Hot Posts

6/recent/ticker-posts

ചെറുകാട്.

ചെറുകാട്.
പുരോഗമന സാഹിത്യ പ്രസ്ഥാനത്തിൻ്റെ ആദ്യകാല നേതാക്കളിലൊരാൾ ആയിരുന്നു ചെറുകാട്. "സമൂഹത്തിൻ്റെ പുരോഗതിയെ ത്വരിതപ്പെടുത്തുന്നതാകണം സാഹിത്യരചന " എന്നു വിശ്വാസ പ്രമാണമായി കരുതിയ സാഹിത്യ ശിൽപ്പി, അതായിരുന്നു ചെറുകാട്. അദ്ദേഹത്തിൻ്റെ ജീവിതവഴികളിലേക്ക് ഒന്നു കടന്നു നോക്കാം.
മലയാള സാഹിത്യ വിഹായസ്സിൽ ചെറുകാട് എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ഗോവിന്ദപിഷാരടി 1914 ഓഗസ്റ്റ് 26 ന് പെരിന്തൽമണ്ണ താലൂക്കിലെ ചെമ്മലശ്ശേരിയിൽ ചെറുകാട് പിഷാരത്ത് കരുണാകര പിഷാരടിയുടേയും നാരയണി പിഷാരസിയാരുടേയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷവും അദ്ദേഹം സ്വപ്രയത്നത്താൽ പ0നം തുടർന്നു. പ്രൈവറ്റായി മലയാളം വിദ്വാൻ പരീക്ഷ പാസായി. പ്രൈമറി അദ്ധ്യാപകനായാണ് തൻ്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് പാവറട്ടി കോളജിലും ഗവ.സംസ്കൃത കോളജ് പട്ടാമ്പിയിലും അദ്ധ്യാപകനായി ജോലി നോക്കി.
കാരണവരുടെ നിർദ്ദയമായ പെരുമാറ്റവും കർക്കശമായ കുടുംബ ഭരണവും കാരണം വീട്ടിലുള്ളവർക്കെല്ലാം നേരിടേണ്ടിവരുന്ന കഷ്ടപ്പാടുകളിൽ മനംനൊന്തു ചെറുകാട് ഉള്ളിലുറപ്പിച്ചു,"കാരണവരെ മുട്ടുകുത്തിക്കണം, കുടുംബത്തെ എങ്ങിനെ എങ്കിലും രക്ഷിക്കണം." ജീവിതവും ചുറ്റുപാടുകളുമാണ് അദ്ദേഹത്തെ വിപ്ലവാത്മകതയിലേക്ക് നയിച്ചതെന്നു പറയാം. എതിർപ്പുകൾ അവഗണിച്ചു ആഗ്രഹിച്ച പെണ്ണിനെ ജീവിത സഖിയാക്കിയപ്പോഴും അദ്ദേഹത്തിലെ വിപ്ലവ ബോധം വിജയിച്ചു.
പകൽ മലയാളം പ്രഫസറും രാത്രി കമ്യൂണിസ്റ്റുകാരനുമായി അദ്ദേഹം ചാവക്കാട് ഫർക്കയുടെ മുക്കിലും മൂലയിലും നെയ്ത്തുകാരൻ നൂൽ ഓട്ടുന്നതു പോലെ ഓടി നടന്നു പ്രവർത്തിച്ചു. പാർട്ടിയുടെ പ്രചരണത്തിനായ് പാഠകം ,നാടകം, തുള്ളൽ ഇവ എഴുതി പലയിടത്തും അവതരിപ്പിച്ചു.
