Hot Posts

6/recent/ticker-posts

പ്രൊഫ.ബി ഹൃദയകുമാരി.

പ്രൊഫ.ബി ഹൃദയകുമാരി.
കാൽപനികതയുടെ പിന്നാലേ , അതിന്റെ ഹൃദയരഹസ്യം , തിരഞ്ഞുംനുണഞ്ഞും നിരന്തര പ്രയാണത്തിലായിരുന്നു ആ എഴുത്തുകാരി...ആ യാത്രയ്ക്കിടയിൽ രൂപപ്പെടുത്തിയെടുത്ത കലാമൂല്യങ്ങളെ , അതുൾക്കൊള്ളുന്ന എഴുത്തിനെ സഹർഷം സഹൃദയരും സ്വീകരിച്ചു...

എഴുത്തുകാരി മാത്രമായിരുന്നില്ല വിദ്യാഭ്യാസ വിചക്ഷണകൂടി ആയിരുന്നു പ്രൊഫ.ബി ഹൃദയകുമാരി.... ഹൃദയകുമാരി ടീച്ചർ...അധ്യാപനം എഴുത്ത് ഇത് രണ്ടിലും പുതിയ പരീക്ഷണങ്ങൾ തേടിയുള്ള യാത്രയിലായിരുന്നു എന്നും ഹൃദയകുമാരിടീച്ചർ. ജീവിതതുലാസിൽ ഇവരണ്ടും ഒരുപോലെ അവരുടെ സഹചാരികളായി.

ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി അദ്ധ്യാപന രംഗത്തേക്കെത്തിയ ഹൃദയ കുമാരി ,വിദ്യാഭ്യാസരംഗത്തെ താള പിഴകൾക്ക് പരിഹാരം കാണുവാൻ എന്നും ശ്രമിച്ചുകൊണ്ടേയിരുന്നു. കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കരണ പ്രക്രിയയിൽ വലിയ പങ്കുണ്ട് ഹൃദയകുമാരിടീച്ചർക്ക്.

തിരുവനന്തപുരം യൂണിവേഴ്സിററി വിമൻസ് കോളേജ് , എറണാകുളം മഹാരാജാസ്‌ കോളേജ് ഉൾപ്പെടെ കേരളത്തിലെ പല പ്രശസ്ത കലാലയങ്ങളിലും അദ്ധ്യാപികയായ ടീച്ചർ തിരുവനന്തപുരം വിമൻസ് കോളേജ് പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചു. മുപ്പത്തിയാറു വർഷത്തെ അധ്യാപന ജീവിതകാലത്ത്, സ്വന്തം വിദ്യാഭ്യാസ കാഴ്ചപ്പാടുകൾ സമർത്ഥമായി പ്രയോഗിക്കുവാൻ ടീച്ചർക്ക് സാധിച്ചു.

കേരളത്തിലെ സർവകലാശാലകളിൽ ചോയ്‌സ് ബെയ്‌സ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ രീതി നടപ്പാക്കുന്നത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ച സമിതിയുടെ അധ്യക്ഷ ഹൃദയകുമാരി ടീച്ചർ ആയിരുന്നു. ഉന്നത വിദ്യാഭ്യാസ പരിഷ്കരണ സമിതി അദ്ധ്യക്ഷയും , സ്കൂൾപാഠ്യപദ്ധതിപരിഷ്കരണ കമ്മിറ്റിഅംഗവുമായിരുന്നു ടീച്ചർ.

കവിയും സ്വാതന്ത്ര സമര സേനാനിയുമായ ബോധേശ്വരന്റെയും വി.കെ കാര്ത്ത്യാനിയമ്മയുടെയും മകളായി ആറന്മുളയിൽ കലാപാരമ്പര്യമുള്ള വാഴപ്പള്ളിൽ തറവാട്ടിൽ ജനിച്ച മകൾ എഴുത്തിലും മികവു തെളിയിച്ചു. സാഹിത്യകാരി സുഗതകുമാരി സഹോദരിയാണ്. ബോധേശ്വരന്റെ മകൾക്ക് തന്റെ പിതാവിന്റെ ഗാന്ധിയൻ സോഷ്യലിസ്സ്റ്റ് കാഴ്ച്ചപാടുകൾ എന്നും ആവേശമായിരുന്നു.എഴുത്തിന്റെ വഴിയിൽ അതിന്റെ അടിസ്ഥാനത്തിൽ തന്നെയായിരുന്നു ടീച്ചറിന്റെ ചിന്തയും പ്രവർത്തനങ്ങളും...

കാൽപനികതയുടെ സൃഷ്ടി രഹസ്യം തേടുകയായിരുന്ന ഹൃദയകുമാരി ടീച്ചർ,
മലയാളത്തിനു പുറമേ,ഇംഗ്ലീഷ്, റോമൻ കവിതകളിലെ കാൽപനികതയെക്കുറിച്ചും പഠിക്കാൻ അവർ ശ്രമിച്ചു.കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ 'കാല്പനികത' എന്ന എക്കാലത്തെയും മികച്ച കലാഗ്രന്ഥം അതിനു തെളിവാണ്. ഓർമ്മകളിലെ വസന്തകാലം, ചിന്തയുടെ ചില്ലുകൾ, ഹൃദയപൂർവം, നവോത്ഥാനം ആംഗലസമൂഹത്തിന് എന്നിവ രചനകളിൽ ചിലതു മാത്രം !
ആത്മകഥയായ 'നന്ദിപൂര്വ്വം' വായനക്കാരുടെ ശ്രദ്ധപിടിച്ചു പറ്റിയ പുസ്തകമാണ്. വള്ളത്തോൾ, ടാഗോർ കൃതികൾ യഥാക്രമം, ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും ടീച്ചർ വിവർത്തനം ചെയ്തിട്ടുണ്ട്.
സാഹിത്യമേഖലയിലെ പ്രവർത്തനങ്ങൾക്ക് ഹൃദയകുമാരിടീച്ചർക്ക്
വനിതാരത്‌നം,കേരള സാഹിത്യ അക്കാദമി അവാർഡ്, ശങ്കരനാരായണന് തമ്പി അവാര്ഡ്, പ്രൊഫ: ഗുപ്തന് നായര് സ്മാരക അവാര്ഡ് തുടങ്ങിയ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു.
2014, നവംബർ 8 ന് എൺപത്തിനാലാം വയസ്സിൽ ഹൃദയകുമാരി അന്തരിച്ചു.
വിദ്യാഭ്യാസരംഗത്തെ വഴി കാട്ടിയും കാല്പനികതയുടെ സൂക്ഷ്മനിരീക്ഷകയും പ്രയോക്താവുമായ ഹൃദയകുമാരി ടീച്ചർക്ക് മുഖക്കുറിയുടെ പ്രണാമം...

സുബി സാജൻ

മുഖക്കുറി @ 1318
സി.വി.രാമൻ


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