അശരണരെയും അതിജീവനത്തിനായി കഷ്ടപ്പെടുന്നവരെയും യുദ്ധത്തിൽ പരുക്കേറ്റവരെയും സഹായിക്കുന്നതിനായി ലോകത്ത് പ്രവർത്തിക്കുന്ന ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്സ്. ഇന്റർനാഷണൽ മൂവ്മെന്റ് ഓഫ് ദി റെഡ്ക്രോസ് ആൻഡ് റെഡ് ക്രസന്റ് എന്നാണ് റെഡ്ക്രോസിന്റെ ഔദ്യോഗിക നാമം. 1986 ലാണ് ഈ പേര് സ്വീകരിച്ചത്. മുസ്ലിം രാജ്യങ്ങളിൽ റെഡ്ക്രോസ്, റെഡ്ക്രസന്റ് എന്നാണ് അറിയപ്പെടുന്നത്. ലോകത്ത് 190 രാജ്യങ്ങളിലായി റെഡ്ക്രോസിന് ശാഖകളും 9.7 കോടിയിലധികം വോളണ്ടിയറന്മാരും ഉള്ള ബ്രഹത്തായ സംഘടന.... മൂന്ന് പ്രാവശ്യം നൊബേൽ പ്രൈസിന് അർഹമായ സംഘടന... 1917, 1944, 1963 വർഷങ്ങളിൽ...
റെഡ് ക്രോസ്സ് എന്ന മഹത്തായ സംഘടനയുടെ സ്ഥാപകനായി ചരിത്രത്തിൽ ഇടം നേടിയ ഹെൻറി ഡ്യുനന്റ് ആണ് ഇന്ന് മുഖക്കുറിക്ക് വിഷയമാകുന്നത്. അദ്ദേഹത്തിന്റെ ജന്മദിനമായ മെയ് 8 റെഡ്ക്രോസ്സ് ദിനമായി ആചരിക്കുന്നു..
ഷോൺ ഹെൻറി ഡ്യുനന്റ്.....
സമ്പന്നതയുടെ മടിത്തട്ടിൽ ജനിച്ച് മഹത്തായ ഒരു യജ്ഞത്തിനായി അഹോരാത്രം പ്രവർത്തിച്ച് ദരിദ്രനായ കഥയാണ് ഹെൻറി ഡ്യുനന്റിന്റേത്...
അദ്ദേഹത്തിന്റെ ജീവിത വഴികളിലൂടെ....
1828 മെയ് 8 ന് സ്വിറ്റ്സർലണ്ടിൽ ജനീവയിൽ ഒരു സമ്പന്ന കുടുംബംത്തിൽ
ജനനം.സാമൂഹ്യ സേവനങ്ങളിൽ തല്പരരായിരുന്നു മാതാപിതാക്കൾ. അതിനാൽ സാമൂഹ്യ സേവനത്തിന്റെ പ്രസക്തിയും മഹത്വവും കുട്ടിയായിരിക്കുമ്പോൾ തന്നെ ഹെൻറി അറിഞ്ഞാണ് വളർന്നത്. അതുകൊണ്ട് തന്നെ അശരണരോട് ചെറുപ്പം മുതൽ തന്നെ കനിവുണ്ടായിന്നു ഹെൻറിക്ക്.
1859 ൽ ബിസിനസ് സംബന്ധമായ ഒരു യാത്രയിൽ ഫ്രാൻസും ഓസ്ട്രിയായും തമ്മിൽ നടന്ന സോൾഫെറിനോ യുദ്ധസ്ഥലത്ത് ഹെൻറി ഡ്യുനൻ എത്തിച്ചേർന്നു. അത് ഒരു നിയോഗം എന്ന് പറയാം.ഹെൻറി ഡ്യുനന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു ഈ യാത്ര..യുദ്ധത്തിന്റെ ബാക്കിപ്പത്രമായി രണഭൂമിയിൽ അവശേഷിക്കുന്ന വേദന നിറഞ്ഞ രോദനങ്ങളിൽ, കരളലിയിക്കുന്ന കാഴ്ചകളിൽ ആ ഹൃദയം പിടഞ്ഞു... നൊമ്പരപ്പെട്ടു. രക്തം കലർന്ന കുടിവെള്ളം...ആവശ്യത്തിന് ഭക്ഷണമില്ല.തദ്ദേശവാസികളെ കൂട്ടി ഹെൻറി മുറിവേറ്റ പട്ടാളക്കാരെ ശുശ്രൂഷിക്കുന്ന ദൗത്യം സ്വയം ഏറ്റെടുത്തു. അവരെ ശുശ്രൂഷിക്കാൻ ആർമി നേഴ്സിംഗ് സംവിധാനങ്ങളോ ആശുപത്രികളോ ഉണ്ടായിരുന്നില്ല.
സൈനികരിൽ നിന്നും പകർച്ച വ്യാധികൾ സംക്രമിച്ച സോൾഫെറിനോ ജില്ലയിലെ ആൾക്കാരെ ദേവാലയങ്ങൾ താത്കാലിക ആശുപത്രികളാക്കി മാറ്റി അവിടെ പ്രവേശിപ്പിച്ചു...മാരകമായ മുറിവേറ്റവരെ മറ്റ് പട്ടണങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റി.
