Hot Posts

6/recent/ticker-posts

സി.വി.രാമൻ.

സി.വി.രാമൻ.
രാമൻ ഇഫക്ട് , രാമൻ സ്പക്ടറോസ്കോപ് തുടങ്ങി ശാസ്ത്രപുരോഗതിക്ക് നിർണ്ണായകമായ സംഭാവനകൾ നൽകിയ ഒട്ടേറെ കണ്ടുപിടുത്തങ്ങളുടെ ഉപജ്ഞാതാവ് . ഏഷ്യയിലെതന്നെ ആദ്യത്തെ ശാസ്ത്രനോബൽ സമ്മാനം നേടി മാതൃരാജ്യത്തിന്റെ യശ്ശസുയർത്തിയ മഹത് വ്യക്തി, ചന്ദ്രശേഖര വെങ്കിട്ട രാമൻ അഥവാ സി.വി.രാമൻ. .ഇന്ത്യയുടെ ശാസ്‌ത്രീയ വിപ്ലവത്തിന്റെ ചരിത്രത്തില് സി.വി രാമന്‌ അതുല്യമായ സ്ഥാനമാണുള്ളത്‌.

തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ ചന്ദ്രശേഖര അയ്യരുടെയും പാർവതി അമ്മാളിന്റെയും രണ്ടാമത്തെ മകനായി 1888 നവംബർ 7ന് ആണ് രാമൻ ജനിച്ചത് .അച്ഛൻ വിശാഖപട്ടണത്തുള്ള എ. വി. എൻ .കോളേജിൽ അദ്ധ്യാപകനായിരുന്നതിനാൽ വിശാഖപട്ടണത്തായിരുന്നു അദ്ദേഹത്തിന്റെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പഠനത്തിൽ സമർത്ഥനായിരുന്ന രാമൻ പതിനൊന്നാമത്തെ വയസിൽ മികച്ച രീതിയിൽ മെട്രിക്കുലേഷൻ പാസ്സായി . അച്ഛൻ പഠിപ്പിച്ചിരുന്ന എ .വി.എൻ കോളേജിൽ ഇന്റർമിടിയേറ്റിനു ചേർന്ന് ഉന്നത വിജയം നേടി. തുടർന്ന് മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ B A യും MA യും സ്വർണ്ണ മെഡലോടെ പാസ്സായി .ശാസ്ത്ര പഠനം തുടരണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നെങ്കിലും സഹോദരന്റെ നിർദ്ദേശപ്രകാരം ഫിനാൻഷ്യൽ സിവിൽ സർവീസ് ശ്രമിക്കുകയും പരീക്ഷ വിജയിക്കുകയും ചെയ്തു .

രാമൻ അക്കൗണ്ടന്റ് ജനറലായി, കൽക്കട്ടയിൽ, ജോലിയിൽ പ്രവേശിച്ചു. അവിടെ വാടകക്ക് താമസിച്ചിരുന്ന വീടിനടുത്തായിരുന്നു ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസ് എന്ന സ്ഥാപനം സ്ഥിതി ചെയ്തിരുന്നത്. ജോലികഴിഞ്ഞുള്ള സമയം അവിടത്തെ പരീക്ഷണശാലയിൽ ഗവേഷണം നടത്തുന്നതിന് അനുവാദം ലഭിച്ചു. ഇങ്ങനെ ജോലിയും ഗവേഷണവുമായി ജീവിതം നീങ്ങുന്നതിനിടയിൽ റംഗൂണിലേയ്ക്കും തുടർന്ന് നാഗ്പൂരിലേക്കും സ്ഥലമാറ്റമുണ്ടായെങ്കിലും ഏറെ താമസിയാതെത്തന്നെ കൽക്കട്ടയിലേക്ക് തിരിച്ചെത്താൻ അദ്ദേഹത്തിനു കഴിഞ്ഞു.
വീണ്ടും ഐ.എ.സി.എസിനു തൊട്ടടുത്തവീട്ടിലാണ് അദ്ദേഹം താമസിച്ചിരുന്നത്.തന്റെ ഗവേഷണഫലങ്ങൾ അപ്പപ്പോൾതന്നെ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ' സർക്കാർ ഉദ്യോഗം രാജിവെച്ച് കൽക്കത്ത യൂണിവേഴ്‌സിറ്റി സയൻസ് കോളേജിൽ ഭൗതികശാസ്ത്ര വിഭാഗം മേധാവിയായി രാമൻ സ്ഥാനമേറ്റു.

