Hot Posts

6/recent/ticker-posts

പി. സുശീല

പി. സുശീല
പാട്ട് പാടി ഉറക്കാം ഞാൻ
താമരപൂംപൈതലേ ...
കേട്ട് കേട്ട് നീയുറങ്ങെൻ കരളിന്റെ കാതലേ.....

അഭയദേവ് - ദക്ഷിണാമൂർത്തി ടീമിന്റെ 1960 ൽ പുറത്തിറങ്ങിയ സീതയിലെ ഈ താരാട്ട് ശീലുകൾ മൂളാത്ത മലയാളിയില്ല...

മലയാളിയെ താരാട്ട് പാട്ട് പാടി ഉറക്കി നമ്മുടെ ഹൃദയ താളമായി മാറിയ മന്ദ്രമധുരമായ വീണാനാദത്തിന്റെ സ്വരമാധുരിയുമായി കേരളക്കരയിൽ വിരുന്നുവന്ന സ്വർഗീയ നാദത്തിനുടമയായ പി. സുശീലയാണ് ഈ മനോഹര ഗാനം പാടിയത്...പി. ലീലയെ ഉദ്ദേശിച്ചു ദക്ഷിണാമൂർത്തി ചിട്ടപ്പെടുത്തിയ ഈ ഗാനം ലീലയുടെ തിരക്ക് കാരണം സുശീലയെ തേടിയെത്തിയത് നമുക്ക് സമ്മാനിച്ചത് സർഗാത്മകമായ ആലാപന സൗന്ദര്യം നിറഞ്ഞ ഗായികയെ ആണ്..

