ന്യൂഡൽഹി @ നാലുവർഷത്തെ പ്രയത്നത്തിനൊടുവിൽ അഞ്ചാം തലമുറ ടെലികോം സ്പെക്ട്രം സേവനങ്ങൾ രാജ്യത്തിനു സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട 13 നഗരങ്ങളിലാണ് 5- ജി സേവനങ്ങൾ ലഭ്യമാക്കുക. കേരളത്തിൽ അടുത്തവർഷം മാർച്ചോടെയാണ് സേവനം ലഭ്യമാവുക.
ന്യൂഡൽഹി @ രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി മധ്യപ്രദേശിലെ ഇന്ദോറിനെ വീണ്ടും കേന്ദ്രസർക്കാർ തിരഞ്ഞെടുത്തു. തുടർച്ചയായി ആറാം തവണയാണ് ഇന്ദോർ ബഹുമതി നേടുന്നത്. കേന്ദ്രത്തിന്റെ വാർഷിക ശുചിത്വ സർവേയിൽ സൂറത്തും നവി മുംബൈയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്.
തിരൂർ @ വിദ്യാരംഭ കലോത്സവത്തിന് തുഞ്ചൻപറമ്പിൽ എം ടി വാസുദേവൻ നായരെത്തി. കോഴിക്കോട് നിന്ന് തുഞ്ചൻപറമ്പിൽ എത്തിയ എം. ടി ആദ്യം പോയത് സരസ്വതി ക്ഷേത്രത്തോട് ചേർന്നുള്ള കയ്ക്കാത്ത കാഞ്ഞിരമരച്ചുവട്ടിലേക്കാണ്. ഈ മരത്തിന് ചുറ്റുമുണ്ടായിരുന്ന ഹരിശ്രീ ഗണപതയെ ഗണപതയെ നമ: എന്ന് കൊത്തിവെച്ച കൽത്തറ പുതുക്കി നിർമ്മിച്ചത് കാണാനായിരുന്നു അത്.
ദുബായ്@ പ്രവാസി വ്യാപാരപ്രമുഖനും ചലച്ചിത്ര നിർമ്മാതാവുമായ മലയാളികളുടെ പ്രിയപ്പെട്ട അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു. ഹൃദയാഘാത്തെത്തുടർന്ന് ദുബായ് സമയം രാത്രി 11 മണിയോടെയായിരുന്നു അന്ത്യം.വാർദ്ധക്യസഹജമായ അസുഖങ്ങൾ അദ്ദേഹത്തെ അലട്ടിയിരുന്നുവെങ്കിലും പുതിയ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം.
മലാങ് (ഇൻഡോനേഷ്യ ) @ ഫുട്ബോൾ ഗ്രൗണ്ട് ഒരിക്കൽ കൂടി കണ്ണീർ കളമായി മാറി ഇൻഡോനേഷ്യയിലെ കുഞ്ചുരുഹാൻ സ്റ്റേഡിയത്തിലെ ഫുട്ബോൾ മത്സരത്തിനൊടുവിൽ ആരാധകർ തമ്മിലുണ്ടായ സംഘർഷത്തിലും തിക്കിലും തിരക്കിലും 125 പേർ മരിച്ചു. മത്സരത്തിനൊടുവിൽ ആരാധകർ സ്റ്റേഡിയം കയ്യേറുകയും ഇതിനെ നിയന്ത്രിക്കാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തതാണ് ദുരന്തത്തിൽ കലാശിച്ചത്.
ദുബായ് @ യുഎഇയിലെ പുതിയ വിസാചട്ടം തിങ്കളാഴ്ച പ്രാബല്യത്തിൽ വന്നു. എല്ലാ വിസിറ്റ് വിസകളും സിംഗിൾ മൾട്ടിപ്പിൾ എൻട്രി സൗകര്യങ്ങളോടെ ഇനി ലഭ്യമാകും. നേരത്തെ 30 ദിവസം 90 ദിവസം എന്നീ കാലാവധിയിൽ ആയിരുന്ന സന്ദർശക വിസകൾ അനുവദിച്ചിരുന്നത്. ഇനി സന്ദർശക വിസയുടെ കാലാവധി 60 ദിവസമായിരിക്കും.
കോഴിക്കോട് @ വിജയദശമി ദിനത്തിൽ ആദ്യക്ഷര മധുരം നുകർന്ന് കുരുന്നുകൾ. ചിരിച്ചും കരഞ്ഞും കുട്ടികൾ ഹരിശ്രീ കുറിച്ചു. വരും നാളുകളിൽ വെളിച്ചമാകട്ടേ യെന്ന അനുഗ്രഹത്തോടെ ഗുരുനാഥന്മാർ കുട്ടികളുടെ നാവിലും വിരൽത്തുമ്പിലും അക്ഷരം പരിചയപ്പെടുത്തി.
