Hot Posts

6/recent/ticker-posts

ചെഗുവേര എന്ന വിപ്ലവസൂര്യൻ

 

നീലാംബരീയം

ഇന്ന് ചെഗുവേര എന്ന വിപ്ലവസൂര്യനാണ് മുഖക്കുറിയിൽ എത്തുന്നത്....
ചെഗുവേര...ഏണസ്റ്റോ ഗുവേര ഡി ലാ സെർസനസ. ഏണസ്റ്റോ ഗുവേര എന്ന് ഔദ്യോഗിക നാമം. ചെ ഗെവാറ എന്നും ചെ എന്ന് മാത്രമായിട്ടും അദ്ദേഹം അറിയപ്പെട്ടിരുന്നു. പ്രിയപ്പെട്ടവരേ... എത്ര ലക്കങ്ങൾ മുഖക്കുറി എഴുതിയാലും തീരാത്തത്ര പറയാനുണ്ട് ചെ ഗെവാറയുടെ പോരാട്ട ചരിത്രങ്ങളെപ്പറ്റി...ക്യൂബൻ വിപ്ലവത്തിലെ അദ്ദേഹത്തിന്റെ ചരിത്രം തിരുത്തിയ പ്രവർത്തനങ്ങൾ തന്നെ പറഞ്ഞാൽ തീരില്ല..ഇത് ഒരു ഹ്രസ്വമായ വിവരണം മാത്രം.
ഇന്ന് ഒക്ടോബർ 9...ചെഗുവേരയുടെ രക്തസാക്ഷിത്വദിനം..
39 വർഷം മാത്രം നീണ്ടുനിന്ന ജീവിതത്തിൽ ലോകത്തെ ത്രസിപ്പിച്ച മാർക്സിസ്റ്റ് വിപ്ലവകാരി. വിശ്വവിമോചന പോരാട്ടത്തിന്റെ പ്രതിരൂപം...
അന്തർദ്ദേശീയ ഗറില്ലാ നേതാവ്. അടിച്ചമർത്തുന്ന ഭരണകൂടങ്ങളെ തുടച്ചുമാറ്റാൻ ഒളിപ്പോരുൾപ്പെടെ സായുധ പോരാട്ടങ്ങളുടെ മാർഗ്ഗമാണ് അഭിലഷണീയം എന്ന് ചെ വിശ്വസിച്ചു.
അർജന്റീനയിൽ ജനിച്ച് ക്യൂബയിൽ വിപ്ലവം ജയിച്ച് ബൊളീവിയയിൽ പോരാട്ടത്തിനിടയിൽ ലോകത്തിന്റെ രക്തസാക്ഷിയായി മാറുകയായിരുന്നു ചെഗുവേര..
ചെഗുവേര കേരളത്തിന്റെ നിറസാന്നിദ്ധ്യമാണ്. കേരളത്തിലെ ചെഗുവേരപ്രണയത്തെ കുറിച്ച് പ്രസിദ്ധ ശ്രീലങ്കൻ യുദ്ധ ഫോട്ടോഗ്രാഫർ സൗന്തിയാസ് അമരദാസ് ഇങ്ങനെ എഴുതി, " ചെഗുവേര എന്ന വ്യക്തി ഇവിടെ സർവ്വ വ്യാപിയാണ്. കേരളത്തിന്റെ മുക്കിലും മൂലയിലും ചെയുണ്ട്. വീടുകളിലും കടകളിലും കോളേജിലും ഒക്കെ ആ രൂപം കാണാം. അയാളൊരു വികാരമാണ്. "..അതേ, കേരളത്തിന്റെ ഇടതുമനസ്സിൽ ആഴത്തിൽ പതിഞ്ഞ ചിത്രം. യുവത നെഞ്ചേറ്റിയ വികാരം...
1967 ഒക്ടോബർ 9 ന് ബൊളീവിയൻ സൈന്യത്തിന്റെ വെടിയുണ്ട ജീവനെടുത്തിട്ടും മാർക്സിസ്റ് വിപ്ലവകാരി ഏണസ്റ്റ് ചെഗുവേര കേരളത്തിലിന്നും സജീവമാണ്. മരണാനന്തരം ലോകമെങ്ങും ഒരു ബ്രാണ്ടായി വളർന്നു ചെ. കൊല്ലാനേ കഴിയൂ... നശിപ്പിക്കാനാവില്ല എന്ന പ്രശസ്തമായ വാക്കുകൾ പോലെ ചെഗുവേര ഇവിടുത്തെ മറ്റേതൊരു രാഷ്ട്രീയ നേതാവിനെയും പോലെ മുണ്ടും മടക്കികുത്തി കേരളത്തിലുടനീളം നടക്കുന്നു, ഇന്നും ഒരു വികാരമായി, ജ്വലിക്കുന്ന ആവേശമായി....
