Hot Posts

6/recent/ticker-posts

ആർ. ശങ്കർ.

ആർ. ശങ്കർ.
കേരള ചരിത്രം അടിവരയിട്ടു രേഖപ്പെടുത്തിയ ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ നായകനായിരുന്നു കേരളത്തിന്റെ മൂന്നാം മുഖ്യമന്ത്രി പദം അലങ്കരിച്ച ശ്രീ. ആർ. ശങ്കർ. വെറും രണ്ട് വർഷത്തിനടുത്ത് 1962 സെപ്റ്റംബർ 26 മുതൽ 1964 സെപ്റ്റംബർ 10 വരെ മാത്രമായിരുന്നു അദ്ദേഹം മുഖ്യമന്ത്രി ആയിരുന്നത്. കേരളത്തിന്റെ ആദ്യത്തെ ഉപമുഖ്യമന്ത്രിയും അദ്ദേഹം തന്നെ.

മികച്ച ഭരണാധികാരിയും രാജ്യതന്ത്രജ്ഞനും വാഗ്മിയും വിദ്യാഭ്യാസ വിചക്ഷണനും ആയിരുന്നു അദ്ദേഹം. സ്വന്തം പാർട്ടിക്കാർ തന്നെ കടുംവെട്ടിലൂടെ കേരള മുഖ്യമന്ത്രി പദം തട്ടിത്തെറിപ്പിക്കുകയും മുഖ്യമന്ത്രി പദത്തിൽ നിന്നും നിഷ്ക്കാസിതനാക്കുകയും ചെയ്ത ശ്രീ. ആർ. ശങ്കർ ആണ് ഇന്ന് മുഖക്കുറിയുടെ താരം.