കാഞ്ഞിരപ്പള്ളി @ എല്ലാം മുകളിലൊരാൾ കാണുന്നുണ്ടായിരുന്നു. മാങ്ങാ മോഷണം ക്യാമറയിലായി പോലീസുകാരന് സസ്പെൻഷൻ. പച്ചക്കറി മൊത്ത വ്യാപാര സ്ഥാപനത്തിന് മുന്നിൽ സൂക്ഷിച്ചിരുന്ന മാങ്ങ മോഷ്ടിച്ചത് പോലീസുകാരൻ. കടയിലെ നിരീക്ഷണ ക്യാമറയിൽ നിന്നാണ് ആളിനെ തിരിച്ചറിഞ്ഞത്.
മയ്യഴി @ മാഹി സെന്റ് തെരേസ തീർത്ഥാടനകേന്ദ്രത്തിൽ തിരുനാളിന് കൊടിയേറി. തുടർന്ന് വിശുദ്ധ അമ്മ ത്രേസ്യാപുണ്യവതിയുടെ തിരുസ്വരൂപം ഇടവക വികാരി രഹസ്യ അവയിൽ നിന്ന് പുറത്തെടുത്തു പൊതുവണക്കത്തിനായി പ്രതിഷ്ഠിച്ചതോടെ 18 ദിവസത്തെ തിരുനാളിന് തുടക്കമായി. ആയിരക്കണക്കിന് ഭക്തജനങ്ങൾ ചടങ്ങുകളിൽ പങ്കെടുത്തു.
കോഴിക്കോട് @ സംഗീത പ്രണയിനികളുടെ സ്വന്തം ബാബുക്കയുടെ ഓർമ്മകളിൽ കൊച്ചുമകളുടെ ഗാനാഞ്ജലി. അനശ്വര ഗാനങ്ങളിൽ ലയിച്ച് സദസ്സ് ഒരു കൊച്ചു സ്വപ്നത്തിൽ ചിറകിലേറി. എം എസ് ബാബുരാജിന്റെ വിയോഗത്തിന്റെ 44ആം വാർഷികത്തിലായിരുന്നു നിമിഷ സലീമിന്റെ ഗാനാഞ്ജലി. രണ്ടരമണിക്കൂർ സദസ്സിനെ ഓർമ്മകളിലേക്ക് ആനയിച്ചുകൊണ്ട് അനശ്വര ഗാനങ്ങൾ ഒഴുകി.
സ്റ്റോക്ക് ഹോം @ അനുഭവക്കുറിപ്പുകളിലൂടെ സാമൂഹിക യാഥാർത്ഥ്യങ്ങളെ സുധീരവും സൂക്ഷ്മവുമായി അനാവരണം ചെയ്ത ഫ്രഞ്ച് എഴുത്തുകാരി ആനി ഏർനോയ്ക്ക് സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം. ഇരുപതിലേറെ പുസ്തകങ്ങളെഴുതിയിട്ടുണ്ട് അവയിൽ പലതും തന്റെയും തനിക്ക് ചുറ്റുമുള്ളവരുടെയും ജീവിത സന്ദർഭങ്ങളുടെ ഹ്രസ്വമായ തുറന്നെഴുത്തുകളാണ്. അതി ഭാവുകത്വങ്ങളോ അതി വൈകാരികതയോ മുറ്റിനിൽക്കാത്ത പരന്ന എഴുത്താണ് എർനോയെ വ്യത്യസ്തയാക്കുന്നത്.
കോടഞ്ചേരി @ ബുധനാഴ്ച വൈകിട്ട് തുഷാരഗിരിയിൽ ഉണ്ടായ മലവെള്ളപ്പാച്ചിലിൽ വിനോദസഞ്ചാരികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നിമിഷങ്ങൾക്കുള്ളിൽ ആർത്തലച്ചെത്തിയ മലവെള്ളപ്പാച്ചിൽ കണ്ട് വിനോദസഞ്ചാരികൾ പകച്ചു പോയി. കാലവർഷം ശമിച്ചതോടെ തുഷാരഗിരി സന്ദർശിക്കാൻ വനം വകുപ്പ് അനുമതി നൽകിയിരുന്നു.
കണ്ണൂർ @ കയ്യിൽ ചുറ്റാം കഴുത്തിലിടാം വീടുകളിൽ ഇപ്പോൾ ഓമനിക്കാൻ ആഫ്രിക്കൻ പെരുമ്പാമ്പുകൾ. കോവിഡ് വ്യാപനത്തിനുശേഷം കേരളത്തിലെ പെറ്റ് വിപണിയുടെ ട്രെൻഡ് ആകെ മാറി. വിദേശിയാണെങ്കിലും വന്യജീവി നിയമത്തിൽ പെടാത്തതിനാൽ ഇവയെ വളർത്തുന്നതിൽ നൂലാമാലകളില്ല. എന്നാൽ ചെറിയ കുഞ്ഞുങ്ങളെ വളർത്താനുള്ള ഇഷ്ടം പാമ്പ് വലുതായാൽ തീരരുതെന്ന് വിദഗ്ധർ പറഞ്ഞു.