ചെഗുവേരയുടെ ആൽബർട്ടോ കോർദ എടുത്ത എടുത്ത ഒരു ചിത്രത്തിന് ലോകമാകെ പ്രചുര പ്രചാരം ലഭിച്ചു. ആ ചിത്രമാണ് ടി ഷർട്ടുകളിലും ബാനറുകളിലും ഇന്ന് നാം കാണുന്നത്. നമ്മുടെ പോസ്റ്ററിലെ ചിത്രവും അത് തന്നെ.ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചിത്രമെന്നും 20 ആം നൂറ്റാണ്ടിന്റെ പ്രതീകമെന്നും ഈ ചിത്രം വിശേഷിക്കപ്പെടുന്നു...
ചരിത്രം കോരിത്തരിക്കുന്ന ചെയുടെ സംഭവ ബഹുലമായ ജീവിതത്തിലേക്ക് കടന്ന് ചെല്ലാം....1928 ജൂൺ 14 ന് അർജന്റ്റീനയിൽ റൊസാരിയോയിൽ ജനനം. ഇടതുപക്ഷ ചിന്താഗതികളോടെ വളർന്നു വന്ന ചെ ചെറിയ കുട്ടി ആയിരിക്കുമ്പോൾ തന്നെ ലോകരാഷ്ട്രീയത്തിൽ അറിവ് നേടിയിരുന്നു. വീട്ടിലുണ്ടായിരുന്ന 3000 ത്തോളം പുസ്തകങ്ങൾ ചെഗുവേരയെ നല്ലൊരു വായനക്കാരനാക്കി. ഈ പുസ്തകങ്ങളിൽ കൂടി കാറൽ മാർക്‌സിനെയും ജൂൾസ്വെർനെയേയും മനസ്സിലാക്കി..
1948 ൽ ബ്യൂനസ് ഐറിസ് സർവ്വകലാശാലയിൽ വൈദ്യശാസ്ത്രം പഠിക്കാനായി ചെഗുവേര ചേർന്നു. ലോകത്തെ അറിയാനായി വളരെയേറെ ആഗ്രഹിച്ച ചെ തന്റെ സുഹൃത്ത് ആൽബർട്ടോ ഗ്രനാഡെയുമായി ചേർന്ന് മോട്ടോർ ഘടിപ്പിച്ച സൈക്കിളിൽ 1950- 51 ൽ നടത്തിയ യാത്രകൾ അദ്ദേഹത്തിന്റെ ജീവിത വീക്ഷണത്തെ ആകെ മാറ്റിമറിച്ചു. ലാറ്റിനമേരിക്കയുടെ സാമ്പത്തിക അരക്ഷിതാവസ്ഥയേയും ജനങ്ങളുടെ ജീവിതത്തെ അടുത്തറിയാനും ഈ യാത്രകൾ ഉപകരിച്ചു. ഈ പ്രദേശത്തെ സാമൂഹിക സാമ്പത്തിക അസമത്വത്തിന് പ്രതിവിധി വിപ്ലവമാണെന്ന നിലപാടിലെത്തി ചെ. ഈ യാത്രയിൽ ദൃക്സാക്ഷിയാകേണ്ടി വന്ന സംഭവങ്ങളെ കോർത്തിണക്കി "മോട്ടോർ സൈക്കിൾ ഡയറീസ് " എന്ന പേരിൽ പുസ്തകമിറക്കി. ഇതേ പേരിൽ പിന്നീട് ഇറങ്ങിയ സിനിമ അവാർഡുകൾ വാരിക്കൂട്ടി...