സർവകലാശാലയിൽ പ്രൊഫസറാണെങ്കിലും, തൻ്റെ ഗവേഷണം മുഴുവൻ ഇന്ത്യൻ അസോസിയേഷനിൽ തന്നെയായിരുന്നു. അദ്ദേഹത്തിനൊപ്പം ഇന്ത്യൻ അസോസിയേഷനും വളർന്നു. പുതിയ കണ്ടുപിടിത്തങ്ങളും ശാസ്ത്രപ്രസിദ്ധീകരണങ്ങളും അവിടുന്നുണ്ടായി. സി.വിയുടെ കീഴിൽ ഗവേഷണം നടത്താൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളം വിദ്യാർഥികളും ഇന്ത്യൻ അസോസിയേഷനിൽ എത്തിയിരുന്നു . തുടർച്ചയായി ശാസ്ത്രക്ലാസുകളും അവിടെ നടന്നു. ഒടുവിൽ ഇന്ത്യൻ അസോസിയേഷന്റെ സെക്രട്ടറിയുമായി.
യൂറോപ്പിൽ നിന്നുള്ള കപ്പൽയാത്രയിൽ കടലിന്റെ നീലനിറം നിരീക്ഷിച്ചുകൊണ്ട് ആരംഭിച്ച പ്രകാശപഠനത്തിന്റെ തുടർച്ചയായാണ് അദ്ദേഹവും വിദ്യാർഥികളും ചേർന്ന് 'രാമൻ പ്രഭാവം' കണ്ടുപിടിച്ചത്. ഈ നേട്ടത്തിന് അദ്ദേഹം നോബൽ പുരസ്‌കാരം നേടി . ആരോടും വിട്ടുവീഴ്ച ചെയ്യാത്ത സ്വാഭാവമായിരുന്നു രാമന്റേത്. അത്
കൊൽക്കത്തയിൽ ഒട്ടേറെ ശത്രുക്കളെ ഉണ്ടാക്കി. ആരെയും അനുനയിപ്പിക്കാനോ ശത്രുത അവസാനിപ്പിക്കാനോ രാമൻ ശ്രമിച്ചില്ല. അതൊടുവിൽ കൊൽക്കത്തയുമായുള്ള ബന്ധം തന്നെ പൂർണമായും വിടർത്തുന്ന അവസ്ഥയിലായി. തുടർന്ന് ബാംഗ്ലൂരിലേക്ക് മാറാൻ അദ്ദേഹം തീരുമാനിച്ചു .
ബാംഗ്ലൂരിലെ 'ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് സയൻസി'ന്റെ ഇന്ത്യക്കാരനായ ആദ്യ ഡയറക്ടറായി അദ്ദേഹ ചുമതലയേറ്റു . ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് സയൻ‌സിൽ നിന്നു 1948-ൽ അദ്ദേഹം വിരമിച്ചു. അതിനു ശേഷം ബാംഗ്ലൂരിൽ രാമൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു. . 1954-ൽ അദ്ദേഹത്തിനു ഭാരതരത്നം പുരസ്കാരം ലഭിച്ചു .
പ്രകാശത്തിന്റെ ക്വാണ്ടം സ്വഭാവവുമായി ബന്ധപ്പെട്ട്‌ നടത്തിയ കണ്ടെത്തലിനാണ്‌ അദ്ദേഹത്തിന്‌ നൊബേൽ ലഭിച്ചത്‌. രാമൻ പ്രഭാവം എന്ന പേരിലാണ്‌ അദ്ദേഹത്തിന്റെ കണ്ടുപിടുത്തം അറിയപ്പെടുന്നത്‌. ഭൗതികശാസ്‌ത്രത്തിൽ ഇന്നും