ചന്ദ്രതാരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.കെ. പരീക്കുട്ടി നീലക്കുയിൽ എന്ന ചിത്രം നിർമ്മിക്കുമ്പോൾ അതിലെ ഗാനങ്ങൾ ചിട്ടപ്പെടുത്താനായി പരീക്കുട്ടി തന്നെ മുൻകയ്യെടുത്ത് ആലുവാ പുഴയുടെ തീരത്ത്, കൊട്ടാരത്തിന്റെ എതിർ കരയിൽ, ഒരു വീട് അതിനായ് ഒരുക്കിയിരുന്നു.
ടി.കെ. പരീക്കുട്ടി, സംവിധായകരായ രാമു കാര്യാട്ട്, പി.ഭാസകരൻ മാഷ്, കഥാകൃത്ത് ഉറൂബ്, ഛായഗ്രാഹകൻ വിൻസെന്റ് മാഷ്, ശോഭനാ പരമേശ്വരൻനായർ, ഇവർക്കൊപ്പം കെ.രാഘവൻ മാസ്റ്ററും. കൂട്ടുകാരോടൊപ്പം ആലുവാ പുഴയിൽ കുളിക്കാനിറങ്ങിയ ഭാസ്കരൻ മാഷ്, പുഴയെ കായലായും, കയ്യിലെ തോർത്ത് വലയായും മനസ്സിൽ സങ്കൽപ്പിച്ചപ്പോൾ, ഭാസ്കരകവിഹൃദയം മനസ്സിൽ കുറിച്ചിട്ടു .... ആ വരികൾ ......
കുളികഴിഞ്ഞ് വീട്ടിലെത്തി ഭാസ്കരൻ മാഷ് ഗാനത്തിന്റെ വരികൾ രാഘവൻ മാസ്റ്റർക്ക് കൈമാറി. രാഘവൻ മാസ്റ്ററുടെ ഹൃദയധാരയിൽനിന്ന് ഭാസ്കരൻ മാസ്റ്ററുടെ വരികളുടെ ചിറകുമായ് പറന്നുയർന്ന പാട്ടുകേട്ടപ്പോൾ ഒപ്പം കൂടിയിരുന്നവരുടേയും മിഴികൾ വിടർന്നു. ഗായകനായ ഹാജി അബ്ദുൾ ഖാദറിനെ പാട്ടു പഠിപ്പിക്കുന്നതു കണ്ട് ടി.കെ.പരീക്കുട്ടി രാഘവൻ മാഷോടായി പറഞ്ഞു ....മാഷേ, ഈ പാട്ട് ഇയാൾ പാടിയാൽ ശരിയാവില്ല. മാഷ് പാടിയാൽ മതി.
എന്റെ സിനിമയിൽ ഈ പാട്ടു പാടുന്നത് രാഘവൻ മാസ്റ്ററുടെ ശബ്ദത്തിൽ തന്നെയായിരിക്കണം. മാസ്റ്റർ ഒഴിവുകഴിവുകൾ പറഞ്ഞെങ്കിലും പരീക്കുട്ടി സമ്മതിച്ചില്ല. അങ്ങിനെ കാലത്തിന്റെ അതിരുകളോളം മലയാളിമനസ്സിൽ ഏറ്റു പാടാനുളള ഒരു മനോഹര ഗാനം കാപ്പിരാഗത്തിൽ പിറവിയെടുത്തു.
മദ്രാസിൽ വാഹിനി സ്റ്റുഡിയോവിൽ വെച്ചായിരുന്നു റെക്കോർഡിംഗ്. മാസ്റ്റർതന്നെ കണ്ടക്ട് ചെയ്ത് പാടി. ഒറ്റ ടേക്കിൽ തന്നെ റെക്കോർഡിംഗ് കഴിഞ്ഞു.
"കായലരികത്ത് വലയെറിഞ്ഞപ്പോൾ
വളകിലുക്കിയ സുന്ദരീ....
പെണ്ണുകെട്ടിന് കുറിയെടുക്കുമ്പോൾ
ഒരു നറുക്കിന് ചേർക്കണേ ......"