യുദ്ധഭൂമിയിൽ താൻ സാക്ഷിയാക്കേണ്ടിവന്ന ദൃശ്യങ്ങൾ, അനുഭവങ്ങൾ ഇവ ക്രോഡീകരിച്ച് " എ മെമ്മറി ഓഫ് സോൾഫെറിനോ " എന്ന ഒരു പുസ്തകം 1862 ൽ ഹെൻറി പ്രസിദ്ധീകരിച്ചു. യുദ്ധം വിതയ്ക്കുന്ന നാശങ്ങളേയും മാനുഷിക പരിഗണന ഇല്ലാത്ത രീതികളെയും ഈ കൃതിയിൽ അദ്ദേഹം വിശദീകരിച്ചു.ഈ പുസ്തകത്തിന്റെ പ്രതികൾ
യൂറോപ്പിലെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകർക്കും പട്ടാള മേധാവികൾക്കും അദ്ദേഹം എത്തിച്ചു.
പല പുതിയ ചിന്തകൾക്കും ഹെൻറിയുടെ ഈ പുസ്തകം തുടക്കം കുറിച്ചു.യുദ്ധം ഉണ്ടാകാതിരിക്കണമെന്നും യുദ്ധത്തിൽ ഏർപ്പെടുന്നവർ മാനുഷിക പരിഗണന പുലർത്തണമെന്നും ഉള്ള അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് വൻ പ്രചാരം ലഭിച്ചു.
പൊതുജന ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ജനീവ സൊസൈറ്റിയുടെ സമ്മേളനത്തിൽ തന്റെ ആശയങ്ങൾ അവതരിപ്പിക്കുവാൻ ഹെൻറിക്ക് ക്ഷണം ലഭിച്ചത് അദ്ദേഹത്തിന്റെ പ്രവർത്തന മികവിനുള്ള അംഗീകാരമായിരുന്നു..1863 ഫെബ്രുവരി 17 ന് അദ്ദേഹം അവതരിപ്പിച്ച ആശയമാണ് റെഡ്ക്രോസ്സ് സൊസൈറ്റി എന്ന രാജ്യാന്തര സംഘടന രൂപീകൃതമാകാൻ കാരണം ആയത്.. ഇതേ ദിനമാണ് റെഡ്ക്രോസ്സിന്റെ സ്ഥാപക ദിനമായി കണക്കാക്കുന്നത്...
തന്റെ ജീവിതം തന്നെ തന്റെ ആശയ പ്രചാരണത്തിനായി ഉഴിഞ്ഞു വച്ച ഹെൻറി ഡ്യുനൻ ബിസിനസ് തകർന്ന് പാപ്പരായി. ദരിദ്രനായി നാട് വിട്ട ഹെൻറി
വിസ്‌മൃതിയിലായിരുന്നു കുറേക്കാലം.
അനാരോഗ്യത്തോടെ അലഞ്ഞു തിരിഞ്ഞ അദ്ദേഹത്തെ പറ്റി ഒരു ജർമ്മൻ മാസികയിൽ വന്ന ലേഖനത്തോടെ ലോകം ഡ്യുനനെ വീണ്ടും ശ്രദ്ധിച്ചു. ഹെൻറി ഡ്യുനന്റെ സേവനങ്ങളെ അംഗീകരിച്ചുകൊണ്ട് 1901 ൽ സമാധാനത്തിനുള്ള ആദ്യത്തെ നൊബേൽ പ്രൈസ് അദ്ദേഹത്തെ തേടിയെത്തി. തന്റെ ദാരിദ്ര്യ അവസ്ഥയിലും ഈ സമ്മാന തുകയും അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു.
അതാണ് മഹത്വം...
1910 ഒക്ടോബർ 30 ന് 82 ആം വയസ്സിൽ വാർദ്ധക്യജന്യമായ അസുഖങ്ങളെ തുടർന്ന് ഹെൻറി ഡ്യുനൻ എന്ന മനുഷ്യസ്നേഹി ഈ ലോകത്ത് നിന്നും വിടവാങ്ങി... അദ്ദേഹത്തിന്റെ ജന്മദിനമായ മെയ് 8 രാജ്യന്തര റെഡ്ക്രോസ് ദിനമായി ആചരിക്കുന്നു... മനുഷ്യസ്നേഹിയായ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി തന്റെ ജീവിതം വിനിയോഗിച്ച ഹെൻറി ഡ്യുനന് ആദരപൂർവം നീലാംബരീയം മുഖക്കുറി സ്മരണാഞ്ജലി അർപ്പിക്കുന്നു....
4 അഭിപ്രായങ്ങള്‍
ഷെയറിംഗിന് സ്നേഹം വിനു... ❤️
മറുപടിഇല്ലാതാക്കൂസ്നേഹം മാഷേ... ❤️
മറുപടിഇല്ലാതാക്കൂNice
മറുപടിഇല്ലാതാക്കൂGreat chechi
മറുപടിഇല്ലാതാക്കൂ