ഏറ്റവുമധികം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കപ്പെടുന്നത്‌ രാമൻ പ്രഭാവവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണെന്നത്‌ അദ്ദേഹത്തിന്റെ കണ്ടുപിടുത്തത്തിന്റെ ശാസ്‌ത്രീയ പ്രാധാന്യം വ്യക്തമാക്കുന്നുണ്ട്‌. ഇന്ത്യയിൽ ഒരു സിവിലിയന്‌ ലഭിക്കാവുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ ഭാരത്‌ രത്‌ന കരസ്ഥമാക്കിയ ശാസ്‌ത്രജ്ഞൻ കൂടിയാണ്‌ സി.വി രാമൻ. ബ്രിട്ടീഷ്‌ രാജാവായ ജോർജ്‌ അഞ്ചാമൻ രാമന്‌ സർ പദവി നൽകി ആദരിക്കുകയുണ്ടായി. ശാസ്‌ത്ര വിഷയങ്ങളിൽ നൊബേൽ പുരസ്‌ക്കാരം കരസ്ഥമാക്കുന്ന ആദ്യ ഏഷ്യക്കാരനാണ്‌ രാമൻ. വെള്ളക്കാരനല്ലാത്ത ആദ്യവ്യക്തിയും രാമൻ തന്നെ. തന്റെ ഗവേഷണ പ്രവർത്തനങ്ങൾക്കായി രാമൻ നിർമ്മിച്ച ഉപകരണത്തിന്‌ കേവലം മുന്നൂറ്‌ രൂപ മാത്രമായിരുന്നു ചെലവ്‌.
അള്ട്രാസോണിക്‌, ഹൈപര്സോണിക്‌ ആവൃത്തികളിലുളള ശബ്‌ദതരംഗങ്ങളും എക്‌സ്‌-കിരണങ്ങളുമായുള്ള പ്രതിപ്രവർത്തനവും അവ ക്രിസ്റ്റലുകളിൽ സൃഷ്‌ടിക്കുന്ന പ്രഭാവവുമായിരുന്നു രാമന്റെ മറ്റൊരു ഗവേഷണവിഷയം. ക്വാണ്ടം ബലതന്ത്രത്തിന്‌ മാത്രം വഴങ്ങുന്ന പ്രതിഭാസമാണ്‌ പ്രഭാവം അഥവാ എഫക്‌ട്‌. രാമന്റെ ഗവേഷണങ്ങളെല്ലാം ക്വാണ്ടം ബലതന്ത്രവുമായി ബന്ധപ്പെട്ടാണ്‌ നടന്നത്‌.
സി.വി രാമന്റെ പേരിൽ നിരവധി സ്ഥാപനങ്ങളും പാതകളും ആശുപത്രികളും രാജ്യത്തെമ്പാടുമുണ്ട്‌. കണിശക്കാരനായ അധ്യാപകൻ, സൂക്ഷ്‌മതയുള്ള ഗവേഷകനൻ, ലളിത ജീവിതം നയിച്ച ശാസ്‌ത്രജ്ഞൻ, വിദഗ്‌ധനായ വാഗ്മി എന്നിങ്ങനെ വിശേഷണങ്ങളേറെയുള്ള പ്രതിഭയാണ്‌ രാമൻ.
1970 നവംബർ 21 ന് തൻ്റെ 82-മത്തെ വയസ്സിൽ സി .വി. രാമൻ ഈ ലോകത്തോട് വിടപറഞ്ഞു . നിശ്ചയിച്ചുറപ്പിച്ചപ്രകാരം രാമൻ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന്റെ മൃതശരീരം സംസ്കരിച്ചു. അദ്ദേഹത്തിൻ്റെ ജന്മവാർഷിക ദിനത്തിൽ ആദരവോടെ പ്രണാമം...

അജി സുരേന്ദ്രൻ

മുഖക്കുറി @ 1317
ആർ. ശങ്കർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