Hot Posts

6/recent/ticker-posts

"അഞ്ചുസുന്ദരി"കളിൽ ഒരു സുന്ദരി.

 

നീലാംബരീയം

1976 ഒക്ടോബർ 12- ചൊവ്വ.

സാന്താക്രൂസ് വിമാനത്താവളം, ബോംബെ. സമയം 1- 40am. യാത്രക്കാരുമായി പറന്നുയർന്ന ബോയിംഗ് വിമാനം യന്ത്രത്തകരാറു മൂലം അൽപനേരത്തിനുള്ളിൽ താഴെ ഇറക്കി. പകരം ഇന്ത്യൻ എയർലൈൻസിന്റെ ഫ്ലൈറ്റ് 171-ൽ 6 വിമാന ജോലിക്കാരും, 89 യാത്രക്കാരുമടക്കം 95 പേർ അടങ്ങിയ വിമാനം റൺവേ 27 ൽ നിന്ന് പറന്നുയർന്ന ഉടൻ തീ പിടിച്ചു റൺവേയിൽ തന്നെ നിലംപതിച്ചു. വിമാനത്തിലുണ്ടായിരുന്ന 95 പേരും ദാരുണമായി കൊല്ലപ്പെട്ടു. ഇന്ത്യ കണ്ട ഒരു വലിയ വിമാനദുരന്തമായിരുന്നു അത്. കൊല്ലപ്പെട്ടവരിൽ മലയാളികൾക്ക് പ്രിയപ്പെട്ട കുറച്ചു പേരുമുണ്ടായിരുന്നു. "മിസ് കേരളാ ഡാൻസ് ട്രൂപ്പ്" അംഗങ്ങൾ .....കാന്തിമതി, മൂന്ന് മക്കൾ, ജയലക്ഷ്മി (ഗായിക), സി.കെ.കൃഷ്ണകുട്ടി, എം.കോതണ്ഡറാം, പി.എസ്.മാണിക്യം തുടങ്ങിയ വാദ്യമേളക്കാർ .....ഇവരോടൊപ്പം ട്രൂപ്പിന്റെ എല്ലാമായ റാണി - മിസ്കേരള റാണിചന്ദ്ര.
ആലപ്പുഴയിൽ പ്രമുഖ കപ്പൽ ബുക്കിംഗ് ഏജന്റ് കെ.എം. ചന്ദ്രന്റേയും, കാന്തിമതിയുടേയും ആറു മക്കളിൽ രണ്ടാമതായി 1949 ൽ റാണിചന്ദ്ര ജനിച്ചു. പോർഷ്യ, അമ്പിളി, സീത, നിമ്മി, തുടങ്ങി നാലു സഹോദരികളും ഷാജി എന്ന സഹോദരനും, മാതാപിതാക്കളുമടങ്ങുന്ന റാണിചന്ദ്രയുടെ കുടുംബം സാമ്പത്തീകമായി തരക്കേടില്ലാത്ത നിലയിലായിരുന്നു.
പ്രൈമറി വിദ്യാഭ്യാസംതൊട്ട് നൃത്തമഭ്യസിച്ചിരുന്ന റാണിചന്ദ്ര, സ്കൂളിൽ നൃത്തത്തിലും, മറ്റുകലാപരിപാടികളിലും പങ്കെടുത്തിരുന്നു.
ഇക്കാലത്താണ് കുടുംബം ഫോർട്ടു കൊച്ചിയിലേയ്ക്ക് താമസം മാറ്റുന്നത്.
ഫോർട്ട് കൊച്ചി ഫാത്തിമാ ഗേൾസ് ഹൈസ്ക്കൂളിൽ പഠനം തുടർന്ന റാണിചന്ദ്ര, ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം തുടങ്ങിയ നൃത്തകലകളിൽ പ്രാവീണ്യം നേടി.