മലയാളിത്തമുള്ള ചലച്ചിത്രഗാനം മലയാള സിനിമയിൽനിന്ന് നമുക്ക് ആദ്യമായി ലഭിക്കുന്നത് 1954 ൽ നീലക്കുയിൽ എന്ന ഈ ചിത്രത്തോടു കൂടിയാണ്.മലയാളത്തിന്റെ എക്കാലത്തേയും പ്രിയ കവിയും, ഗാനരചയിതാവുമായ ഭാസ്കരൻ മാഷിന്റെ വരികൾക്ക് സംഗീതം പകർന്നത് കാലം അതിന്റെ ഘോഷത്തിന്റെ ആരവങ്ങൾക്കൊപ്പമെടുത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന അനുഗ്രഹീതനായ സംഗീതപ്രതിഭ കെ.രാഘവൻ മാസ്റ്ററാണ്.മലയാള മണ്ണിൽ വേരുകളോടി ആ വേരുകളിൽ നിന്ന് ആർജ്ജിച്ചെടുത്ത ഊർജ്ജത്തിൽ നിന്ന് ആത്മാവിൽ പ്രസരിച്ചു വിടർന്നുവരുന്ന സംഗീതത്തിന്റെ അഭൗമമായ ലോകം അതി ലളിതമായ വരികളിലൂടെ, ആ ലാളിത്യത്തോട് മത്സരിച്ചു കൊണ്ട് മനോഹരമായ ഈണങ്ങളിലൂടെ ആർക്കും ഏറ്റു പാടാൻ തോന്നുകയും എന്നാൽ ശകലങ്ങളിലെ സൂക്ഷ്മാംശങ്ങളിലേയ്ക്ക് കടന്നു വരുമ്പോൾ സംഗീതത്തിന്റെ അനന്യമായ സാദ്ധ്യതകളെ അവയിൽ ഉൾച്ചേർത്തു കൊണ്ടുള്ള നിവേശങ്ങളായി അനുഭവപ്പെടുകയും ചെയ്യുന്ന സംഗീതം നമുക്ക് പകർന്നു തന്നത് ആദ്യം കെ.രാഘവൻ എന്ന സംഗീതപ്രതിഭയാണ്.
തലശ്ശേരി തലായിൽ കുഞ്ഞാലു വീട്ടിൽ കൃഷ്ണൻ - കുപ്പച്ചി ദമ്പതികളുടെ മകനായി 1914 ഡിസംബർ 2 ന് രാഘവൻ ജനിച്ചു.കൃഷ്ണൻ - കുപ്പച്ചി ദമ്പതികൾക്ക് ആദ്യം ജനിച്ചത് ഇരട്ട പെൺകുട്ടികളായിരുന്നു. അവർ മരണപ്പെട്ട ശേഷമാണ് രാഘവൻ ജനിക്കുന്നത്.മൂന്നുവയസ്സുള്ളപ്പോൾ അമ്മയുടെ മരണം ദുരിതങ്ങളുടേയും, ദുഃഖങ്ങളുടേയും, ഏകാന്തതയുടേയുമൊക്കെ കയ്പുനിറഞ്ഞ ബാല്യത്തിലേക്കാണ് കുഞ്ഞുരാഘവനെ തള്ളിവിട്ടത്. കടലോര ഗ്രാമത്തിൽ കടലും ജീവിതവുമായി മല്ലിട്ടടിക്കുന്ന നാളുകളായിരുന്നു അച്ഛന്.
തലായിലെ വാസു മാസ്റ്ററുടെ സ്കൂളിൽ അരിയിലെഴുതി പ്രാഥമിക വിദ്യാഭ്യാസം തുടങ്ങി. പിന്നീട് ഗോപാലപേട്ട, ചാലിൽ എന്നീ സ്ഥലങ്ങളിലായിരുന്നു. പഠനം.
അതിനു ശേഷം അന്നത്തെ പ്രശസ്ത വിദ്യാലയമായിരുന്ന തലശ്ശേരി ബ്രണ്ണൻ ഹൈസ്ക്കൂളിൽ ചേർന്നു.
അരയസമുദായത്തിലെ ആചാരാനുഷ്ഠാനങ്ങൾക്കായുള്ള കീർത്തനങ്ങൾ, നാടൻ സംസ്കൃതിയിലുള്ള ശീലുകൾ, കാവിലെ ആഘോഷങ്ങൾക്കും മറ്റുമുള്ള അകമ്പടി സംഗീതം എന്നിവയിൽ നല്ല ഇടുപാടുണ്ടായിരുന്ന ഒരു പാട്ടുകാരൻ കൂടെയായിരുന്നു രാഘവന്റെ അച്ഛൻ.അച്ഛനെ പിൻതുടർന്നുകൊണ്ട്
രാത്രിയുടെ ഇരുണ്ട യാമങ്ങൾവരെ താൻ പങ്കാളിയായ് ചേർന്നിട്ടുള്ള സംഗീത രാവുകളാണ്, കെ.രാഘവൻ എന്ന സംഗീതജ്ഞനെ ഉണർത്തിയെടുത്തത് എന്ന് അദ്ദേഹം എപ്പോഴും വലിയ ആദരവോടെ പറയുമായിരുന്നു.
