റോമാസാമ്രാജ്യം തകർത്ത കൊതുകുകൾ...!!
നമ്മൾ വിശ്വസിച്ചാലും ഇല്ലെങ്കിലും അടുത്ത കാലത്ത് നടന്ന പഠനങ്ങൾ തെളിയിക്കുന്നു, വിശ്വവിഖ്യാതമായ റോമാസാമ്രാജ്യത്തിൻറെ പതനത്തിന് കൊതുകുകൾക്കും വലിയ പങ്കുണ്ട് എന്ന്.! ലോകത്തിന് ഒട്ടേറെ മഹത്തായ സംഭാവനകൾ നൽകിയ റോമൻ നാഗരിക സംസ്കാരത്തിന്റെ അവസാന കാലഘട്ടം പക്ഷേ, വളരെ ദയനീയമായിരുന്നു എന്ന വസ്തുതയും ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്.!
പുരാതന കാലത്ത് അതിശക്തവും അതിസമ്പന്നവുമായിരുന്ന റോമാസാമ്രാജ്യം തകർന്നത് എ. ഡി അഞ്ചാം നൂറ്റാണ്ടിലാണ്. അതിന് ചരിത്രത്തിൽ പല കാരണങ്ങളും പറയുന്നുണ്ട്. ഹൂണന്മാർ, ഗോത്തുകൾ, ഓസ്ട്രോഗോത്തുകൾ, സാക്സണുകൾ എന്നിവരിൽ നിന്നും റോമാനഗരത്തിന് നേരിടേണ്ടി വന്ന നിരന്തരമായ ആക്രമണമായിരുന്നു ഒരു പ്രധാന കാരണം.! ഇവരുടെ ആക്രമണത്തോടൊപ്പം, രാജ്യത്തിന്റെ കിഴക്കൻ പ്രദേശവും പടിഞ്ഞാറൻ പ്രദേശവും തമ്മിലുള്ള ശത്രുതയും തകർച്ചയ്ക്ക് മറ്റൊരു കാരണമായി ചരിത്ര ഗവേഷകൻ ചൂണ്ടിക്കാട്ടുന്നു.! ഭരണകൂടത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും വേറൊരു കാരണമാണ്. അതോടൊപ്പം പട്ടാളത്തിലും വിഭാഗീയത വളർന്നു വന്നു.!
എന്നാൽ, രാജ്യത്തിനകത്ത് ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപങ്ങൾ രാജ്യത്തെ ദുർബ്ബലപ്പെടുത്തി തുടങ്ങിയിരുന്നു.! ഇങ്ങനെ രാജ്യത്തിനകത്തും പുറത്തും നിന്നുമുള്ള ഭീഷണികൾ നിലനിൽക്കുമ്പോഴായിരുന്നു മറ്റൊരു വില്ലൻ രാജ്യത്ത് തേർവാഴ്ച നടത്തിയത്.! ആളുകളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന മലമ്പനിയായിരുന്നു അത്.!
റോമാ സാമ്രാജ്യത്തിന്റെ പലഭാഗത്തും മലമ്പനി പടർന്നു പിടിച്ചു.! പക്ഷേ, അതു പടർത്തുന്നത് കൊതുകാണ് എന്ന സത്യം ഭരണാധികാരികൾക്ക് അറിയില്ലായിരുന്നു.! അതിനാൽ, അതിനെ തടയുന്നതിനുള്ള കർമ്മ പദ്ധതികളോ മാർഗ്ഗങ്ങളോ അവർ ആവിഷ്കരിച്ചുമില്ല. അവർക്ക് അതിനെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു എന്നു പറയുന്നതാവും കൂടുതൽ ശരി.!
എന്നാൽ, ബി. സി 40 ൽ സൈനികനും കർഷകനുമായിരുന്ന ലൂഷ്യസ് കൊലുമെല്ലാ ഇപ്രകാരം എഴുതി: "നിങ്ങളുടെ കെട്ടിടങ്ങളുടെയോ പട്ടാള കേന്ദ്രങ്ങളുടെയോ സമീപം ചതുപ്പുനിലങ്ങൾ ഉണ്ടാവരുത്. വേനൽക്കാലത്ത് അവിടങ്ങളിൽ ഒരുതരം പ്രാണികൾ വളരും. അവ കൂട്ടത്തോടെ ആക്രമിക്കുകയും കുത്തി മുറിവേൽപ്പിക്കുകയും ചെയ്യും.! ഇതിൽ നിന്നും അജ്ഞാത രോഗങ്ങളും പടരാൻ സാധ്യതയുണ്ട്.!" 'കൊതുക്' എന്നു പറയാതെ കൊലുമെല്ലാ കൊതുക് ശല്യത്തെ പറ്റിയാണ് എഴുതിയത് എന്ന് ഇതിലൂടെ വ്യക്തം.! എങ്കിലും, അവയെ നശിപ്പിക്കാനോ മലമ്പനിയെ നിയന്ത്രിക്കാനോ റോമൻ ഭരണാധികാരികൾ ശ്രമിച്ചതുമില്ല.!
