Hot Posts

6/recent/ticker-posts

കെ.വി.ഹരിദാസൻ.

കെ.വി.ഹരിദാസൻ.
ആർഷഭാരതത്തിന് അതിബൃഹത്തായ ഒരു ദാർശനീക പാരമ്പര്യമുണ്ട്. വൈദികമതവുമായി ബന്ധപ്പെട്ട് രൂപംകൊണ്ട ഈ ദാർശനിക ചിന്തകൾ സാഹിത്യാദികലകളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.മനുഷ്യന്റെ കലയും ദർശനങ്ങളും രൂപപ്പെടുന്നത് അവൻ നിലനിൽക്കുന്ന സമൂഹത്തിന്റെ സാഹചര്യത്തിനനുഗുണമായാണ്. ചരിത്രത്തിലൂടെയുള്ള മനുഷ്യന്റെ ഭൗതികവും ആത്മീയവും സൗന്ദര്യപരവുമായുള്ള അന്വേഷണങ്ങൾ ശാസ്ത്രീയമായും ദർശനമായും കലയുമായൊക്കെ പരിണമിക്കുന്നു. അതുകൊണ്ടുതന്നെ വേർതിരിച്ചെടുക്കാനാവാത്ത വിധത്തിൽ മനുഷ്യനിർമ്മിതികളായ കലയും, അവന്റെ ചിന്തകളിൽ ഉൽപന്നമാകുന്ന തത്വവിചാരങ്ങളും ഇഴചേർന്നിരിക്കുന്നു. ഓരോ കാലഘട്ടത്തിലും നവീനമായ ചിന്താധാരകളാൽ സാഹിത്യവും ചിത്രകലയും ഉൾപ്പടെയുള്ള കലാരൂപങ്ങൾ സമ്പന്നമാവുകയും ചെയ്യുന്നു. താന്ത്രിക ദർശനവും അവയെ ആവിഷ്ക്കരിക്കുന്ന താന്ത്രിക ചിത്രകലയും ഭാരതീയ തത്വചിന്തയുടെ ഭാഗമാണെന്നു പറയാം.
സാധാരണ വർണ്ണങ്ങളെ ഉപേക്ഷിച്ച് മാനസീക ഭാവത്തെ പ്രതിനിധീകരിക്കുന്ന വർണ്ണങ്ങൾ ചിത്രകാരൻ ഉപയോഗിക്കുന്നു. താന്ത്രികമതത്തിൽ പഞ്ചഭൂതങ്ങൾക്ക് ഇപ്രകാരമുള്ള നിറങ്ങൾ കൽപിച്ചിരിക്കുന്നു . അഗ്നി-ചുവപ്പ്, ആകാശം - പച്ച, ഭൂമി - മഞ്ഞ, വായു - നീല, ജലം - വെള്ള എന്നിങ്ങനെ. താന്ത്രികാരാധനയിൽ കാളിയെ കറുപ്പുനിറം കൊണ്ടാണ് സൂചിപ്പിയ്ക്കുന്നത്. കറുപ്പ് മൃത്യു സൂചകവുമാണ്. ഇരുട്ടും വെളിച്ചവും മാറി മാറി പ്രയോഗിക്കുന്നു. മാത്രമല്ല, ചിത്രങ്ങൾക്ക് യന്ത്രങ്ങളുടെ പേരുതന്നെ നൽകുവാനും ചിത്രകാരന്മാർ ശ്രമിച്ചു. ബീജയന്ത്രം, ബ്രഹ്മസൂത്രം, സുദർശനയന്ത്രം എന്നിങ്ങനെ. ഓരോ ചിഹ്നത്തിനും അവ പ്രതിനിധാനം ചെയ്യുന്ന ദാർശനികമായ ചിന്താപദ്ധതികളുണ്ട്. ഇവ ചിരപരിചിതമായ രൂപ വ്യവസ്ഥയോടും യഥാർത്ഥ്യവൽക്കരണത്തോടുമുള്ള പ്രതിഷേധമായാണ് ചിത്രകലയിൽ പ്രത്യക്ഷപ്പെടുന്നത്. ആധുനിക ചിത്രകാരന്മാരിൽ താന്ത്രിക് ചിത്രസങ്കേതം ഉപയോഗിച്ച് രചനകൾ നടത്തിയ പ്രശസ്ത ചിത്രകാരനായിരുന്നു ശ്രീ കെ.വി.ഹരിദാസൻ.
