Hot Posts

6/recent/ticker-posts

കെ.പി.കേശവമേനോൻ.

കെ.പി.കേശവമേനോൻ.
പാലക്കാട് തരൂർ ഗ്രാമപ്രവിശ്യയിൽ ജനിച്ച് വളരെ ഉന്നതമായ വിദ്യാഭ്യാസ യോഗ്യതകൾനേടി ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് ബിരുദംനേടി ബാരിസ്റ്റർ പദവികൂടി സമ്പാദിച്ച് നാട്ടിലേയ്ക്കു മടങ്ങിയെത്തി.

അഭിഭാഷകനായി ജീവിതമാരംഭിച്ചൂ, ആ അഭിഭാഷക വൃത്തിയിൽ അദ്ദേഹം ഒരു വലിയ വിജയമായിരുന്നു.
ആ ശ്രേണിയിൽ തന്നെ തുടർന്നിരുന്നൂവെങ്കിൽ ഒരുപക്ഷേ, ഇന്ത്യയിലെത്തന്നെ ഏറ്റവുംതിരക്കുള്ള - വിലപിടിച്ച അഭിഭാഷകരിലൊരാളാകുമായിരുന്നു. പകരം സമാന്തരമായി മറ്റൊരു പാതയിൽ പോയിരുന്നൂവെങ്കിൽ ഒരു ചീഫ് ജസ്റ്റിസ്സായെങ്കിലും വിരമിക്കാമായിരുന്നു ......അത്തരം വിജയസാദ്ധ്യതകൾ ഉണ്ടായിരിക്കേ, ഈ നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി മഹാത്മാഗാന്ധി പ്രോത്ഘാടനം ചെയ്ത ദേശീയ സമരത്തിന്റെ ഭാഗമായി ചേരുകയും തുടർന്ന് അതുമായി ബന്ധപ്പെട്ട പലവിധ പ്രക്ഷോപങ്ങളിൽ പങ്കാളിയാവുകയും ബഹിഷ്ക്കരണ പ്രഖ്യാപനം ഗാന്ധിജി ആഹ്വാനം ചെയ്തപ്പോൾ തന്റെ അഭിഭാഷകവൃത്തി ഉപേക്ഷിച്ച് മുഴുവൻ സമയവും സമരത്തിനും സാമൂഹ്യ സേവനത്തിനും വേണ്ടി ഇറങ്ങിതിരിക്കുകയും ചെയ്ത ദേശസ്നേഹി ......
കിഴക്കേപൊറ്റെ കേശവമേനോൻ ..... എന്ന കെ.പി.കേശവമേനോൻ.
അന്നത്തെ കാലഘട്ടത്തിൽ നല്ല ജീവിത സൗകര്യങ്ങളുടേയും ശ്രേയസ്സിന്റേയും സമൃദ്ധിയുടേയും താരതമ്യചിത്രവുമായി തട്ടിച്ചു നോക്കുമ്പോൾ, അഭിഭാഷകവൃത്തി ഉപേക്ഷിച്ചത് സാഹസികമായ തീരുമാനമായിരുന്നു.
1886 സെപ്റ്റംബർ ഒന്നിനാണ് കേശവമേനോന്റെ ജനനം.
പാലക്കാട് സ്വരൂപത്തിലെ നടുവിലേടത്തിൽ ഭീമനച്‌ചനും മീനാക്ഷി നേത്യാരുമായിരുന്നു മാതാപിതാക്കൾ. തരൂരിൽ വീടിനടുത്തുള്ള പള്ളിക്കൂടത്തിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ആലത്തൂർ ഹൈസ്കൂളിലും, കോഴിക്കോട് കേരള വിദ്യാലയയിലുമായിരുന്നു തുടർ പഠനം. മദ്രാസ് ക്രിസ്ത്യൻ കോളേജിലും, പ്രസിഡൻസി കോളേജിലും ഉപരിപഠനത്തിനു ശേഷമാണ് അദ്ദേഹം ഇംഗ്ലണ്ടിലേയ്ക്ക് പോവുന്നതും ബാരിസ്റ്റർ പദവി നേടി തിരിച്ചു വരുന്നതും.
1915 ലാണ് വിദേശ പഠനം കഴിഞ്ഞുവന്ന് അദ്ദേഹം കോഴിക്കോട് പ്രാക്ടീസ് ആരംഭിക്കുന്നത്. പിന്നീട് അദ്ദേം മദിരാശിയിലേയ്ക്കും പ്രാക്ടീസിനു പോയി.