ഇളയച്ഛന്റെ തോളിലേറി ഉത്സവപറമ്പുകൾ കയറിയിറങ്ങികേട്ട പാട്ടുകളും, കൊയ്ത്തു പാട്ട്, മാപ്പിളപ്പാട്ട് തുടങ്ങിയ നാടൻ ശീലുകളും കൊച്ചു രാഘവന് ഏറെ പ്രചോദനമായിട്ടുണ്ട്.മാതൃസഹോദരനായിരുന്ന കറുപ്പന്റെ സംഗീതപ്രേമം രാഘവനെ സ്വാധീനിച്ചിരുന്നു. മൃദംഗവാദകനായിരുന്ന അദ്ദേഹത്തിന്റെ വീട്ടിലെ പഴയ ഹാർമ്മോണിയത്തിൽ സ്വയം പരിശീലിക്കുന്നതും പതിവായിരുന്നു.
ക്ലാസ്സിൽ ഡസ്കിൽ താളംപിടിച്ച് പാടുന്നതുകണ്ട ഹിസ്റ്ററി അദ്ധ്യാപകനാണ് "നിന്റെ വഴി സംഗീതമാണ്, നിന്റെ കഴിവുകൾ പാഴാക്കി കളയരുത്, അണ്ണാമല യൂണിവേഴ്സിറ്റിയിൽ സംഗീതാഭ്യാസത്തിനുള്ള സൗകര്യമുണ്ട്. സ്കോളർഷിപ്പും കിട്ടും - പോകണം" എന്ന് ഉപദേശിച്ചത്.പക്ഷേ, മകൻ പഠിച്ച് ഉദ്യോഗസ്ഥനാവണമെന്ന അച്ഛന്റെ ആഗ്രഹവും, അന്നത്തെ സാമ്പത്തീക ചുറ്റുപാടും കാരണം ഇതൊരു സ്വപ്നം മാത്രമായി അവശേഷിച്ചു. എങ്കിലും അദ്ധ്യാപകന്റെ ഉപദേശം ഒരു പ്രേരണയായി മനസ്സിൽ കിടന്നു.
തേർഡ് ഫോറത്തോടെ (ഇന്നത്തെ ഏഴാംക്ലാസ്സ്) രാഘവന്റെ വിദ്യാഭ്യാസം അവസാനിച്ചു. പിന്നീട് സംഗീതം നാടകം ഇവയോടൊപ്പം കളരിപ്പയറ്റ്, ഫുട്ബോൾ എന്നിവയിലും കമ്പം കയറി. കളരിപയറ്റ് അഭ്യാസവും, ഒപ്പം തന്നെ മികച്ച ഫുട്ബോൾ കളിക്കാരൻ എന്ന ഖ്യാതിയും രാഘവൻ നേടിയെടുത്തു.
ഇക്കാലയളവിൽ സ്ക്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തലശ്ശേരി തിരുവങ്ങാട് പ്രശസ്തനായ സംഗീതജ്ഞൻ പി.എസ്. നാരായണ അയ്യരുടെ ശിഷ്യനായി സംഗീതം അഭ്യസിക്കുവാൻ തുടങ്ങി. അഞ്ചുവർഷക്കാലത്തെ ഈ പഠനത്തിലൂടെയാണ് രാഘവനിലെ ഗായകൻ തേച്ചുമിനുക്കപ്പെടുന്നത്.
1937 - 38 കാലത്താണ് രാഘവന്റെ ബന്ധുവായ കരുണാകരൻ ജോലിക്കാര്യത്തിനായി രാഘവനെ ബോംബെയ്ക്ക് കൊണ്ടുപോകുന്നത്. ടെക്സാസ് ഓയിൽ കമ്പനിയുടെ ഫുട്ബോളറായിരുന്ന കരുണാകരൻ രാഘവന് ജോലി ശരിയാക്കിയെങ്കിലും, സംഗീതംമാത്രം മനസ്സിലുള്ള രാഘവനെ ഒരു ഹാർമോണിയവും വാങ്ങിക്കൊടുത്ത് നാട്ടിലേക്ക് യാത്രയാക്കി.