1907 ൽ ബ്രിട്ടീഷ് പ്രഫസറായിരുന്ന W. H.S. ജോൺസാണ് റോമാസാമ്രാജ്യത്തിൻറെ പതനത്തിന് പ്രധാന കാരണം മലമ്പനിയായിരുന്നു എന്നു ചൂണ്ടിക്കാട്ടിയത്.! റോമൻ പട്ടാളത്തിന്റെ ചരിത്രം പഠിച്ച അദ്ദേഹം ഒരു സുപ്രധാന കാര്യം വ്യക്തമാക്കി: അതായത്, റോമാ സാമ്രാജ്യത്തിന്റെ അവസാന വർഷങ്ങളിൽ പട്ടാളത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരിൽ ഏറെയും ഇറ്റലിയുടെ ഉയർന്ന മലമ്പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ഇറ്റലിക്കാർ പട്ടാളത്തിൽ തീരെ കുറവുമായിരുന്നു.! ഇതിനു കാരണം മലമ്പനിയായിരുന്നു എന്ന് ജോൺസ് പറയുന്നു. താഴ്ന്ന പ്രദേശങ്ങളിൽ ചൂടുള്ള കാലാവസ്ഥയും ചതുപ്പ് നിലങ്ങളും കൂടുതലായി ഉണ്ടായിരുന്നവെന്നും, അത്തരം സ്ഥലങ്ങളിൽ കൊതുകൾ വൻതോതിൽ പെരുകിയിരുന്നു എന്നുമാണ് ജോൺസൺ നടത്തിയ പഠനത്തിൽ പറയുന്നത്.! ആ പ്രദേശങ്ങളിൽ മലമ്പനി പടർന്നു പിടിക്കുകയും, തന്മൂലം അവിടെ നിന്നും പട്ടാളത്തിൽ ചേരാൻ ആരോഗ്യമുള്ള യുവാക്കൾ ഉണ്ടായിരുന്നുമില്ല എന്നും അദ്ദേഹം ഇതോടൊപ്പം കൂട്ടിച്ചേർക്കുന്നുണ്ട്.!
എം. ഡി രണ്ടാം നൂറ്റാണ്ടു മുതൽ റോമിലും പരിസര പ്രദേശങ്ങളിലും മലമ്പനി മരണങ്ങൾ വർദ്ധിച്ചതായും കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് പ്രഫസർ ജോൺസ് സമർത്ഥിക്കുന്നു.! അതോടെ, ജനസംഖ്യയിൽ കുറവു വരികയും ശേഷിച്ചവരുടെ ആരോഗ്യ ക്ഷയവും സൈനിക ബലത്തെ സാരമായി ബാധിച്ചു തുടങ്ങി.! അങ്ങനെ ദുർബലമായ ഒരു പട്ടാള ശക്തിയാണ് റോമാസാമ്രാജ്യം പലപ്പോഴും ശത്രു സൈന്യങ്ങളെ നേരിടാൻ നിയോഗിച്ചതെന്നും, അതു പിന്നീട് സാവധാനത്തിൽ സാമ്രാജ്യത്തിന്റെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കിയെന്നും ജോൺസ് വളരെ ആധികാരികമായി പറഞ്ഞു വയ്ക്കുന്നുണ്ട്.!
മലമ്പനി പലതരത്തിൽ ഉണ്ടെന്നും, അതിൽ 'പ്ലാസ്മോഡിയം ഫാൽഡിപ്പാരും' എന്ന വിഭാഗത്തിലുള്ളത് കൂടുതൽ അപകടകാരിയാണെന്നും ആധുനിക ശാസ്ത്രം പറയുന്നു.! ലോകമാകെ വർഷം തോറും ഏതാണ്ട് മുപ്പതു ലക്ഷത്തോളം പേരെയാണ് ഈ മലമ്പനി ബാധിക്കുന്നത് എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.! ഒരുപക്ഷേ, ഇതായിരിക്കണം റോമാ സാമ്രാജ്യത്തിന്റെ പതനത്തിനു കാരണമായ മലമ്പനി.! ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കൂടുതലായും ഇത്തരം മലമ്പനികൾ കാണപ്പെടുന്നത്. പ്രത്യേകിച്ച്, ആഫ്രിക്കയിൽ. ഉത്തര ആഫ്രിക്കൻ നാടുകളുമായുണ്ടായിരുന്ന വ്യാപാരബന്ധമായിരുന്നിരിക്കണം, റോമിലേക്ക് മലമ്പനി പടർത്തുന്ന കൊതുകുകളുടെ വരവിന് വഴിതുറന്നത്.! എണ്ണമറ്റ കപ്പലുകൾ വഴി കൊതുകുകൾ ഇറ്റലിയിൽ എത്തിയിട്ടുണ്ടാവണം എന്നാണ് വിദഗ്ധരുടെ ശക്തമായ അഭിപ്രായം.!
