സ്വാതന്ത്ര്യ സമരകാലം മുതൽ സ്ത്രീ സാന്നിദ്ധ്യം ഇന്ത്യയിൽ വളരെ ശ്രദ്ധേയമായിരുന്നു. 1946 ൽ ഭരണഘടനാ നിർമ്മാണ സഭ രൂപീകരിച്ചപ്പോൾ അതിൽ വനിതാ പ്രാതിനിധ്യം 15 ആയിരുന്നു..
സ്വാതന്ത്ര്യം ലഭിച്ച് മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു ഈ ജനാധിപത്യ രാജ്യം. സ്വാതന്ത്ര്യനന്തരം ജവഹർലാൽ നെഹ്‌റു മുതൽ നരേന്ദ്ര മോദി വരെ രാജ്യത്ത് 14 പ്രധാനമന്ത്രിമാർ ഉണ്ടായി. എത്ര വനിതാ പ്രധാനമന്ത്രിമാർ ഇവിടെ ഉണ്ടായി....? നെല്ലിനും പതിരിനുമായി ഒരേ ഒരു സ്ത്രീരത്നം... ഇന്ദിരാ ഗാന്ധി മാത്രം.
അത് കഥ വേറെ.....നെഹ്‌റു കുടുംബത്തിന്റെ പിൻബലം കൊണ്ട് മാത്രം ഇന്ത്യയുടെ പ്രധാനമന്ത്രി പദം ഇന്ദിര അലങ്കരിച്ചു. കഴിവുറ്റ ഭരണാധികാരിയായി അവർ തിളങ്ങി എന്നതൊരു സത്യം.അവസരം കൊടുത്തെങ്കിലല്ലേ മറ്റുള്ള സ്ത്രീകൾക്ക് തിളങ്ങാനാവു...
ഒന്നോർക്കുക പ്രിയരേ... വനിതകൾക്ക് പാർലമെന്റ് തെരഞ്ഞെടുപ്പിൽ
33 % സീറ്റ് സംവരണം ഏർപ്പെടുത്തി ദേവ ഗൗഡ സർക്കാർ 81 ആം ഭരണഘടനാ ഭേദഗതിയായി 1986 സെപ്റ്റംബർ 12ന് പാർലമെന്റിൽ അവതരിപ്പിച്ച വനിതാ സംരക്ഷണ ബിൽ കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ലോക്സഭയിൽ പാസ്സ് ആക്കാൻ കഴിയാതെ ഇന്നും ഫ്രീസറിലാണ്. രാജ്യസഭയിൽ ബിൽ 2010 മാർച്ച് 9 ന് പാസ്സായി. അതിന് കാരണം അന്ന് രാജ്യസഭയിൽ ഇടത് പക്ഷത്തിന് വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നു എന്നുള്ളതാണ്.
രാഷ്ട്ര നിർമ്മിതിയിൽ സ്ത്രീകൾക്ക് പങ്കാളിത്തം കൊടുക്കേണ്ടത് ജനതയുടെ പുരോഗതിക്ക് അനിവാര്യമാണ്. 14 പ്രസിഡന്റ്മാരിൽ പ്രതിഭാ പാട്ടീൽ എന്ന ഏക വനിതയിൽ ഒതുങ്ങി നിന്നിരുന്നു സ്ത്രീപ്രാതിനിധ്യം ഈ 2022 വരെ.
ശ്രീമതി. ദ്രൗപദി മുർമു 15 ആം ഇന്ത്യൻ പ്രസിഡന്റ് ആയി അധികാരമേറ്റ് ചരിത്രത്തിൽ ഇടം നേടി.
