Hot Posts

6/recent/ticker-posts

ജോർജ്ജ് ഓണക്കൂർ.

ജോർജ്ജ് ഓണക്കൂർ.

ഉഴവുചാലിൽ ഉഴറുന്ന ഒരു ചെറിയചെടി, ആർക്കോ കരുണ തോന്നി ഉഴവുചാലിൽനിന്നെടുത്ത് അതിനെ കരയിൽ നട്ടു. അതുകൊണ്ട് അടുത്ത ഉഴവുവരുമ്പോൾ അത് നശിച്ചില്ല.
ചിലരൊക്കെ വളമിട്ടു .....
മറ്റുചിലർ അതിന് വെള്ളമൊഴിച്ചു.....
ചെടി വളർന്നു. അതൊരു വൻമരമായില്ലെങ്കിലും, ഇടയ്ക്ക് പൂക്കുകയും വല്ലപ്പോഴുമൊക്കെ കായ്ക്കുകയും ചെയ്യുന്ന ഒരു മരമായി ഈ ഭൂമിയിൽ നിൽക്കുന്നു ......
ശ്രീ ജോർജ്ജ് ഓണക്കൂർ താൻ എഴുത്തു വഴിയിലേയ്ക്കെത്തിപ്പെട്ട സാഹചര്യത്തെ സ്വയം വിലയിരുത്തിയത് ഇങ്ങിനെയാണ്.
ഈമരം ഇടയ്ക്ക് പൂക്കുകയും വല്ലപ്പോഴും കായ്ക്കുകയും ചെയ്ത ഫലങ്ങളാണ് അദ്ദേഹത്തിന്റെ സാഹിത്യരചനകൾ.
ഡോക്ടർ ജോർജ്ജ് ഓണക്കൂർ .....
എറണാകുളം ജില്ലയിൽ കൂത്താട്ടുകുളത്തിന്റേയും പിറവത്തിന്റേയും ഇടയ്ക്കുള്ള ഗ്രാമപ്രദേശം.
വേദാന്ത ഭൂമികയുടേയും, വിപ്ളവ ഭൂമികയുടേയും ഇടയിലാണ് ഓണക്കൂർ ഗ്രാമം.
പടിഞ്ഞാറുഭാഗത്തെ വെളിനാടു ഗ്രാമമാണ് മഹാനായ ശ്രീ ശങ്കരാചാര്യരുടെ അമ്മാത്ത് മേൽപ്പത്തൂർ ഇല്ലം. അൽപം വടക്കുമാറി ആറുകാലങ്ങളിലും സംഗീതമാലപിച്ച ഷഡ്ക്കാല ഗോവിന്ദമാരാരുടെ ഇല്ലം - രാമമംഗലം.
ഓണക്കൂർഗ്രാമം ചുറ്റി ഒഴുകുന്ന പിറവംപുഴ ശ്രീശങ്കരന്റെ പാദങ്ങളെ സ്പർശിച്ച് കായലിൽ ലയിക്കുന്നു.
ഓണക്കൂർ ഗ്രാമത്തിൽ നടുവിലേടത്ത് പി.വി.കുര്യാക്കോസിന്റേയും മറിയാമ്മയുടേയും മൂത്തമകനായി 1941 നവംബർ 16ന് ജോർജ്ജ് ജനിച്ചു.
ഓമനിച്ച് വളർത്തിയത് അച്ഛന്റെ അമ്മയായിരുന്നു. ചെറുപ്രായത്തിൽ തന്നെ വിധവയായ അവർ ഒരുപാട് സ്നേഹത്തോടെയാണ് തന്റെ പേരക്കുട്ടിയെ വളർത്തിയത്.
അച്ഛൻ വളരെ കർക്കശ്ശക്കാരനായിരുന്നു.
ശ്രീ ജോർജ്ജിന്റെ ഭാഷയിൽ പറഞ്ഞാൽ "മുദ്രവെച്ച ഹൃദയത്തിനുടമ"യായിരുന്നു അച്ഛൻ. സ്നേഹമെല്ലാം ഉള്ളിലൊതുക്കിയതിനാൽ അത് അനുഭവിച്ചറിയാൻ ഭാഗ്യമുണ്ടായില്ല.
പാമ്പാക്കുടം എം.ടി.എം. സ്ക്കൂളിലായിരുന്നു വിദ്യാഭാസം. തുടർന്ന് മുവാറ്റുപുഴ നിർമ്മല കോളേജ്, ചങ്ങനാശ്ശേരി എസ്.ബി.കോളേജ് എന്നിവിടങ്ങളിൽനിന്ന് ബിരുദവും, ബിരുദാനന്തര ബിരുദവും നേടി. കേരളാ സർവ്വകലാശാലയിൽ നിന്ന് എം.ഫിൽ, പി.എച്ച്ഡി എന്നിവയും കരസ്ഥമാക്കി.
ഒരു വക്കീലാവാനായിരുന്നു പഠനകാലത്തെ മോഹം. ബി.എ. ഇക്കണോമിക്ക്സ് പഠിച്ചതും ആ ഉദ്ദേശത്തോടെ ആയിരുന്നെങ്കിലും, നിർമ്മലാ കോളേജിലെ പ്രിൻസിപ്പലായ