താന്ത്രിക് സങ്കൽപങ്ങൾ മൂലാധാരമാക്കിയ ചിത്രകാരൻ . "നിയോതാന്ത്രിക്" എന്ന പുതിയ ചിത്രഭാഷയുടെ ഏറ്റവും പ്രമുഖനായ പ്രയോക്താവ് .നിയോ - താന്ത്രിക് ശൈലിയിൽമാത്രം തന്റെ സർഗ്ഗസൃഷ്ടികളെ വരയ്ക്കുന്ന ചിത്രകാരൻ . ബിംബങ്ങളും രൂപങ്ങളും തനതായ നിറച്ചാർത്തുകളിലൂടെ ചിത്രതലത്തിൽ ആവിഷ്കരിച്ച് തനതായ ഒരു ചിത്രരചനാശൈലി ചിത്രകലയിൽ അവതരിപ്പിച്ച ചിത്രകാരൻ .
ജീവിതചര്യയും ചിന്തകളും സർഗ്ഗാത്മ പ്രവർത്തനവും സമന്വയിപ്പിച്ച് സൃഷ്ടികളിൽ അങ്ങേയറ്റം ആത്മാർത്ഥതപുലർത്തി, യോഗനിഷ്ഠയോടെയുള്ള ചര്യകളും ദർശനങ്ങളും തന്റെ രചനകളിൽ പ്രതിഫലിപ്പിച്ച ചിത്രകാരൻ കെ.വി.ഹരിദാസൻ ഒട്ടേറെ വിശേഷണങ്ങൾക്കുടമയാണ്.
പാശ്ചാത്യ ചിത്രകല വളർന്നു പന്തലിച്ച കാലത്താണ് ഇന്ത്യൻ ദേശീയതയുടെ കലാപാരമ്പര്യവുമായി ഹരിദാസൻ എന്ന ചിത്രകാരൻ ചിത്രകലയുടെ ലോകത്തേയ്ക്ക് വരവറിയിക്കുന്നത്. അനുഷ്ഠാനങ്ങളിൽ നിന്ന് സ്വാംശീകരിച്ചെടുത്ത രൂപകങ്ങളെ സ്വന്തം ശൈലിയിൽ വരച്ചിടുകയായിരുന്നു ഹരിദാസൻ. രേഖകളിലും, നിറച്ചാർത്തുകളിലും ഇന്ത്യൻ പാരമ്പര്യം അന്വേഷിച്ചു നടക്കുകയായിരുന്നു അദ്ദേഹം.
താന്ത്രിക് ചിത്രങ്ങളെ അവയുമായി ബന്ധിച്ചുള്ള അനുഷ്ഠാനങ്ങളിൽനിന്ന് അടർത്തിമാറ്റി വരഞ്ഞെടുത്ത രൂപങ്ങളിൽ ഹരിദാസൻ ആത്മാവും സർഗ്ഗാത്മശരീരവും അർപ്പിച്ചു. ആ ധ്യാനാത്മക തപസ്യയിൽ നിന്നാണ് "ബ്രഹ്മസൂത്രം" പോലുള്ള രചനാ പരമ്പര ഉരുത്തിരിഞ്ഞു വന്നത്. ബ്രഹ്മസൂത്രയിൽ കടഞ്ഞെടുത്ത താന്ത്രിക രൂപമാണ് ഹരിദാസനെ പ്രശസ്തനാക്കിയത്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ എല്ലാംതന്നെ ബ്രഹ്മസൂത്ര ചിത്രപരമ്പരയിൽ ഉൾച്ചേർത്തു എന്നുതന്നെ പറയാം. സാധാരണ ചിത്രകലാസ്വാദകർക്ക് ഏറെ അമ്പരപ്പ് ഉളവാക്കുന്ന ഒരു സർഗ്ഗസപര്യയായിരുന്നു അദ്ദേഹത്തിന്റെ രചനാശൈലി. വർണ്ണ - രേഖാ വിന്യാസത്തിലെ ഇഴഗുണം ഹരിദാസന്റെ ചിത്രങ്ങളിൽ വ്യത്യസ്തതല വ്യാപ്തിയും, താളബോധവും ഉളവാക്കുന്നുണ്ട്.
