Hot Posts

6/recent/ticker-posts

ലീലാ മേനോൻ.

ലീലാ മേനോൻ.
മാധ്യമപ്രവർത്തനം നടത്താൻ സ്ത്രീകൾ മടിച്ചിരുന്ന ഒരു കാലത്ത് ധൈര്യസമേതം മാധ്യമ രംഗത്തേക്ക് കടന്നുവന്ന്‌ ശ്രദ്ധ നേടിയ വനിതയാണ് ലീലാ മേനോൻ. ഇന്ത്യൻ മാധ്യമ മേഖലയിൽ മറ്റൊരു സ്ത്രീക്കും നേടാൻ കഴിയാത്ത നേട്ടങ്ങളുടെ ഉടമയാണ് അവർ. ഇന്ന് അവരുടെ ജന്മദിനമാണ്. ഈ ദിനത്തിൽ അവരുടെ ജീവിതവഴികളിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം.
1932 നവംബർ പത്തിന് എറണാകുളം വെങ്ങോല തുമ്മാരു കുടി വീട്ടിൽ നീലകണ്ഠൻ കർത്താവിന്റെയും ജാനകിയമ്മയുടെയും മകളായി ജനിച്ചു. വെങ്ങോല പ്രൈമറി സ്കൂൾ, പെരുമ്പാവൂർ ഇംഗ്ലീഷ് സ്കൂൾ, ഹൈദരാബാദ് നൈസാം കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.
പതിനേഴാം വയസ്സിൽ പോസ്റ്റ് ഓഫീസിൽ ടെലഗ്രാഫർ ആയി ജോലിക്ക് പ്രവേശിച്ചു. ആദ്യം ഹൈദരാബാദിലും പിന്നീട് കൊച്ചിയിലുമായി നിയമനം ലഭിച്ചു.
കൊച്ചിയിൽ വെച്ച് പരിചയപ്പെട്ട മേജർ ഭാസ്കരമേനോനെ വിവാഹം കഴിച്ച ശേഷവും പഠനം തുടർന്ന ലീല ബിരുദവും പത്രപ്രവർത്തനത്തിൽ പരിശീലനവും നേടി. ഭർത്താവിന്റെ സ്നേഹവും സപ്പോർട്ടും ലീലയെ വളരെയധികം സ്വാധീനിച്ചിരുന്നു. ഭാരതീയ വിദ്യാഭവന്റെ ജേർണലിസം ഡിപ്ലോമ സ്വർണമെഡലോട് കൂടി പാസായി. 1978 ൽ ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഡൽഹി യൂണിറ്റിൽ പത്രപ്രവർത്തനത്തിൽ ഹരിശ്രീ കുറിച്ചു.
പത്രപ്രവർത്തന രംഗത്തേക്ക് കടന്നുവന്നത് ലീലയ്ക്ക് നാല്പത് വയസ്സുള്ളപ്പോഴാണ്. കേരളത്തിലെ ആദ്യത്തെ വനിതാ ടെലഗ്രാഫ് ഓഫീസർ എന്ന, തന്നെക്കുറിച്ചുള്ള പ്രേമാ വിശ്വ നാഥന്റെ ലേഖനം കണ്ട് ആവേശത്തിലായ ലീല, എങ്ങനെ പത്രപ്രവർത്തകയാകാം എന്ന് അന്വേഷിച്ച് കണ്ടുപിടിച്ച് ജേണലിസം കോഴ്സ് പഠിക്കുകയായിരുന്നു. ഗോൾഡ് മെഡൽ നേടി പഠനം പൂർത്തിയാക്കുകയും ചെയ്തു.
അന്നുവരെ പത്രപ്രവർത്തനം എന്നൊരു മേഖലയെക്കുറിച്ച് ചിന്തിച്ചിട്ട് പോലും ഇല്ലായിരുന്നു. പക്ഷേ എന്നും സാഹസികതയും വ്യത്യസ്തതയും ഇഷ്ടപ്പെട്ടിരുന്നു അവർ. മാധ്യമപ്രവർത്തനത്തിന് വരാൻ പൊതുവേ സ്ത്രീകൾ മടിച്ചുനിന്ന കാലത്താണ് ആ വെല്ലുവിളി ഏറ്റെടുത്തത്ആ രംഗത്ത് വെന്നിക്കൊടി പാറിച്ചത്.
