Hot Posts

6/recent/ticker-posts

സംവിധാനം - എം.കൃഷ്ണൻ നായർ

എം.കൃഷ്ണൻ നായർ
തിരുവനന്തപുരം നഗരത്തിന്റെ പാർശ്വഭാഗത്തുള്ള (മണ്ണന്തല) ഒരു പ്രൗഢമായ തറവാട്ടിൽ ജനിച്ച ഒരു കുട്ടി . ശൈശവ കാലംതൊട്ടേ എങ്ങിനെയോ അവന്റെ ശ്രദ്ധാവലയത്തിൽ സിനിമ എന്ന പ്രകാശന മാദ്ധ്യമത്തിന് കൂടുതൽ പ്രാധാന്യം കൈവന്നു. സ്കൂളിലേയ്ക്കും, മറ്റെവിടേയ്ക്കു പോകുമ്പോഴും വഴിയോരങ്ങളിലെ ചുവരുകളിൽ പതിച്ച സിനിമാ പോസ്റ്ററുകൾ ശ്രദ്ധിക്കുക പതിവായിരുന്നു.

തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ സിനിമാ പോസ്റ്ററുകൾ വായിക്കുമ്പോഴെല്ലാം, സംവിധായകന്റെ പേര് എന്തെഴുതിയിരുന്നാലും ഈ ബാലൻ വായിക്കുക യഥാസ്ഥാനത്ത് തന്റെ പേരായിരുന്നു. സിനിമാ തിയേറ്ററിൽ വീട്ടുജോലിക്കാരനെ തുണയ്ക്കുകൂട്ടി സിനിമ കാണാൻ പോകുമ്പോഴും ടൈറ്റിലിൽ സംവിധായകന്റെ പേര് മാറ്റി സ്വയം വായിച്ചിരുന്നത് സ്വന്തം പേരു തന്നെ...തിരിച്ചു വരുമ്പോൾ സിനിമയിലെ കഥ കൗതുകത്തോടെ വിവരിക്കുന്നതിലും അവൻ മിടുക്കനായിരുന്നു. അന്നവന് സിനിമയെന്താണെന്നോ, സംവിധാനകല എന്താണെന്നോ, ആ കലാകാരന് ചലച്ചിത്ര നിർമ്മിതിയിലുള്ള ദൗത്യങ്ങൾ - ചുമതലകൾ എന്താണെന്നോ തിരിച്ചറിവുണ്ടായിരുന്നില്ല. പക്ഷേ, ഉപബോധ മനസ്സിൽനിന്നുള്ള പ്രേരണയാലാവണം സംവിധാനം എന്നതിന്റെ ചുവട്ടിൽ തന്റെപേര് നിരന്ന് തിളങ്ങിക്കാണുവാനുള്ള അഭിവാഞ്ഛ ആ ബാലമനസ്സിൽ അടിയുറച്ച് രൂപംകൊണ്ടിരുന്നു.
1926 - നവംബർ 2നാണ് ഈ ബാലൻ ജനിച്ചത്. അന്ന് മലയാളസിനിമ നിർമ്മിക്കപ്പെട്ടിട്ടില്ല. ഈ ബാലന് രണ്ടു വയസ്സുള്ളപ്പോഴാണ് ആദ്യ മലയാള സിനിമയായ "വിഗതകുമാരൻ" നിർമ്മിക്കപ്പെടുന്നത്. ആദ്യ മലയാള ശബ്ദചിത്രമായ "ബാലൻ" നിർമ്മിക്കപ്പെടുന്നത് പന്ത്രണ്ട് വയസ്സുള്ളപ്പോളാണ്.
സിനിമയുടെ സഹയാത്രികനായ് വളർന്നുവന്ന, രണ്ടുവയസ്സ് മലയാളസിനിമയേക്കാൾ പ്രായക്കൂടുതലുള്ള ഈ ബാലൻ പ്രാഥമിക വിദ്യാഭ്യാസവും, പിന്നീട് ഇന്റർമീഡിയറ്റും പൂർത്തിയാക്കി., ഇനി ജീവിതം ഏതു പാന്ഥാവിലേയ്ക്കെന്ന് തീരുമാനിക്കേണ്ട ഘട്ടം വന്നപ്പോൾ രണ്ടും കൽപിച്ച് മാതാപിതാക്കളോട് പറഞ്ഞു....."എനിക്ക് സിനിമയിൽ ചേരണം, സംവിധായകനാവണം". ആദ്യം അവർക്ക് അമ്പരപ്പ് തോന്നി.
