കോട്ടയം @ അഞ്ച് മിടുക്കർ മോഷണം പോയ ഫോൺ സ്വന്തം നിലയിൽ കണ്ടെത്തി. മുപ്പതിനായിരം രൂപയുടെ ഫോൺ മോഷണം പോയപ്പോൾ പോലീസിൽ പരാതി നൽകി താടിക്ക് കൈയും കൊടുത്തിരിക്കാൻ ആ ചെറുപ്പക്കാർ തയാറല്ലായിരുന്നു. സൈബർ സെല്ലിന്റെയും പോലീസിന്റെയും പണി സ്വയം ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ അവർ ഫോൺ കണ്ടെത്തി. ഈ അഞ്ചുമിടുക്കർ നടത്തിയ ഈ ഓപ്പറേഷൻ സ്മാർട്ട്ഫോൺ സംഭവബഹുലം.
@@@@@@
പത്തനംതിട്ട @ ലിംഗസമത്വത്തിന്റെ കാര്യത്തിൽ സർക്കാർ കാര്യം ഇനി മുറപോലെ വേണ്ട. സ്ത്രീയാണ് അപേക്ഷകയെങ്കിൽ ഭാര്യ എന്ന ലേബലിൽ ചിത്രീകരിക്കേണ്ടന്നാണ് തീരുമാനം. ജീവിതപങ്കാളി എന്ന വിശേഷണം മതിയെന്നാണ് ഭരണപരിഷ്കാര കമ്മീഷൻ വിവിധ വകുപ്പ് മേധാവികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. സർക്കാർ വകുപ്പുകളിലും പൊതുമേഖലാസ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന അപേക്ഷാ ഫോമുകളിലാണ് ഇനിമുതൽ ഈ മാറ്റം വേണ്ടത്.
@@@@@@
കൊച്ചി @ സമുദ്രാതിർത്തി ലംഘിച്ചെന്നാരോപിച്ച് ആഫ്രിക്കൻ രാജ്യമായ ഗിനി തടഞ്ഞുവെച്ച ചരക്ക് കപ്പൽ ഹെറോയിക് ഐഡൻ നൈജീരിയൻ തീരത്ത് എത്തിച്ചു. മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാർ കപ്പലിലുണ്ട്. നാവികരുടെ മോചനവുമായി ബന്ധപ്പെട്ട് നൈജീരിയയും ഇന്ത്യയും തമ്മിലുള്ള ചർച്ചകൾ തുടങ്ങിയെന്ന് സൂചനയുണ്ട്. നൈജീരിയൻ ജയിലിലേക്ക് മാറ്റാതെ നാവികരെ കപ്പലിൽ തന്നെ തുടരാൻ അനുവദിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
@@@@@@
തിരുവനന്തപുരം @ പാലിന് ലിറ്ററിന് 6 രൂപയിൽ അധികം കൂട്ടിയേക്കും. ലിറ്ററിന് 7 മുതൽ 8 വരെ കൂട്ടണമെന്ന് ശുപാർശ അടങ്ങിയ ഇടക്കാല റിപ്പോർട്ട് മിൽമ നിയോഗിച്ച സമിതി ഞായറാഴ്ച നൽകി. വില വർധന ചർച്ച ചെയ്യാൻ തിങ്കളാഴ്ച മിൽമയുടെ അടിയന്തരയോഗം ചേർന്നു.
