Hot Posts

6/recent/ticker-posts

എൻ.ഗോപാലകൃഷ്ണൻ .

എൻ.ഗോപാലകൃഷ്ണൻ
ഇന്ത്യയും ലോകവും പലതവണ ചുറ്റിയ സഞ്ചാരി. മലയാളത്തിൽ ഒന്നാം തരം ഗദ്യകാരൻ. ബഹുഭാഷാപണ്ഡിതൻ മലയാളം, ഇംഗ്ലീഷ്, ഒറിയ, എന്നീ ഭാഷകളിലെ വിവർത്തകൻ. കോളമിസ്റ്റ് ......... വിശേഷണങ്ങൾ ഇങ്ങനെ നീട്ടിക്കൊണ്ടുപോകാം. എങ്കിലും എല്ലാറ്റിനും ഉപരി സമുന്നതനായ മനുഷ്യ സ്നേഹി" എന്ന വിശേഷണം അദ്ദേഹത്തിനു ഏറ്റവും അനുയോജ്യം.......

കർണ്ണാടക സംഗീതത്തെക്കുറിച്ചും ഹിന്ദുസ്ഥാനി സംഗീതത്തെക്കുറിച്ചും ആധികാരികമായി സംസാരിക്കുന്ന ഗോപി ........ എന്ന നാരായണൻ ഗോപാലകൃഷ്ണൻ. അരവിന്ദന്റെ ചിത്രപരമ്പരയിലെ " ചെറിയ മനുഷ്യരും വലിയ ലോകവും " എന്ന ചിത്രപരമ്പരയിലെ ഗോപി എന്ന കഥാപാത്രത്തെ ചിലർക്കെങ്കിലും ഓർമ്മയിലുണ്ടാവാം.....ഇതാ.. ആ സഹൃദയൻ നമുക്കു മുന്നിൽ നിൽക്കുന്നു.
സാൽവദോ ദാലിയെ അനുസ്മരിക്കുന്ന മീശയും സംഭാഷണചാരുതയും ദർശനഗരിമയും ജീവിത നീരീക്ഷണവും സാഹിത്യ സല്ലാപവുമായി നിറഞ്ഞു നിന്ന ആ മനുഷ്യനു ഒരു താരപരിവേഷവുമുണ്ടായിരുന്നു. ജീവിതത്തെ പ്രസന്നതയോടെ നേരിടുന്ന അപൂർവ വ്യക്തിത്വം.
1934 ഫെബ്രുവരി ഒന്നിന് കോട്ടയത്ത് മുഞ്ഞനാട് നാരായണ പണിക്കരുടേയും കിഴക്കേടത്ത് പാറുക്കുട്ടിയമ്മയുടേയും മകനായി ജനനം. കോട്ടയം സി.എം.എസ് ഹൈസ്കൂൾ, സി.എം.എസ്. കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നും ഇക്കണോമിക്സിൽ എം.എ. ബിരുദം. യു എൻ. ഫെലോഷിപ്പോടു കൂടി പല പാശ്ചാത്യ സർവകലാശാലകളിലും പരിശീലനം നേടി.
1956 ൽ സിവിൽ സർവ്വീസ് പരീക്ഷ പാസായ അദ്ദേഹം 1957 മുതൽ 1994 വരെ ജോലി ചെയ്തിരുന്നത് ഇന്ത്യൻ റെയിൽവേ സർവീസിൽ. ഇന്ത്യൻ റെയിൽവേയിൽ ഡിവിഷണൽ മാനേജർ, സാമ്പത്തിക ഉപദേഷ്ടാവ് എന്നീ നിലകളിൽ ഉന്നത പദവികളിൽ ഔദ്യോഗിക ജീവിതം - 1994 ൽ ട്രിബ്യൂണൽ അംഗമായിരിക്കേ ഉദ്യോഗരംഗത്തു നിന്നും വിരമിച്ചു. ഇന്ത്യാവിഷൻ മുൻ മാനേജിംഗ് ഡയറക്ടറുമായിരുന്നു. വിരമിച്ചു 5 വർഷത്തിനു ശേഷം 1999ലാണ് ആദ്യ പുസ്തകം പ്രസിദ്ധീകരിച്ചത്.
"നമ്മൾ വാഴും കാലം, പെരുവഴിയിലെ നാടകങ്ങൾ എന്നീ ലേഖന സമാഹാരങ്ങളാണ് ആദ്യ പുസ്തകങ്ങൾ. ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളിലാണ് എഴുതിത്തുടങ്ങിയത്. എന്നാൽ മാതൃഭൂമിയിലാണ് അദ്ദേഹത്തിന്റെ മലയാള ലേഖനം ആദ്യമായി അച്ചടിച്ചു വന്നത്. കെ.എൻ. സൈഗാളിനെക്കുറിച്ചുളള ലേഖനമായിരുന്നു അത്.
നർമോക്തി കലർത്തി ഗോപാലകൃഷ്ണൻ എഴുതിയ "വാഴ്‌വ് എന്ന പെരുവഴി " ആസ്വാദകരെ ഏറെ ആകർഷിച്ചതും നല്ല വായനാനുഭവം തരുന്നവയും ആയിരുന്നു. അദ്ദേഹത്തിന്റെ എഴുത്തിൽ ഭാഷയുടെ ലാളിത്യവും വെടിപ്പും ശിൽപ ഭംഗിയും മറ്റുള്ളവരിൽ നിന്നും വേറിട്ടു നിന്നു.
കോട്ടയം സ്വദേശി ആണെങ്കിലും കോഴിക്കോട് കോർപ്പറേഷനു സമീപമുള്ള " മൈസിൻ " അപ്പാർട്ട്മെന്റിലായിരുന്നു താമസം. ഭാര്യ സോപ്സ് & ഓയിൽ കമ്പനി സ്ഥാപകൻ റാവു ബഹദൂർ എ.കെ.മേനോന്റെ മകൾ സുമംഗല . മകൾ - ലക്ഷ്മി.