ഗാന്ധിജി ആഹ്വാനം ചെയ്ത നിസ്സഹരണ പ്രസ്ഥാനത്തിൽ പങ്കെടുക്കുവാൻ മനസ്സുറപ്പിച്ച് മദാസിലെ പ്രാക്ടീസ് ഉപേക്ഷിച്ച് അദ്ദേഹം മലബാറിലേയ്ക്ക് തിരിച്ചെത്തി, തുടർന്ന് കോൺഗ്രസ്സിന്റെ സെക്രട്ടറി സ്ഥാനത്ത് അവരോധിതനായി.
ജാതി വിവേചനത്തിനെതിരായുള്ള പ്രതിഷേധത്തിൽ പങ്കെടുത്ത്, അവർണ്ണരേയും, അയിത്തമുള്ളവരേയും, അകറ്റിനിറുത്തപ്പെട്ടവരേയും കൈകോർത്തുപിടിച്ച് കൊണ്ട് തളി ക്ഷേത്രത്തിനു മുന്നിലൂടെ അദ്ദേഹം നയിച്ച പ്രതിഷേധ സമരജാഥ ആ കാലഘട്ടത്തിലെ ചരിത്രത്താളിലെ നിർണ്ണായക സ്വാധീനം ചെലുത്തിയ ഒരു നിമിഷമായിരുന്നു. തുടർന്ന് വൈക്കം സത്യഗ്രഹത്തിലും കേശവമേനോൻ പങ്കെടുത്തു, ആറുമാസം ജയിൽ ശിക്ഷയും അനുഭവിച്ചു.
ജയിൽമോചിതനായ ശേഷം ദേശീയ സമരത്തിന്റെ വികാരം ജനങ്ങളിലേയ്ക്ക് കൂടുതൽ കൃത്യതയോടെ എത്തിക്കാൻ ഒരു മാധ്യമ പിൻബലം വേണമെന്ന ആശയം അദ്ദേഹത്തിന്റെ മനസ്സിൽ ഉദിച്ചു.
അങ്ങിനെ ദേശീയധാരയുടേതായി ഒരു നാഷണൽ ഡെയ്ലി എന്ന വിശേഷണമർഹിക്കുന്ന ഒരു ദിനപ്പത്രം ആരംഭിക്കാനുള്ള ശ്രമങ്ങളുടെ നേതൃസ്ഥാനത്താണ് കേശവമേനോനെ ചരിത്രത്തിൽ നാം പിന്നെ കണ്ടത്. 1923 ലാണ് മാതൃഭൂമി എന്ന പേരിൽ പത്രം ആരംഭിച്ചുകൊണ്ട് ആ സ്വപ്നം സാക്ഷാൽകൃതമാവുന്നത്.
മാതൃഭൂമി ആരംഭിച്ച് ഏതാണ്ട് ഒരുവർഷം കഴിഞ്ഞപ്പോൾ സാമ്പത്തീക പ്രശ്നങ്ങൾ കാരണം, പത്ര നിർവ്വാഹം മറ്റാളുകളെ ഏൽപ്പിച്ചുകൊണ്ട്, കേശവമേനോൻ അഭിഭാഷകവൃത്തിക്കായി മദ്രാസിലേയ്ക്കു പോയി.
പക്ഷേ, ജീവിതം അദ്ദേഹത്തെ കടുത്ത ദുരാനുഭങ്ങളാൽ വേട്ടയാടുന്ന ഗാർഹിക തലങ്ങളായിരുന്നു അദ്ദേഹത്തിന് വേണ്ടി ഒരുക്കപ്പെട്ടിരുന്നത്. ആദ്യം അദ്ദേഹത്തിന്റെ പത്നി ലക്ഷ്മി മരണപ്പെട്ടു. പിന്നീട് മക്കളുടെ ഉത്തരവാദിത്തങ്ങളും തന്റെ പൊതുജീവിതവും സമരസപ്പെടുത്തുന്നതിനുവേണ്ടി ഭാര്യയുടെ അനുജത്തി അമ്മുവിനെ വിവാഹം കഴിച്ചു. അധികം താമസിയാതെ മൂത്തകൾ ചെല്ലമ്മയും മരണപ്പെട്ടു. ഒരുപാട് മുറിവുകളേറ്റുവാങ്ങി ആത്മാവ് അസ്വസ്ഥമായപ്പോഴും തന്റെ സമർപ്പിതമായ സേവനധാരയിൽ നിന്ന് അദ്ദേഹം വ്യതിചലിച്ചിരുന്നില്ല.