തിരുവനന്തപുരം @ നടൻ നെടുമുടി വേണുവിന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പ്രേംനസീർ സുഹൃത് സമിതി നൽകുന്ന പ്രഥമ നെടുമുടി വേണു പുരസ്കാരം സംവിധായകൻ ബാലു കിരിയത്തിന്. നെടുമുടിയുടെ ചരമവാർഷികമായ ഒക്ടോബർ 11- ന് വൈകീട്ട്നൽകും.
ചണ്ഡിഗഡ് @ അട്ടാരി അതിർത്തിയിൽ രാജ്യത്തെ ഏറ്റവും ഉയരത്തിലുള്ള ദേശീയപതാക സ്ഥാപിക്കാനൊരുങ്ങി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. 418 അടി ഉയരത്തിലുള്ള പതാക നിലവിൽ പാകിസ്താൻ ഉയർത്തിയ പതാകയെക്കാൾ ഉയരത്തിലാവും.
ചേമഞ്ചേരി @ മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ ലഹരിക്ക് അടിമപ്പെടുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചുവരുന്നതായി പുതിയ റിപ്പോർട്ടുകൾ അടിവരയിടുന്നു. നമ്മുടെ കുട്ടികളെ ഇതിൽനിന്ന് മോചിപ്പിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്. വിദ്യാലയത്തിൽ നിന്നും ഇതിനെക്കുറിച്ച് അവബോധം എത്തിക്കേണ്ടത് അത്യാവശ്യമാണ്. ചേമഞ്ചേരി യുപി സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ റാലി നടത്തി.
കൊയിലാണ്ടി @ കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് പർദ്ദധരിച്ച് സംശയാസ്പദമായി കറങ്ങി നടന്ന യുവാവിനെ ഓട്ടോറിക്ഷ തൊഴിലാളികൾ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ഓട്ടോറിക്ഷ സ്റ്റാൻഡിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
കോഴിക്കോട് @ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കുടുങ്ങിയ കത്രികയുമായി 30 കാരി ജീവിച്ചത് 5 വർഷം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് സ്വകാര്യ ആശുപത്രിയിലെ സി.ടി. സ്കാനിങ്ങിലാണ് ശരീരത്തിൽ കത്രിക ഉണ്ടെന്ന് കണ്ടെത്തിയത്.
ദമാം @ ഇന്ത്യയിലെ പ്രധാന ഫുട്ബോൾ ടൂർണമെന്റായ സന്തോഷ് ട്രോഫിക്ക് സൗദി അറേബ്യ വേദിയായേക്കുമെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ. 2023- ലെ നോക്കൗട്ട് മത്സരങ്ങൾ സൗദിയിൽ നടത്താനുള്ള സാധ്യത പഠിക്കാനുള്ള ധാരണ പത്രത്തിൽ ഇരു രാജ്യങ്ങളുടെയും ഫുട്ബോൾ ഫെഡറേഷനുകൾ ഒപ്പിട്ടു. ആദ്യമായാണ് രാജ്യത്തിന് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ നടത്താൻ ഒരുങ്ങുന്നത്.
രാജ്കോട്ട് @ സാജൻ പ്രകാശ് മാത്രം ഓളപ്പരപ്പിൽ അഞ്ചാംവട്ടവും വെട്ടിത്തിളങ്ങിയ ആ സ്വർണപ്രകാശത്തിൽ മിന്നി നിൽക്കുകയാണ് കേരളം. ദേശീയ ഗെയിംസിൽ അഞ്ച് വ്യക്തിഗത സ്വർണം എന്ന കഴിഞ്ഞതവണത്തെ നേട്ടത്തിനൊപ്പ മെത്തിയിരിക്കുകയാണ് കേരളത്തിന്റെ മൈക്കൽ ഫെൽപ്സ്.
@@@@@@
പ്രിയരെ പുത്തൻ വാർത്തകൾ വന്നുകൊണ്ടേയിരിക്കട്ടെ അതിനായി കാത്തിരുന്നുകൊണ്ട് ഈ ആഴ്ചത്തെ വാരാന്ത്യം ഇവിടെ ചുരുക്കട്ടെ....
സ്നേഹത്തോടെയും അതിലേറെ ഇഷ്ടത്തോടെയും നീലാംബരീയം കൂട്ടുകാർക്ക് ഐശ്വര്യപൂർണ്ണമായ ഒരു പുലരി ആശംസിച്ചുകൊണ്ട്.
0 അഭിപ്രായങ്ങള്‍