@@@@@@
കോഴിക്കോട് @ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ബുദ്ധി കുറയുമെന്നാണ് അമ്മ പറയുന്നത് ഇത് ശരിയാണോ. ഒരു കുട്ടി കുറുമ്പന്റെ ചോദ്യം കേട്ടുനിന്നവർ ഉറക്കെ ചിരിച്ചു. മോഡറേറ്റർ മറുപടി പറഞ്ഞു തീരും മുമ്പേ സദസ്സിന്റെ ഒരു കോണിൽ നിന്ന് മറ്റൊരു ചോദ്യമെത്തി. മൊബൈൽ ഫോണിലേക്ക് നോക്കിയാൽ കണ്ണ് ഫ്യൂസാവുമെഎന്നാണ് എല്ലാവരും പറയുന്നത്. ശാസ്ത്രം ഇത്രയേറെ വികസിച്ച കാലമല്ലേ മൊബൈലിലേക്ക് നോക്കിയാലും കാഴ്ചക്ക് പ്രശ്നം വരാതിരിക്കും വിധം ഫോൺ കണ്ടുപിടിക്കാത്തതെന്താ. ശിശുദിനത്തിൽ മാതൃഭൂമിപത്രം തയ്യാറാക്കാനെത്തിയ കുട്ടികൾക്കായി ഒരുക്കിയ സംവാദപരിപാടിയിലായിരുന്നു ചോദ്യശരങ്ങളുയർന്നത് .
@@@@@@
ഷാർജ @ അറിവിന്റെ ഉത്സവ പെരുമയോടെ 41 - ആം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം സമാപിച്ചു. 11 ദിവസം നീണ്ടുനിന്ന മേളയ്ക്ക് ഞായറാഴ്ചയാണ് തിരശ്ശീല വീണത്. 95 രാജ്യങ്ങളിലെ 2213 പ്രസാദകരാണ് ഇത്തവണ മേളയിലെത്തിയത്. 57 രാജ്യങ്ങളിലെ എഴുത്തുകാരുൾപ്പെടെയുള്ള 130 പ്രമുഖർ മേളയിൽ പങ്കെടുത്തു. ഇഷ്ടപുസ്തകങ്ങൾ തിരഞ്ഞെടുക്കാനും ഗ്രന്ഥകർത്താക്കളെ നേരിൽക്കാണാനും ലക്ഷക്കണക്കിന് മലയാളികളും മേളയിലേക്ക് ഒഴുകിയെത്തി.
@@@@@@
ന്യൂഡൽഹി @ രണ്ടാഴ്ച നീളുന്ന അന്താരാഷ്ട്ര വ്യാപാരമേളയ്ക്ക് തിങ്കളാഴ്ച ഡൽഹിയിൽ തുടക്കമായി. പ്രഗതി മൈതാനിയിൽ ആരംഭിക്കുന്ന മേള കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ ഉദ്ഘാടനം ചെയ്തു. ഇത്തവണ മേളയുടെ ഫോക്കസ് സംസ്ഥാനങ്ങൾ കേരളവും ഉത്തർപ്രദേശുമാണ്. കേന്ദ്ര വകുപ്പുകൾക്കും സംസ്ഥാനങ്ങൾക്കും സ്ഥാപനങ്ങൾക്കും പുറമേ 12 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും മേളയിൽ പങ്കെടുക്കുന്നുണ്ട്.
@@@@@@
മെൽബൺ @ സാം കറന്റെ കിറുകൃത്യം പന്തുകൾ, ബെൻ സ്റ്റോക്സിന്റെ വീരോചിത ബാറ്റിംങ് ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് കിരീടം രണ്ടാംവട്ടവും ഇംഗ്ലണ്ടിന്. മെൽബണിൽ 80,000 - ഓളം കാണികളെ സാക്ഷിയാക്കി ഫൈനലിൽ പാക്കിസ്ഥാനെ ഇംഗ്ലണ്ട് കീഴടക്കിയത് 5 വിക്കറ്റിന്.