1927 ലാണ് കേശവമേനോൻ മദ്രാസിൽ നിന്ന് മലയയിലേയ്ക്ക് പോകുന്നത്. മലയയിലും, തുടർന്ന് സിംഗപ്പൂരിലും അദ്ദേഹം അഭിഭാഷകവൃത്തി ആരംഭിച്ചു. അപ്പോഴും ഇന്ത്യയുടെ സ്വാതന്ത്ര്യ സമ്പാദനത്തിനു വേണ്ടിയുളള ചിന്തകളിൽനിന്ന് വിട്ടുനിൽക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ഈ കാലത്താണ് അദ്ദേഹത്തിന്റെ മൂന്നാമത്തെ മകൾ പത്മിനി മരണപ്പെടുന്നത്.
ജപ്പാന്റെ സഹായ വാഗ്ദാനങ്ങളിൽ ആകൃഷ്ടനായിക്കൊണ്ട് ഒരു ദേശീയപ്രസ്ഥാനത്തിന് അകമ്പടിയായുള്ള സമരസാദ്ധ്യതകൾ അദ്ദേഹം മനസ്സിൽ ആഗ്രഹിക്കുകയും, അങ്ങനെയൊരു പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ തീരുമാനിക്കുകയും ചെയ്തു. തുടർന്ന് ജപ്പാന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന "ഇന്ത്യൻ ഇൻഡിപെന്റൻസ് ലീഗ്" എന്ന പ്രസ്ഥാനത്തിന്റെ വൈസ് പ്രസിഡന്റായി കേശവമേനോൻ നിയമിക്കപ്പെടുകയും ചെയ്തു.
അഹിംസയിൽ വിശ്വസിച്ചുകൊണ്ട് താൻ നടത്തുന്ന സ്വാതന്ത്ര്യ സമര പോരാട്ടം ഒരിക്കലും ഒരു ഫാസിസ്റ്റ് സഖ്യ രാജ്യമായ ജപ്പാനോടാപ്പം നിന്നുകൊണ്ടാവരുതെന്ന് ആ മനുഷ്യസ്നേഹി തീരുമാനിച്ചു, അദ്ദേഹം ആ സ്ഥാനം രാജിവെച്ചു. തുടർന്ന് അദ്ദേഹത്തിന്റെ പ്രവൃത്തികളിൽ സംശയം തോന്നിയ ജപ്പാൻ മിലിട്ടറി 1944 ഏപ്രിൽ 24ന് കേശവമേനോനെ അറസ്റ്റ് ചെയ്ത് ജയിലിടച്ചു. ജപ്പാന്റെ സ്വാധീനപരിധിക്കുള്ളിൽ കഴിയേണ്ടിവന്ന തടവറജീവിതം ഒരുപാടൊരുപാട് ക്രൂര പീഡനങ്ങൾ അദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്നു. തന്നെ കൊല്ലുമെന്നുറപ്പിച്ച കേശവമേനോൻ, ഒടുവിൽ ജയിൽ മോചിതനായി ഇന്ത്യയിൽ തിരിച്ചെത്തി.
വീണ്ടും അദ്ദേഹം മാതൃഭൂമിയുടെ സാരഥ്യം ഏറ്റെടുത്തു.
പത്രാധിപരായി സേവനം തുടർന്നുവരുമ്പോഴാണ് നെഹ്റുവിന്റെ ആവശ്യപ്രകാരം ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി കേശവമേനോൻ നിയമിതനാവുന്നതും, ശ്രീലങ്കയിലേയ്ക്കു പോവുന്നതും. ഇന്ത്യയുടെ വികാരങ്ങളേയും താൽപര്യങ്ങളേയും പ്രതിബദ്ധതയോടുകൂടി സംരക്ഷിക്കുകയും അതിന്റെ വക്താവാകുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ നടപടികൾ അധികാരികൾക്ക് അലോരസം സൃഷ്ടിക്കുകയും, അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ ആ പദവി വേണ്ടെന്നുവെച്ച് കേശവമേനോൻ കോഴിക്കോട്ടേക്ക് മടങ്ങിപ്പോരുകയും ചെയ്തു.
മാതൃഭൂമിയുടെ പത്രാധിപരെന്ന നിലയിൽ മലയാളത്തിന്റെ മാധ്യമ വഴിയിൽ കേശവമേനോൻ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്.