വെറുംകയ്യോടെ നാട്ടിലേയ്ക്ക് മടങ്ങാൻ മനസ്സു വരാതെ, സംഗീതത്തിന്റെ സാദ്ധ്യതകൾ ഏറെയുള്ള മദ്രാസിലേക്ക് വണ്ടി കയറി. കുറച്ചു കഷ്ടപ്പാടുകൾക്ക് ശേഷം മദ്രാസ് ആകാശവാണിയിൽ (AIR) തംബുരു ആർട്ടിസ്റ്റായി ജോലി ലഭിച്ചു.
മൂന്നു വർഷത്തിനു ശേഷം അഡീഷണൽ സൗത്ത് ഇന്ത്യ സർവ്വീസിൽ ഡൽഹി ആകാശവാണിയിൽ എട്ടു വർഷക്കാലത്തോളം ജോലിചെയ്തു.
1950 ൽ ഡൽഹിയിൽ നിന്ന് കോഴിക്കോട് ആകാശവാണിയിലേയ്ക്ക് മാറ്റമായി വന്നതോടെയാണ് കെ.രാഘവൻ എന്ന സംഗീതകാരന്റെ ചരിത്രം കുറിക്കുന്നത്.
കോഴിക്കോട് ആകാശവാണിയിൽ വെച്ചാണ് ഗാനരചയിതാവെന്ന നിലയിൽ സിനിമാരംഗത്ത് പ്രശസ്തനായിരുന്ന കവി പി.ഭാസ്കരൻ മാഷെ പരിജയപ്പെടുനത്.
അപൂർവ്വ ചാരുതയാർന്ന ഒരു സൗഹൃദം അവിടെ തുടങ്ങുന്നതും, നാമറിയുന്ന സംഗീത സംവിധായകൻ കെ.രാഘവൻ മാസ്റ്ററുടെ ജനനവും കോഴിക്കോട് ആകാശവാണിയിൽ വെച്ചാണ് തുടങ്ങുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിൽ വളരെയേറെ സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു ഭാസ്കരൻ മാസ്റ്റർ.
കോഴിക്കോട് ആകാശവാണിയിൽ പ്രഗത്ഭരുടേയും, പ്രതിഭാധനന്മാരുടേയും ഒരു സംഘം തന്നെയുണ്ടായിരുന്നു അക്കാലത്ത്. ഭാസ്കരൻ മാസ്റ്ററേയും, രാഘവൻ മാസ്റ്ററേയും കൂടാതെ ഉറൂബ്, തിക്കോടിയൻ, അക്കിത്തം, എൻ.എൻ.കക്കാട്, കെ.എ. കൊടുങ്ങല്ലൂർ തുടങ്ങിയവരുടെ കൂട്ടായ്മ.
ശാസ്ത്രീയ സംഗീതം മാത്രം മനസ്സിലുണ്ടായിരുന്ന,
സംഗീത സംവിധാനത്തെക്കുറിച്ചോ ലളിത സംഗീതത്തെക്കുറിച്ചോ അതുവരെ കാര്യമായി ചിന്തിച്ചിട്ടില്ലാത്ത രാഘവൻ മാസ്റ്റർ കോഴിക്കോട് ആകാശവാണിയിലെത്തിയതോടെ സംഗീത ശിൽപങ്ങൾക്കും, ലളിത ഗാനങ്ങൾക്കും ഈണം നൽകേണ്ടതായി വന്നു. പി.ഭാസ്കരൻ മാസ്റ്ററുടേയും മറ്റും മനോഹരങ്ങളായ കവിതകളും, ഗാനങ്ങളും
ശാസ്ത്രീയ ഗാനങ്ങളുടേയോ - അന്യഭാഷാ ഗാനങ്ങളുടേയോ ഈണമില്ലാതെ ലളിതസുന്ദരമായ മലയാളത്തനിമയാർന്ന ഈണങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. മനസ്സിൽ ഉറങ്ങികിടന്നിരുന്ന നാടൻ ശീലുകളും ഇവയ്ക്ക് പ്രചോദനമായി.
1951ലാണ് രാഘവൻ മാസ്റ്റർ ആദ്യമായി സിനിമാ സംഗീതം തുടങ്ങുന്നത്.
പൊൻകുന്നം വർക്കിയുടെ രചനയായ "കതിരുകാണാകിളി",
എസ്.കെ.യുടെ "പുള്ളിമാൻ" തുടങ്ങിയവ.
രണ്ടു ചിത്രത്തിന്റേയും പാട്ടുകൾ റെക്കോർഡ് ചെയ്തെങ്കിലും, സിനിമയുടെ ചിത്രീകരണം നടന്നില്ല.