@@@@@@
മഡ്രിഡ് @ ആളുകൾ ഇഷ്ടാനുസരണം സ്വപ്നവീടുകൾ സ്വന്തമാക്കാറുണ്ട്. എന്നാൽ ഗ്രാമം തന്നെ വാങ്ങാൻ കഴിഞ്ഞാലോ? സ്പെയിനിൽ നിന്നാണ് വാർത്ത. സാൾട്ടോ ഡെകാസ്ട്രോ എന്ന വടക്കു പടിഞ്ഞാറൻ സ്പാനിഷ് ഗ്രാമമാണ് വില്പനയ്ക്ക് വെച്ചിരിക്കുന്നത്. 25.900 ഡോളറാണ് ( ഏകദേശം 2.1 കോടി) വില
@@@@@@
തിരുവനന്തപുരം @ മയക്കുമരുന്നിനെതിരെ സർക്കാരിന്റെ രണ്ടാംഘട്ട പ്രചാരണം ശിശുദിനമായി തിങ്കളാഴ്ച തുടങ്ങി. ജനുവരി 26 വരെ നീളും. തിങ്കളാഴ്ച രാവിലെ 11ന് മുഖ്യമന്ത്രിയുടെ ശിശുദിന സന്ദേശത്തോടെയായിരുന്നു തുടക്കം. തിങ്കളാഴ്ച എല്ലാ ക്ലാസിലും ലഹരിവിരുദ്ധ ക്ലാസ്സ് സഭകൾക്ക് ഒരു പിരീഡ് ഉപയോഗിച്ചു.
@@@@@@
ന്യൂഡൽഹി @ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ 133 ആം ജന്മ വാർഷിക ദിനമായ തിങ്കളാഴ്ച രാജ്യം അദ്ദേഹത്തെ അനുസ്മരിച്ചു.
@@@@@@
യു എസ് @ താടികൊണ്ടൊരു ഗിന്നസ് ചങ്ങല. ഗിന്നസ് ലോക റെക്കോഡിൽ ഇടംപിടിക്കാൻ പല അഭ്യാസങ്ങളും പയറ്റുന്നവർ ഏറെയാണ്. ഏറ്റവുമൊടുവിൽ തങ്ങളുടെ താടികൾ കൂട്ടിക്കെട്ടി ചങ്ങലയുണ്ടാക്കി റെക്കോഡ് സൃഷ്ടിച്ചിരിക്കുകയാണ് യു.എസിലെ ഒരുകൂട്ടം മീശ പ്രേമികൾ. വ്യോമിങ്ങിൽ നടന്ന ദേശീയ താടി- മീശ ചാമ്പ്യൻഷിപ്പ് വേദിയിൽ അടുത്തടുത്ത് നിന്ന് താടിരോമങ്ങൾ പരസ്പരം കൂട്ടിക്കെട്ടിയാണ് ഇവർ ഏറ്റവും വലിയ താടിച്ചങ്ങല രൂപപ്പെടുത്തിയത്. (45.72 മീറ്റർ )150 അടിയാണ് താടിച്ചങ്ങലയുടെ നീളം.
@@@@@@
തൃശൂർ @ കേരള സംഗീത നാടക അക്കാദമിയുടെ സാരഥികൾ ആരെന്ന് മാസങ്ങൾക്ക് മുൻപേ വാർത്ത വന്നെങ്കിലും എന്തുകൊണ്ടോ സർക്കാർ ഉത്തരവ് ഇറങ്ങിയിരുന്നില്ല. ഒടുവിൽ മട്ടന്നൂർ ശങ്കരൻകുട്ടിയും കരിവെള്ളൂർ മുരളിയും അക്കാദമിയുടെ അമരക്കാരായി. ഗായിക പുഷ്പാവതിയാണ് വൈസ് ചെയർപേഴ്സൺ. ചൊവ്വാഴ്ച വൈകിട്ട് പുതിയ ഭരണസമിതിയെ നിയമിച്ച് ഉത്തരവിറക്കി.