മാധ്യമ സാരഥികൾക്ക് ഒരു ഏകോപിതധാരയുണ്ടാക്കുന്നതിനും അവർക്കിടയിൽനിന്ന് പൊതുനന്മയെ ലാക്കാക്കിക്കൊണ്ടുള്ള നിർദ്ദേശങ്ങളും ലക്ഷ്യങ്ങളും ഉണർന്നു വരുന്നതിനുമെല്ലാം അദ്ദേഹത്തിന്റെ സംഭാവനകൾ നിർണ്ണായകമായിരുന്നു.
സാഹിത്യരംഗത്തും അദ്ദേഹത്തിന്റെ സംഭാവനകൾ വളരെ വലുതാണ്. തന്റെ ജീവിതാനുഭവങ്ങൾ വിവരിക്കുന്ന "കഴിഞ്ഞകാലം" എന്ന ആത്മകഥ ഒരുപാട് അംഗീകാരങ്ങൾ നേടി.
മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, എബ്രഹാം ലിങ്കൺ തുടങ്ങിയവരുടെ ജീവചരിത്രം, ഇംഗ്ലണ്ടിലെ പഠനകാലത്തുള്ള അനുഭവങ്ങൾ അയവിറക്കുന്ന "ബിലാത്തിവിശേഷങ്ങൾ", "ജീവിതചിന്തകൾ", ജീവിത സായാഹ്ന കാലങ്ങളെക്കുറിച്ചുള്ള ജീവിത വിചാരണകൾ അടങ്ങിയ "സായാഹ്നചിന്തകൾ" തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രകൃഷ്ട രചനകളാണ്. മാതൃഭൂമി ദിനപത്രത്തിന്റെ താളുകളിൽ "നാംമുന്നോട്ട്" എന്ന പേരിൽ എഴുതിയിരുന്ന അനുഭവക്കുറിപ്പുകൾ ഒട്ടേറെ പ്രബോധനാത്മകങ്ങളായ കുറിപ്പുകൾ ചേർന്ന ആശയങ്ങളാൽ സമർപ്പിതമായ പംക്തിയായിരുന്നു. ഇത് അഞ്ചു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ജീവിതസായാഹ്നത്തിൽ അന്ധതയും ബധിരതയും അദ്ദേഹത്തെ അലട്ടിയിരുന്നു. കടുത്ത സാമ്പത്തീക ബാദ്ധ്യതകളും ഉണ്ടായിരുന്നു. തനിക്കു വേണ്ടി മാത്രമായി ഒന്നും സമ്പാദിച്ചുവെയ്ക്കാതെ മക്കളുടേയും തന്റെയും കാര്യങ്ങളെല്ലാം കൂട്ടിക്കുഴഞ്ഞ് തന്റെ പൊതു ജീവിതത്തിനിടയിലൂടെ വിന്യസിച്ചുകൊണ്ടു നടത്തിയ ജീവിത യാനത്തിനൊടുവിൽ കാര്യമായ നീക്കിയിരുപ്പ് ഒന്നുംതന്നെയില്ലായിരുന്നു. അലക്കിത്തേച്ച മുണ്ടും, ഫുൾക്കൈ ഷർട്ടും, ഊന്നുവടിയും, കണ്ണടയും പാതി കേൾവിക്കുറവും ഏതാണ്ട് പൂർണ്ണമായ അന്ധതയുമായി ജീവിതപ്പാടത്തേയ്ക്കിറങ്ങുമ്പോഴും അദ്ദഹം തലകുനിക്കാതെ നെഞ്ചുവിരിച്ചു തന്നെയാണ് നടന്നിരുന്നത്.
കെ.പി.കേശവമേനോൻ എന്നുപറയുന്ന മാധ്യമ പ്രവർത്തകൻ - സാമൂഹ്യവിചാരകൻ - രാഷ്ട്രീയ പ്രവർത്തകൻ - സാഹിത്യകാരൻ നമ്മുടെ കാലഘട്ടത്തിന് നൽകി കടന്നു പോയിട്ടുള്ളത് ഏതാനും ഗ്രന്ഥങ്ങൾ മാത്രമല്ല, സമകാലീനരായ ചില കേരളീയർ നവഭാരത ശിൽപികൾ അങ്ങിനെ കുറേ തൂലികാചിത്രങ്ങളെ - അവയെ നമുക്ക് ജീവചരിത്രശാഖയിൽ തന്നെ ചേർത്ത് കാണാവുന്നതാണ് - ആ തൂലികാചിത്രങ്ങളുടെ സമാഹാരങ്ങളും കേശവമേനോൻ നമ്മുടെ ഭാഷയ്ക്കു നൽകിയ സംഭാവനകൾ തന്നെയാണ്. അദ്ദേഹം പ്രസിഡന്റായിരുന്ന ഐക്യ കേരള കമ്മറ്റിയുടെ പ്രയത്നഫലമായാണ് 1956 നവംബർ ഒന്നിന് കേരളത്തിന് പ്രത്യേക സംസ്ഥാനപദവി ലഭിച്ചത്.