പ്രത്യേകിച്ച് മാധ്യമ പ്രവർത്തകരായ സ്ത്രീകൾ ചെയ്യാൻ മടിച്ചിരുന്ന റിപ്പോർട്ടിംഗ് രംഗമാണ് ലീല ഇഷ്ടപ്പെട്ടത് എയർഹോസ്റ്റസ് മാർക്ക് വിവാഹത്തിന് വിലക്കേർപ്പെടുത്തിയ സംഭവമാണ് ശ്രദ്ധ ആകർഷിച്ച ആദ്യത്തെ റിപ്പോർട്ട്.
നിരവധി പുരസ്കാരങ്ങൾക്ക് അർഹയായ ലീല മേനോൻ, ദേശീയ അന്തർദേശീയ നിലവാരമുള്ള അനേകം എക്സ്ക്ലൂസീവ് സ്റ്റോറികൾ എഴുതിയിട്ടുണ്ട്. സമൂഹത്തിൽ കോളിളക്കം സൃഷ്ടിച്ച വൈപ്പിൻ വിഷമദ്യ ദുരന്തം, സൂര്യനെല്ലി കേസ് തുടങ്ങിയ വാർത്തകൾ പുറംലോകമറിഞ്ഞത് ഈ പത്രപ്രവർത്തകയിലൂടെയാണ്.
അപൂർവ്വമായ ജീവിതം കൊണ്ടും അസാധാരണമായ പത്രപ്രവർത്തനം കൊണ്ടും ധന്യമാണ് അവരുടെ ജീവിതം എന്ന് ലീലാമേനോന്റെ ആത്മകഥയായ "നിലയ്ക്കാത്ത സിംഫണി"യിലൂടെ കടന്നുപോകുന്ന ആർക്കും മനസ്സിലാകും.
2007 ൽ പുറത്തിറങ്ങിയ "നിലയ്ക്കാത്ത സിംഫണി"യും "ഹൃദയപൂർവം" എന്ന പേരിലുള്ള ലേഖന സമാഹാരവുമാണ് ലീലാമേനോന്റെ പ്രസിദ്ധീകരിക്കപ്പെട്ട കൃതികൾ.
ഇന്ത്യൻ എക്സ്പ്രസ് വിട്ട ശേഷം കോളമിസ്റ്റായി ജോലി നോക്കി. പിന്നീട് ജന്മഭൂമി പത്രത്തിന്റെ എഡിറ്റർ ആയിരുന്നു. അങ്ങനെ കേരളത്തിലെ ആദ്യത്തെ വനിതാ എഡിറ്റർ എന്ന ബഹുമതിക്കും അവൻ അർഹയായി.
2018 ജൂൺ മൂന്നിന് അന്തരിച്ചു. ഓർമകൾക്ക് മുന്നിൽ ആദരവ്..

സജ്ന അപ്പു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

4 അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2022, നവംബർ 10 1:47 PM

    നല്ല അവതരണം.... ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  2. പ്രഗത്ഭയായ ലീലാ മേനോന്
    ഉചിതമായ സ്മരണാഞ്‌ജലി...
    ആശംസകൾ സജ്‌ന..

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2022, നവംബർ 10 11:05 PM

    നല്ല വിവരണം.... കേരളത്തിലെ ആദ്യത്തെ വനിതാ എഡിറ്റർ ലക്ഷ്മി മേനോന് സ്മരണാഞ്‌ജലി 🙏

    മറുപടിഇല്ലാതാക്കൂ