Hot Posts

6/recent/ticker-posts

കിത്തൂർ റാണി ചെന്നമ്മ.

കിത്തൂർ റാണി ചെന്നമ്മ.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത പെൺ കരുത്തുകളിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന ഒരു ധീര വനിതയാണ് ഇന്ന് മുഖക്കുറിയിൽ എത്തുന്നത്. സ്വാതന്ത്ര്യ സമരത്തിൽ രൂക്ഷമായ പോരാട്ടം നടത്തിയ ജാൻസി റാണി, ബീഗം ഹസ്രത് മഹൽ, റാണി തേജ് പാൽ, രാംഗൺ റാണി എന്നിവർക്കൊക്കെ മീതെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര പോരാട്ട ചരിത്രങ്ങളിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തിയ നാമം.....കിത്തൂർ റാണിചെന്നമ്മ.... ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പ്രതീകമായി അറിയപ്പെടുന്നു കിത്തൂർ റാണി ചെന്നമ്മ....

ബ്രിട്ടീഷ് സൈന്യപോരാളികളെ ധൈര്യസമേതം തന്റെ ചെറു സൈന്യവുമായി നേരിട്ട് പരാജയപ്പെടുത്തി അവരുടെ പടനായകനെ മൃത്യുവിന് ഇരയാക്കി, അവസാനം ബ്രിട്ടീഷ് സൈന്യത്തിന്റെ ചതിക്കിരയായ കിത്തൂർ റാണി ചെന്നമ്മക്ക് ആദ്യം തന്നെ ഒരു ബിഗ് സല്യൂട്ട് അർപ്പിക്കുന്നു....
നാട്ടുരാജ്യങ്ങൾ പിടിച്ചെടുക്കാനുള്ള ബ്രിട്ടീഷ് സൈന്യത്തിന്റെ നീക്കമായിരുന്ന ദത്തപഹാരനയത്തിന് ( Doctrine of Lapse ) എതിരെയാണ് റാണി ചെന്നമ്മ പൊരുതിയത്. സ്വാഭാവിക പിൻതുടർച്ച അവകാശി ഇല്ലെങ്കിൽ ആ നാട്ടുരാജ്യം ബ്രിട്ടീഷ് ഇന്ത്യയോട് ചേർക്കുമെന്ന പ്രഖ്യാപനമാണ് ദത്തപഹാര നയം.
രണ്ട് നൂറ്റാണ്ടുകൾക്കപ്പുറം ജീവിച്ചിരുന്ന ധീരയായ കർണാടകയിലെ കിത്തൂർ എന്ന നാട്ടുരാജ്യത്തിന്റെ റാണിയായ ചെന്നമ്മ എന്ന ആ സ്ത്രീ രത്നത്തിന്റെ ജീവിതത്തിലേക്ക് നമുക്കൊന്ന് കടന്ന് ചെല്ലാം.....
ഇന്ന് ഒക്ടോബർ 23....
കിത്തൂർ റാണി ചെന്നമ്മയുടെ 234 ആം ജന്മദിനമാണ്.
കർണാടകയിൽ ബളഗവി ജില്ലയിൽ കാകതി ഗ്രാമത്തിൽ ജനനം. ചെറു പ്രായത്തിൽ തന്നെ കുതിര സവാരിയും ആയോധന കലകളും സ്വായത്തമാക്കി. 15 ആം വയസ്സിൽ കിത്തൂർ രാജാവ് മല്ലസർജ ദേശായിയുടെ വധുവായി.