@@@@@@
മെൽബൺ @ വിക്ടോറിയ ഓസ്ട്രേലിയൻ ഓഫ് ദി ഇയർ അവാർഡിന് ഇത്തവണ ഇന്ത്യൻ വംശജനായ ശിശുരോഗ വിദഗ്ധൻ അർഹനായി. ഡോക്ടർ അംഗരാജ് ഖിലനാണ് പുരസ്കാരം. വിക്ടോറിയ സംസ്ഥാനത്തെ സാംസ്കാരിക വൈവിധ്യമുള്ള സമൂഹത്തിന് ആരോഗ്യസംരക്ഷണ വിദ്യാഭ്യാസം നൽകുന്നത് മാനിച്ചാണ് പുരസ്കാരം.
@@@@@@
തിരുവനന്തപുരം @ സംസ്ഥാനത്തെ വൈദ്യുതി നിരക്ക് കണക്കാക്കുന്ന രീതിയിൽ മാറ്റം വരുന്നു. പൊതുവേ വൈദ്യുതി ഉപയോഗം ഏറ്റവും കൂടിയ വൈകുന്നേരം ആറു മുതൽ 10 വരെയും, ഏറ്റവും കുറഞ്ഞ രാത്രി 10 മുതൽ രാവിലെ 6 വരെയും, ശരാശരി ഉപയോഗം നടക്കുന്ന പകൽ ആറ് മുതൽ വൈകുന്നേരം 6 വരെ യും. എന്നിങ്ങനെ മൂന്നായി തരംതിരിച്ച് മൂന്ന് നിരക്കായി ഈടാക്കണമെന്നാണ് കെ. എസ്.ഇ.ബി. മുന്നോട്ടു വച്ചിട്ടുള്ള നിർദ്ദേശം.
@@@@@@
ന്യൂഡൽഹി @ പശ്ചിമബംഗാൾ ഗവർണറായി മലയാളിയായ മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥൻ സി.വി. ആനന്ദബോസിനെ നിയമിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് ബംഗാളിന്റെ ഇരുപത്തിരണ്ടാമത് ഗവർണറായി നിയമിച്ച് രാഷ്ട്രപതി ഉത്തരവായത്. മികച്ച ഭരണതന്ത്രജ്ഞനും എഴുത്തുകാരനും പ്രഭാഷകനുമായ ആനന്ദബോസ് കോട്ടയം മാന്നാനം സ്വദേശിയാണ്. നിലവിൽ മേഘാലയ സർക്കാരിന്റെ ഉപദേശകനാണ്.
@@@@@@
കോഴിക്കോട് @ ഞാൻ രോഗിയെ ശുശ്രൂജിച്ച് ആശുപത്രി വാർഡിൽ ഒതുങ്ങിക്കൂടിക്കൊള്ളാം. അതിനുമപ്പുറമുള്ള ലോകം നമ്മുടേതല്ല. ഈ ചിന്ത നഴ്സുമാർ മാറ്റിയെടുക്കണം. അവർ ചിറകുവിരിക്കട്ടെ. അപ്പോൾ ലോകം അവർക്കൊത്ത് മാറുന്നത് കാണാം. നഴ്സുമാർക്ക് അവാർഡ് കിട്ടുക സാധാരണമല്ല. കാരണം അവർ പോലും അത് ഒട്ടും പ്രതീക്ഷിക്കുന്നില്ല. രണ്ടര ലക്ഷം ഡോളറിന്റെ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡ് നേടിയ നഴ്സ് അന്നാ ക്വബാലെ പറഞ്ഞു.
@@@@@@
മഞ്ചേശ്വരം @ 9 വയസ്സുകാരിയായ വിദ്യാർത്ഥിനിക്ക് നേരെ യുവാവിന്റെ അതിക്രമം. മദ്രസയിലെ പരീക്ഷ കഴിഞ്ഞ് നടന്നുവരുന്നതിനിടെ യുവാവ് വിദ്യാർഥിനിയുടെ പിന്നാലെയെത്തി എടുത്തുയർത്തി നിലത്തെറിയുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് സംഭവം നിലത്തുവീണ കുട്ടി ഭയന്ന് എഴുന്നേറ്റെങ്കിലും തലകറങ്ങി വീണു. അല്പസമയം കഴിഞ്ഞ് എഴുന്നേറ്റ് വീട്ടിലേക്ക് പോയി സംഭവം കണ്ടവർ വീട്ടുകാരെ വിവരമറിയിച്ചതിനെ തുടർന്ന് പോലീസിൽ പരാതി നൽകി.