ഇന്ന് മുഖക്കുറിയുടെ അതിഥി സുശീലാമ്മ എന്ന് സ്നേഹപുരസരം നമ്മൾ വിളിക്കുന്ന പുലപാക സുശീല എന്ന പി. സുശീലയെന്ന അതുല്യ ഗായികയാണ്. ആന്ധ്രാക്കാരി എങ്കിലും മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ പ്രിയ സുശീലാമ്മ....
"പ്രിയതമാ... പ്രിയതമാ
പ്രണയ ലേഖനം എങ്ങിനെ എഴുതണം
മുനി കുമാരികയല്ലേ ഞാനൊരു മുനികുമാരികയല്ലേ...."
മുനികുമാരികയുടെ പ്രണയ പാരവശ്യം സുശീലാമ്മയുടെ വികാര തീവ്രമായ സ്വരത്തിലൂടെ ഇന്നും ഉള്ളിൽ പുളകങ്ങൾ വാരിവിതറുന്നു...
"ഏഴ് സുന്ദര രാത്രികൾ...
ഏകാന്ത സുന്ദര രാത്രികൾ...
വികാര തരളിത ഗാത്രികൾ...
വിവാഹ പൂർവ്വ രാത്രികൾ..."
അശ്വമേധത്തിലെ വയലാർ - ദേവരാജൻ ടീമിന്റെ ഈ ഗാനം കേൾക്കുമ്പോൾ ഒരു പ്രതിശ്രുത വധുവിന്റെ വിവാഹപൂർവ്വ രാത്രികളുടെ യാമങ്ങൾക്ക് ഇത്രയേറെ മനോഹാരിതയോ എന്ന് ആരും അതിശയിച്ച് പോകും. അനിർവചനീയമായ ഒരു അനുഭൂതിയാണ് സുശീലാമ്മയുടെ ഈ ഗാനം പകരുന്നത്....
ദേവരാജൻ മാസ്റ്ററുടെ മാനസപുത്രിയായിരുന്നു സുശീല. മഞ്ചാടി മണി പോലെയുള്ള സ്വരം എന്നാണ് അദ്ദേഹം സുശീലയുടെ ശബ്ദത്തെ വിശേഷിപ്പിച്ചത്. അസാധാരണവും അപൂർവ്വവുമായ ഒരു രസതന്ത്രം ഉണ്ടായിരുന്ന ഗായികയും ഈ സംഗീത സംവിധായകനും തമ്മിൽ . ഏതാണ്ട് 250 ദേവരാജ ഗീതങ്ങൾ സുശീല ആലപിച്ചു. ആദ്യം പാടിയ ദേവരാജ ഗാനങ്ങൾ ഭാര്യയിലെ ഗാനങ്ങളാണ്.ഏ. എം. രാജയോടൊപ്പമുള്ള "പെരിയാറേ... പെരിയാറേ " എന്നത് എന്നത്തേയും സൂപ്പർ ഗാനമാണ്...
" രാജശില്പി നീയെനിക്കൊരു... ( പഞ്ചവൻകാട് ), " തുറന്നിട്ട ജാലകങ്ങൾ അടച്ചോട്ടെ... " (ദത്തുപുത്രൻ ) പൂന്തേനരുവി.. (ഒരു പെണ്ണിന്റെ കഥ )
അങ്ങനെ..... അങ്ങനെ...
പ്രണയ ഗാനങ്ങൾ പാടി തരുമ്പോൾ മാസ്റ്ററുടെ മുഖത്ത് നോക്കാൻ നാണമാകും എന്നാണ് സുശീല പറഞ്ഞിട്ടുള്ളത്...ഇവർ തമ്മിലുണ്ടായ ഒരു അസ്വാരസ്യത്തിന്റെ അകൽച്ച മാറ്റിയത് തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ വർഷങ്ങൾക്ക് ശേഷമുള്ള ആത്മാർത്ഥമായ ഇടപെടൽ മൂലമാണ്. സുശീലയ്ക്ക് വേണ്ടി മാസ്റ്റർ ചിട്ടപ്പെടുത്തിയ ഗാനങ്ങളിൽ അദ്ദേഹത്തിന് പ്രിയപ്പെട്ടത് "അവൾ" എന്ന ചിത്രത്തിലെ "പ്രേമകവിതകളേ" എന്ന ഗാനമായിരുന്നു.
കടിഞ്ഞൂൽ മകൻ നഷ്ടപ്പെട്ട തീരാവേദനയിൽ ഏകാന്തതയിൽ അഭയം തേടിയ സുശീലയെ സംഗീതലോകത്തേക്ക് മടക്കി കൊണ്ടുവന്നത് ദേവരാജൻ മാസ്റ്ററുടെ പിടിവാശിയാണ്. പാടാൻ സുശീല ഇല്ലെങ്കിൽ ഇനി പാട്ടുണ്ടാക്കാൻ താല്പര്യമില്ല എന്ന മാസ്റ്ററുടെ പിടിവാശിയിൽ ആ സംഗീത ഹൃദയം അലിഞ്ഞു...
ദേവരാജൻ മാസ്റ്റർ കഴിഞ്ഞാൽ കെ. ജെ. ജോയ് ആണ് സുശീലാമ്മയുടെ സ്ഫടിക തുല്യമായ സ്വരം ഏറ്റവും കൂടുതൽ ഗാനങ്ങളിൽ ആവാഹിച്ചത്. ദേവഗായിക എന്നാണ് ഭാവഗായകൻ പി. ജയചന്ദ്രൻ സുശീലയെ വിശേഷിപ്പിച്ചത്.
സുശീലയുടെ ഗാനങ്ങൾ കേട്ടാണ് താൻ സുഖ സുഷുപ്തിയിലേക്ക് വഴുതി വീഴാറുള്ളത് എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്. അതിമനോഹരങ്ങളായ യുഗ്മഗാനങ്ങളാണ് ഈ അലൗകിക ഗായകരുടേത്....
" പ്രത്യൂഷചന്ദ്രിക നിൻ ചുണ്ടിലുള്ളപ്പോൾ
മറ്റൊരു വെണ്ണിലാവെന്തിനായി.. (ആഭിജാത്യം )..
രാസലീലയ്ക്കു വൈകിയ രാജീവലോചനയായ രാധികയായി ഹരിചന്ദനക്കുറി വരച്ചില്ല എന്ന് സുശീല പാടുമ്പോൾ പ്രണയാതുരമാകുന്നു ശ്രോതാക്കളുടെ ഹൃദയങ്ങളും....
"സീതാദേവി സ്വയംവരം ചെയ്തൊരു ത്രേതായുഗത്തിലെ ശ്രീരാമൻ " (വാഴ്‌വേ മായം )
" മകരം പോയിട്ടും മാടമുണർന്നിട്ടും
മാറത്തെ കുളിരൊട്ടും പോയില്ലേ...(വെളുത്ത കത്രീന )