1861 ൽ ഭർത്താവും 1824 ൽ ഏകമകനും ചെന്നമ്മയെ ഒറ്റക്കാക്കി മടങ്ങി വരാത്ത ലോകത്തേക്ക് യാത്രയായി. ചെന്നമ്മ കിത്തൂരിന്റെ ഭരണം ഏറ്റെടുത്തു കിത്തൂർ റാണിയായി.
കിത്തൂരിന്റെ അനന്തര അവകാശിയായി ശിവലിംഗപ്പ എന്ന കുട്ടിയെ റാണി ചെന്നമ്മ ദത്തെടുത്തു. ഇത്‌ ബ്രിട്ടീഷ്കാർ അംഗീകരിച്ചില്ല. ഇതേ തുടർന്ന് അന്നത്തെ ബോംബെ ഗവർണർ മൗണ്ട് സ്റ്റുവേർട്ട് എൽഫിൻസ്റ്റണ്‌ ചെന്നമ്മ തന്റെ ദത്തുപുത്രനായ ശിവലിംഗപ്പയെ കിത്തൂരിന്റെ ഭരണാധികാരിയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു നിവേദനം നൽകി. സ്വാഭാവികമായും അത് നിരസിക്കപ്പെട്ടു. മദ്രാസ് സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ജോൺ താക്കറേ യും കമ്മീഷണറും നൽകിയ അന്ത്യശാസനം ചെന്നമ്മ തള്ളിക്കളഞ്ഞു.
പതറാതെ, തോറ്റു പിന്മാറാതെ തന്റെ ചെറു സൈന്യത്തെ മുൻനിർത്തി ബ്രിട്ടീഷ് സേനയോട് പൊരുതാൻ അവർ തീരുമാനിച്ചു. അതാണ്‌ ധീരമായ സ്ത്രീയുടെ നിശ്ചയദാർഢ്യം. അതിനെയാണ് നാം ആദരിക്കേണ്ടത്.
കുപ്പിതനായ താക്കറെ കിത്തൂർ പിടിച്ചെടുക്കാനായി 1824 ഒക്ടോബർ 21 ന് ചിറ്റൂർ കോട്ടയിലേക്ക് തിരിച്ചു. റാണി ചെന്നമ്മയുടെ അവിശ്വസനീയമായ ചെറുത്തുനിൽപ്പിൽ, തിരിച്ചടിയിൽ താക്കറേക്ക് നഷ്ടപ്പെട്ടത് സ്വന്തം ജീവൻ.
രണ്ട് ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ ബന്ദികളാക്കി തടവിലിട്ടു റാണി ചെന്നമ്മ. അതാണ്‌ പെണ്ണിന്റെ തന്റേടം...തടവിലാക്കിയ ഉദ്യോഗസ്ഥരെ സ്വതന്ത്രരാക്കാൻ ചെന്നമ്മ രണ്ട് നിബന്ധനകൾ മുന്നോട്ട് വച്ചു. ഒന്ന് ബ്രിട്ടീഷ് സൈന്യം യുദ്ധത്തിൽ നിന്നും പിന്മാറണം. രണ്ട്...ശിവലിംഗപ്പയെ കിത്തൂർ ഭരിക്കാൻ അനുവദിക്കണം. കമ്മീഷണർ ചാപ്ലിൻ ഈ ആവശ്യങ്ങൾ അംഗീകരിക്കാൻ നിർബന്ധിതനായി. അതും റാണി ചെന്നമ്മയുടെ ചരിത്ര വിജയമായി കണക്കാക്കപ്പെടുന്നു.
കച്ചവടത്തിന് ഭാരതത്തിൽ വന്ന് ഇവിടെ ആധിപത്യം ഉറപ്പിച്ച ബ്രിട്ടീഷ്കാർക്ക് എന്ത് നേരും നെറിയും... ബന്ദികളെ രണ്ട് പേരെയും റാണി മോചപ്പിച്ചു. ചാപ്ലിന്റെ വാക്കുകൾ വിശ്വസിക്കാൻ റാണി ചെന്നമ്മയെ പ്രേരിപ്പിച്ച ആ ചേതോവികാരം ഒരുപക്ഷെ ഏറ്റുമുട്ടലിൽ ലഭിച്ച വിജയ ലഹരി ആയിരിക്കാം. ശത്രുവിന് രണ്ടാമത് അവസരം കൊടുക്കരുത് എന്നാണ്... ആധുനിക പടക്കോപ്പുകളുള്ള ബ്രിട്ടീഷ് സൈന്യത്തോട് ഒരു നാട്ടുരാജ്യത്തിന് എത്രനാൾ പിടിച്ച് നിൽക്കുവാൻ കഴിയും.