ആ പാളയത്തിലെ പടവെട്ടലിന്റെ ചരിത്രത്തിലൂടെ നമുക്കൊന്ന് പോകാം. ലോകത്ത് ആദ്യമായി ബാലറ്റിലൂടെ 1957 ൽ കേരളത്തിൽ അധികാരത്തിൽ വന്ന കമ്മ്യുണിസ്റ്റ് മന്ത്രിസഭയെ വിമോചന സമരത്തിലൂടെ 1959 ൽ പുറത്താക്കിയ ശേഷം 1960 ഫെബ്രുവരി 1 ന് കേരളത്തിൽ പൊതുതെരഞ്ഞെടുപ്പ് ആയിരുന്നു.. ഈ തെരഞ്ഞെടുപ്പിൽ അന്ന് കെ. പി. സി. സി. പ്രസിഡന്റ് ആയിരുന്ന ആർ. ശങ്കറിന്റെ നേതൃപാടവത്തിൽ ചിട്ടയായ പ്രവർത്തനത്തിലൂടെ കോൺഗ്രസ്സ് നയിക്കുന്ന ത്രികക്ഷിമുന്നണി വിജയംകൊയ്തു. സഖ്യ കക്ഷികൾ പി.എസ്.പി.യും മുസ്ലീം ലീഗും. കോൺഗ്രസ്സ് 80 ൽ 63 സീറ്റ് നേടി മൃഗീയഭൂരിപക്ഷം കരസ്ഥമാക്കി.
പി. എസ്. പി. 18 സീറ്റും മുസ്ലിംലീഗ് 13 സീറ്റും നേടി..അങ്ങനെ മൊത്തം 94 സീറ്റ്.
ശങ്കർ കണ്ണൂരിൽ നിന്നും വൻപിച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു. അദ്ദേഹത്തെ
കോണ്ഗ്രസ് നിയമസഭാകക്ഷി നേതാവായി ഏകകണ്ഠേന തെരഞ്ഞെടുത്തു... മുഖ്യമന്ത്രി പദം തൊട്ടരികെ. സടകുടഞ്ഞെഴുന്നേറ്റു കോൺഗ്രസിലെ വർഗ്ഗീയവാദികൾ. കോൺഗ്രസ്സിലെ ഒരു ലോബിക്ക് സ്വന്തം പാർട്ടിക്കാരൻ മുഖ്യമന്ത്രി ആകുന്നതിലും താല്പര്യം പി. എസ്. പി കാരനായ പട്ടം താണുപിള്ളയെ മുഖ്യമന്ത്രി ആക്കുന്നതിലായിരുന്നു.
അങ്ങനെ കേവലം 18 എം. എൽ. എ മാരുടെ പിൻബലം മാത്രമുള്ള പി. എസ്.പി.പാർട്ടിയുടെ നേതാവ് ശ്രീ പട്ടം താണുപിള്ള ശങ്കറിനെ വെട്ടി കേരളത്തിന്റെ രണ്ടാം മുഖ്യമന്ത്രി ആയി. 63 എം. എൽ. എ മാരുള്ള കോണ്ഗ്രസ് നേതാവ് ആർ. ശങ്കർ മുഖ്യമന്ത്രി പദത്തിൽ നിന്നും ക്ളീൻ ഔട്ട്‌. അദ്ദേഹത്തെ ഡെപ്യൂട്ടി മുഖ്യമന്ത്രിയായി സ്വന്തം പാർട്ടി ഒതുക്കി. ധനകാര്യ മന്ത്രി പദവും ഉപമുഖ്യമന്ത്രി സ്ഥാനത്തോടൊപ്പം അദ്ദേഹം വഹിച്ചു.
അങ്ങനെ ഭരണം നീങ്ങുമ്പോൾ ശ്രീ.പട്ടം താണുപിള്ളയ്ക്ക് ഡൽഹിയിൽ നിന്നും വിളി വന്നു. പഞ്ചാബ് ഗവർണർ ആയിട്ട് അദ്ദേഹത്തിനെ പുതിയ ദൗത്യം ഏൽപ്പിച്ചു. ഉപമുഖ്യമന്ത്രി ആയിരുന്ന ആർ. ശങ്കർ ചുണ്ടോടടുത്തപ്പോൾ തട്ടിത്തെറിപ്പിക്കപ്പെട്ട മുഖ്യമന്ത്രി പദവിയിലെത്തി. കേരളത്തിന്റെ മൂന്നാം മുഖ്യമന്ത്രിയായി ആർ ശങ്കർ 1962 സെപ്റ്റംബർ 26 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റു. അവിടെ തുടങ്ങി കേരള രാഷ്ട്രീയത്തിൽ ജ്വലിച്ചു നിന്നിരുന്ന അദ്ദേഹത്തിന്റെ കഷ്ടകാലവും പതനവും.
കോണ്ഗ്രസിൽ ഗ്രൂപ്പിസം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി. ശങ്കറും ആഭ്യന്തര മന്ത്രി പി. ടി. ചാക്കോയും ഒരു പക്ഷം. കോണ്ഗ്രസ്സിന്റെ മലബാർ വിഭാഗം മറുപക്ഷവുമായി ചെരിപ്പോര് തകൃതിയായി. സ്വന്തം മന്ത്രിസഭയ്ക്ക് എതിരെ കോൺഗ്രസ്സിൽ നിന്ന് തന്നെ ഉയർന്നു അഴിമതി ആരോപണം. ശങ്കറിനെതിരെ സ്വജനപക്ഷപാതം ഉൾപ്പെടെ നിരവധി ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടു. വ്യവസായ മന്ത്രി ദാമോദരനെതിരെയും ഉയർന്നു ആരോപണങ്ങൾ. പാളയത്തെ പടവെട്ടലിൽ ശങ്കർ സർക്കാർ കുലുങ്ങി.
എന്നാൽ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത് പി. ടി. ചാക്കൊയ്‌ക്കെതിരെ ഉയർന്ന ഒരു സ്ത്രീയെ ചേർത്തുള്ള ആരോപണമാണ്. പി. ടി. ചാക്കോയുടെ രാജിയിൽ കലാശിച്ചു ആ സംഭവ വികാസങ്ങൾ.
പ്രിയ സുഹൃത്ത്‌ ആർ. ശങ്കർ കൈവിട്ടതോടെ പി. ടി. ചാക്കോ ശങ്കർ വിരുദ്ധനായി. അത് മാത്രമോ, ശങ്കറിനെ മുഖ്യമന്ത്രി കസേരയിൽ നിന്നും തെറിപ്പിക്കാൻ പി. ടി. ചാക്കോയും പിൻഗാമിയായി വന്ന കെ. എം. ജോർജ്ജും നന്നായി പണിഞ്ഞു. ചാക്കോ പക്ഷക്കാരായ 15 കോണ്ഗ്രസ് എം. എൽ. എ. മാർ രാജിവച്ചു. ന്യൂനപക്ഷ ഗവണ്മെന്റിനെ താഴെയിറക്കാൻ ഇ. എം. എസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം കളത്തിലിറങ്ങി കളി ആരംഭിച്ചു. സെപ്റ്റംബർ 8 ന് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം 50 നെതിരെ 73 വോട്ടിന് പാസ്സായി. സെപ്റ്റംബർ 10 ന് ആർ. ശങ്കർ മന്ത്രിസഭ രാജി വച്ചു. കാലാവധി തികയ്ക്കാൻ വെറും 5 മാസം ബാക്കി നിൽക്കെ സ്വന്തം പാർട്ടിക്കാർ മുഖ്യമന്ത്രി ആർ. ശങ്കറിനെ കടുംവെട്ട് വെട്ടി മുഖ്യമന്ത്രി കസേര തെറിപ്പിച്ചു.