എറണാകുളം സെന്റ് തെരേസാസിലായിരുന്നു കോളേജ് വിദ്യാഭ്യാസം തുടങ്ങുന്നത്. ഇക്കാലത്താണ് 1965 ൽ തൃശൂരിൽ നടന്ന സൗന്ദര്യ മത്സരത്തിൽ റാണിചന്ദ്ര പങ്കെടുക്കുന്നത്. മത്സരത്തിൽ വിജയിച്ച
റാണിചന്ദ്രക്ക് "മിസ് കേരള"പട്ടവും "ഗോൾഡൺ ക്രൗണും" സമ്മാനമായി ലഭിച്ചു. പുതുതായി നിർമ്മിക്കുന്ന ഒരു സിനിമയിലേയ്ക്ക് പുതുമുഖ നായികയെ കണ്ടെത്തുന്നതിന്, അതിന്റെ നിർമ്മാതാക്കൾ നടത്തിയ ഒരു മത്സരമായിരുന്നു അതെന്ന് പരക്കെ പറഞ്ഞിരുന്നു. എന്തായാലും ഈ പറച്ചിലുകൾ സത്യമാണെന്ന് ഉറപ്പിക്കുന്ന പോലെ നിർമ്മാതാക്കൾ
റാണിചന്ദ്രയെ തേടിയെത്തി. വി.ടി. നന്ദകുമാറിന്റെ "ദൈവത്തിന്റെ മരണം" എന്ന കഥ സംവിധായകൻ തൃപ്രയാർ സുകുമാരൻ ചലച്ചിത്രമാക്കുന്നതിൽ നായികയായി അഭിനയിക്കാനായിരുന്നു റാണിചന്ദ്രയെ സമീപിച്ചത്. നിർഭാഗ്യവശാൽ ആ സംരംഭം നടന്നില്ല.
(ഈ കഥ പിന്നീട്,1972 ൽ തീർത്ഥയാത്ര എന്ന പേരിൽ ആർ.എസ്.പ്രഭുവിന്റെ നിർമ്മാണത്തിൽ എ.വിൻസെന്റ് മാഷ് സംവിധാനം ചെയ്ത് പുറത്തിറക്കി).
എങ്കിലും സൗന്ദര്യ മത്സരത്തിലെ ആദ്യ വിജയി എന്ന നിലയിലും, സിനിമയിലെ പുതുമുഖ നായികയാവാൻ പോകുന്നു എന്ന നിലയിലും മാസികകളിലും, ദിനപത്രങ്ങളിലും കവർ ചിത്രങ്ങളും വാർത്തകളും കൊണ്ട് "മിസ് കേരള" എന്ന പേരിൽ റാണിചന്ദ്ര അറിയപ്പെടുകയും, പ്രശസ്തയാവുകയും ചെയ്തു.

ചെറിയ പ്രായം, പെട്ടെന്ന് അപ്രതീക്ഷിതമായിക്കിട്ടിയ പ്രശസ്തി - എല്ലാമായപ്പോൾ റാണിചന്ദ്രയ്ക്കും അഭിനയമോഹം മനസ്സിലുദിച്ചു.
ചെറുപ്പം തൊട്ട് അഭ്യസിച്ചിരുന്ന നൃത്തവും അവർക്ക് ഒരു വലിയ അനുഗ്രഹമായി. "മിസ് കേരള ഡാൻസ് ട്രൂപ്പ്" എന്ന പേരിൽ ഒരു നൃത്ത സംഘത്തിനും അവർ രൂപം നൽകി.
റാണിചന്ദ്ര ആദ്യമായി തിരശ്ശീലയിൽ മുഖം കാണിക്കുന്നത് 1967ലാണ്. പി.എ. തോമസ്സിന്റെ പാവപ്പെട്ടവൾ എന്ന ചിത്രത്തിൽ സത്യൻ, കമലാദേവി, സുകുമാരി, വിധുബാല എന്നിവരോടൊപ്പം റാണിചന്ദ്രയ്ക്കും ഒരുചെറിയ വേഷം കിട്ടി. ടൈറ്റിലിൽ "മിസ് കേരള" എന്ന പേരിലാണ് റാണിചന്ദ്ര അറിയപ്പെട്ടത്. ചിത്രം സാമ്പത്തീക പരാജയമായിരുന്നു. റാണിചന്ദ്രയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടില്ല.
ഒരു വർഷത്തെ കാത്തിരിപ്പിനെത്തുടർന്ന് - 1968 ൽ - എം. കൃഷ്ണൻ നായരുടെ സംവിധാനത്തിൽ "അഞ്ചുസുന്ദരി"കളിൽ ഒരു സുന്ദരിയായി റാണിചന്ദ്ര സ്വന്തം പേരിൽ തന്നെ അഭിനയിച്ചു. നസീർ, ജയഭാരതി തുടങ്ങിയതാരങ്ങൾക്കൊപ്പം അഭിനയിച്ച ഈ ചിത്രവും നന്നേ പരാജയമായിരുന്നു, എങ്കിലും വിടർന്ന കണ്ണുകളും, നിറഞ്ഞ ചിരിയുമായ റാണിചന്ദ്രയെ ചില പ്രാധാന്യമില്ലാത്ത അവസരങ്ങൾ തേടിയെത്തി..