1948 ൽ മക്കരപറമ്പ് ജാഥക്കേസിൽ ഒളിവിൽ പോയ ചെറുകാട് അറസ്റ്റിലായി 3 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചു. തന്നെ പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ ഭാര്യയെ പിടിച്ചു കൊണ്ടു പോകുമെന്ന അവസ്ഥയിലായപ്പോൾ അദ്ദേഹം സ്വയം കീഴടങ്ങുകയായിരുന്നു.
നോവലുകൾ ,നാടകങ്ങൾ, ചെറുകഥകൾ, കവിതകൾ ഇവയെല്ലാം തന്നെ അദ്ദേഹത്തിൻ്റെ തൂലികയിൽ വിരിഞ്ഞിട്ടുണ്ട്. ഞാനൊരമ്പലവാസിയാണ് എന്നു പറഞ്ഞാണ് ചെറുകാടിൻ്റെ ആത്മകഥയായ "ജീവിതപ്പാത " ആരംഭിക്കുന്നത്. മരുമക്കത്തായ സമ്പ്രദായം അദ്ദേഹത്തിൻ്റെ ജീവിതവഴിയിൽ സൃഷ്ടിക്കുന്ന പ്രതിബന്ധങ്ങളും അവ തരണം ചെയ്യാനുള്ള പോരാട്ടങ്ങളുമാണ് ഇതിൻ്റെ അടിയൊഴുക്ക്. ജീവിതത്തിൻ്റെ വളരെ കഠിനമായ നിമിഷങ്ങളെപ്പോലും ലാഘവത്തോടെ, ലാളിത്യത്തോടെ അനുവാചകനു മുന്നിൽ അദ്ദേഹം കാഴ്ചവെക്കുന്നു. ബ്രാഹ്മണ സമുദായത്തിൽ തന്നെ കീഴ്ത്തട്ടിൽ ഉള്ളവർ അനുഭവിക്കുന്ന ദുരിതങ്ങളും അവഗണനയും തൻ്റെ കൃതിയിൽ വ്യക്തമാക്കുന്നുണ്ട്. അവതാരിക എഴുതിയത് ശ്രീ ഇ എം.എസ്.നമ്പൂതിരിപ്പാടാണ്. 1975 ൽ സാഹിത്യ അക്കാദമി പുരസ്ക്കാരവും 77 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും "ജീവിതപ്പാത " കരസ്ഥമാക്കിയിട്ടുണ്ട്.
മണ്ണിനെ അറിഞ്ഞു കൊണ്ടു തന്നെ സാഹിത്യരചന നടത്തി എന്നതാണ് ഇതിൻ്റെ സവിശേഷത. മലങ്കാടൻ എന്ന പേരിൽ അദ്ദേഹം ധാരാളം ഹാസ്യ കൃതികളും രചിച്ചിട്ടുണ്ട്. ജീവിതപ്പാത, തറവാടിത്തം, മുത്തശ്ശി, മനുഷ്യബന്ധങ്ങൾ, ചെറുകാടിൻ്റെ ചെറുകഥകൾ, മനുഷ്യഹൃദയങ്ങൾ, ജന്മഭൂമി, ദേവലോകം, മണ്ണിൻ്റെ മാറിൽ, തുടങ്ങിയവ ഒട്ടേറെ കൃതികളിൽ ചിലതു മാത്രം.
ഇന്നു അറിയപ്പെടുന്ന എഴുത്തുകാരനായ കെ.പി.മോഹനൻ അദ്ദേഹത്തിൻ്റെ മകനാണ്. ചെറുകാടിൻ്റെ സ്മരണക്കായി പെരിന്തൽമണ്ണയിലെ ചെറുകാട് സ്മാരക ട്രസ്റ്റ് എല്ലാ വർഷവും സാഹിത്യ പുരസ്കാരം നൽകി വരുന്നുണ്ട്.
1976 ഒക്ടോബർ 28 നു അദ്ദേഹം ഈ ലോകത്തോട് വിടവാങ്ങി. ആദർശം കായ്ക്കുന്ന വിപ്ലവ സൂര്യനായ ചെറുകാടിൻ്റെ ദീപ്തസ്മരണകൾക്കു മുന്നിൽ ആദരവോടെ ആദരാഞ്ജലികൾ.

കെ.കോമളവല്ലി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

1 അഭിപ്രായങ്ങള്‍