ഇന്ത്യൻ സംഗീത ലോകത്തിൻ്റെ പൈതൃകത്തോട് ഏറ്റവും ഇഴുകി ചേർന്ന പേര്. കർണ്ണാടക സംഗീതത്തിലെ ത്രിമൂർത്തികളായ ത്യാഗരാജ സ്വാമികൾ,മുത്തുസ്വാമി ദീക്ഷിതർ ശ്യാമ ശാസ്ത്രികൾ, ഇവരിൽ രണ്ടാമനായിരുന്നു ദീക്ഷിതർ എന്ന പേരിൽ അറിയപ്പെടുന്ന മുത്തുസ്വാമി ദീക്ഷിതർ. ഇവരിൽ പ്രായം കൊണ്ട് ഇളയതായിരുന്നെങ്കിലും ദീക്ഷിതർ മാത്രമാണ് കാവ്യരചന നടത്തിയതെന്നാണ് അറിവ്. ഇന്നത്തെ മുഖക്കുറിയിലൂടെ പരിചയപ്പെടുത്തുന്നത് അദ്ദേഹത്തെക്കുറിച്ചാണ്. പ്രസിദ്ധ കർണ്ണാടക സംഗീതജ്ഞൻ, പണ്ഡിതാഗ്രേസരൻ, വാഗ്മി, ഹംസധ്വനി രാഗത്തിൻ്റെ ഉപജ്ഞാതാവ് എന്നീ നിലകളിൽ പ്രശസ്തനായ രാമസ്വാമി ദീക്ഷിതരുടെ മകൻ. ഇദ്ദേഹം 1776 മാർച്ച് 24ന് തമിഴ്നാട്ടിലെ തഞ്ചാവൂരിൽ ജനിച്ചു.
പിതാവിൽ നിന്നും സംഗീതത്തിൻ്റെ ബാലപാഠങ്ങൾ അഭ്യസിച്ചു. ബാല്യത്തിൽ തന്നെ മണലി എന്ന സ്ഥലത്തേക്ക് താമസം മാറ്റി. അവിടെ വെച്ചാണ് ചിദംബരസ്വാമി എന്ന യോഗിയുമായി പരിചയപ്പെടുന്നതും ശിഷ്യത്വം സ്വീകരിക്കുന്നതും. യോഗിയുടെ അടുക്കൽ നിന്നു ഹിന്ദുസ്ഥാനി സംഗീതം, യോഗാഭ്യാസം,എന്നിവ അഭ്യസിച്ചു. ജീവിത പന്ഥാവിനെ നേർവഴിയിലേക്ക്നയിച്ചത് ചിദംബരസ്വാമി ആയിരുന്നു. ഉപനിഷദ്, ആഗമങ്ങൾ, പുരാണങ്ങൾ, മതം, ശാസ്ത്രം, ജ്യോതിഷം ഇവയിലെല്ലാം ദീക്ഷിതർ അപാരമായ അവഗാഹം കരസ്ഥമാക്കിയിരുന്നു.
"വാതാപി ഗണപതിം ഭജേ....
"സ്വാമിനാഥ പരിപാലയമാം...''
''സ്വപ്രകാശവല്ലീശ..... ''
"മഹാഗണപതിം മനസാ സ്മരാമി ...''
''വസിഷ്ഠവാമദേവാദി വന്ദിത......."
ഇതിലേതെങ്കിലും വരികൾ മുഴങ്ങാത്ത ഒരു കീർത്തന സദസ്സ് സംഗീത ലോകത്ത് കേട്ടിട്ടുണ്ടാവില്ല. ദീക്ഷിതരുടെ ശിഷ്യരിൽ സ്വന്തം സഹോദരന്മാരായ ബാലുസ്വാമിയും, ചിന്നസ്വാമിയും , അനേകം ഗായകരും, നാദസ്വര വിദ്വാൻമാരും, നർത്തകരും ഉൾപ്പെടുന്നു. ഇന്ത്യയിലെ പല ക്ഷേത്രങ്ങളിലായി ജീവിതം സമർപ്പിച്ചു അലഞ്ഞ ഇദ്ദേഹം ജീവിതത്തിൻ്റെ ഏതൊക്കെയോ കോണിൽ ഇരുന്നു ചിട്ടപ്പെടുത്തിയ കൃതികളാണ് ഇന്നും സംഗീത ലോകത്തെ മഹത്തായ സൃഷ്ടികൾ .