കണ്ണൂർ ജില്ലയിലെ കീച്ചേരിയിൽ നാരായണമേനോൻ - മാധവിയമ്മ ദമ്പതികളുടെ മകനായി 1937-ലാണ് ഹരിദാസൻ ജനിച്ചത്. ജനിച്ചു വളർന്ന ഗ്രാമത്തിലെ ക്ഷേത്രങ്ങളും ആചാരാനുഷ്ഠാനങ്ങളും ബാല്യത്തിൽ തന്നെ അദ്ദേഹത്തിന്റെ സർഗ്ഗ ഭാവനയെ ഉണർത്തിയിരുന്നു. ശോഭയാർന്ന ഉത്സവങ്ങളും തെയ്യങ്ങളുടെ നിറങ്ങളും കളമെഴുത്തിൽ തെളിയുന്ന വർണ്ണവിസ്മയങ്ങളും അദ്ദേഹത്തിന്റെ ഭാവനയെ വളർത്തി.
തലശ്ശേരി ബ്രണ്ണൻ കോളേജിലും മദ്രാസ് പ്രസിഡൻസി കോളേജിലുമായിരുന്നു പഠനം. പ്രസിഡൻസി കോളേജിൽ നിന്ന് മനശ്ശാസ്ത്രത്തിൽ ബിരുദവും നേടി.
പിന്നീട് മദ്രാസ് സ്കൂൾ ഓഫ് ആർട്സ് ആൻറ് ക്രാഫ്റ്റ്സിൽ നിന്ന് പെയ്ന്റിംഗിൽ ഡിപ്ളോമ കരസ്ഥമാക്കി. പ്രശസ്ത ചിത്രകാരനായിരുന്ന കെ.സി.എസ് പണിക്കരുടെ ശിഷ്യനായിരുന്ന ഹരിദാസൻ, പണിക്കർ ആവിഷ്ക്കരിച്ച ചിത്രഭാഷയും സങ്കേതവും ദർശനവും ഹരിദാസനിലെ കലാകാരനെ വാർത്തെടുക്കുന്നതിൽ വളരെയേറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
1964-ൽ ഡൽഹിയിൽ നടന്ന ദേശീയ കലാപ്രദർശനത്തിൽ പങ്കെടുത്ത് ഇന്ത്യയുടെ ചിത്രകലാരംഗത്തേയ്ക്ക് പ്രവേശിച്ച ഹരിദാസൻ, കഴിഞ്ഞ അഞ്ചു വ്യാഴവട്ടക്കാലമായി ഭാരതീയ നിയോ - താന്ത്രിക് ധാരയിലെ വ്യതിരക്തമായ വ്യക്തിത്വമായിരുന്നു. സ്വന്തം ശൈലിയിൽ തുടങ്ങിയ ചിത്രരചന പിന്നീട് താന്ത്രിക ശൈലിയിലേയ്ക്കു വഴിമാറി പാരമ്പര്യം കണ്ടെത്തുന്ന മാർഗ്ഗമാണ് ഹരിദാസൻ സ്വീകരിച്ചത്. ബാല്യകാലത്ത് പരിചയിച്ച കേരളീയ അനുഷ്ഠാനകലാബോധവും ബിരുദപഠനകാലത്തെ മനശ്ശാസ്ത്രപഠനവും താന്ത്രിക രീതിയിൽ ചിത്രരചനാശൈലിയെ രൂപപ്പെടുത്താൻ ഏറെ സഹായകമായിട്ടുണ്ട്.