ഗോപാലകൃഷ്ണൻ എഴുതിയ ഡി.സി. കിഴക്കേ മുറിയുടെ ജീവചരിത്രമാണ് അദ്ദേഹത്തിലെ എഴുത്തുകാരനെ പുറത്തേക്ക് കൊണ്ടുവന്നത്. " വന്ന വഴിയിൽ കണ്ടതും തോന്നിയതും " അദ്ദേഹത്തിന്റെ ആത്മകഥാപരമായ ആ കൃതി പൂർത്തിയാക്കാൻ അദ്ദേഹത്തിനു സാധിച്ചിരുന്നില്ല.
അതിരെ സാധാരണമായ , അനുഗ്രഹീതനായ വിവർത്തകനായിരുന്നു ഗോപാലകൃഷ്ണൻ. മറ്റു ഭാഷകളിൽ നിന്നു മലയാളത്തിലേക്കും, മലയാളത്തിൽ നിന്നും ഇംഗ്ലീഷിലേക്കും ഉള്ള വിവർത്തനങ്ങൾ അദ്ദേഹത്തിന്റെ മാസ്റ്റർപീസായിരുന്നു. കെ.പി.രാമനുണ്ണിയുടെ " സൂഫി പറഞ്ഞ കഥ " ഇംഗ്ലീഷിലേക്കും നരസിംഹ റാവുവിന്റെ ആത്മകഥ " ഇൻസൈഡർ" മലയാളത്തിലേക്കും വിവർത്തനം ചെയ്തത് ഗോപാലകൃഷ്ണനാണ്. ഇംഗ്ലീഷ് ഭാഷയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനം ഒരു ഇംഗ്ലീഷ് മാതൃഭാഷകനോടൊപ്പം ആയിരുന്നു. അദ്ദേഹത്തിന്റെ വിവർത്തനത്തിനുള്ള സംഭാവനകളെ പരിഗണിച്ചു 2006 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ഏകദേശം 5 വർഷക്കാലത്തോളം അദ്ദേഹം കാൻസർ രോഗത്തിന്റെ പിടിയിലായിരുന്നു. തന്നെക്കാൾ ഭാഗ്യഹീനരെ സഹായിക്കുന്നതിൽ ഗോപാലകൃഷ്ണനു പ്രത്യേക പ്രതിബദ്ധത ഉണ്ടായിരുന്നു - പ്രത്യേകിച്ചും വേദന അനുഭവിക്കുന്നവരെ സഹായിക്കുന്നതിൽ. കോഴിക്കോട് ആതുരരക്ഷാ സൊസൈറ്റിക്കു വേണ്ടി ലക്ഷക്കണക്കിനു രൂപ സമാഹരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇത്തരത്തിലുള്ള മനുഷ്യസ്നേ ഹപരമായ പ്രവർത്തനങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം കാണാം. വഴി ,പെരുവഴി എന്നീ പദങ്ങൾ ഗോപാലകൃഷ്ണനു ഏറെ പ്രിയപ്പെട്ടതാണ്. വിശേഷിച്ചും പെരുവഴി. ആദിയും അന്തവുമില്ലാത്ത പെരുവഴിയിലൂടെ അൽപ്പ കാലം യാത്ര ചെയ്യാൻ കിട്ടുന്ന അവസരത്തെയാണല്ലോ ജീവിതം എന്നു വിളിക്കുന്നതും.
ഒഡീഷ, ബീഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിലുള്ള ഔദ്യോഗിക ജീവിതം സമൃദ്ധിയുടെ നടുവിൽ ജനിച്ചു വളർന്ന ഗോപാലകൃഷ്ണനു ഇന്ത്യൻ ജീവിതമെന്താണന്ന തിരിച്ചറിവു സമ്മാനിച്ചു.
സ്വജീവിതം അന്യ ജീവനുതകി ധന്യമാക്കിയ വിവേകിയായ , കർമ്മയോഗിയായ ആ മനുഷ്യസ്നേഹി 2014 നവമ്പർ 1 8 നു കോഴിക്കോട്ടു വെച്ചു ഹൃദയാഘാതം മൂലം നമ്മെ വിട്ടു പിരിഞ്ഞു.. അദ്ദേഹത്തിന്റെ ഓർമ്മ ദിനത്തിൽ നീലാംബരീയം ആദരവോടെ പ്രണാമങ്ങളർപ്പിക്കുന്നു.

കെ. കോമളവല്ലി

മുഖക്കുറി @ 1328

ജെമിനി ഗണേശൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

3 അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2022, നവംബർ 18 9:02 AM

    വലിയ ലോകത്തിലെ ചെറിയ മനുഷ്യൻ .....
    ഗോപിയേട്ടനെ മനോഹരമായി അനുസ്മരിച്ചു .......

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2022, നവംബർ 18 9:25 AM

    നല്ല ലേഖനം...

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2022, നവംബർ 18 9:47 AM

    നല്ല ലേഖനം ആശംസകൾ ❤️❤️

    മറുപടിഇല്ലാതാക്കൂ