തിരുവനന്തപുരം നഗരത്തിൽ അതിനകംതന്നെ തരക്കേടില്ലാത്ത വിധത്തിൽ ചലച്ചിത്രനിർമ്മാണം നടത്തി പോന്നിരുന്ന, മുൻ മേയർ കൂടിയായ പി.സുബ്രഹ്മണ്യം, ഈ ചെറുപ്പക്കാരന്റെ അച്ഛന്റെ അടുത്ത സുഹൃത്തായിരുന്നു. ആ സൗഹൃദത്തിന്റെ ഫലമായി മെരിലാന്റ് സ്റ്റുഡിയോവിൽ അപ്രന്റീസ് എന്ന നിലയിൽച്ചേർന്ന് ചലച്ചിത്രങ്ങളെക്കുറിച്ചും, സംവിധാനരംഗത്ത് പരിശീലനം നേടുവാനും ഈ ചെറുപ്പക്കാരന് കഴിഞ്ഞു. മെരിലാന്റിൽ അന്യഭാഷാചിത്രങ്ങളുടെ നിർമ്മാണ പ്രവൃത്തികളും നടക്കുന്നതിനാൽ പല സംവിധായരോടും ഇടപഴകുവാനും സാധിച്ചിരുന്നു. തുടർന്ന് പി.സുബ്രഹ്മണ്യത്തിന്റെ ശുപാർശയിൽ മദിരാശിയിലെത്തിപ്പെട്ടു.
വ്യത്യസ്ഥരായ സംവിധായകരുടെ കീഴിൽ പലവിധത്തിലുള്ള സംവിധാന ശൈലികളെ ഉൾച്ചേർത്തെടുത്തു കൊണ്ട് തന്റേതായ ഒരു ചലച്ചിത്ര സങ്കൽപം മനസ്സിൽ സ്വരൂപിച്ചെടുക്കാൻ ഇദ്ദേഹത്തിന് സാധിച്ചു., മാത്രമല്ല ധൈര്യപൂർവ്വം ചിത്രത്തിന്റെ സംവിധാനച്ചുമതല ഇദ്ദേഹത്തെ ഏൽപ്പിക്കുവാനും നിർമ്മാതാക്കളുണ്ടായി.
പിന്നീട് നാം കാണുന്നത് മലയാള സിനിമയിലെ മുഖ്യധാരയിലെ ഏറ്റവും കൂടുതൽ വിജയം നേടിയ ഒരുപാട് ചിത്രങ്ങളുടെ പിന്നിൽ ഈ ചെറുപ്പക്കാരന്റെ സംവിധാന വൈദഗ്‌ദ്ധ്യം നിറഞ്ഞാടുന്നതാണ്. കൊച്ചുന്നാളിൽ കണ്ട സ്വപ്നം ആദ്യമായി യാഥാർത്ഥ്യമായപ്പോളുണ്ടായ അതേ അനുഭൂതിതന്നെയാണ് ജീവിതത്തിലെ ഏറ്റവും അവസാനമായി താൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ടൈറ്റിലിൽ
"സംവിധാനം - എം.കൃഷ്ണൻ നായർ" എന്നെഴുതിക്കാണുമ്പോൾ താൻ അനുഭവിച്ചതെന്ന് ആഹ്ളാദപൂർവ്വം അദ്ദേഹം അയവിറക്കിക്കൊണ്ട് പറയുമായിരുന്നു.
എം.കൃഷ്ണൻ നായർ സാർ.......
മലയാള സിനിമയെ സംബന്ധിച്ചിടത്തോളം മുഖ്യധാരയുടെ വ്യവസ്ഥാപിത ശൈലിയുള്ള പ്രാമാണിക സംവിധാനരീതിയുടെ ഏറ്റവുംകൂടുതൽ ആദരിക്കപ്പെട്ട - അനുകരിക്കപ്പെട്ട - അനുവർത്തിക്കപ്പെട്ട ഒരു ഗുരുകുലത്തിന്റെ സാരഥി എന്നുള്ള നിലയിൽ തന്നെ ചിരലിഖിതമായി ഇന്നും നമ്മുടെ മുന്നിലുണ്ട്.
സത്യൻ, പ്രേംനസീർ, മധു, എം ജി ആർ, എൻ ടി ആർ, ജെമിനി ഗണേശൻ, നാഗേശ്വരറാവു തുടങ്ങി തെന്നിന്ത്യൻ സിനിമയിലെ അതികായൻമാരുടെ സിനിമകൾ അണിയിച്ചൊരുക്കിയ ഒരേയൊരു സംവിധായകൻ ......