അക്കാലത്ത് ചലച്ചിത്ര നിർമ്മാണങ്ങൾ പൂർണ്ണമായും മദ്രാസിലായിരുന്നതിനാൽ, കൂടുതൽ അവസരങ്ങൾക്കുവേണ്ടി റാണിചന്ദ്ര കുടുംബത്തോടൊപ്പം മദ്രാസിലേയ്ക്ക് താമസം മാറ്റി.
ഈയവസരത്തിലാണ് ചന്ദ്രന്റെ ബിസിനസ്സ് തകർന്ന് സാമ്പത്തീക പ്രതിസന്ധി നേരിടുന്നത്.
അന്ധവിശ്വാസങ്ങൾ കൊടികുത്തി വാണിരുന്ന മലയാള സിനിമയിൽ, ആദ്യത്തെ രണ്ടു സിനിമകളുടെ പരാജയം മൂലം രാശിയില്ലാത്ത നടിയാണ് റാണിചന്ദ്ര എന്ന് അറിയപ്പെടാൻ കാരണമായി. തൻമൂലം നായികയായി പരിഗണിക്കാതെ ചെറിയ ചെറിയ വേഷങ്ങൾ നൽകി റാണിചന്ദ്രയെ ഒതുക്കിക്കളഞ്ഞു. ഇതിനിടയിലും നൃത്ത പരിപാടികളിൽ വ്യാപൃതയായിരുന്നു അവർ.
നാത്തൂൻ, ചെമ്പരത്തി, പ്രതിധ്വനി, അനാവരണം, കാപാലിക തുടങ്ങി കുറേയേറെ ചിത്രങ്ങൾ റാണിചന്ദ്രയെ തേടിയെത്തി. നല്ല സിനിമയുടെ ഭാഗമാകാൻ കൊതിച്ച റാണിചന്ദ്രയ്ക്ക് തന്റെ വേഷങ്ങൾ തിരഞ്ഞെടുക്കുക സാദ്ധ്യമല്ലായിരുന്നു. തന്നെ ആശ്രയിച്ചു ജീവിക്കുന്ന കുടുംബത്തിനു വേണ്ടി തനിക്ക് അഭിനയിക്കണമായിരുന്നു. അവിടെ നല്ലതിനും അല്ലാത്തത്തിനും സ്ഥാനമുണ്ടായിരുന്നില്ല. എല്ലാവരേയും വിശ്വസിച്ചു. ഒരുപാട് നല്ല സൗഹ്യദങ്ങളുമുണ്ടായി. അതോടൊപ്പം തന്നെ ഒരുപാട് ചതിക്കുഴിയിലേയ്ക്കും - പ്രത്യേകിച്ച് അന്നത്തെ സാഹചര്യത്തിൽ ജീവിതം കരുപ്പിടിപ്പിക്കുന്നതിനു വേണ്ടിയുള്ള യജ്‌ഞ തുടർച്ചയിൽ ഒരു അഭിനേത്രിയ്ക്ക് നേരിടേണ്ടി വരുന്ന യാതനകൾ സ്വാഭാവികം മാത്രം.
വിശ്വസ്തയായ, സ്നേഹിക്കാൻ മാത്രമറിയുന്ന നിഷ്ക്കളങ്കയായ അഭിനയത്തെ ഉപാസിച്ച ഒരു പെൺകുട്ടിയ്ക്ക് ലഭിക്കേണ്ടിയിരുന്ന നീതി ചലച്ചിത്ര വ്യവസ്ഥിയിൽ നിന്ന് അവർക്ക് ലഭിച്ചുവോ - എന്നതും വലിയ ഒരു ചോദ്യചിഹ്നം തന്നെയാണ് ......!
1974 ൽ രാമു കാര്യാട്ടിന്റെ സംവിധാനത്തിൽ നെല്ലിലെ അഭിനയം റാണിചന്ദ്രയുടെ ജീവിതത്തിൽ വഴിത്തിരിവായി. രാമു കാര്യാട്ടിന്റെ സംവിധാന സഹായിയായിരുന്ന കെ.ജി.ജോർജ്ജ് തന്റെ ആദ്യ ചിത്രമായ സ്വപ്നാടനത്തിൽ റാണിചന്ദ്രയെ നായികയാക്കാൻ തീരുമാനിച്ചു. രാശിയില്ലാത്ത നടിയെന്നു പറഞ്ഞ് പലരും പിന്തിരിപ്പിയ്ക്കാൻ ശ്രമിച്ചെങ്കിലും, "റാണിചന്ദ്രയുടെ കണ്ണിൽ തന്റെ നായികയെകണ്ട" കെ.ജി.ജോർജ്ജ് തന്റെ തീരുമാനത്തിൽ നിന്നും വ്യതിചലിച്ചില്ല.
