Hot Posts

6/recent/ticker-posts

സൈക്കിൾ കല്യാണം.

 

വാരാന്ത്യപ്പതിപ്പ്

പ്രിയരേ നീലാംബരിയം വാരാന്ത്യപ്പതിപ്പിലേക്ക് സ്വാഗതം

ഗുരുവായൂർ = പരിസ്ഥിതി സൗഹൃദമാകാൻ ഇതാ സൈക്കിൾ കല്യാണം. ഗുരുവായൂരിൽ കല്യാണത്തിന് കോയമ്പത്തൂരിലുള്ള വരൻ എത്തിയത് 150 കിലോമീറ്റർ സൈക്കിൾ ചവിട്ടിയായിരുന്നു. വരനെ അനുഗമിച്ച് അഞ്ചു കൂട്ടുകാരും സൈക്കിളിൽ വന്നു. താലികെട്ട് കഴിഞ്ഞ ഉടൻ മടങ്ങുന്നതും സൈക്കിളിൽ തന്നെ. പിന്നാലെ വധുവും ബന്ധുക്കളും കാറിൽ കോയമ്പത്തൂരിലെത്തും.
@@@@@@
തലശ്ശേരി= കാറിൽ ചാരിനിന്ന ആറ് വയസ്സുകാരനെ തലശ്ശേരിയിൽ ചവിട്ടിത്തെറിപ്പിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നും പിടിച്ചു മാറ്റുക മാത്രമാണ് ചെയ്തതെന്നും പ്രതി മഹമ്മദ് ഷിഹാദ് പോലീസിനോട് പറഞ്ഞു. അടിക്കുന്ന വീഡിയോ പ്രചരിച്ചതോടെ കുട്ടിയിൽ നിന്ന് പോലീസ് വീണ്ടും മൊഴിയെടുത്തു.
@@@@@@
ഷിംല= സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറായിരുന്ന ശ്യാം ശരൺ നേഗി (106) വയസ്സ് അന്തരിച്ചു. സംസ്ഥാന ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടത്തി. 1952- ഫെബ്രുവരിയിലാണ് ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് തീരുമാനിച്ചതെങ്കിലും അതിശൈത്യം കണക്കിലെടുത്ത് ഹിമാചലിലെ ഗോത്രവർഗമേഖലകളിൽ അഞ്ചുമാസം മുൻബ് തിരഞ്ഞെടുപ്പ് നടത്തി. തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന നേഗി രാവിലെ 7 ന് - തന്നെ കല്പ പ്രൈമറി സ്കൂളിലെ ബൂത്തിൽ ചെന്ന് രാജ്യത്തെ ആദ്യ വോട്ട് ചെയ്തു. നേഗിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു.
@@@@@@
തിരൂർ= ആക്റ്റ് നാടക പുരസ്കാരം നടി സീനത്തിന്. കുടുംബ കൂട്ടായ്മയായ ആക്റ്റ് തിരൂർ നാടക സിനിമ രംഗത്തെ സമഗ്ര സംഭാവനകൾക്ക് നൽകിവരുന്ന പുരസ്കാരത്തിനാണ് സീനത്തിന് അർഹയായത്. നാടകരംഗത്തും സിനിമാരംഗത്തും വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ എല്ലാവർഷവും ആക്റ്റ് പുരസ്കാരം നൽകി ആദരിക്കാറുണ്ട്.
@@@@@@