താൻ നേരിട്ട് ഇടപഴകിയിട്ടുള്ള വ്യക്തികളെ, വായനയിലൂടേയോ ഇടപെടലുകളിലൂടേയോ താൻ പരിചിതമാക്കിയ അവരുടെ ജീവിത ചിത്രങ്ങളെ കഥാതലത്തിൽ - ആഖ്യായികാതലത്തിൽ - ജീവചരിത്രതലത്തിൽ - നാടകതലത്തിൽ - ഉപന്യാസതലത്തിൽ ആലേഖനം ചെയ്ത്, തന്റെ മനസ്സിൽ അവരുണർത്തിയ വിചാരധാരകളെ വരും കാലത്തിന് പകുത്തുകൊടുക്കുവാനുളള ജീവിതവ്രതവും നിയോഗവുമായി കൈക്കൊണ്ട് അത് പ്രാവർത്തികമാക്കിയ ഒരു മാധ്യമ വിചാരകനും,
ഉപാസകനും കൂടിയായിരുന്നു കേശവമേനോൻ.
അങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനധാരകളിലൂടെ തന്റെ കാലഘട്ടത്തോട് പ്രതിഭവിച്ചു കൊണ്ടും പ്രതിസ്ന്ദിച്ചു കൊണ്ടും നിവർത്തിതമായ ഒരു ചൈതന്യപൂർണ്ണമായ ജന്മമായിരുന്നു കേശവമേനോന്റേത്.
അദ്ദേഹത്തിന്റെ സാഹിത്യരചനകളെ അംഗീകരിച്ച് കേരള - കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ നൽകി ആദരിച്ചു
1966ൽ രാഷ്ട്രം പത്ഭഭൂഷൺ ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചു.
കെ.പി.കേശവമേനോൻ എന്ന വ്യക്തി 1978 നവംബർ 9ന് കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ മാധ്യമരംഗത്തെ - സാമൂഹ്യസേവന രംഗത്തെ - രാഷ്ട്രീയധാരയിലെ - മനുഷ്യ സ്നേഹത്തിന്റെ - കൃത്യനിഷ്ഠയുടെ - ഒരു സജീവ ചൈതന്യത്തിന്റെ യുഗമാണ് - യുഗപർവ്വമാണ് നമ്മുടെ മുന്നിൽ നിന്നും വിടവാങ്ങി കടന്നുപോയത്.......
ആ യുഗപുരുഷന്റെ സ്മരണകൾക്കു മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നു..

മോഹനൻ. ജി



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

3 അഭിപ്രായങ്ങള്‍

  1. പി. കേശവമേനോൻനെ പറ്റിയുള്ള മികച്ച വിവരണം. അഭിനന്ദനങ്ങൾ...

    മറുപടിഇല്ലാതാക്കൂ
  2. മികച്ച മുഖക്കുറി. സ്വാതന്ത്ര്യ സമര സേനാനി കെ. പി. കേശവമേനോനെ വിശദമായി പ്രതിപാദിച്ചു.
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2022, നവംബർ 10 8:40 PM

    മനോഹരമായി ലേഖനം

    മറുപടിഇല്ലാതാക്കൂ