Hot Posts

6/recent/ticker-posts

ജനനായകൻ; വി എസ് അച്യുതാനന്ദൻ.

നീലാംബരീയം
കമ്മ്യൂണിസ്റ്റ് ആദർശവും പോരാട്ടവീര്യവും ഒത്തുചേർന്ന ജനകീയനായ നേതാവ്, നൂറാം വയസ്സിലേക്ക് കടക്കുകയാണ്..99 ആം പിറന്നാൾ ആഘോഷിക്കുന്ന വി എസ് അച്യുതാനന്ദൻ കേരളത്തിലെ ജീവിച്ചിരിക്കുന്ന ഏറ്റവും ജനസമ്മതിയുള്ള നേതാവായി വിലയിരുത്തപ്പെടുന്നു. 2006 മുതൽ 2011 വരെ കേരളാ മുഖ്യമന്ത്രിയായിരുന്ന അദ്ദേഹം, മുഖ്യമന്ത്രിയായി അധികാരമേറ്റ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്‌. അദ്ദേഹത്തിന്റെ ജീവിത വഴികളിലൂടെ നമുക്കൊന്ന് കണ്ണോടിക്കാം. 

1923 ഒക്ടോബർ 20ന് ശങ്കരന്റെയും അക്കാമ്മയുടെയും മകനായി ആലപ്പുഴയിലെ പുന്നപ്രയിൽ ജനിച്ചു. ബാല്യകാലത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട അദ്ദേഹം പ്രൈമറി സ്കൂൾ പഠനത്തിനുശേഷം ജേഷ്ഠന്റെ തയ്യൽ കടയിൽ സഹായിയായി. തുടർന്ന് ഒരു കയർ ഫാക്ടറിയിൽ ജോലി നോക്കി. 1938 ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായി ചേർന്നു. തുടർന്നങ്ങോട്ട് ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിൽ സജീവമായ വി എസ്, 1940 ൽ കമ്മ്യൂണിസ്റ്റ് പാർട്ടി മെമ്പറായി. കുട്ടനാട്ടിലെ കർഷക തൊഴിലാളികൾ ക്കിടയിൽ നിന്ന് വിഎസ് വളർന്നത് പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്കാണ്. പുന്നപ്ര - വയലാർ സമരത്തിൽ പങ്കെടുക്കുകയും അറസ്റ്റ് വാറണ്ടിനെ തുടർന്ന് പൂഞ്ഞാറിലേക്ക് ഒളിവിൽ പോയെങ്കിലും ഒടുവിൽ അറസ്റ്റിലാവുകയും നാലുവർഷത്തോളം ജയിലിൽ അടയ്ക്കപ്പെടുകയും ചെയ്തു. ജയിൽ മോചിതനായ ശേഷം പാർട്ടിയിൽ സജീവമായ വിഎസ് 1952 ൽ ആലപ്പുഴ ഡിവിഷൻ സെക്രട്ടറി ആവുകയും തുടർന്ന് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ പദവികളിലേക്ക് ഉയരുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടി പിളർപ്പിനിടയാക്കിയ 1964 ലെ ദേശീയ കൗൺസിൽ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി സിപിഎം രൂപീകരിച്ച കേരളത്തിൽ നിന്നുള്ള നേതാക്കളിൽ ഒരാൾ വി എസ് ആയിരുന്നു. 

രാഷ്ട്രീയ രംഗത്ത് ഏറെ പരിചയസമ്പന്നത ഉണ്ടായെങ്കിലും മുഖ്യമന്ത്രിയാകുന്നതിനുമുമ്പ് വിഎസ് സംസ്ഥാന മന്ത്രി ആയിട്ടില്ല. പാർട്ടി ഭൂരിപക്ഷം നേടുമ്പോൾ വിഎസ് തോൽക്കുകയും വിഎസ് ജയിക്കുമ്പോൾ പാർട്ടിക്ക് ഭൂരിപക്ഷം ഇല്ലാതാകുകയും ചെയ്യുന്ന അവസ്ഥയായിരുന്നു. 2011 ൽ വിഎസ് വൻ ഭൂരിപക്ഷത്തോടെ ജയിച്ചുവെങ്കിലും പാർട്ടിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടപ്പെടുകയായിരുന്നു. പ്രതിപക്ഷനേതാവ് എന്ന നിലയിൽ നിയമസഭയ്ക്ക് അകത്തും പുറത്തും മികച്ച പ്രകടനം കാഴ്ചവച്ച നേതാവായിരുന്നു വിഎസ്. അഴിമതിക്കെതിരെ ശക്തമായ നിലപാടുകൾ എടുത്ത് ജനങ്ങളുടെ പ്രശംസ പിടിച്ചു പറ്റി. അത് കാരണം 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 140 സീറ്റുകളിൽ 98 സീറ്റുകളും നേടി. വൻ ഭൂരിപക്ഷത്തിൽ അധികാരത്തി ലേറാൻ അദ്ദേഹത്തിന് കഴിഞ്ഞു അങ്ങനെ തന്റെ 82 ആം വയസിൽ ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയായി 2006 ൽ അദ്ദേഹം അധികാരമേറ്റു. സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയിൽ സ്വന്തം നിലപാടുകളിൽ അടിയുറച്ച് നിന്നുകൊണ്ടുള്ള ഭരണ നിർവഹണമായിരുന്നു അദ്ദേഹത്തിന്റെ ജനപ്രീതി വർധിപ്പിച്ചതിനുള്ള ഒരു കാരണം

മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ നടത്തിയ ഓപ്പറേഷൻ മൂന്നാർ ഏറെ ശ്രദ്ധേയമായിരുന്നു. എന്ത് ചെയ്താലും ഒന്നും സംഭവിക്കില്ലെന്ന തോന്നൽ രാഷ്ട്രീയത്തിൽ ജഡത്വം കൊണ്ടുവരും. ഒരുകാലത്തും സിപിഎം രാഷ്ട്രീയ ജഡാവസ്ഥയിലേക്ക് പോകാൻ സമ്മതിക്കാത്ത നേതാവായിരുന്നു വിഎസ്. നിശബ്ദത കൂടുമ്പോൾ ഒറ്റ ഒരു പ്രസ്താവനയിൽ വിഎസ് അത് ഖണ്ഡി ച്ചിരിക്കും. മുന്നിൽ അനീതി കണ്ടാൽ മുഖം നോക്കാതെ ചോദ്യം ചെയ്യുകയും ചെയ്യും.

 നായകന്റെയും പ്രതിനായകന്റെയും വേഷം മാറിമാറി അണിഞ്ഞ സമരഭരിതമായ ഒരു ജീവിതമാണ് വിഎസിന്റേത്. ആലപ്പുഴയിലെ തയ്യൽ തൊഴിലാളിയിൽ നിന്നും ഇന്ത്യയിലെ എണ്ണം പറഞ്ഞ രാഷ്ട്രീയ നേതാവിലേക്ക് ഉയർന്ന വിഎസിന്റെ ജീവിതം സമാനതകൾ ഇല്ലാത്തതാണ്. വി എസ് എന്നാൽ പലർക്കും വിശ്രമമില്ലാത്ത നേതാവാണ്. എന്നാൽ 2019 ഒക്ടോബർ 24 മുതൽ വിഎസ് പൂർണ്ണ വിശ്രമത്തിലാണ്. ചെറിയ രീതിയിലുള്ള പക്ഷാഘാതം അദ്ദേഹത്തെ വിശ്രമത്തിലേക്ക് നയിക്കുകയായിരുന്നു. ഇത് കാരണം മകനായ അരുൺ കുമാറിന്റെ വീട്ടിൽ ഭാര്യ വസുമതിക്കൊപ്പം പോരാട്ടങ്ങൾക്ക് അവധി കൊടുത്ത് കണ്ണടച്ചിരിക്കുന്ന വേളകളിൽ ഓർമ്മകളിലൂടെ ഒരു വേലിയേറ്റം തന്നെ ആ മനസ്സിൽ ഉയരുന്നുണ്ടാകാം. പത്രം വായിച്ചും ടിവി കണ്ടും, ഒന്നിനും പ്രതികരിക്കാത്ത ഒരു വിഎസിനെ നമുക്ക് അവിടെ കാണാം. "സമരം തന്നെ ജീവിതം"ആത്മകഥയാണ്. വിഎസ് ഉയർത്തുന്ന ആരവങ്ങൾ ഒന്നുമില്ലെങ്കിൽ പോലും ആ രണ്ടക്ഷരത്തിലെ അഗ്നി, അണികൾക്കിടയിൽ ഇപ്പോഴും ഉണ്ട്. രാജ്യത്തെ തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവിന് ഹൃദ്യമായ പിറന്നാൾ ആശംസകളോടെ. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