കോഴിക്കോട്= ബാബുഭായിക്ക് പാടാനെ അറിയൂ. ജനിച്ചത് തന്നെ പാട്ടിന് നടുവിലേക്കാണ്. ഓർമ്മ വെച്ചപ്പോൾ മുതൽ കേൾക്കുന്നതും പാട്ടാണ്. അങ്ങനെ ജന്മനാൽ തന്നെ ബാബുഭായി പാട്ടുകാരനായാണ് വളർന്നത്. ആ ബാബുഭായിയോടാണ് പെട്ടെന്നൊരു ദിവസം പാടേണ്ടന്ന് പോലീസ് പറഞ്ഞത്. ഭായിയുടെ അവസ്ഥകണ്ട് ഇന്ത്യൻ യൂത്ത് അസോസിയേഷൻ "ബാബുഭായ് പാടട്ടെ "എന്ന പേരിൽ ചക്കോരത്തുകുളം തപോവനത്തിൽ ഇദ്ദേഹത്തിന് പാടാനായി വേദിയൊരുക്കി. കേൾക്കാനെ ത്തിയവരിൽ നിന്ന് സമാഹരിച്ച സഹായധനം അസോസിയേഷൻ പ്രസിഡന്റ് ഫ്രാൻസിസ് കൈമാറി. കൂടാതെ സ്പ്രിങ്‌ ട്യൂൺസ് ഫേസ്ബുക്ക് ഗ്രൂപ്പിന്റെ സഹായധനവും നൽകി.
@@@@@@
കൊടുവള്ളി= പ്രഥമ സൗദി ദേശീയ ഗെയിംസിൽ സൗദി താരങ്ങളെ നിഷ്പ്രഭയാക്കി കോഴിക്കോട് കൊടുവള്ളി സ്വദേശിനി ഖദീജ നിസ നേടിയത് സുവർണ്ണ നേട്ടം. വനിതാ വിഭാഗം ബാഡ്മിന്റണിൽ കളിച്ച ആറുമത്സരങ്ങളിലും മിന്നുംജയം നേടിയാണ് ഖദീജ നിസ സ്വർണ്ണക്കുതിപ്പ് നടത്തിയത്. സൗദി ദേശീയ ഗെയിംസിലെ ഏക ഇന്ത്യൻ മുഖമാണ് ഖദീജ.സമ്മാനത്തുകയായി ലഭിക്കാൻ പോകുന്നത് 2.20 - കോടി ഇന്ത്യൻ രൂപയാണ്.
@@@@@@
തിരുവമ്പാടി= സിനിമ കൊട്ടകയുടെ ഉച്ചിയിൽ സ്ഥാപിച്ച കോളാമ്പിയിൽ നിന്ന് ഒഴുകിയെത്തുന്ന ചലച്ചിത്ര ഗാനങ്ങൾക്ക് പകരം കാൽപന്ത് കളിയുടെ തട്ടകമായ തിരുവമ്പാടിയിലെ തിയേറ്ററിൽ നിന്നെത്തുന്നത് കാൽപന്തുകളിയുടെ ആരവം. ആരാധനാമൂർത്തികളായ സിനിമാതാരങ്ങളുടെ വേഷപ്പകർച്ചയ്ക്ക് പകരം സ്ക്രീനിൽ തെളിയുക മെസ്സിയും റൊണാൾഡോയും നെയ്മറും. ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കുന്നത് വർഷങ്ങൾക്കു മുമ്പ് പൂട്ടിയ ഹാരിസൺ സിനിമ തിയേറ്ററിലെ ബിഗ് സ്ക്രീനിലൂടെ.
@@@@@@
പേരാമ്പ്ര= അസുഖവും സാമ്പത്തിക ബാധ്യതകളും കാരണം ജീവിതം മുന്നോട്ട് നീക്കാൻ പ്രയാസപ്പെട്ട കുടുംബത്തിന് വായ്പ കുടിശ്ശിക അടച്ച് നൽകി ബാങ്ക് ജീവനക്കാരുടെ മാതൃക. കാൻസർ ബാധിതനായി നാല് ശസ്ത്രക്രിയകൾക്ക് വിധേയനായ ഗിരീഷ് കുമാറിനാണ് ബാങ്ക് ജീവനക്കാർ സഹായം നൽകിയത്. മറ്റൊരു ചികിത്സാസഹായ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഗിരീഷിന് ചികിത്സാസഹായം നൽകുന്നത്.
@@@@@@
ഹരിപ്പാട്= കാലു തളർന്നിട്ടും മനസ്സ് തളർന്നില്ല അജിത്ത് പൊരുതി നേടിയത് സർക്കാർ ജോലി. ഇരുപത്തിരണ്ടാം വയസ്സിൽ പെട്ടെന്നൊരുദിവസം ജീവിതം ചക്ര കസേരയിലേക്ക് ചുരുങ്ങി. വീടിന്റെ ഉത്തരവാദിത്വം എല്ലാം അജിത്തിന്റെ ചുമലിലാണ്. ഏത് ജോലി ചെയ്യാനും മനസ്സുണ്ടായിരുന്നെങ്കിലും ഏറെ നേരം ഇരിക്കാനും മറ്റും കഴിയില്ലായിരുന്നു. എങ്ങനെയെങ്കിലും സർക്കാർ ജോലി നേടണമെന്ന് തീരുമാനിച്ചു. വർഷങ്ങൾക്കിപ്പുറം ആ ലക്ഷ്യത്തിലെത്തി. കുമാരപുരം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ക്ലാർക്കായി ചുമതലയേറ്റു അജിത്ത്.
