Hot Posts

6/recent/ticker-posts

മുല്ലനേഴി.

മുല്ലനേഴി
മലയാള കവിയും നാടകകൃത്തും ഗാനരചയിതാവുമായ മുല്ലനേഴിയെ എല്ലാവർക്കും പരിചയമാണ്. മുല്ലനേഴി നീലകണ്ഠൻ നമ്പൂതിരി എന്നു മുഴുവൻ പേര്. ഒല്ലൂർ ആവണിശ്ശേരി മുല്ലനേഴി മനയിൽ ജനിച്ച അദ്ദേഹത്തിന്റെ മാതാപിതാക്കൾ നാരായണൻ നമ്പൂതിരിയും, നങ്ങേലി അന്തർജനവുമാണ്. കുട്ടിക്കാലം തൊട്ടേ കവിതകളെ സ്നേഹിച്ചു തുടങ്ങിയ അദ്ദേഹം വൈലോപ്പള്ളിയുടെ മാർഗദർശനത്തിലൂടെ കവിതകളുമായി ചങ്ങാത്തത്തിലായി. ഒല്ലൂർ സ്ക്കൂളിൽ പത്താം ക്ലാസിൽ പഠിക്കുമ്പോൾ വൈലോപ്പിള്ളി ഹെഡ്മാസ്റ്ററായി വന്നതായിരുന്നു നീലകണ്ഠനിലെ കവിക്കൊരു പ്രധാന വഴിത്തിരിവായത്. പിന്നീട് അധ്യാപക ജീവിതത്തിനു പ്രചോദനമായത്തും വൈലോപ്പള്ളി തന്നെയാണ്. രാമപുരം ഗവർമെന്റ് സ്കൂളിൽ അധ്യാപകനായി ഏറെനാൾ ജോലി ചെയ്തു.

