1929, ഒക്ടോബർ 11ന് കോഴിക്കോട് ജില്ലയിലെ തെക്കേപ്പുറത്ത് കച്ചിനാംതൊടുകപുരയിൽ ജനിച്ച ഉമ്മർ യാദൃച്ഛികമായി അഭിനയത്തിലേക്കെത്തുകയായിരുന്നു.
കെ ടി മുഹമ്മദിന്റെ നാടകങ്ങളിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച ഉമ്മർ പിന്നീട് കെ.പി.എ.സി യിലെ തിരക്കുള്ള നായകനായി മാറുകയായിരുന്നു.സ്ത്രീ വേഷത്തിൽ 'ആരാണപരാധി' എന്ന നാടകത്തിലാണ് അദ്ദേഹം ആദ്യമായി അഭിനയിച്ചത്. പിന്നീട് കെ.ടി യുടെ തന്നെ ഒരുപിടി നാടകങ്ങളിലൂടെ അഭിനയത്തിൽ സജീവമായ കെ പി ഉമ്മർ എന്ന നടൻ നാടകപ്രേമികളുടെ ഇടയിൽ ആവേശമായി. തുടർന്ന് വെള്ളിത്തിരയിൽ അരങ്ങേറുവാനുള്ള അവസരവുമുണ്ടായി.
കെ.ടി യുടെ 'ഇത് ഭൂമിയാണ്' എന്നതിലെ തൊണ്ണൂറുകാരൻ ഹാജിയാരുടെ വേഷം ചെയ്യുമ്പോൾ ഉമ്മറിന്റെ പ്രായം വെറും പതിനേഴ് വയസ്സ് ആയിരുന്നു.
ഭാസ്‌ക്കരൻ മാഷിന്റെ 1956 ലെ 'രാരിച്ചൻ എന്ന പൗരനിലൂടെ' യാണ് സിനിമയിലെത്തിയതെങ്കിലും ആദ്യകാലങ്ങളിൽ അഭിനയിച്ച സിനിമകൾ ശ്രദ്ധിക്കപ്പെടാതെ പോയത് കൊണ്ട് വീണ്ടും നാടകത്തിൽ സജീവമായി.1965 ൽ എം ടിയുടെ 'മുറപ്പെണ്ണ് 'എന്ന സിനിമയിലൂടെയാണ് വീണ്ടും ഉമ്മറിന്റെ ചലച്ചിത്രലോകത്തേക്കുള്ള തിരിച്ചുവരവ്. മുറപ്പെണ്ണിലെ അഭിനയത്തിന് അദ്ദേഹത്തിന് സംസ്ഥാന അവാര്ഡും ലഭിച്ചു.
ഉമ്മറിന്റ അഭിനയജീവിതത്തിലെ വ്യത്യസ്ത വേഷങ്ങളായ
സുജാതയിലെ കർക്കശക്കാരന്റെ അഭിനയവും കരുണയിലെ ബുദ്ധഭിക്ഷു ഉപഗുപ്തൻ , മരത്തിലെ പുയ്യാപ്ള എന്ന കഥാപാത്രങ്ങളുൾപ്പെടെ വടക്കൻപാട്ട് സിനിമകളിലെ ക്രൂരകഥാപാത്രങ്ങളും മലയാള സിനിമലോകത്തിന് എന്നും മറക്കാനാവാത്തതാണ്. നഗരമേ നന്ദിയിലെ അഭിനയം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഐ വി ശശിയുടെ ഉത്സവത്തിലൂടെ വില്ലൻ കഥാപാത്രം എന്ന ലേബലിൽ നിന്നും ഉമ്മർ പ്രധാന വേഷത്തിലേക്കും മാറുകയായിരുന്നു.
1965 മുതൽ 1995 വരെ മലയാളചലച്ചിത്രങ്ങളിൽ വ്യത്യസ്ത വേഷങ്ങളിൽ തന്റെതായ ശൈലിയിൽ അഭിനയം കാഴ്ച വെച്ച മലയാളികൾക്ക് പ്രിയങ്കരനായ താരം നാലുപതിറ്റാണ്ടോളം സിനിമയിൽ നിറഞ്ഞു നിന്നു . ഇക്കാലയളവിൽ മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.
ഭാര്യമാർ സൂക്ഷിക്കുക, മരം, തെറ്റ്, കണ്ണൂർ ഡീലക്സ്, സി.ഐ.ഡി നസീർ, അർഹത, ആലിബാബയും 41 കള്ളൻമാരും, ഓർക്കാപ്പുറത്ത്, ശാലിനി എന്റെ കൂട്ടുകാരി, മാന്നാർ മത്തായി സ്പീക്കിംഗ് എന്നിവയിലെ അഭിനയം ശ്രദ്ധേയമാണ്. 1998 ൽ പുറത്തിറങ്ങിയ ഹരികൃഷ്ണൻസ് ആയിരുന്നു ഉമ്മറിന്റെ അവസാന ചിത്രം.
സംഗീത നാടക അക്കാദമി അവാർഡ്, തിക്കോടിയൻ അവാർഡ് എന്നീ ബഹുമതികളും ഉമ്മറിനെ തേടിയെത്തി.
1929, ഒക്ടോബർ 11ന് ജനിച്ച ഉമ്മർ എന്ന കോഴിക്കോട്ടുക്കാരൻ ഫുട്‌ബോളിനോടും കമ്പമുണ്ടായിരുന്നു. മത്സരങ്ങളിലൊക്കെ തിളങ്ങിയ ഒരു ഫുട്ബോൾ കളിക്കാരൻ കൂടിയായിരുന്നു ഇദ്ദേഹം.
ദീർഘകാലം മലയാള സിനിമയിൽ തിളങ്ങിയ സുന്ദരനായ വില്ലൻ 2001,ഒക്ടോബർ 29 ന് അന്തരിച്ചു. ആ അതുല്യ നടന് മുഖക്കുറിയുടെ പ്രണാമം...
0 അഭിപ്രായങ്ങള്‍