@@@@@@
ദോഹ = മലയാളിയില്ലാത്ത ഇടമില്ലെന്നല്ലേ ചൊല്ല്....അതെ,ഖത്തർ ലോകകപ്പിനുള്ള ബെൽജിയം സംഘത്തിലുമുണ്ടൊരു മലയാളി. കൊച്ചി ചെറായി സ്വദേശി വിനയ് മേനോനാണ് ബെൽജിയത്തിന്റെ വെൽനസ് റിക്കവറി തലവനായി നിയമിക്കപ്പെട്ടത്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ ക്ലബ്ബായ ചെൽസിയുടെ വെൽനസ് മാനേജർ കൂടിയാണ് വിനയ്.
@@@@@@
ദോഹ @ ലോകകിരീടമെന്ന സ്വപ്നവുമായി ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീനാസംഘം ദോഹയുടെ മണ്ണിൽ പറന്നിറങ്ങി. അബുദാബിയിൽ യു.എ.ഇ. ക്കെതിരെ സൗഹൃദമത്സരത്തിൽ നേടിയ അഞ്ചു ഗോൾ ജയത്തിന്റെ മൊഞ്ചിലാണ് മെസ്സിയും കൂട്ടരും. വ്യാഴാഴ്ച പുലർച്ചെ ദോഹാ വിമാനത്താവളത്തിൽ വന്നിറങ്ങിയ നീലപ്പടയെ സ്വീകരിക്കാൻ മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് ആരാധകരാണ് ഒത്തുകൂടിയത്.
@@@@@@
കോഴിക്കോട് എലത്തൂർ @ പെട്രോൾ കാറുടമകൾക്ക് പണിതന്ന് കുഞ്ഞൻ വണ്ടുകൾ. പെട്രോൾ ചോർന്ന് വാഹനം വഴിയിൽ നിൽക്കുമ്പോഴാണ് ഉടമ വിവരമറിയുക. കാറിന്റെ പെട്രോൾടാങ്കിൽ നിന്ന് എൻജിനിലേക്ക് പോകുന്നറബ്ബർ പൈപ്പുകൾ പ്രത്യേക തരം കുഞ്ഞൻ വണ്ടുകൾ തുളക്കുന്നതാണ് പ്രശ്നമാകുന്നത്. ദിവസവും ഇതേ പ്രശ്നവുമായെത്തുന്ന വണ്ടികളുടെ എണ്ണം കൂടുകയാണെന്ന് വർഷോപ്പ് സർവീസ് സെന്റർ നടത്തിപ്പുകാർ പറയുന്നു. പെട്രോൾ ടാങ്കിനോടും എഞ്ചിനോടും ചേർന്ന പ്രധാനപൈപ്പിലും അനുബന്ധ പൈപ്പുകളിലുമാണ് ഇവ ദ്വാരങ്ങളുണ്ടാക്കുന്നത്.
@@@@@@
പ്രിയരെ ഇയാഴ്ചത്തെ വാരാന്ത്യം ഇവിടെ അവസാനിപ്പിക്കട്ടെ. അടുത്താഴ്ച്ച പുതിയ വാർത്തകളുമായി വരാം.
3 അഭിപ്രായങ്ങള്‍
വാരാന്ത്യം.... നല്ല അവതരണം❤️
മറുപടിഇല്ലാതാക്കൂവളരെ നന്നായിട്ടുണ്ട് വാർത്ത അവതരണം
മറുപടിഇല്ലാതാക്കൂവാരാന്ത്യം മനോഹരം.
മറുപടിഇല്ലാതാക്കൂ