10 സുബ്രഹ്മണ്യ കൃതികളാണ് അദ്ദേഹത്തെ ഏറെ പ്രശസ്തിയിലേക്ക് നയിച്ചത്. തിരുത്തണികൃതികൾ എന്ന പേരിലറിയപ്പെടുന്ന ഈ കൃതികൾ നവഗ്രഹ കീർത്തനങ്ങൾ, കമലാംബാനവാഭരണം, അഭയാംബാന വാഭരണം,ഷോഡശ ഗണപതി കൃതികൾ, വിഭക്തി കൃതികൾ, പഞ്ച ലിംഗ സ്ഥല കൃതികൾ, എന്നിവ അദ്ദേഹം കർണ്ണാടക സംഗീതത്തിനു നൽകിയ സംഭാവനകളാണ് ഇവയെല്ലാം തന്നെ സാഹിത്യപരമായും, സംഗീതപരമായും ഉന്നത നിലവാരം പുലർത്തുന്നവയാണ്.
500 ഓളം കൃതികൾ അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ടെന്നു കരുതപ്പെടുന്നു. "ഗുരു ഗുഹ " എന്നാണ് അദ്ദേഹം കൃതികളിൽ മുദ്രയായി സ്വീകരിച്ചിട്ടുള്ളത്. മണലിയിൽ താമസിക്കുമ്പോഴാണ് ചിന്നസ്വാമി, ബാലു സ്വാമി എന്നീ മക്കൾ ജനിക്കുന്നത്.
" ശ്രീനാഥാദി ഗുരു ഗുഹ ജഗത...... എന്ന മായാമാളവ രാഗത്തിലുള്ള കീർത്തനമായിരുന്നു അദ്ദേഹത്തിൻ്റെ ആദ്യ കൃതി. സംസ്കൃതത്തിലാണ് അദ്ദേഹം കീർത്തനങ്ങൾ രചിച്ചത്. ഹിന്ദുസ്ഥാനിയിലെ " ദ്രുപത് "... അദ്ദേഹത്തെ വല്ലാതെ സ്വാധീനിച്ചിരുന്നു എന്നു മനസ്സിലാക്കാൻ കഴിയും.
"അമൃതവർഷിണി"രാഗത്തിലുള്ള "ആനന്ദാ മൃതകർഷിണി " എന്നു തുടങ്ങുന്ന കൃതിയിലെ.." സലിലം വ ർഷയ ..വർഷയ.. എന്നീ വരികൾ അദ്ദേഹം പാടിയപ്പോൾ വരണ്ടു കിടക്കുന്ന ഭൂമിയിൽ മഴ വർഷിച്ചു എന്നും മഴ നിൽക്കാൻ "സലിലം സ്തംഭയ.... സ്തംഭയ :... സ്തംഭയ" എന്ന് അദ്ദേഹം പാടിയെന്നുമുള്ള കഥ പ്രസിദ്ധം.....
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അദ്ദേഹത്തിൻ്റെ മുഴുവൻ ചരിത്രവും അടങ്ങുന്ന കൃതി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 1835 Oct. 21 ന് ഒരു ദീപാവലി ദിനം തൻ്റെ ശിഷ്യരോട് " മീനാക്ഷി മേമുദം ... എന്ന കൃതി ആലപിക്കാൻ പറഞ്ഞ ശേഷം അവർ അത് പാടിക്കൊണ്ടിരിക്കെ ജീവൻ വെടിഞ്ഞുവെന്നാണ് പറയപ്പെട്ടുന്നത്. അനശ്വരനായ ഈ സംഗീത കുലപതിയുടെ മുന്നിൽ ആദരവോടെ നീലാംബരീയത്തിൻ്റെ പ്രണാമം.....
1 അഭിപ്രായങ്ങള്‍
മനോഹരംചേച്ചി..ആശംസകൾ
മറുപടിഇല്ലാതാക്കൂ