സ്വപ്നാടനം ആവർഷത്തെ മികച്ച ചിത്രത്തിനും, മികച്ച നടിക്കുമുള്ള കേരള സംസ്ഥാന പുരസ്ക്കാരം നേടി.
ഐ.വി.ശശിയുടെ ആദ്യസംവിധാനത്തിൽ ഉത്സവത്തിലും, തുടർന്ന് കുറേ ചിത്രങ്ങളിലും റാണിചന്ദ്ര അഭിനയിച്ചു. റാണിചന്ദ്രയുമായി ഒരുപാട് ഹൃദയബന്ധമുണ്ടായിരുന്നത് ഐ വി, ശശി തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. വിവാഹംവരെ എത്തിനിന്നതിൽ നിന്ന്, എന്നും താങ്കളുടെ നല്ലൊരു അഭ്യുദയകാംക്ഷിയായിരിക്കുമെന്ന് പറഞ്ഞ് സന്തോഷത്തോടെ പിൻമാറിയത് റാണിചന്ദ്രയായിരുന്നു.
പൊർശിലൈ, തേൻശിന്തുവതേ വാനം, ഭദ്രകാളി തുടങ്ങിയ തമിഴ് ചിത്രങ്ങളിലും അവർ അഭിനയിച്ചു. എ.സി. ത്രിലോക് ചന്ദറിന്റെ സംവിധാനത്തിൽ ഭദ്രകാളി സൂപ്പർ ഹിറ്റായിരുന്നു. ശിവകുമാറിന്റെ നായികയായ ഗായത്രി എന്ന കഥാപാത്രത്തെ പ്രേക്ഷകർ നെഞ്ചിലേറ്റി .
ചിത്രത്തിന്റെ വൻ വിജയത്തെ തുടർന്ന് ഇരുപതിലേറെ ചിത്രങ്ങളിൽ നായികാ വേഷം അവർക്കു വേണ്ടി അണിയറയിൽ ഒരുങ്ങുന്നുണ്ടായിരുന്നു. (നിർഭാഗ്യവശാൽ ഭദ്രകാളിയുടെ അവസാനഭാഗം റാണിചന്ദ്രക്ക് അഭിനയിക്കാനായില്ല. റാണിചന്ദ്രയുടെ രൂപസാദൃശ്യമുള്ള പുഷ്പ എന്ന ഒരു നടിയെ വെച്ച് വളരെ മനോഹരമായി ത്രിലോക് ചന്ദർ ചിത്രം പൂർത്തിയാക്കി, 1976 - ഡിസംബറിൽ റിലീസ് ചെയ്തു. ഈചിത്രം 1978ൽ "പിച്ചിപ്പൂ" എന്ന പേരിൽ മലയാളത്തിലേക്കും റീമേക്ക് ചെയ്തിട്ടുണ്ട്.
റാണിചന്ദ്രയുടെ അഭാവത്തിൽ വിധുബാലയായിരുന്നു നായിക. നായകൻ സുകുമാരൻ)
ഭദ്രകാളി എന്ന തമിഴ്ചിത്രത്തിന്റെ അവസാന ഭാഗം ബാക്കി വെച്ചു കൊണ്ടാണ് ദുബായിൽ ഒരു നൃത്ത പരിപാടിയ്ക്കായി റാണിചന്ദ്ര നൃത്തസംഘത്തോടൊപ്പം പോകുന്നത്. നൃത്തപരിപാടികൾ കഴിഞ്ഞ് മടങ്ങിവരുന്ന വേളയിൽ വളരെ നിഗൂഢമായ സാഹചര്യങ്ങളിൽ റാണിചന്ദ്രയ്ക്കുമാത്രം തിരിച്ചുപോരാനാവാത്ത പ്രത്യേക സാഹചര്യം നേരിടേണ്ടിവന്നു. അവളൊരു തടവറയിലാക്കപ്പെട്ടു എന്നു പോലും സംശയിക്കാം. ഈ പ്രോഗ്രാമിന് കൊണ്ടുപോയ സ്പോൺസർമാരുടെ അശ്രദ്ധയാണോ - അതോ മറ്റുവല്ല കൗശലങ്ങളാണോ .... ഏതായാലും ജീവൻ പണയം വെച്ചുള്ള ഒരു പലായന സാഹസത്തിലൂടെ അവൾ തിരിച്ച് വിമാനത്താവളത്തിലെത്തുമ്പോഴേയ്ക്കും വിസയുടെ കാലാവധി കഴിഞ്ഞിരുന്നു. അവിടുത്തെ സഹൃദയരായ മലയാളികൾ ചേർന്ന് പിഴയടയ്ക്കാനുള്ള തുക സമാഹരിച്ച്, റാണിചന്ദ്രയ്ക്ക് നാട്ടിലെത്തുവാനുള്ള സാഹചര്യമൊരുക്കിക്കൊടുത്തു.
