Hot Posts

6/recent/ticker-posts

ആർ. നരേന്ദ്രപ്രസാദ്

നരേന്ദ്രപ്രസാദ്
സാഹിത്യ നിരൂപകൻ, നാടകകൃത്ത്, നാടക സംവിധായകൻ, ചലച്ചിത്ര നടൻ എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആളാണ് നരേന്ദ്രപ്രസാദ്. എങ്കിലും നരേന്ദ്രപ്രസാദ് എന്ന നടനെയാണ് നമുക്ക് ഒരുപടി കൂടി അടുത്തറിയുന്നത്. മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങൾക്ക് തന്റേതായ ഭാവം പകർന്നു നൽകിയ അതുല്യ നടനായ നരേന്ദ്രപ്രസാദ് അന്തരിച്ചിട്ട്‌ ഈ നവംബർ മൂന്നിന് പത്തൊൻപത് വർഷം പൂർത്തിയാകുന്നു.

ആദ്യകാലങ്ങളിൽ സിനിമയോട് ആഭിമുഖ്യം പുലർത്താതിരുന്ന നരേന്ദ്രപ്രസാദ് , ശ്യാമപ്രസാദിന്റെ "പെരുവഴിയിലെ കരിയിലകൾ " എന്ന ടെലിഫിലിലൂടെയാണ് ക്യാമറയ്ക്ക് മുന്നിലെത്തിയത്. 1989 ൽ "അസ്ഥികൾ പൂക്കുന്നു "എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു.
ഭരതന്റെ "വൈശാലി"യിലെ ബാബു ആന്റണി അവതരിപ്പിച്ച രാജാവിന്റെ കഥാപാത്രത്തിനും പത്മരാജന്റെ "ഞാൻ ഗന്ധർവനി"ലെ അശരീരിയ്ക്കും ശബ്ദംനൽകിയത് നരേന്ദ്രപ്രസാദ് ആയിരുന്നു.
ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിൽ വി. രാഘവകുറുപ്പിന്റെയും ജാനകിയമ്മയുടെ മകനായി 1946 ഡിസംബർ 26 ന് ജനിച്ചു. പന്തളം എൻഎസ്എസ് കോളേജിൽ നിന്നും കണക്കിൽ ബിരുദം നേടിയശേഷം ഇംഗ്ലീഷ് ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നേടി. പിന്നീട് കോളേജ് അധ്യാപകനായി ആദ്യം മാവേലിക്കര ബിഷപ്പ് മൂർ കോളജിലും ശേഷം സർക്കാർ സർവീസിലും സേവനമനുഷ്ഠിച്ചു. നരേന്ദ്രപ്രസാദിന്റെ ഷേക്സ്പിയർ ക്ലാസുകൾ കേൾക്കാനായി അദ്ദേഹം പഠിപ്പിക്കുന്ന കോളേജിലെ മാത്രമല്ല മറ്റു കോളേജുകളിൽ നിന്നും കുട്ടികൾ വന്നിരിക്കുമായിരുന്നു. വിദ്യാർഥികളെ ഒരു കാന്തത്തിലേക്ക് എന്നപോലെ ആകർഷിച്ചിരുന്ന അധ്യാപകനായിരുന്നു അദ്ദേഹം.
നാടകത്തിനുള്ള താല്പര്യം മൂലം എൺപതുകളിൽ അദ്ദേഹം "നാട്യഗൃഹം" എന്ന നാടക ട്രൂപ്പ് സ്ഥാപിക്കുകയും നാടക രചനയിൽ ഏർപ്പെടുകയും ചെയ്തിരുന്നു.
തലസ്ഥാനം, രാജശില്പി, അദ്വൈതം, പൈതൃകം,ഏകലവ്യൻ, ആയിരപ്പറ, ഭീഷ്മചാര്യ എന്നു തുടങ്ങി ഒരുകാലത്ത് മലയാള സിനിമയിൽ നരേന്ദ്രപ്രസാദ് ഇല്ലാത്ത സിനിമകൾ ചുരുക്കമായിരുന്നു. അനിയൻ ബാവ ചേട്ടൻ ബാവ, മേലെപ്പറമ്പിൽ ആൺവീട് എന്നിവയിലൂടെ തമാശയും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു ഏകലവ്യൻ എന്ന സിനിമയിലെ "സ്വാമി അമൂർത്താനന്ദ "എന്ന കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു. ഒരു വില്ലന് ആവശ്യമായ ശരീരഘടന അല്ലാതിരുന്നിട്ട് കൂടി നരേന്ദ്രപ്രസാദ് എന്ന നടൻ ഒരു പുതിയ വില്ലനെ മലയാളത്തിന് സമ്മാനിക്കുകയായിരുന്നു.
സ്വന്തം മനസാക്ഷിക്ക് വ്യത്യസ്തമായി നീങ്ങിക്കൊണ്ട് അതിലൂടെ കൈവരുന്ന സൗഭാഗ്യത്തിന് ആഗ്രഹിക്കാത്ത വ്യക്തിയായിരുന്നു അദ്ദേഹം. ഏതു നിലയിലായാലും മനസാക്ഷിയുടെ ഇഷ്ടത്തിന് വിരുദ്ധമായി പ്രവർത്തിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. സ്വാതന്ത്ര്യമായിരുന്നു അദ്ദേഹത്തിന്റെ അടയാളം. സാഹിത്യത്തിലും ജീവിതത്തിലും സ്വന്തം അഭിപ്രായങ്ങൾ ആരുടെ മുന്നിലും സ്വാതന്ത്ര്യത്തോടെ വെട്ടി തുറന്നു പറഞ്ഞിരുന്ന നരേന്ദ്രപ്രസാദ് അന്യർക്കെന്ത് തോന്നും എന്നോർത്ത് വ്യാകുലപ്പെടാതിരുന്ന സ്വഭാവത്തിനുടമയായിരുന്നു. സാഹിത്യത്തിനെയും എഴുത്തുകളെയും സൗന്ദര്യമാത്മകമായി വിലയിരുത്തുമ്പോഴും ഈ തുറന്നുപറച്ചിൽ അദ്ദേഹം നടത്തി
ജീവിതത്തിൽ പല കർമ്മ മേഖലകളിൽ വ്യാപൃതനാകാൻ സാധിക്കുക, അവയിലൊക്കെ അന്യാദൃശ്യമായ പ്രതിഭയോടെ പ്രവർത്തിക്കാൻ കഴിയുക, കാലത്തിന്റെ ചുമരുകളിൽ സ്വന്തം കൈയ്യൊപ്പ് പതിപ്പിക്കുക എന്നിങ്ങനെ മറ്റാർക്കും സാധ്യമാകാത്ത കഴിവുകൾ അദ്ദേഹത്തിനുണ്ടായിരുന്നു. അധ്യാപകൻ, നിരൂപകൻ, നാടകകൃത്ത്, നടൻ, പ്രഭാഷകൻ തുടങ്ങിയവയിലൂടെ പുതിയ ഉൾക്കാഴ്ചകൾ മലയാളിക്ക് പകരം നൽകിയ വ്യക്തിയാണ്. ചെറുകഥയും നോവലും കവിതയും അടക്കം ഇരുപതിലേറെ പുസ്തകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്.
2003 നവംബർ മൂന്നിന് കോഴിക്കോട് വെച്ച് ആ അനന്യ പ്രതിഭ ഈ ലോകത്ത് നിന്നും വിട പറഞ്ഞു..ഓർമകൾക്ക് മുന്നിൽ ആദരവ്..

സജ്‌ന അപ്പു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