വാക്ക് പാലിക്കാതെ ചാപ്ലിൻ കൂടുതൽ സൈന്യവുമായെത്തി കിത്തൂരിനെ ആക്രമിച്ചു. യുദ്ധത്തിന്റെ ഈ രണ്ടാം ഘട്ടത്തിലും വിജയം ചെന്നമ്മക്ക് ഒപ്പമായിരുന്നു. ഷോളാപൂർ സബ്കളക്ട്ടർ മുൻറോ വധിക്കപ്പെട്ടു. ഒരു ചെറിയ ഭരണാധികാരി ഏൽപ്പിച്ച പ്രഹരം ബ്രിട്ടീഷുകാർക്ക് സഹിക്കാവുന്നതിലും അപ്പുറത്തുള്ള അപമാനമായിരുന്നു . പ്രതികാര ചിത്തരായ ബ്രിട്ടീഷ് സൈന്യം കൂടുതൽ സൈന്യവുമായെത്തി കിത്തൂർ ആക്രമിച്ചു. റാണി ചെന്നമ്മയെ പരാജയപ്പെടുത്തി ബെയ്ഹൊങ്കൽ കോട്ടയിൽ തടവിലാക്കി. റാണി തടവിലാക്കപ്പെട്ടെങ്കിലും അവരുടെ സൈന്യാധിപൻ സങ്കോളി റായണ്ണ 1829 വരെ ബ്രിട്ടീഷ് സൈന്യവുമായി ഗറില്ലാ യുദ്ധം തുടർന്നു. പിടിക്കപ്പെട്ട രായണ്ണയെ ബ്രിട്ടീഷ് പട്ടാളം തൂക്കിലേറ്റി. ആ തടവറയിൽ 1829 ഫെബ്രുവരി 21 ന് കിത്തൂർ റാണി ചെന്നമ്മ എന്ന ഇതിഹാസം 50 ആം വയസ്സിൽ ദിവംഗതയായി.
2007 സെപ്റ്റംബർ 11 ന് ന്യൂഡൽഹി പാർലമെന്റ് മന്ദിര വളപ്പിൽ റാണി ചെന്നമ്മയുടെ പ്രതിമ അന്നത്തെ പ്രസിഡന്റ് പ്രതിഭ പാട്ടീൽ അനാച്ഛാദനം ചെയ്തു . ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടിയ ഭാരതത്തിലെ ആദ്യകാല ഭരണാധികാരി ആയിരുന്ന ധീരയായ റാണിക്കുള്ള ഉചിതമായ സ്മാരകം...
1977ഒക്ടോബർ 23ന് റാണി ചെന്നമ്മയുടെ സ്മരണാർത്ഥം ഇന്ത്യൻ ഗവണ്മെന്റ് സ്റ്റാമ്പ്‌ പുറത്തിറക്കി.
കരുത്തുറ്റ ബ്രിട്ടീഷ് സൈന്യത്തോട് വിജയിക്കാൻ സാധിച്ചില്ലെങ്കിലും ഭയചകിത ആകാതെ പോരാടിയ റാണി ചെന്നമ്മ സ്വാതന്ത്ര്യ സമരത്തിന്റെ സ്ത്രീമുഖമായി മാറി. ബ്രിട്ടീഷ് സൈന്യത്തെ വിറപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യ
സമരത്തിലെ ഉരുക്ക് വനിതയ്ക്ക് നീലാംബരീയം മുഖക്കുറിയുടെ പ്രണാമം
ആദരവോടെ...
ജയ് ഹിന്ദ്....

രേണുക സുരേഷ്


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

2 അഭിപ്രായങ്ങള്‍