നാട്ടിൽ തിരിച്ചെത്തിയാൽ ഉടൻതന്നെ കണ്ടെത്താൻ കഴിയുന്ന ഏറ്റവുംനല്ല നിയമ വിദഗ്ദ്ധനെ കണ്ടത്തി തങ്ങളെ ദുബായിലേയ്ക്ക് കൊണ്ടുപോയ ഏജന്റിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അവർ പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
തിരിച്ച് റാണിചന്ദ്ര ബോംബെയിലെത്തുമ്പോൾ, തന്റെ കുടുംബം പാഴ്സി മുഹമ്മദിന്റെ (സ്വപ്നാടനം - നിർമ്മാതാവ്) അതിഥി മന്ദിരത്തിൽ സുരക്ഷിതരായി, തന്റെ വരവും കാത്തിരിക്കുന്ന കാഴ്ചയാണ് കണ്ടത്.
രണ്ടു ദിവസം കുടുംബത്തോടൊപ്പം താമസിച്ചാണ് അവർ തിരിച്ച് മദ്രാസിലേയ്ക്ക് പുറപ്പെടുന്നത്. തിരിച്ചു പോകുവാനുള്ള എല്ലാ ഏർപ്പാട്ടുകളും പാഴ്സി മുഹമ്മദ് തന്നെ ഒരുക്കി കൊടുത്തു.
ബോംബെ-സാന്താക്രൂസ് വിമാനത്താവളത്തിൽ ബോയിംഗ് വിമാനത്തിൽ നിന്നിറങ്ങി പകരംവന്ന ഫ്ലൈറ്റ് 171ൽ കയറുമ്പോൾ, അത് മരണത്തിലേയ്ക്കുള്ള യാത്രയാണെന്ന് അവരാരും അറിഞ്ഞിരുന്നില്ല.
മരണത്തിലും അമ്മയേയും കൂടപ്പിറപ്പുകളേയും തന്റെ ചിറകിൻ കീഴിൽ തന്നെ നിർത്തിക്കൊണ്ടു പോകാൻ റാണിചന്ദ്ര മറന്നില്ല. നിഷ്ക്കളങ്കമായ വിടർന്ന കണ്ണുകളും ചിരിയും അടിമുടി വിനയം നിറഞ്ഞ പെരുമാറ്റവും .....
നമ്മുടെ വീട്ടിലെ ഒരു കുട്ടി എന്നുമാത്രം തോന്നിപ്പിക്കുന്ന പ്രകൃതം.
67-ഓളം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ......
സെറ്റിൽ ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ സഹകരിക്കുന്ന, തികഞ്ഞ ആത്മവിശ്വാസവും അഭിനയശേഷിയുമുള്ള വ്യക്തിത്വമായിരുന്നു റാണിചന്ദ്ര. സിനിമയുടെ - കലയുടെ ആകാശത്തിൽ തിളങ്ങുന്ന ഒരു നക്ഷത്രമാകാൻ തനിക്ക് കഴിയുമെന്ന ഉത്തമ ബോധ്യത്തോടെ അതിനായ് ആശിച്ചു .... പരിശ്രമിച്ചു.... രാപകലില്ലാതെ - അവൾക്ക് കാലം അനുവദിച്ചു കൊടുത്ത വെറും ഇരുപത്തിയേഴ് വർഷത്തിനുള്ളിൽ .......എന്നാൽ ഒരു വാൽ നക്ഷത്രമായി ഉൽക്കയായി മറയാനായിരുന്നു സ്നേഹനിധിയായിരുന്ന ആ താരത്തിന്റെ നിയോഗം.
പാവപെട്ടവളിലൂടെ ഒരു ഒക്ടോബർ 12നാണ് റാണിചന്ദ്ര തിരശ്ശീലയിൽ തിളങ്ങിയത് ......ഒരു ഒക്ടോബർ 12നു തന്നെ തിരശ്ശീലയ്ക്കു പിന്നിൽ അവർ മറഞ്ഞതും വിധിയുടെ ഒരു ക്രൂരവിനോദമായിരിക്കുമോ ...?

മോഹനൻ. ജി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