കേന്ദ്ര മന്ത്രിസഭയിൽ മന്ത്രിമാരായും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ പദവികളിലും പ്രാഗല്ഭ്യം തെളിയിച്ച ശക്തരായ വനിതകളുണ്ട്. അവരുടെ രാഷ്ട്രീയ സവിശേഷതകളും ഭരണ കുശലതയും അഭിനന്ദനങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. എങ്കിലും ആ മികച്ച സംഭാവനകൾ ചരിത്രത്തിന്റെ ഭാഗമായിട്ടുള്ളവയാണ്. അങ്ങനെ രാജ്യസഭയിൽ സ്തുത്യർഹമായ സേവനം കാഴ്ച വച്ച ഒരു മഹത് വ്യക്തിത്വത്തിനുടമയാണ് ഇന്ന് മുഖക്കുറിയിൽ എത്തുന്ന പ്രമുഖ
വനിത. അത് വേറാരുമല്ല വയലറ്റ് ഹരി ആൽവ..
ശ്രീമതി വയലറ്റ് ഹരി ആൽവ.
***************************************
ഇന്ത്യൻ രാജ്യസഭാ ഉപാദ്ധ്യക്ഷ പദവിയിൽ ആദ്യം എത്തിയ വനിതയാണ് വയലറ്റ് ഹരി ആൽവ. 1962 ൽ രാജ്യസഭാ ഉപാദ്ധ്യക്ഷയായി അവർ സ്ഥാനമേറ്റു.
ഹൈക്കോടതിയിൽ കേസ് വാദിച്ച ആദ്യ വനിതയും വയലറ്റ് ഹരി ആൽവ തന്നെ.
വയലറ്റ് ഹരിയുടെ ജീവിത വഴികൾ നമുക്കൊന്ന് നോക്കാം.
ബ്രിട്ടീഷ് ഇന്ത്യയിലെ അഹമ്മദാബാദിൽ 1908 ഏപ്രിൽ 24 ന് ജനനം. ചർച്ച് ഓഫ് ഇംഗ്ലണ്ട് ലെ പാസ്റ്റർ ആയിരുന്ന റവറന്റ് ലക്ഷ്മൺ ഹരിയുടെ മകൾ. പതിനാറാം വയസ്സിൽ മാതാപിതാക്കൾ നഷ്ടപ്പെട്ടു. മൂത്ത സഹോദരങ്ങൾ വിദ്യാഭ്യാസം നൽകി നിയമ ബിരുദമെടുത്തു. 1937 ൽ അഭിഭാഷകനായ ജോച്ചിം ആയി വിവാഹിതയായി. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് പല പ്രാവശ്യം ജയിലിൽ അടക്കപ്പെട്ടു. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം 1952 ൽ വയലറ്റ് ഹരി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1957 ലെ പൊതു തിരഞ്ഞെടുപ്പിന് ശേഷം നെഹ്‌റു മന്ത്രിസഭയിൽ അവർ ആഭ്യന്തര സഹമന്ത്രിയുടെ ചുമതല വഹിച്ചു.
1962 ൽ രാജ്യസഭയുടെ ഉപാദ്ധ്യക്ഷ സ്ഥാനം വഹിക്കുന്ന ആദ്യ വനിതയായി. 1969 നവംബർ 20 ന് മസ്തിഷ്ക ആഘാതം ആ ജീവൻ കവർന്നെടുത്തു..
1908 നവംബറിൽ വയലറ്റ് ആൽവയോടുള്ള ബഹുമാനാർത്ഥം തപാൽ വകുപ്പ് ഒരു സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. ആദരവോടെ നീലാംബരീയം മുഖക്കുറി ശ്രീമതി വയലറ്റ് ആൽവയ്ക്ക് സ്മരണാഞ്‌ജലി അർപ്പിക്കുന്നു.
രേണുക സുരേഷ്
3 അഭിപ്രായങ്ങള്‍
വിവരണം മനോഹരമായി❤️
മറുപടിഇല്ലാതാക്കൂവിവരണം നന്നായിട്ടുണ്ട്...
മറുപടിഇല്ലാതാക്കൂമനോഹരം ചേച്ചി
മറുപടിഇല്ലാതാക്കൂ