അടുത്ത കാലത്ത് റോമാ നഗരത്തിന് 200 കിലോമീറ്റർ വടക്കു മാറി ലുഗ്നാനോയിലുള്ള ഒരു സെമിത്തേരിയിൽ നടന്ന പരിശോധനയിൽ 47 കുഞ്ഞുങ്ങളെ ഒന്നിച്ചു സംസ്കരിച്ചതിൻറെ തെളിവുകൾ കണ്ടെത്തി.! എ. ഡി നാലാം നൂറ്റാണ്ടിൽ ഉണ്ടായ ഏതോ മാരകമായ പകർച്ചവ്യാധിയെ തുടർന്നു മരിച്ചതാവണം ഈ കുട്ടികളെന്ന് പിന്നീട് നടത്തിയ പഠനത്തിൽ തെളിയുകയുണ്ടായി.! മലമ്പനി തന്നെയാവാം അതിനു ഹേതുവായി ഭവിച്ചിട്ടുള്ളത് എന്ന നിഗമനത്തിൽ തന്നെയാണ് ശാസ്ത്രലോകവും നിലകൊള്ളുന്നത്.! ഏതായാലും, റോമാക്കാരെ കീഴടക്കാൻ ശത്രുക്കൾക്ക് അധികം വിയർപ്പൊഴുക്കേണ്ടി വന്നില്ല എന്നതാണു വസ്തുത.! കാരണം, കൊതുകുകളുമായുള്ള യുദ്ധത്തിൽ മലമ്പനി പിടിച്ചു റോമാക്കാരുടെ ശക്തിയെല്ലാം ക്ഷയിച്ചിരുന്നു.! മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങാ വീണ അവസ്ഥയായിരുന്നു യഥാർത്ഥത്തിൽ അവരുടേത്.! ഒരു കാലത്ത് പുലികളെ പോലെ ലോകത്തെ വിറപ്പിച്ചവർ, അവസാനം എലികളെ പോലെ കീഴടങ്ങി.!
അഞ്ഞൂറു വർഷക്കാലം നിലനിന്ന മഹത്തായ സാമ്രാജ്യമാണ് റോം.! അവർ ഓരോ രാജ്യവും കീഴടക്കി അജയ്യരായി മാറി. ആഫ്രിക്കയുടെ വടക്കുള്ള കാർത്തേജ് നഗരവുമായി നടന്ന മൂന്നാം പ്യൂണിക് യുദ്ധത്തിൽ അവരെ തകർത്ത റോമാക്കാർ ആ നഗരം ചുട്ടെരിച്ചു.! ഇങ്ങനെ തുടർച്ചയായ യുദ്ധവിജയങ്ങൾ റോമാക്കാരെ അഹങ്കാരികളും അലസരുമാക്കി. അതോടെ നാട്ടിൽ ആഭ്യന്തര കലാപങ്ങളും ആരംഭിച്ചു.! പക്ഷേ, ഇതിനെയൊക്കെ ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിഞ്ഞ റോമാക്കാർ മലമ്പനി എന്ന മഹാരോഗത്തിനു മുന്നിൽ മുട്ടുമടക്കി തകർന്നടിഞ്ഞു.! ഇതൊരു ചരിത്രം മാത്രമല്ല. വലിയൊരു പഠന വിഷയം കൂടിയാണ്. കാരണം, അനാവശ്യമായ അനാസ്ഥ ഒരു നാടിനെ എങ്ങനെ ഇല്ലാതാക്കി എന്നു ചൂണ്ടിക്കാട്ടുന്ന വളരെ വലിയ ചരിത്രം....!!
1 അഭിപ്രായങ്ങള്‍
നമുക്ക് സുപരിചിതമായ ചരിത്രത്തെ മറ്റൊരു കോണിൽ നിന്നുകൊണ്ട് നോക്കിക്കാണാൻ ബിനു ശ്രമിക്കുന്നത് രസകരവും കൗതുകം നിറഞ്ഞതും ആകട്ടെ വായനക്കാർക്ക്.നമ്മൾ പലപ്പോഴും കൊട്ടിഘോഷിക്കുന്ന റോമാസാമ്രാജ്യം തന്നെ തുടക്കം മുതൽ ശക്തം ആയിരുന്നോ എന്നത് എനിക്ക് മാത്രം തോന്നുന്ന സംശയം അല്ല.പണ്ടേ ദുർബല പിന്നെ ഗർഭിണീം എന്ന പോലെ നിരവധി കാരണങ്ങൾക്ക് ഒപ്പം കൊതുകും അതിന്റെ പങ്ക് നിർവഹിച്ചു കാണും. മലമ്പനി പോലെയുള്ള സാംക്രമിക രോഗങ്ങൾ പല രാജ്യങ്ങളും ഭൂപടത്തിൽ നിന്നും തുടച്ചു കളഞ്ഞിട്ടുണ്ട്... നന്നായി അവതരിപ്പിച്ചു...അഭിനന്ദനങ്ങൾ....
മറുപടിഇല്ലാതാക്കൂ