ശ്രീ തോമസ് നെടുങ്കല്ലേൽ ആണ് ജോർജ്ജിന്റെ ജീവിതത്തെ വഴി തിരിച്ചുവിട്ടത്.
"വക്കീലാവുന്നത് നിയമമനുസരിച്ച് കേസുകൾ വാദിക്കാനാണ്. അവിടെ നീതിക്ക് സ്ഥാനമില്ല. നിനക്ക് വഴങ്ങുന്നത് നിയമമല്ലാ, നീതിയാണ്.
നീതിബോധം മനസ്സിൽ സൂക്ഷിച്ചുകൊണ്ട് മാനവികത സൃഷ്ടിക്കലായിരിക്കണം നിന്റെലക്ഷ്യം. ബി.എ. കഴിഞ്ഞാൽ മലയാളം എം.എ.യ്ക്ക് പഠിയ്ക്കുക. സാഹിത്യം പഠിയ്ക്കുക അത് പഠിച്ചിറങ്ങും സമയം നിനക്കിവിടെ അദ്ധ്യാപക ജോലി ഉറപ്പാണ്".
പ്രിയപ്പെട്ട ഗുരുനാഥന്റെ ഈ ഉപദേശമാണ് അദ്ധ്യാപകനായി സേവനമനുഷ്ഠിക്കാൻ കഴിഞ്ഞതും, എഴുത്തിന്റെ വഴിയിലേയ്ക്ക് എത്തിപ്പെട്ടതുമെന്ന് ശ്രീ ജോർജ്ജ് ഓണക്കൂർ എന്നും ആദരവോടെ ഓർക്കുന്ന കാര്യങ്ങളാണ്.
സാഹിത്യപാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച ജോർജ്ജിന് മുത്തശ്ശിയുടെ ഉപദേശങ്ങളും ഗ്രാമാന്തരീക്ഷവും വായനശാലകളിൽ നിന്ന് മുത്തശ്ശി എടുത്തു കൊണ്ടുവരുന്ന പുസ്തകങ്ങളും വായിച്ചാണ് ചെറുപ്പത്തിൽ തന്നെ എഴുതാനുള്ള ഒരു കഴിവ് രൂപപ്പെടുന്നത്. ധാരാളം വായിക്കുന്ന സ്വഭാവക്കാരനായിരുന്ന അദ്ദേഹം.
പഠിയ്ക്കുന്ന കാലത്തു തന്നെ അദ്ദേഹം കലാ സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
കൗമുദി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിലാണ് ആദ്യമായി എഴുതുന്നത്. കുറേയേറെ കഥകൾ എഴുതി. ആദ്യമായി പ്രതിഫലം - പത്തു രൂപ - കിട്ടുന്നതും കൗമുദിയാൽ നിന്നു തന്നെ. അദ്ദേഹത്തിന്റെ വളർച്ചയുടെ കേന്ദ്രമായി പിന്നീട് മാറിയ കേരള കൗമുദിയിലും കലാകൗമുദിയിലും ഒട്ടേറെ അദ്ദേഹം എഴുതിയിട്ടുണ്ട്.
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലാണ് ജോർജ്ജ് ഓണക്കൂറിന്റെ അധ്യാപകവൃത്തി തുടങ്ങുന്നത്.
ജോലിയിലിരിക്കേ, ചില സമരങ്ങളിൽ പങ്കെടുത്തതിന്റെ ഫലമായി പുറത്താകേണ്ടി വന്നു.
ഒരു ചുരുങ്ങിയ കാലം കോട്ടയം ദീപിക ദിനപ്പത്രത്തിൽ സബ് എഡിറ്ററായും, പിന്നീട് തൃക്കാകര ഭാരത് മാതാ കോളേജിൽ അദ്ധ്യാപകനായും ജോലി തുടർന്നു.
മാർ ഇവാനിയോസ് കോളേജിലേയ്ക്ക് അദ്ദേഹത്തെ വീണ്ടും നിയമിക്കുന്നത് മലയാളം വിഭാഗം മേധാവിയായിട്ടാണ്.
മൂന്നുപതിറ്റാണ്ടിലേറെക്കാലം കോളേജ് അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുകവഴി, സമൂഹത്തിലെ നാനാതുറകളിലുമുള്ള പ്രഗത്ഭരായ ശിഷ്യന്മാർ അദ്ദേഹത്തിനുണ്ടായി.
മൺമറഞ്ഞ മുൻ മന്ത്രി ശ്രീ ടി.എം.ജേക്കബ്, എം.ജയകുമാർ - ഐ.എ. എസ്, ജഗതി ശ്രീകുമാർ തുടങ്ങിയവർ അവരിൽ ചിലർ.
