ജോഷി എന്ന സംവിധായകനും സുരേഷ് ഗോപി എന്ന നടനും വർഷങ്ങൾക്ക് മുന്നേ തന്നെ മലയാളസിനിമയിൽ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചവരാണ്. അവർ ഒരുമിച്ച പാപ്പൻ എന്ന സിനിമയാണ് ഇന്നത്തെ വെള്ളിത്തിരയിൽ.
അടുത്തിടെ കണ്ട ത്രില്ലർ ചിത്രങ്ങളിൽ മികച്ചത് പാപ്പൻ എന്നതിൽ തർക്കമില്ല..
എബ്രഹാം മാത്യു എന്ന പാപ്പൻ റിട്ടയർ ചെയ്ത പോലീസ് ഉദ്യോഗസ്ഥനാണ്. ഇടതു കൈയ്ക്ക് ചലനശേഷിയില്ലാത്ത പാപ്പന് പഴയ സുരേഷ് ഗോപി അഭിനയിച്ച പോലീസിന്റെ വിദൂരഛായ പോലുമില്ല.
പാപ്പന്റെ സന്തതസഹചാരിയായ മൈക്കിളായി എത്തുന്നത് ഗോകുൽ സുരേഷ് ആണ്. ആൾ കുറച്ചുകൂടി മെച്ചപ്പെടണം . പാപ്പന്റെ മകൾ I P S ഓഫിസർ വിൻസിയായി വരുന്ന നീത ശരീരം കൊണ്ടും അഭിനയം കൊണ്ടും പോലീസ് ആയി മികച്ചു നിന്നു. അച്ഛനും മകളും തമ്മിലുള്ള ശത്രുത വൈകാരികമായി ചേർത്തു വച്ചപ്പോൾ ത്രില്ലർ മാത്രമല്ല ഈ സിനിമ എന്നു തോന്നിപ്പോകും.
ഒരു സൂപ്പർസ്റ്റാറിന്റെ ഡ്രൈവർ കൊല്ലപ്പെടുന്നത് അന്വേഷിച്ചു വരുമ്പോൾ, തുടർന്ന് നടക്കുന്ന പല കൊലപാതകങ്ങളും ചേർത്തുവായിച്ച വിൻസിക്ക് ഒരു സൈക്കോപ്പാത്ത് ആയ സീരിയൽകില്ലറുടെ പങ്കുണ്ടതിൽ എന്നു മനസ്സിലായി.
പോലീസ് ജീവിതം തന്ന മുറിവുകളുമായി ജീവിക്കുന്ന പാപ്പന്റെ സഹായം പോലീസ് തേടുന്നു. പാപ്പന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു കഥയുമായി ആ കുറ്റകൃത്യത്തിന് ബന്ധമുണ്ടെന്ന് വിൻസി മനസ്സിലാക്കുമ്പോൾ പ്രേക്ഷകരും പാപ്പനെ സംശയിച്ചു തുടങ്ങും. പാപ്പൻ എന്ന മനുഷ്യനിൽ ഒരു മൃഗം ഉണ്ടോയെന്ന തോന്നലിൽ സിനിമ കുറച്ചൊന്നിഴയുന്നുണ്ട്.
എങ്കിലും രണ്ടാം പകുതിയിൽ സിനിമ വീണ്ടും ത്രില്ലിംഗ് ആവുന്നു. ഒരു സൂചനപോലും തരാതെയാണ് കഥ നീങ്ങുന്നത്. ട്വിസ്റ്റുകൾ നമ്മുടെ സംശയത്തെ ആൾ മാറാട്ടം നടത്തിക്കൊണ്ട് പോകുന്നു എന്നതാണ് ഈ സിനിമയുടെ വിജയം. നെടുനീളൻ ഡയലോഗില്ലാത്ത പാപ്പൻ ശരിക്കും ത്രില്ലിംഗ് അനുഭവമാക്കുന്നത് ആ അച്ഛൻ മകൾ ടീം തന്നെയാണ്. ഷമ്മി തിലകന്റെ മികച്ച അഭിനയം എടുത്തു പറയണം. ആശ ശരത്,ജനാർദ്ദനൻ, കനിഹ,സജിത മഠത്തിൽ ,ടിനി ടോം എല്ലാവരും നല്ല പ്രകടനം കാഴ്ച്ചവച്ചു.
പകയും വാശിയും കൊലപാതകവും തന്നെയാണ് ഈ സിനിമയും. പക്ഷെ ജോഷി എന്ന സംവിധായകന്റെ മികവ് ഇതിനെ വ്യത്യസ്തമാക്കുന്നു. ഛായാഗ്രഹണം മനോഹരം. പശ്ചാത്തല സംഗീതം ത്രില്ലർ ആയത് കൊണ്ടാവും കൂടുതലായി തോന്നി. വൈകാരികതയും ബന്ധങ്ങളുടെ വിലയും മൃഗമാവുന്ന മനുഷ്യരും ഒക്കെ ചേർന്നാൽ പാപ്പൻ എന്ന ത്രില്ലർ ആവും. പാപ്പനെ എല്ലാവരും ഇഷ്ടപ്പെടും. കാണുക. വിലയിരുത്തുക.
6 അഭിപ്രായങ്ങള്‍
Thanks for sharing...നീലാംബരീയം
മറുപടിഇല്ലാതാക്കൂനല്ല അവതരണം സുമാ .. അഭിനന്ദനങ്ങൾ
മറുപടിഇല്ലാതാക്കൂസ്നേഹം ജയാ
ഇല്ലാതാക്കൂചില സാമൂഹ്യ പ്രവർത്തനങ്ങളുമായി സുരേഷ് ഗോപി കുറച്ചു കാലം മാറി നിന്നപ്പോൾ മടങ്ങിവരവ് ആഘോഷമാക്കിയ സിനിമയാണ് പാപ്പൻ. അതിന് മുൻപും ചില സിനിമകൾ അദ്ദേഹം അഭിനയിച്ചു എങ്കിലും ഒരു സുരേഷ് ഗോപി സിനിമ എന്ന വ്യാകരണത്തിൽ വന്നത് പാപ്പൻ ആണ്.സുമ സൂചിപ്പിച്ച പോലെ പഴയ പോലീസ് വേഷം അല്ല പാപ്പനിൽ. എന്നാൽ രണ്ട് ഗെറ്റപ്പിലും നമുക്ക് അദ്ദേഹത്തെ കാണാം.. അച്ഛനും മകനും ചേർന്ന് അഭിനയിച്ച കോമ്പിനേഷൻ രംഗങ്ങൾ നന്നായി ആസ്വദിച്ചു.തുടർന്നുള്ള വേഷങ്ങൾ എങ്ങനെ ആയിരിക്കും എന്നതിന്റെ ഒരു ദിശാസൂചിക പാപ്പനിൽ കാണാം. മലയാള സിനിമയിൽ ഏറ്റവും ആദരവോടെ കാണുന്ന നടൻ എന്ന നിലയിൽ സുരേഷ് ഗോപിയുടെ ഒരു സിനിമയും മിസ്സാകില്ല ഞാൻ... നല്ല വിവരണം സുമ...സന്തോഷം....
മറുപടിഇല്ലാതാക്കൂസ്നേഹം വിനോദ്
ഇല്ലാതാക്കൂSneham vinod
മറുപടിഇല്ലാതാക്കൂ