മനോഹരമായി കവിതകൾ ചൊല്ലിയിരുന്ന അമ്മയാണ് അദ്ദേഹത്തിന്റെ കവിതയുടെ ലോകത്തേക്കുള്ള ആദ്യത്തെ വഴികാട്ടി . അതാവും കവിക്കു അമ്മയും നന്മയും എന്നവാക്കുകൾ ഏറെ ഇഷ്ടമുള്ളതും.
"അമ്മയും നന്മയും ഒന്നാണ്
ഞങ്ങളും നിങ്ങളും ഒന്നാണ് "
എന്നുതുടങ്ങുന്ന വരികൾ പിന്നീട് നരേന്ദ്രൻ മകൻ ജയകാന്തൻ വക എന്ന സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
"കറു കറുത്തൊരു പെണ്ണാണു
കടഞ്ഞെടുത്തൊരു മെയ്യാണു
കാടിന്റ ഓമനമോളാണ് ഞാവൽ പഴത്തിന്റെ ചേലാണ്
എള്ളിൻ കറുപ്പ് പുറത്താണ്
ഉള്ളിന്റ് ഉള്ള് തുടുത്താണ് " ....
എന്നുതുടങ്ങുന്ന വരികളുമായി ഞാവൽ പഴങ്ങൾ എന്ന ചിത്രത്തിലൂടെ ഗാനരയിതാവ് എന്നു പേരെടുത്തു. ഈ ഗാനം മൂളാത്ത മലയാളിയില്ല എന്നുതന്നെ പറയാം.
ചോര ചുവന്ന ചോര, വെള്ളം, സ്വർണ്ണ പക്ഷികൾ, സന്മനസുള്ളവർക്ക് സമാധാനം, ലക്ഷ്മി വിജയം തുടങ്ങി അനേകം ചിത്രങ്ങൾക്കും നിരവധി ആൽബങ്ങൾക്കും വേണ്ടി ഗാനങ്ങൾ എഴുതി. കൈയും തലയും പുറത്തിടരുത് എന്ന ചിത്രത്തിലെ ആകാശനീലിമ എന്ന ഗാനം 1981 ലെ സംസ്ഥാന അവാർഡ് നേടി.
നാറാണത്തു പ്രാന്തൻ, രാപ്പാട്ട്, ഹൃദയം പുഷ്പ്പിക്കുന്ന ഋതു, കവിത, സമതലം, മോഹപ്പക്ഷി, സ്നേഹപ്പൂങ്കാറ്റ്, പ്രാർത്ഥനാ ഗീതങ്ങൾ ആനവാൽ മോതിരം എന്നിവ അദ്ദേഹത്തിന്റെ കൃതികൾ ചിലതാണ്.
ഉള്ളൂർ കവിമുദ്ര, നാലപ്പാടൻ അവാർഡ് ,കേരള സാഹിത്യ അക്കാദമി അവാർഡ്, എൻ.വി.കൃഷ്ണവാര്യർ അവാർഡ്, എസ്.ബി.ടി.അവാർഡ്,കെ.ബി മേനോൻ അവാർഡ് ഉൾപ്പടെ ധാരാളം അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സമതലം എന്നൊരു നാടക സമാഹാരവും മുല്ലനേഴിയുടെതായിട്ടുണ്ട്.
ഉപ്പ്, സ്‌നേഹവീട്, സൂഫി പറഞ്ഞ കഥ, തുടങ്ങി ഏതാനും സിനിമകളിലും ചാവേർപ്പട, അടുക്കളയിൽ നിന്നു അരങ്ങത്തേക്ക് തുടങ്ങിയ നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2011 ൽ പുറത്തിറങ്ങിയ ഇന്ത്യൻ റുപി എന്നസിനിമയ്ക്കാണ് അവസാനമായി ഗാനരചന നിർവഹിച്ചത്. അതിലെ" ഈ പുഴയും സന്ധ്യകളും "എന്നുതുടങ്ങുന്ന ഗാനം വലിയ ഹിറ്റായിരുന്നു. കേരള സംഗീത നാടക അക്കാഡമിയുടെ ഡയറക്റ്റർ ബോർഡിൽ 1980 മുതൽ 1983 വരെ പ്രവർത്തിച്ചിട്ടുണ്ട്.
"ലോകം മാറിക്കണ്ടാൽ കൊള്ളാം, അസമത്വം മാറിക്കണ്ടാൽ കൊള്ളാം" എന്ന് തന്റ് ജീവിത ദർശനത്തെ തുറന്നു കാട്ടുന്നു കവി . തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ കവി എ അയ്യപ്പന്റെ അനുസ്മരണ ചടങ്ങിൽ പങ്കെടുത്ത കവി അയ്യപ്പന്റെ അവസാന കവിതയും ചൊല്ലി പുറത്തേക്കിറങ്ങി. പിറ്റേന്ന് രാവിലെ കേൾക്കുന്നത് മുല്ലനേഴിയുടെ മരണവാർത്തയാണ്. പിറ്റേവർഷം അടുത്തടുത്ത ദിവസങ്ങളിൽ രണ്ടുകവികളുടെ ഓർമദിനമായി. ഒക്ടോബർ 21അയ്യപ്പന്റെയും 22 മുല്ലനേഴിയുടെയും.
നിരവധിസാഹിത്യ സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ മരണനന്തരചടങ്ങുകൾ ഔദ്യോഗിക ബഹുമതിയോട് കൂടി അല്ലായിരുന്നു എന്നത് ഒരു പോരായ്കയായിരുന്നു. അദ്ദേഹത്തിന്റെ പേരിൽ പുരസ്ക്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
അൽപനേരം നിൽക്കുവാനേ
കെല്പു നമുക്കുള്ളു വെന്നാൽ
അമ്മ തന്നൊരു ജീവിതം
നന്മ കൊണ്ട് പുലർത്തണം നാം
മലയാളത്തിന്റെ പ്രിയപ്പെട്ട കവിക്കു മുഖക്കുറിയുടെ പ്രണാമം.

രമ്യ ശിവൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