അദ്ധ്യാപക ജീവിതത്തിനു ശേഷം സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, കേരള സാക്ഷരതാ സമിതി, എൻസൈക്ലോപീഡിയ തുടങ്ങിയുള്ള സ്ഥാപനങ്ങളിലും അദ്ദേഹം മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മറ്റ് അനേകം പദവികളും അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്.
കഥ, നോവൽ, യാത്രാവിവരണം, ജീവചരിത്രം, നിരൂപണം തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള ഓണക്കൂർ, നോവലിസ്റ്റ് എന്ന നിലയ്ക്കാണ് കൂടുതൽ അറിയപ്പെടുന്നത്.
ആദ്യം പ്രസിദ്ധീകരിച്ച ഗ്രന്ഥം
"കേരള ഭാഷാഗംഗ"യാണ്.
ആദ്യത്തെ നോവലായ
"അകലെ ആകാശം" തന്റെ ഗ്രാമന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിൽ രചിച്ചതാണ്.
കോളേജ് കാമ്പസ് പ്രണയത്തിന്റെ കഥപറയുന്ന മലയാളത്തിലെ ആദ്യ നോവലായ "ഉൾക്കടൽ", രചയിതാവിന്റേയും അനുഭവങ്ങൾ അടങ്ങിയതാണ്.
കേരളത്തിന്റെ കാർഷിക വ്യവസ്ഥിതിയിൽ സംഭവിച്ച വിപ്ളവകരമായ പരിണാമത്തിന്റെ പശ്ചാതലം ഇതിവൃത്തമാക്കി രചിച്ച നോവലായ "ഇല്ലം" കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിനർഹമായിട്ടുണ്ട്.
അദ്ധ്യാപകരുടെ പഴയകാലഘട്ടത്തിലെ സേവന വേതന വ്യവസ്ഥകൾ, ദുരിത പശ്ചാത്തലങ്ങൾ എന്നിവയെ ഉൾക്കൊണ്ടുള്ള രചനയാണ് "സമതലങ്ങൾക്കപ്പുറം" എന്ന നോവൽ.
മാതൃപുത്ര സമ്പത്തിന്റെ മഹനീയത അടയാളപ്പെടുത്തുന്ന "കൽത്താമര", യേശുവിന്റെ കുരിശാരോഹണ രാത്രിയിൽ അമ്മ മറിയത്തിന്റെ മനസ്സിലൂടെ കടന്നുപോയ വികാര തരംഗങ്ങളെ ഉൾക്കൊണ്ട "ഹൃദയത്തിൽ ഒരു വാൾ", ഭിന്നശേഷിയുള്ള യുവതിയുടെ ജീവിതത്തിന്റെ നേർമുഖമായ "കാമന" തുടങ്ങിയ നോവലുകൾ ഏറെ പ്രശസ്തമായ രചനകളാണ്.
1980ൽ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ശ്രീമതി ഇന്ദിരാ ഗാന്ധിയിൽനിന്നു സ്വീകരിച്ചപ്പോഴുണ്ടായ ആദരവും, നൈനിത്താൾ സന്ദർശനത്തിൽ ലഭിച്ച പ്രചോദനവുമാണ്
"പർവ്വതങ്ങളിലെ കാറ്റ്" എന്ന നോവൽ. ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തിന്റെ ഒരു പ്രതിഫലനം ഈ നോവലിൽ കാണാവുന്നതാണ്.
തന്റെ യാത്രകളിൽ ജെറുസലേമിലെ ഹിബ്റു യൂണിവേഴ്സിറ്റിയിലെ ഓറിയന്റൽ ലിറ്ററേച്ചറിനെക്കുറിച്ച് ഗവേഷണം നടത്തുന്ന സാറാ എന്ന പെൺകുട്ടിയിൽ നിന്നാണ് "പ്രണയതാഴ്വരയിലെ ദേവദാരു" പിറക്കുന്നത്. ഇതിലെ കഥാപാത്രമായ "സൈറ" തന്നെയാണ് സാറ എന്ന പെൺകുട്ടി.