മലയാള ചലച്ചിത്ര ചരിത്രത്തിലെ ഏറ്റവും മികച്ച യുഗ്മഗാനങ്ങളിലൊന്നാണ് കല്യാണ വസന്തം എന്ന രാഗത്തിന്റെ എല്ലാ പ്രണയ ഭാവങ്ങളും തഴുകി ദക്ഷിണാമൂർത്തി ചിട്ടപ്പെടുത്തിയ
"വിലാസ ലോലുപയായി വസന്ത കൗമുദി വന്നു..." എന്ന ഭാവഗായകനുമായുള്ള സുശീലയുടെ ശ്രീമദ് ഭഗവത് ഗീതയിലെ മനോഹര ഗാനം.
സർഗ്ഗാത്മകമായ ആലാപന സൗന്ദര്യത്തിന്റെ സമന്വയമാണ് ഗാനഗന്ധർവ്വൻ യേശുദാസുമായുള്ള സുശീലയുടെ ഗാനങ്ങൾ..
" ഇനിയെന്റെ ഇണക്കിളിക്കെന്തു വേണം "
"വൃശ്ചിക രാത്രിതൻ അരമനമുറ്റത്ത്..."
"അറബിക്കടലൊരു മണവാളൻ..."
"ഇക്കരെയാണെന്റെ താമസം..."
അങ്ങനെ എത്രയെത്ര ഗാനങ്ങൾ.....
ഉണ്ണിയാർച്ചയിലെ " അന്ന് നിന്നെ കണ്ടതിൽ പിന്നെ അനുരാഗമെന്തെന്ന് ഞാനറിഞ്ഞു... " പ്രണയത്തിന്റെ മുഗ്ദ്ധതയും വിരഹത്തിന്റെ വേദനയും സുശീല - ഏ. എം. രാജ ഗാനത്തിന് മിഴിവേകുന്നു..
ധ്വനിയിലെ ഗാനങ്ങൾ ചിട്ടപ്പെടുത്താൻ പ്രസിദ്ധ ഹിന്ദി സംഗീത സംവിധായകൻ നൗഷാദ് എത്തിയത് സുശീലാമ്മ പാടാനുണ്ടാകും എന്ന ഒറ്റ ഉറപ്പിന്മേലാണ്.
ഈ ചിത്രത്തിലെ " അനുരാഗലോല ഗാത്രി
എത്ര കേട്ടാലും മതിവരാത്ത ഗാനമാണ്.
അഗ്നിപുത്രിയിലെ " കണ്ണ് തുറക്കാത്ത ദൈവങ്ങളെ.... ഒരു നോവായി ഹൃദയത്തിൽ ചേക്കറിയ ഗാനമാണ്..
രവീന്ദ്രൻ മാഷ് ഈണം പകർന്ന അമ്മക്കിളിക്കൂട് എന്ന ചിത്രത്തിലെ " "ഹൃദയഗീതമായി "എന്ന ഗാനത്തിലൂടെ പുതുതലമുറ സുശീലാമ്മയുടെ ശബ്ദ സൗകുമാര്യം അടുത്തറിഞ്ഞു..
വയലാർ - ബാബുരാജ് ടീമിന്റെ ഗാനങ്ങളിലാണ് സുശീലയുടെ മികച്ച പല ഗാനങ്ങളും പിറന്നത്.
മിസ്സിയമ്മ, കണവനേ കൺകണ്ട ദൈവം എന്നീ ചിത്രങ്ങളിലെ ഗാനങ്ങളോടെ സുശീല തമിഴിൽ നിറസാന്നിദ്ധ്യമായി മാറി. എം. എസ്. വിശ്വനാഥന്റെയും കെ. വി. മഹാദേവന്റെയും ആയിരക്കണക്കിന്
സുവർണഗീതങ്ങളാണ് സുശീല തമിഴിൽ ആലപിച്ചിട്ടുള്ളത്.
തന്നെ വിസ്മയിപ്പിച്ച ഗായിക എന്നാണ് സുശീലയെ ഏ. ആർ. റഹ്‌മാൻ വിശേഷിപ്പിച്ചത്. പുതിയ മുഖത്തിലെ " കണ്ണുക്ക് മയ്യഴക് " ആ കൂട്ടുകെട്ടിൽ പിറന്ന ഏറ്റവും മികച്ച ഗാനമാണ്...
വിവിധ ഭാരതീയ ഭാഷകളിലായി ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ചതിന് 2016 ൽ സുശീലാമ്മ ഗിന്നസ് റിക്കാഡ് സ്വന്തമാക്കി. ഏഷ്യാ ബുക്ക് ഓഫ് റിക്കാഡും അവരെ അംഗീകരിച്ചു. 5 തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.
ഇന്ന് നവംബർ 13 സുശീലാമ്മയുടെ ജന്മദിനം. 88 ന്റെ നിറവിലേക്ക് എത്തുന്ന ഈ നാദബ്രഹ്മത്തിന് നീലാംബരീയത്തിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. പ്രണയവും വിരഹവും വേദനയും വാത്സല്യവും എല്ലാം നിറഞ്ഞ സ്വർഗീയ നാദത്തിന് ഭാവുകങ്ങൾ....
സുശീലാമ്മയുടെ ഗാനങ്ങൾക്ക് ഇന്നും നന്നേ ചെറുപ്രായമാണ്. അല്ലേ പ്രിയരേ....
@ രേണുക സുരേഷ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

7 അഭിപ്രായങ്ങള്‍

  1. Sharing ന് ഒരുപാട് സ്നേഹം
    വിനു...... ❤️❤️❤️❤️

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2022, നവംബർ 13 3:58 PM

    കേട്ടാലും മതിവരാത്ത എത്ര എത്ര ഗാനങ്ങൾ . ഏറെ ഹൃദ്യമായി ഈ വിവരണം...അഭിനന്ദനങ്ങൾ.. ചേച്ചി.. 🌹🌹🌹

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2022, നവംബർ 13 9:34 PM

    വളരെ മനോഹരമായി അവതരിപ്പിച്ചു. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  4. അജ്ഞാതന്‍2022, നവംബർ 14 7:19 AM

    മനോഹരമായ ഗാനങ്ങൾ പാടി തന്ന പ്രിയപ്പെട്ട സുശീലമ്മയെ കുറിച്ച് എഴുത്ത് ഗംഭീരം. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2022, നവംബർ 16 9:16 PM

    നല്ല വിവരണം.... ഇഷ്ടം ആശംസകൾ

    മറുപടിഇല്ലാതാക്കൂ