1955ൽ നീലാ പ്രൊഡക്ഷൻസിന്റെ ബാനറിൽ പി.സുബ്രഹ്മണ്യം നിർമ്മിച്ച "സി.ഐ.ഡി" എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് എം.കൃഷ്ണൻ നായർ സാർ സിനിമാ സംവിധാന രംഗത്തേയ്ക്ക് പ്രവേശിക്കുന്നത്.
വിവിധ ദക്ഷിണേന്ത്യൻ ഭാഷകളിലായി നൂറിൽപരം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. ഒട്ടുമിക്ക ചിത്രങ്ങളും വിജയിച്ചു.
1960 ൽ "ആളുക്കൊരു വീട്" എന്ന ചിത്രമാണ് തമിഴിൽ സംവിധാനത്തിന്റെ തുടക്കം കുറിച്ചത്. തുടർന്ന് കുടുംബം, മന്നിപ്പ്, മകനേ നീ വാഴ്ക തുടങ്ങി പതിനെട്ടോളം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു.
1972-ൽ പി. നീലകണ്ഠൻ തുടങ്ങി വെച്ച എം.ജി.ആർ ചിത്രമായ "അന്നമിട്ടകൈ" ആണ് കൃഷ്ണൻ നായർ സാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ എം.ജി.ആറിന്റെ ആദ്യ ചിത്രം. നീലകണ്ഠന്റെ സംവിധാനത്തിൽ നാലു ദിവസം മാത്രം ഷൂട്ട് ചെയ്ത ചിത്രം പിന്നീട് എം. ജി.ആറിന്റെ ആവശ്യപ്രകാരമാണ് കൃഷ്ണൻ നായർ സാർ പൂർത്തീകരിച്ചത്. തുടർന്ന് റിക്ഷാകാരൻ, നാൻ ഏൻ പിറന്തേൻ തുടങ്ങി ചില ചിത്രങ്ങളും അദ്ദേഹം ചെയ്തു. തമിഴിൽ "എം.കൃഷ്ണൻ" എന്ന പേരിലാണ് സംവിധാനം ചെയ്തിരുന്നത്.
മൂന്നു മുഖ്യമന്ത്രിമാരെ ( എം ജി ആർ, ജയലളിത, എൻ ടി ആർ)
സ്റ്റാർട്ട് - ആക്ഷൻ -കട്ട് - പറഞ്ഞ് വിരുത്തമാടിച്ച ഖ്യാതിയും കൃഷ്ണൻ നായർ സാറിനു സ്വന്തം.
1964ൽ ജയ്മാരുതിയുടെ ബാനറിൽ ടി.ഇ. വാസുദേവൻ നിർമ്മിച്ച മൊയ്തു പടിയത്തിന്റെ "കുട്ടിക്കുപ്പായം" എന്ന ചിത്രം മ്യൂസിക്കൽ ഹിറ്റായതോടെ മലയാളത്തിൽ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനായി - കൃഷ്ണൻ നായർ സാർ.
ഭാസ്കരൻ മാസ്റ്റർ - ബാബുരാജ് കൂട്ടുകെട്ടിന്റെ ഗാനങ്ങൾ എക്കാലത്തേയും സൂപ്പർ ഹിറ്റുകളാണ്.
1965 ൽ ഇറങ്ങിയ "കാവ്യമേള" മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു. ഇതും അദ്ദേഹത്തിന്റെ സൃഷ്ടിയായിരുന്നു.
കാട്ടുതുളസിയിലൂടെ ഉഷാകുമാരിയേയും (1966), കൊച്ചിൻ എക്സ്പ്രസ്സിലൂടെ വിജയലളിതയേയും മലയാള സിനിമയിൽ കൃഷ്ണൻ നായർ സാർ അഭിനയിപ്പിച്ചു.
യൂസഫലി കേച്ചേരിയുടെ സിനിമാ ഗാനരചന തുടങ്ങിയ (സുറുമയെഴുതിയ മിഴികളേ.... ) "കദീജ" സംവിധാനം കൃഷ്ണൻ നായർ സാറായിരുന്നു.
ശ്രീകുമാരൻ തമ്പി - ദക്ഷിണാമൂർത്തി സ്വമി - കൂട്ടുകെട്ടിന്റെ എക്കാലത്തേയും സൂപ്പർ ഹിറ്റ് ഗാനങ്ങൾ ഉൾക്കൊണ്ട "പാടുന്ന പുഴ" എന്ന ചിത്രവും കൃഷ്ണൻ നായർ സാറിന്റേതു തന്നെ.
