തളത്ത് നിന്നും പ്രസിദ്ധീകരണം ആരംഭിച്ചത് കൊണ്ട് അയ്യപ്പ സ്തുതിയോടെ ആയിരുന്നു കവനകൗമുദിയുടെ ആദ്യലക്കം പുറത്തിറങ്ങിയത്. കൂട്ടുകവിതാ സമ്പ്രദായം, വിശേഷാൽ പ്രതി, പുസ്തക നിരൂപണം ഒക്കെ കൈരളിക്ക് ആദ്യമായി സമ്മാനിച്ചത് കവനകൗമുദിയാണ്..കവനകൗമുദിക്ക് ഒപ്പം ഇറങ്ങിയ ഭാഷാവിലാസം ആണ് മലയാളത്തിലെ ആദ്യ വിശേഷാൽ പ്രതി.
കൊച്ചി മഹാരാജാവ് കേരളവർമ്മയ്ക്ക് കവിതിലക പട്ടം നൽകി ആദരിച്ചു.
തിരുവിതാംകൂർ രാജാവിന്റെ വിദ്വൽ സദസ്സിൽ അംഗമായിരുന്നു അദ്ദേഹം.
1919 ജൂൺ 11 ന് 40 ആം വയസ്സിൽ മഹാകവി പന്തളം കേരളവർമ്മ ബോംബെ ഫീവർ എന്ന പനി ബാധിച്ച് ദിവംഗതനായി. അദ്ദേഹത്തെ പോലെ തന്നെ അകാലത്തിൽ അന്തരിച്ചു പോയി കവന കൗമുദിയും. കേരളവർമ്മയുടെ വിയോഗത്തിന് ശേഷം 1931 ൽ പ്രസിദ്ധീകരണം നിർത്തുന്നത് വരെ പി. വി. കൃഷ്ണവാര്യർ ആയിരുന്നു കവന കൗമുദി പത്രാധിപർ.
അദ്ദേഹത്തിന്റെ സ്മരണ നിലനിർത്തുന്നതിനായി "പന്തളം കേരള സാഹിത്യ സമിതി " എന്ന പേരിൽ ഒരു സമിതി കവിതാ - മാധ്യമ രംഗത്തെ പ്രമുഖരെ ആദരിക്കുന്നതിനായി രൂപീകരിച്ചിട്ടുണ്ട്. ഒ. എൻ. വി, സുഗതകുമാരി, കടമ്മനിട്ട തുടങ്ങിയവർ
മഹാകവി പന്തളം കേരളവർമ്മ പുരസ്‌കാരം ഏറ്റുവാങ്ങിയ പ്രമുഖരാണ്.
അകാലത്തിൽ പൊലിഞ്ഞ പ്രതിഭാധനനായ മഹാകവി പന്തളം കേരളവർമ്മക്ക് നീലാംബരീയം ആദരവോടെ സ്മരണാഞ്ജലി. അർപ്പിക്കുന്നു.......
5 അഭിപ്രായങ്ങള്‍
പ്രിയ മാഷേ.... അതിയായ സന്തോഷം... സ്നേഹാദരങ്ങൾ
മറുപടിഇല്ലാതാക്കൂ❤️🙏❤️
സന്തോഷം.. സ്നേഹം..
ഇല്ലാതാക്കൂNice write up, Congratulations❤️🙏
മറുപടിഇല്ലാതാക്കൂമരിച്ചാലും മനസിൽ നിന്നും മാഞ്ഞു പോകാത്ത വരികൾ...ഞാൻ പഠിച്ചിട്ടുള്ള വരികളിൽ ഏറ്റവും മതേതരമായ പ്രാർത്ഥന..ഒരു കൊട്ടാരത്തിൽ നിന്നും ആ നിലപാടും സമീപനവും എത്തിച്ചേരണമെങ്കിൽ നമ്മൾ ഇപ്പോൾ അടിമുടി പരിഹസിക്കുന്ന ഫ്യൂഡൽ വ്യവസ്ഥയിൽ പോലും കുറച്ചു നന്മകൾ ഉണ്ടായിരുന്നു എന്നതാണ് സത്യം...മനോഹരമായ ഒരു ഓർമ്മക്കുറിപ്പ് ആണ് രേണുക അവതരിപ്പിച്ചത്... അഭിനന്ദനങ്ങൾ....
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങൾ ♥️
മറുപടിഇല്ലാതാക്കൂ