അകലെ ആകാശം (പുതിയ ആകാശം), ഉൾക്കടൽ, കാമന (യമനം) തുടങ്ങിയവ സിനിമയായിട്ടുണ്ട്.
ഉഴവുചാലുകൾ, എഴുതാപ്പുറങ്ങൾ തുടങ്ങി ഒട്ടേറെ നോവലുകളും, ഞാൻ ഒരു കയ്യൊപ്പ് മാത്രം, നാലു പൂച്ചക്കുട്ടികൾ തുടങ്ങിയ കുറേയേറെ കഥാ സമാഹാരങ്ങളും, യാത്രാ വിവരണങ്ങൾ, ജീവചരിത്രങ്ങൾ, ഓർമ്മകൾ, നിരൂപണങ്ങൾ തുടങ്ങി ഒട്ടനവധി രചനകളും
ശ്രീ ജോർജ്ജ് ഓണക്കൂറിന്റേതായിട്ടുണ്ട്.
കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്ക്കാരങ്ങൾ കൂടാതെ ഒട്ടനവധി പുരസ്ക്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
തന്റെ കുടുംബ ജീവിതത്തിന്റേയും, ഔദ്യോഗിക ജീവിതത്തിന്റേയും അനുഭവങ്ങൾ സ്പന്ദനങ്ങൾ, ഗ്രാമീണ ജീവിതത്തിന്റെ ഇല്ലായ്മകൾക്കും, വല്ലായ്മകൾക്കും ഇടയിൽ പുലർത്തിയിരുന്ന സ്നേഹത്തിന്റേയും കരുതലിന്റേയും ഒരുപാട് മുഖങ്ങൾ ഓർക്കാനാവുന്ന ആത്മകഥയാണ്
"ഹൃദയ രാഗങ്ങൾ"
കൃതഹസ്തനായ സാഹിത്യകാരന്റെ രചനാ വൈഭവത്തിന്റെ മുദ്രപതിഞ്ഞ ഒരു ഗ്രാമീണന്റെ ആർജ്ജമായുള്ള മനസ്സ് അദ്ദേഹത്തിന്റെ ആത്മകഥയിൽ തെളിഞ്ഞു കാണാം.
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം നേടിയതാണ്
"ഹൃദയ രാഗങ്ങൾ".
ആറുപതിറ്റാണ്ടിലേറെ നീളുന്ന എഴുത്തിന്റേയും, അദ്ധ്യാപനത്തിന്റേയും സഞ്ചാരത്തിലുമുണ്ടായ ഉയർച്ചതാഴ്ചകളുടെ നേരനുഭവങ്ങളേയും ഇതിൽ ദർശിക്കാനാവും.
തിരുവനന്തപുരം നാലാഞ്ചിറയിൽ പത്നി വത്സാ ജോർജ്ജിനോടൊപ്പം "സുദർശന" യിൽ സ്വസ്ഥമായി കുടുംബ ജീവിതം തുടരുന്നു. ഒപ്പം എഴുത്തുകളും .......
മക്കൾ - ദർശന, ആദർശ്, അനശ്വര... ജോലിയുമായി കുടുബ സമേതം ദുബായിൽ കഴിയുന്നു.
ഗ്രാമങ്ങളിൽ ജീവിക്കുന്ന ശുദ്ധാത്മാക്കളായ മനുഷ്യരുടെ കൊച്ചു കൊച്ചു ദുഃഖങ്ങളുടേയും, സന്തോഷങ്ങളുടേയും കഥ പറയുന്ന ശ്രീ ജോർജ്ജ് ഓണക്കൂറിന് ഹൃദയ രാഗങ്ങളേറ്റുപാടിക്കൊണ്ട് ജന്മദിനാശംസകൾ നേരുന്നു ........

മോഹനൻ. ജി

മുഖക്കുറി @ 1326
വിൻസന്റ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

9 അഭിപ്രായങ്ങള്‍

  1. എം. എസ്. വിനോദ്2022, നവംബർ 16 11:35 AM

    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2022, നവംബർ 16 11:57 AM

    വളരെ നല്ല ലേഖനം നന്നായി അവതരിപ്പിച്ചു

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2022, നവംബർ 16 5:47 PM

    ലേഖനം നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