മലയാളനാടക വേദിയിൽ കോളിളക്കം സൃഷ്ടിച്ച എസ്.എൽ.പുരത്തിന്റെ "അഗ്നിപുത്രി" എന്ന നാടകം, മലയാള സിനിമയിൽ അന്നുവരെ ആരും പരീക്ഷിക്കാത്ത ഒരു പുതിയ പ്രമേയമായി ചലച്ചിത്രഭാഷ്യം നൽകിയതും,
എസ്. എൽ. പുരത്തിന്റെ തന്നെ തിരക്കഥയിൽ 1966 ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യ
എ-സർട്ടിഫിക്കറ്റ് ചിത്രമായ
"കല്യാണ രാത്രിയിൽ" എന്ന ചിത്രം സംവിധാനം ചെയ്തതും കൃഷ്ണൻ നായർ സാറായിരുന്നു.
അങ്ങിനെ അക്കമിട്ടു നിരത്താനാവത്ത സിനിമകളുടേയും, ഒട്ടേറെ വിശേഷണങ്ങളുള്ള വ്യക്തിത്വത്തിന്റേയും ഉടമയാണ് അദ്ദേഹം.
ഒരുകാലത്ത് മലയാളത്തിൽ ആഭിജാത്യമുള്ള സിനിമകൾ സംവിധാനം ചെയ്ത കൃഷ്ണൻ നായർ സാറിനെ ജെ.സി.ഡാനിയൽ പുരസ്ക്കാരം നൽകി കേരള സർക്കാർ ആദരിച്ചു.
കെ.ജയകുമാർ (ഐ.എ. എസ്), പരേതനായ കെ.ഹരികുമാർ, സംവിധായകൻ ശ്രീകുട്ടൻ (കെ ശ്രീകുമാർ) എന്നിവരാണ് മക്കൾ.
ഹരിഹരൻ, എസ്.പി. മുത്തുരാമൻ, ഭാരതി രാജ, കെ. മധു, രാജശേഖരൻ, ജോഷി തുടങ്ങി പ്രഗത്ഭരായ കുറേയേറെ ശിഷ്യഗണങ്ങളും അദ്ദേഹത്തിനുണ്ട്.
ശാരീരീകാസ്വാസ്ഥ്യം മൂലം ശ്രീ ചിത്തിര തിരുന്നാൾ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കിടക്കുന്ന കൃഷ്ണൻ നായർ സാറിനെ കാണാൻ ചെന്ന ഹരിഹരനോട്
"ക്ലൈമാക്സ് ആവുന്നേയുള്ളൂ, ലാസ്റ്റ് റീൽ തുടങ്ങി .....അവസാനിക്കാൻ കുറച്ചു കൂടി സമയം പിടിക്കും" - തന്റെ ജീവിതാന്ത്യത്തിന് ഇനി കുറച്ചുകൂടെ സമയമുണ്ട് ..... ഇതു പറയാൻ അദ്ദേഹം ഉപയോഗിച്ചതും സിനിമയുടെ ഭാഷയായിരുന്നു.
അദ്ദേഹത്തിന് ഈ ലോകത്ത് അനുവദിച്ചു കിട്ടിയ സമയം 2001 മെയ് 10ന് അവസാനിച്ചു ........
ബാല്യനാളുകൾ തൊട്ട് തന്റെ ജീവിതം സിനിമയ്ക്കായി സർപ്പിച്ച് സിനിമ തന്നെ ജീവിതമായി കൊണ്ടു നടന്ന്, സിനിമയിലെ - ജീവിതത്തിലെ വിജയങ്ങളെ, അതിന്റെ പേരിൽ മനസ്സിന്റേയോ - ജീവിതത്തിന്റേയോ തുലനസ്ഥിതി നഷ്ടപ്പെടുത്താതെ സംയമനത്തോടെകണ്ട് തനിക്കു ശേഷമുള്ള തലമുറകൾ സിനിമയെ കൂടുതൽ വലിയ സാദ്ധ്യതകളുള്ള പ്രകാശനമാദ്ധ്യമമാക്കി അതിൽ ആഹ്ളാദചിത്തനായി വാത്സല്യംമാത്രം വരുംതലമുറയ്ക്ക് പതിച്ചു നൽകിക്കൊണ്ട് കടന്നുപോയ എം. കൃഷ്ണൻ സാർ എന്ന മഹാപ്രതിഭ നമ്മുടെ
നന്ദി അർഹിക്കുന്നു ......
പ്രണാമമർഹിക്കുന്നു ....

മോഹനൻ. ജി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