സംഗീതരംഗത്തെ ഭീഷ്മപിതാമഹൻ ...ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തരായ കർണാടക സംഗീതജ്ഞരിൽ ഒരാളായിരുന്നു ശെമ്മങ്കുടി ശ്രീനിവാസ അയ്യർ.ആധുനിക കർണാടക സംഗീതത്തിന്റെ പിതാമഹൻ' എന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.
തന്റെ ജീവിതത്തിന്റെ കൂടുതൽ ' സമയവും കേരളത്തിൽ ചെലവഴിച്ച ശെമ്മങ്കുടി അയ്യർ സ്വാതി തിരുനാൾ കൃതികൾക്ക് ചിട്ടയും പ്രചാരവും നൽകുന്നതിലും തിരുവനന്തപുരത്തെ സംഗീത അക്കാദമിയെ ഒരു മാതൃകാസ്ഥാപനമാക്കി മാറ്റുന്നതിലും മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്.
1908 ജൂലൈ 25ന് തമിഴ്‌നാട്ടിലെ തിരുക്കൊടിക്കാവലിലായിരുന്നു ജനനം. ചെറുപ്പം മുതല് സംഗീത വാസന പ്രകടിപ്പിച്ചിരുന്നു അദ്ദേഹം. അമ്മാവനും വയലിൻ വിദ്വാനുമായ തിരുക്കോഡിക്കാവൽ കൃഷ്ണ അയ്യരോടൊപ്പമായിരുന്നു താമസം. കൃഷ്ണ അയ്യരുടെ മരണത്തെത്തുടർന്ന് ശ്രീനിവാസൻ തിരുവാരൂർ ജില്ലയിൽപ്പെട്ട ശെമ്മങ്കുടിയിൽ മാതാപിതാക്കളോടൊപ്പം താമസമാക്കി. എട്ടാം വയസിൽ സംഗീതം അഭ്യസിക്കാൻ തുടങ്ങിയ അദ്ദേഹത്തിന്റെ അരങ്ങേറ്റം 18-ആം വയസിൽ കുംഭകോണത്തെ നാഗേശ്വര ക്ഷേത്രത്തിൽ വെച്ചായിരുന്നു.
മദ്രാസിൽ നടന്ന ഇന്ത്യൻ സമ്മേളനത്തിൽ ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ സംഗീത പരിപാടി അവതരിപ്പിച്ചത് അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിലെ ഒരു വഴിത്തിരിവായിത്തീർന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതർ, അരിയക്കുടി രാമനുജ അയ്യങ്കാർ തുടങ്ങിയ അതുല്യരുടെ പ്രോത്സാഹനങ്ങളും ശെമ്മങ്കുടിയുടെ വളർച്ചയെ ഏറെ സഹായിച്ചു.
സ്വാതി തിരുനാൾ കൃതികൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നതിന്റെ ചുമതല വഹിക്കാനായത് ശെമ്മങ്കുടിയുടെ സംഗീതസപര്യയിലെ മറ്റൊരു വഴിത്തിരിവാ യിരുന്നു.തിരുവനന്തപുരത്തെ സ്വാതി തിരുനാൾ അക്കാദമിയിൽ പ്രവർത്തിച്ച അദ്ദേഹം അക്കാദമിയുടെ പ്രിൻസിപ്പൽ സ്ഥാനം വരെ അലങ്കരിച്ചു.
അക്കാദമിയിൽ നിലവിലിരുന്ന മൂന്നു വർഷത്തെ ഗായക ഡിപ്ലോമ പാഠ്യപദ്ധതി പരിഷകരിച്ച് നാലു വർഷത്തെ 'ഗാനഭൂഷണം' പാഠ്യപദ്ധതിയാക്കുകയും തുടർവിദ്യാഭ്യാസത്തിന് രണ്ടു വർഷത്തെ 'വിദ്വാൻ' പാഠ്യപദ്ധതി ആരംഭിക്കുകയും ചെയ്തു. സംഗീതത്തിനു പുറമേ വീണ, വയലിൻ മുതലായവയുടെയും ക്ലാസുകൾക്കും അദ്ദേഹം തന്നെ തുടക്കമിട്ടു.
കേന്ദ്ര സർക്കാരിന്റെ പത്മഭൂഷൺ പത്മവിഭൂഷൺ പുരസ്കാരങ്ങൾക്ക് പുറമേ തമിഴ്നാട് സർക്കാരിന്റെ സംഗീത നാടക അക്കാദമി പുരസ്കാരം മദ്ധ്യപ്രദേശ് സർക്കാരിന്റെ കാളിദാസ് സമ്മാൻ തുടങ്ങി ഒട്ടനവധി പുരസ്കാരങ്ങൾ ശെമ്മാങ്കുടി ശ്രീനിവാസ അയ്യർക്ക് ലഭിച്ചിട്ടുണ്ട്...
എം.എസ്. സുബ്ബലക്ഷ്മി, കെ.ജെ. യേശുദാസ്, നെയ്യാറ്റിൻകര വാസുദേവൻ തുടങ്ങി പ്രശസ്തരായ സംഗീതജ്ഞരുടെയും ഗായകരുടെയും ഒരു നിര തന്നെ ശിഷ്യരായുണ്ടായിരുന്ന സംഗീതലോകത്തിലെ ഈ അനശ്വര പ്രതിഭ 2003 ഒക്ടോബർ 31 ന് തന്റെ 96-ആം വയസ്സിൽ ചെന്നൈയിൽ വെച്ച് അന്തരിച്ചു..
ഓർമ്മകൾക്ക് മുന്നിൽ പ്രണാമം...
0 അഭിപ്രായങ്ങള്‍