പാരമ്പര്യത്തിന്റെ തനതു പുനരാഖ്യാനശൈലി ചിത്രലോകം ഏറ്റെടുത്തതോടെ താന്ത്രിക ചിത്രരചനാശൈലി ഹരിദാസനുമുന്നിൽ വിശാലമായ ലോകം സൃഷ്ടിച്ചു. അതിനുശേഷമാണ് 1976-ൽ ബ്രഹ്മസൂത്ര പോലുള്ള മഹത്തായ ചിത്രരചനാ പരമ്പര രൂപപ്പെടുന്നത്. ശങ്കരാചാര്യരുടെ സൗന്ദര്യലഹരി പോലുള്ള മഹത്തരമായ രചനകൾക്ക് ആഖ്യാനം സൃഷ്ടിക്കുന്നതും ഈ കാലയളവിലാണ്.
1980 മുതൽ തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്ട്സിൽ പെയിന്റിംഗ് വിഭാഗം പ്രൊഫസറായി അദ്ദേഹം അദ്ധ്യാപക ജീവിതം ആരംഭിച്ചു. പിന്നീട് ഈ സ്ഥാപനത്തിന്റെ പ്രിൻസിപ്പലുമായി. തിരുവനന്തപുരം കോളേജ് ഓഫ്ഫൈൻ ആർട്ട്സിൽനിന്നു വിരമിച്ച ശേഷം ചെന്നൈ ചോളമണ്ഡലം കലാഗ്രാമം കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിച്ചു. കലാഗ്രാമത്തിന്റെ സ്ഥാപക സംഘാംഗവുമായിരുന്നു ഹരിദാസൻ.
കേന്ദ്ര സാംസ്ക്കാരിക വകുപ്പിന്റെ സീനിയർ ഫെല്ലോഷിപ്പ്, കേരള ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ്, 2013ലെ കേരള സംസ്ഥാന സർക്കാരിന്റെ "രാജാ രവിവർമ്മ പുരസ്ക്കാരം" തുടങ്ങിയവ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. നോക്കുകുത്തി എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചു.
ഒട്ടേറെ അന്താരാഷ്ട്ര ബിനാലെകളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. യന്ത്ര, ബ്രഹ്മസൂത്രം ചിത്രപരമ്പരകൾ ഏറെ ശ്രദ്ധേയമായിരുന്നു. അമേരിക്കയിലും ജർമ്മനിയിലും സംഘടിപ്പിച്ച അന്താരാഷ്ട്ര നിയോ - താന്ത്രിക് പ്രദർശനങ്ങളിലും അദ്ദേഹം ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
താന്ത്രികദർശനങ്ങളെ വർത്തമാന യാഥാർത്ഥ്യത്തിലേയ്ക്ക് ആനയിച്ച് ഏറ്റവും നിർവ്യാജമായും നിഷ്ഠയോടെയും അവതരിപ്പിച്ച ചിത്രകാരൻ ശ്രീ.കെ.വി.ഹരിദാസൻ 2014 ഒക്ടോബർ 26-ന് ചെന്നൈയിൽ അന്തരിച്ചു. രാജാ രവിവർമ്മ പുരസ്ക്കാരം ഏറ്റുവാങ്ങുംമുന്നേയായിരുന്നു അദ്ദേഹത്തിന്റെ ഈ യാത്രപറച്ചിൽ. ചിത്രകലയിൽ തനതായ ഒരു ശൈലി രൂപപ്പെടുത്തിയ നിയോ - താന്ത്രിക് ധാരയിലെ വേറിട്ട വ്യക്തിത്വമായ ഗുരുസ്ഥാനീയനായ ശ്രീ.കെ.വി.ഹരിദാസന് ആദരവോടെ പ്രണാമം.

മോഹനൻ. ജി .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