1954 ൽ പുറത്തുവന്ന നീലക്കുയിൽ എന്ന ചിത്രത്തിലെ ഗാനങ്ങളാണ് കെ രാഘവൻ എന്ന സംഗീത സംവിധായകനെ അടയാളപ്പെടുത്തുന്നത്.
അന്നോളം അന്യഭാഷാ സംഗീതത്തെ ആശ്രയിച്ചിരുന്ന മലയാള ഗാനശാഖയ്ക്ക് മലയാളത്തനിമയാർന്ന ഈണങ്ങൾ നൽകി രാഘവൻ മാസ്റ്റർ തുടക്കം കുറിച്ചു.
നീലക്കുയിലിന്റെ അഭൂതപൂർവ്വമായ വിജയത്തിനു ശേഷം രാരിച്ചൻ എന്ന പൗരൻ, കൂടപ്പിറപ്പ്, നായരു പിടിച്ച പുലിവാല്, നീലി സാലി, ഉണ്ണിയാർച്ച, അമ്മയെക്കാണാൻ, നഗരമേ നന്ദി തുടങ്ങി അമ്പത്തിയഞ്ചോളം ചിത്രങ്ങൾക്കു വേണ്ടി നാനൂറിൽപരം ഗാനങ്ങൾ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്.
നാഴിയുരി പാലുകൊണ്ട് ...
ഉണരുണരൂ ഉണ്ണിപ്പുവേ ....
പതിവായി പൗർണ്ണമിതോറും ......
മഞ്ഞണി പൂനിലാവ് .....
പൂർണേന്ദുമുഖിയോട് .....
നഗരം നഗരം മഹാസാഗരം .....
മാനത്തെ കായലിൻ ....
മഞ്ജുഭാഷിണീ.....
അമ്പലപ്പുഴവേലകണ്ടു ....
പാർവ്വണേന്ദുവിൻ .....
ഹൃദയത്തിൻരോമാഞ്ചം ...
തുടങ്ങിയഗാനങ്ങൾ അവയിൽ ചിലതുമാത്രം ..!
ചലച്ചിത്ര ഗാനങ്ങൾക്കു പുറമേ ഒട്ടനവധി ലളിത ഗാനങ്ങൾക്കും, അശ്വമേധം പോലുള്ള പ്രശസ്തമായ നാടകങ്ങൾക്കും അദ്ദേഹം ഈണം പകർന്നിട്ടുണ്ട്.
ഉദയഭാനു, ബ്രഹ്മാനന്ദൻ, ഗായത്രി ശ്രീകൃഷ്ണൻ, വി.ടി.മുരളി തുടങ്ങിയ പുതിയ ഗായകരെ പരിചയപ്പെടുത്തിയതും രാഘവൻ മാസ്റ്ററാണ്.
ഒട്ടനവധി സംഗീത കച്ചേരികളും രാഘവൻ മാസ്റ്റർ നടത്തിയിട്ടുണ്ട്.
കേരള സ്റ്റേറ്റ് ഫിലിം അവാർഡ്, ജെ.സി.ഡാനിയൽ അവാർഡ് തുടങ്ങി പല പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2010 ൽ രാഷ്ട്രം പത്മശ്രീ നൽകി ആദരിച്ചു. 99 വയസ്സുവരെ ഉണർന്നിരിക്കുന്ന സംഗീത മനസ്സുമായി സംഗീത ശുശ്രൂഷ ചെയ്ത ശേഷമാണ് 2013 ഒക്ടോബർ 19 ന് അദ്ദേഹം നമ്മളെ വിട്ടു പിരിയുന്നത്.
പാടാനായ് ജനിച്ച് ഒരു പാട്ടായി സ്വന്തം ജീവിതം സമർപ്പിച്ച് പാട്ടുപോലെ മലയാളി മനസ്സിനുള്ളിൽ നമ്മുടെയെല്ലാം ഹൃദയത്തെ തഴുകുന്ന കാറ്റിന്റെ ഭാഗമായി കടന്നുപോയ മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതജ്ഞന് ജീവിതം അവസാനിക്കുന്നില്ല ......സംഗീതം ഉള്ളിടത്തോളം മലയാളി മനസ്സിൽ രാഘവൻ മാസ്റ്റർ സജീവ ചൈതന്യമായി നിലനിൽക്കുന്നു ......
നിറഞ്ഞുനിൽക്കുന്നു .....
0 അഭിപ്രായങ്ങള്‍