@@@@@@
കൊടുവായൂർ = ഭർത്താവ് സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കുന്ന സമയം ഫോൺ ചെയ്ത് ശല്യം ചെയ്യില്ലെന്ന് വധു മുദ്രപത്രത്തിൽ ഒപ്പിട്ടു നൽകിയത് സാമൂഹികമാധ്യമങ്ങളിൽ വൈറലായി. രാത്രി 9 മണിവരെ കൂട്ടുകാർക്കൊപ്പം ഇരിക്കുമ്പോൾ ഫോൺ ചെയ്ത് ശല്യപ്പെടുത്തില്ലെന്നതിലെ കൗതുകം കണ്ട് നിരവധി പേർ പ്രചാരണമേറ്റെടുത്തു. ഇതോടെ വധുവിനും വരനും കൂട്ടുകാർക്കും എല്ലാം സാമൂഹികമാധ്യമങ്ങളിൽ ആശംസയും കുമിഞ്ഞു കൂടി.
@@@@@@
എലത്തൂർ = ഇതര സംസ്ഥാനങ്ങളിലെ ഫാമുകളിൽ അസുഖം പിടിപെട്ട് ചാവുന്ന കോഴികളെ സംസ്ഥാനത്തേക്ക് കടത്തുന്ന സംഘം സജീവം. ചത്ത കോഴികളെ പകുതി വിലയ്ക്ക് മൊത്ത കച്ചവടക്കാർ ശേഖരിക്കുകയാണ് ചെയ്യുന്നത്. മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ഇറച്ചി വിൽക്കാൻ കഴിയുന്നതിനാൽ മൊത്തക്കച്ചവട കേന്ദ്രങ്ങളിൽ ഇതിന് ആവശ്യക്കാർ ഏറെയാണ്. ഹോട്ടലുകളും ബേക്കറികളുമാണ് പ്രധാനമായും ഇവരിൽ നിന്ന് ഇറച്ചി വാങ്ങുന്നത്.
@@@@@@
ഭുവനേശ്വർ = ഒരുകാലത്ത് അടിച്ചു വാരുകയും തുടച്ചു വൃത്തിയാക്കുകയും ചെയ്ത സ്കൂൾ മുറ്റത്ത് വീണ്ടും എത്തിയപ്പോൾ രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ മനസ്സിൽ ഓർമ്മകളുടെ തിരതള്ളൽ . ഇക്കുറി സുരക്ഷാ ഉദ്യോഗസ്ഥരും മറ്റു സന്നാഹങ്ങളും കൂടെയുണ്ടായിരുന്നു. എങ്കിലും അഞ്ചു പതിറ്റാണ്ട് മുമ്പത്തെ കഷ്ടപ്പാടിന്റെ അധ്യായങ്ങൾ ഓർത്തപ്പോൾ രാജ്യത്തിന്റെ പ്രഥമ വനിത ഒരു നിമിഷം വിതുമ്പി. രാഷ്ട്രപതിയായ ശേഷം തന്റെ പഴയ വിദ്യാലയത്തിലേക്ക് ദ്രൗപതി മുർമുവിന്റെ ആദ്യ വരവായിരുന്നു ഇത്.
@@@@@@
മാനന്തവാടി= വയനാട് ജില്ലയിൽ വീണ്ടും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. പി.ബി. നാഷിന്റെ ഫാമിലെ പന്നികൾക്കാണ് രോഗം സ്ഥിരീകരിച്ചത് 13 പന്നികൾ ആഫ്രിക്കൻ പന്നിപ്പനി കാരണം ചത്തു. രോഗം സ്ഥിരീകരിച്ച ഫാമിലും ഫാമിന്റെ ഒരു കിലോമീറ്റർ പരിധിയിലെ മൂന്ന് ഫാമുകളിലും ഉൾപ്പെടെ 148 പന്നികളെ കൊന്നൊടുക്കേണ്ടി വരുമെന്ന് ഇടവക വെറ്ററിനറി സർജൻ ഡോക്ടർ സീലിയ ലൂയിസ് പറഞ്ഞു.
@@@@@@