ഐതിഹാസികമായ ഈ യാത്രയ്ക്ക് ശേഷം അദ്ദേഹം തിരിച്ചെത്തി പഠനം പൂർത്തിയാക്കി ഡോക്ടർ ആയി. സമൂഹത്തിലെ തിന്മകൾക്കെതിരെ പോരാടാൻ പ്രതിസന്ധികൾ നിറഞ്ഞ പാതയിലൂടെ സഞ്ചരിക്കാനും പുതുയുഗത്തിന് വേണ്ടി അടരാടാനും ചെ എന്ന വിപ്ലവകാരി മടിച്ചുനിന്നില്ല. സെൻട്രൽ അമേരിക്കയിലെ ഗ്വാട്ടിമാലയിൽ പ്രസിഡന്റ് ജേക്കബ് അർബൻസ് ഗുഡ്മാൻ നടത്തിയ പരിഷ്കാരങ്ങളെ പറ്റി അറിയാനും ഈ യാത്ര ഉപകരിച്ചു. കമ്മ്യൂണിസ്റ്റ് സർക്കാരിനോട് ചേർന്ന് പ്രവർത്തിച്ചു ചെ.
1956 ൽ മെക്സിക്കോയിൽ വെച്ച് ഫിഡൽ കാസ്ട്രോയുടെ വിപ്ലവ പാർട്ടിയായ ജൂലൈ 26 മുന്നേറ്റ സേനയിൽ ചേർന്നു. ലോകം മാറ്റിമറിക്കാൻ പോകുന്ന വിപ്ലവകരമായ സൗഹൃദം എന്നാണ് ഈ സൗഹൃദം വിശേഷിക്കപ്പെട്ടത്. തുടർന്ന് 1986 ൽ ഏകാധിപതി ജനറൽ ഫുൾജെൻസിയോ ബാറ്റിസ്റ്റയെന്ന അമേരിക്കൻ പാവ ഭരണാധികാരിയെ ക്യൂബയിൽ നിന്നും തുരത്തി അധികാരം പിടിച്ചെടുക്കാനായി ചെ ക്യൂബയിലേക്ക് തിരിച്ചു.
വിപ്ലവാനന്തരം വിജയം കൊയ്ത് ക്യൂബയിൽ ഫിഡൽ കാസ്ട്രോയുടെ കമ്മ്യൂണിസ്റ്റ് സർക്കാരിൽ ഭാഗഭാക്കായി ചെ. വ്യവസായ മന്ത്രിയായും ദേശീയ ബാങ്കിന്റെ ചെയർമാനായും പ്രവർത്തിച്ചു. പുതിയ ഭരണകൂടത്തിൽ മറ്റ് പല പദവികളും അദ്ദേഹം വഹിക്കുകയും ഗറില്ലാ യുദ്ധമുറകളെപ്പറ്റി പുസ്തകങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുകയും ചെയ്തു. നിരക്ഷരായ ഭൂരിഭാഗം വരുന്ന ക്യൂബൻ ജനതയെ സാക്ഷരതയിലേക്കും മെച്ചമായ ജീവിത നിലവാരത്തിലേക്കും നയിച്ചു..
ഐക്യരാഷ്ട്ര സഭയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ രണ്ട് വധശ്രമങ്ങൾ ചെയുടെ നേർക്ക് ഉണ്ടായിട്ടുണ്ട്.. 1965 ൽ കോംഗോയിലും തുടർന്ന് ബൊളീവിയയിലും വിപ്ലവം സംഘടിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ക്യൂബ വിട്ടു... ഈ ലക്ഷ്യമാണ് പാളിപ്പോയത്. ഇവിടെയാണ്‌ ലോകത്തിന് ഒറ്റിലൂടെ ഈ വിപ്ലവകാരിയെ നഷ്ടമായത്. ഒരിക്കലും തീരാത്ത നഷ്ടം.
ബൊളീവിയൻ കാടുകളിൽ സി. ഐ. എ യുടേയും അമേരിക്കൻ ഐക്യനാടുകളിലെ സൈന്യത്തിന്റെ പ്രത്യേക സേനയുടെയും സഹായത്തോടെയുള്ള ആക്രമണത്തിൽ ചെ പിടിക്കപ്പെട്ടു..രണ്ടാംലോക മഹായുദ്ധ കാലത്ത് ഗറില്ലാ യുദ്ധമുറയിൽ പരിശീലനം ലഭിച്ച നാസി യുദ്ധ കുറ്റവാളി ആയിരുന്ന ക്ളോസ് ബാർബി എന്നയാളാണ് ചെയേ പിടിക്കാൻ വേണ്ടി സൈന്യത്തെ സഹായിച്ചത്.