ഒരു ഈഴവ സ്ത്രീയുടെ മകനായി ജനിച്ച് പോയത് കൊണ്ടാണ് മുഖ്യമന്ത്രി പദവി നഷ്ടപ്പെട്ടു പോയതെന്ന് പരിതപിച്ച ശങ്കർ ആ ദുഃഖം പേറിയാണ്‌ സജീവ രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങി മരണം വരെ ജീവിച്ചത്...
ശ്രീ. ആർ. ശങ്കറിന്റെ ജീവിത വഴികളിലൂടെ.....
1909 ഏപ്രിൽ 30 ന് കൊട്ടാരക്കരയിൽ ജനിച്ചു ആർ. ശങ്കർ. നിയമബിരുദം കരസ്ഥമാക്കിയ ശേഷം ശിവഗിരി ഹൈസ്കൂൾ പ്രിൻസിപ്പലായിരുന്നു. ഇക്കാലത്ത് എസ്. എൻ. ഡി. പി. യുടെ സജീവ പ്രവർത്തകനായി. 1936 മുതൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. സ്റ്റേറ്റ് കോൺഗ്രസിന്റെ പിറവിയോടെ സജീവ കോൺഗ്രസ്സ് പ്രവർത്തകനായി. അറിയപ്പെടുന്ന നേതാവായി അദ്ദേഹം സ്റ്റേറ്റ് കോൺഗ്രസിനൊപ്പം വളർന്നു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകനായി. ഏറെ കാലം രാഷ്ട്രീയത്തിൽ നിന്നും മാറി എസ്. എൻ. ഡി. പി. യോഗത്തിന്റെ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇക്കാലത്ത് SNDP യോഗം ജനറൽ സെക്രട്ടറി, പ്രസിഡന്റ്, ശ്രീനാരായണ ട്രസ്റ്റ് മേധാവി എന്നീ സ്ഥാനങ്ങൾ കൈകാര്യം ചെയ്തു.
പാർട്ടിയിലേക്ക് മടങ്ങിവന്ന അദ്ദേഹം കൂടുതൽ സജീവമായി. 1948 ൽ തിരുകൊച്ചി അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ശങ്കർ വിജയിച്ചു. 1949 മുതൽ 1956 വരെ തിരുകൊച്ചി അസംബ്ലിയിൽ അംഗമായിരുന്നു. 1959 ൽ വിമോചന സമരകാലത്ത് ഭൂരിപക്ഷം സമുദായ അംഗങ്ങളും ഇടത് പക്ഷത്ത് നിലയുറപ്പിച്ചപ്പോഴും ശങ്കർ വിമോചനസമരത്തിന് നേതൃത്വം നൽകി.
ഭരണകാലം ഹ്രസ്വമെങ്കിലും മുഖ്യമന്ത്രി പദവിയിലിരുന്ന് നല്ല ഭരണം കാഴ്ച വെക്കാൻ ശ്രീ. ആർ. ശങ്കറിന് കഴിഞ്ഞു. ധനകാര്യമന്ത്രി എന്ന നിലയിലും ഒട്ടനവധി പരിഷ്കാരങ്ങൾ നടപ്പിലാക്കി. കേരളത്തിൽ വ്യവസായ വികസനത്തിന്‌ അടിത്തറ പാകാൻ ഈ വികസനപ്രവർത്തനങ്ങൾക്ക് സാധിച്ചു.
മുഖ്യമന്ത്രി പദം നഷ്ട്ടപ്പെട്ട ശേഷം 1965 ൽ നിയമസഭാ ഇലക്ഷനിൽ മത്സരിച്ചെങ്കിലും അദ്ദേഹം പരാജയപ്പെട്ടു. എ. ഐ.സി. സി യുടെ പ്രത്യേക താല്പര്യ പ്രകാരം പിന്നീട് ചിറയിൻകീഴിൽ നിന്നും ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. സജീവ രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങിയ അദ്ദേഹം SNDP യോഗത്തിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.
അധസ്ഥിതരുടെ അസ്‌തമിക്കാത്ത സൂര്യനായിരുന്നു ആർ. ശങ്കർ. അദ്ദേഹത്തിന്റെ ജീവിതം കേരളത്തിലെ പിന്നോക്ക ജനവിഭാഗത്തിന്റെ മുന്നേറ്റത്തിന്റെ ചരിത്രം കൂടിയാണ്. വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന ശ്രീനാരായണ സൂക്തം യോഗത്തിലെ തന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം ഉൾക്കൊണ്ടു. കൊല്ലം SN കോളേജ് ഉൾപ്പെടെ 12 കോളേജുകകൾ സ്ഥാപിക്കാൻ അദ്ദേഹത്തിന് സാധിച്ചു..
സ്വന്തം പാർട്ടിയുടെ വിഭാഗീയതക്ക് ഇരയായി സജീവ രാഷ്ട്രീയം ഉപേക്ഷിച്ച ആർ. ശങ്കർ 1972 നവംബർ 6 ന് അന്തരിച്ചു. ആദരവോടെ നീലാംബരീയം മുഖക്കുറി പ്രഗത്ഭനായ അദ്ദേഹത്തിന് പ്രണാമം അർപ്പിക്കുന്നു...

രേണുക സുരേഷ്

മുഖക്കുറി @ 1316
സുനാമി ബോധവത്കരണ ദിനം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

2 അഭിപ്രായങ്ങള്‍