ന്യൂഡൽഹി= പത്തുവർഷം കഴിഞ്ഞ ആധാറിന്റെ രേഖകൾ നിർബന്ധമായി പുതുക്കേണ്ടന്ന് കേന്ദ്രം. ആധാർ ചട്ടങ്ങളിൽ കേന്ദ്രം കഴിഞ്ഞദിവസം ഏർപ്പെടുത്തിയ ഭേദഗതിയെക്കുറിച്ച് ആശയകുഴപ്പങ്ങൾ ഉയർന്നതോടെയാണ് ഐടി മന്ത്രാലയം വിശദീകരണകുറിപ്പ് ഇറക്കിയത്. രേഖകൾ പുതുക്കാൻ പ്രോത്സാഹിപ്പിക്കാനാണ് ഭേദഗതി. പ്രധാന തിരിച്ചറിയിൽ രേഖയായി ആധാർ നമ്പർ മാറിയിട്ടുണ്ട്. സർക്കാരിന്റെ വിവിധ പദ്ധതികളും സേവനങ്ങളും ലഭിക്കാൻ ആധാർ നമ്പർ ഉപയോഗിക്കുന്നുണ്ട്.
@@@@@@
ബ്യൂണസ് ഐറിസ്= ആകാംക്ഷയും ആശങ്കയും ഇനി വേണ്ട. ലോകകപ്പിനുള്ള അർജന്റീന ടീമായി മെസ്സിപ്പട തയ്യാർ.പൗലോ ഡി ബാലയും എയ്ഞ്ചൽ ഡി മരിയയും പരിക്കിൽ നിന്ന് മോചിതരായെത്തി. സൂപ്പർതാരം ലയണൽ മെസ്സിക്കൊപ്പം മികച്ച താരനിരയെ അണിനിരത്തി അർജന്റീന പരിശീലകൾ ലയണൽ സ്കലോണി ഖത്തർ ഫുട്ബോൾ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചു. പരിക്കേറ്റ വിയ്യാറയൽ താരം ജിയോ വാനി ലോ സെൽസോയെ പരിഗണിച്ചില്ല. ലോ സെൽസോക്ക് പകരം മധ്യനിരയിൽ എക്സക്യൂൽ പലാസിയോസ്‌ ഇടംപിടിച്ചു. യുവതാരങ്ങൾക്കാണ് പ്രാമുഖ്യം.
@@@@@@
കോഴിക്കോട്= ദ്രുതതാളത്തിൽ ചെണ്ടകൊട്ടി ഇലത്താളം മുട്ടി ചുവടുവെച്ച് തിമിർക്കുകയാണ് ഈ ശിങ്കാരിമേളക്കാർ. കുറ്റിക്കാട്ടൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ്. ഒരു സ്കൂളിൽ ശിങ്കാരിമേളത്തിന് ടീമു ണ്ടാകുന്നത് കേരളത്തിൽ ആദ്യം. ആറ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള 23 കുട്ടികളാണ് സംഘാഗങ്ങൾ.
@@@@@@
കോഴിക്കോട്= ചാനാരിയിലെ വീട്ടിൽ പ്രകാശനും ഭാര്യ പ്രമീളയും തത്തകൾക്ക് മുടക്കമില്ലാതെ ഭക്ഷണം കൊടുക്കാൻ തുടങ്ങിയിട്ട് 10 വർഷം. എല്ലാ തത്തകളും പ്രകാശനിപ്പോൾ മണിക്കുട്ടിയാണ്. ഈ പേരിൽ ഒരു തത്തയെ പണ്ട് കൂട്ടിൽ വളർത്തിയിരുന്നു. അതിന് തീറ്റയായി നെല്ല് കൊടുക്കുമായിരുന്നു. അത് തിന്നാൻ ഒന്ന് രണ്ട് തത്തകൾ ആദ്യം വന്നു. പിന്നെ അമ്പതായി നൂറായി പിന്നെയും എണ്ണം കൂടിക്കൂടി വന്നു. അതോടെ തീറ്റയായി നെല്ല് കൂടിന് പുറത്തു കൊടുക്കാൻ തുടങ്ങി. പിന്നീട് ഒരിക്കൽ വളർത്തുതത്ത മണിക്കുട്ടിയെ കാണാതായി. അതിൽ പിന്നെ തത്തകളെ കൂട്ടിലിട്ട വളർത്തിയിട്ടില്ല. മഴക്കാലത്താണ് ഏറ്റവും കൂടുതൽ തത്തകൾ വന്നെത്തുക.
@@@@@@
പ്രിയരെ വാർത്തകൾ അവസാനിക്കുന്നില്ല. വീണ്ടും അടുത്താഴ്ച്ച വാരാന്ത്യവുമായി ഞാനെത്താം.
പ്രിയമോടെ

ശോഭ മാടക്കുനി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

5 അഭിപ്രായങ്ങള്‍