Hot Posts

6/recent/ticker-posts

അനൂപ് മേനോൻ സിനിമ പത്മ

അനൂപ് മേനോൻ സിനിമ പത്മ
അനൂപ് മേനോൻ കഥയെഴുതി സംവിധാനം ചെയ്ത പത്മ എന്ന സിനിമയാണിന്നത്തെ വെള്ളിത്തിരയിൽ. ഒരുപാട് കേട്ടിട്ടുള്ള ഭാര്യാഭർതൃബന്ധത്തിലുണ്ടാവുന്ന താളപ്പിഴകളാണ് ഈ ചിത്രത്തിന്റെ പ്രമേയമെങ്കിലും കാലികപ്രസക്തമായ ചില സംഭവങ്ങൾ വഴിയാണ് കഥ നീങ്ങുന്നത്.

ഒരു ഗ്രാമത്തിൽനിന്നും എറണാകുളത്ത് വന്നു തിരക്കേറിയ ജീവിതം നയിക്കുന്ന രവി ശങ്കർ (അനൂപ്‌ മേനോൻ) എന്ന ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, മനോഹരമായ ഒരു വീടും വച്ചു മകനെ ഊട്ടിയിൽ പഠിക്കാനും വിട്ടു ,വേഷത്തിലും ജീവിതത്തിലും എല്ലാം ഒരു പരിഷ്ക്കാരിയായി മാറി.
ഭാര്യയായ പത്മയ്ക്ക് ആ നാട്ടിന്പുറത്തുകാരിയിൽ നിന്നും പട്ടണപരിഷ്കാരിയാവുകയെന്നത് ബാലികേറാമലതന്നെയാണ്. കോഴിക്കോടൻ സംസാരഭാഷ മാറ്റാൻ ഒരു മാഷിനെപ്പോലും രവി ഏർപ്പാടാക്കി.
ജോലി ചെയ്യാൻ ഒരു സ്ത്രീയും പുരുഷനും ഉള്ളത്കൊണ്ട് അവൾക്ക് ചെയ്യാൻ ജോലികളില്ല. ആ ജോലിക്കാരി പെണ്കുട്ടിയെ അങ്ങനെ ഒരാളാക്കി വേണമായിരുന്നോ എന്നത് ഒരു ചോദ്യം തന്നെയാണ്. അത് കുറച്ചു ബോറടിപ്പിക്കും. മകനെ ഊട്ടിയിൽ വിട്ടത്കൊണ്ട് പത്മ വലിയ ഏകാന്തത അനുഭവിക്കുന്നു.. വിലകൂടിയ സാരികളും , ആഭരണങ്ങളും മേക്കപ്പും ഒക്കെ ഇട്ട് കുറെ പരിഷ്ക്കാരി പെണ്ണുങ്ങൾക്കൊപ്പം പലയിടത്തും കറങ്ങുന്ന അവൾ എന്നും ഒറ്റപ്പെട്ടത് പോലെയാണ്.
തിരക്കിൽ ജീവിക്കുന്ന രവിക്ക് തന്നെ സമീപിക്കുന്ന രോഗികൾക്കെല്ലാം പരിഹാരം പറഞ്ഞുകൊടുക്കുമ്പോഴും സ്വന്തം ജീവിതത്തിൽ അത് നടപ്പിലാക്കാൻ കഴിയുന്നില്ല. അവരുടെ ജീവിതത്തിൽ ഉണ്ടാവുന്ന ഒരു വലിയ പ്രശ്നം സിനിമയുടെ ആദ്യപകുതിയിൽ ഫീൽ ചെയ്ത മടുപ്പിൽനിന്നും രണ്ടാം പകുതിയിൽ കഥ മാറിസഞ്ചരിക്കുന്നു.
ഒറ്റപ്പെട്ടു ജീവിക്കുന്നവർ, വിവാഹേതരബന്ധങ്ങൾ, സോഷ്യൽ മീഡിയ കൗമാരക്കാർക്ക് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ അങ്ങനെ പലതും ഈ സിനിമ പറഞ്ഞുപോകുന്നു. ഇതുപോലെ അവസ്ഥകൾ നേരിട്ടവർക്ക് ഈ സിനിമയിൽ എവിടെയൊക്കെയോ തങ്ങളുണ്ടെന്നു തോന്നും. മായാ പാർവതിയും വേഷം ഭംഗിയാക്കി.
പാട്ടുകൾ മനോഹരമെങ്കിലും എവിടെയോ കേട്ടിട്ടുള്ള പാട്ടുകളുടെ ഫീൽ തരുന്നുണ്ട്.. ജയസൂര്യയുടെ ശബ്ദത്തിലാണ് കഥ പറഞ്ഞുപോകുന്നത്. എടുത്തുപറയേണ്ടത് അനൂപ്, സുരഭിമാരുടെ അഭിനയം തന്നെയാണ്.. ഛായാഗ്രഹണം മനോഹരം.സംഗീതവും വളരെ ഇമ്പമുള്ളതാണ്..
ത്രില്ലറുകൾ കണ്ടുമടുത്ത പ്രേക്ഷകർക്ക് ഈ കുടുംബചിത്രം ഇഷ്ടപ്പെടും..കാണുക,ആസ്വദിക്കുക.
സുമ ശങ്കർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

4 അഭിപ്രായങ്ങള്‍