1967 ഒക്ടോബർ 7 ന് ഒരു ഒറ്റുകാരൻ ബൊളീവിയൻ പ്രത്യേക സേനയെ ചെയുടെ ഒളിത്താവളത്തിലേക്ക് നയിച്ചു. മുറിവേറ്റ് തോക്ക് ഉപയോഗിക്കാൻ കഴിയാതെ പോയ ചെ സൈന്യത്തോട് ഉറക്കെ വിളിച്ച് പറഞ്ഞു. ഞാൻ ചെഗുവേരയാണ്. എന്നെ കൊല്ലാതെ ജീവനോടെ പിടിക്കുന്നതാണ് നിങ്ങൾക്ക് കൂടുതൽ നല്ലത്. അദ്ദേഹത്തിന്റെ ജീവചരിത്രകാരൻ ജോൺ ലീ ആൻഡേഴ്സൺ അത്യന്തം വേദനാജനകവും സിരകളിൽ ആവേശം പകരുന്നതുമായ ഈ രംഗം വിശദീകരിച്ചിട്ടുണ്ട്. ആ രാവിൽ തന്നെ ചെയേ ബന്ധനസ്ഥനാക്കി തൊട്ടടുത്ത ഗ്രാമത്തിലെ പൊട്ടിപ്പൊളിഞ്ഞ ഒരു സ്കൂളിൽ എത്തിച്ചു. അവിടെ ചോദ്യം ചെയ്യലിൽ അദ്ദേഹം ബൊളീവിയൻ സൈന്യ മേധാവികളുടെ ചോദ്യങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. എന്നാൽ അക്ഷോഭ്യനായി ശിരസ്സുയർത്തിപ്പിടിച്ച് സൈനികാംഗങ്ങളോട് പതിഞ്ഞ സ്വരത്തിൽ സംസാരിച്ചു.. ദയ തോന്നിയ ഒരു സൈനികൻ അദ്ദേഹത്തിന് വലിക്കാൻ പുകയില നൽകി. വായിൽ നിന്നും പൈപ്പ് എടുക്കാൻ ശ്രമിച്ച പട്ടാളക്കാരനെ ചെ ചവിട്ടി തെറിപ്പിച്ചു.
ഒക്ടോബർ 9 ന് രാവിലെ ബൊളീവിയൻ പ്രസിഡന്റ് റനെ ചെ ഗുവരെയെ വധിക്കാൻ ഉത്തരവിട്ടു. ഒരുവിധത്തിലും ചെ രക്ഷപെടാതിരിക്കാൻ വേണ്ടിയാണ് വിചാരണ പോലും നടത്താതെ ആ കൃത്യം നടത്താൻ പ്രസിഡന്റ് മുതിർന്നത്. ആ ദൗത്യം ഏറ്റെടുക്കാൻ വേണ്ടി മാരിയോ തെരാൻ എന്ന ഒരു പട്ടാളക്കാരൻ സ്വയം മുന്നോട്ട് വന്നു.
വധിക്കുന്നതിന് തൊട്ടുമുൻപ് നിന്റെ അറിവില്ലായ്മയെ കുറിച്ച് നീ ചിന്തിക്കുന്നുണ്ടോ എന്ന് അതിമാനുഷനായ ആ വിപ്ലവകാരിയോട്
തെരാൻ ചോദിച്ചു. ഞാൻ ചിന്തിക്കുന്നത് വിപ്ലവത്തിന്റെ അമരത്വത്തെ കുറിച്ചാണ് എന്ന് സ്ഫുടമായ മറുപടി ഉൾക്കൊള്ളാൻ ആ പട്ടാളക്കാരന് ആകുമോ..
നീ എന്നെ കൊല്ലാനാണ് വന്നിരിക്കുന്നത്
നിറയൊഴിക്കൂ ഭീരു... നിനക്ക് ഒരു മനുഷ്യനെ മാത്രമേ കൊല്ലാനാകൂ...
ചെ ഗുവേരയുടെ ഈ വാക്കുകളിൽ തെരാൻ ഒന്ന് പതറി. അയാൾ തന്റെ യന്ത്ര തോക്ക് കൊണ്ട് അദ്ദേഹത്തിന്റെ കൈകളിലും കാലുകളിലും നിറയൊഴിച്ചു.
താഴെ വീണ് പിടഞ്ഞ ചെ രോദനശബ്ദം പുറത്ത് വരാതിരിക്കാനായി കയ്യിൽ കടിച്ചുപിടിച്ചു. തുരുതുരെ അയാൾ ആ വിപ്ലവകാരിക്ക് മേൽ വെടിയുതിർത്തു.
മൃതശരീരം ഒരു ഹെലികോപ്റ്ററിന്റെ വശത്ത് കെട്ടിവെച്ച് വല്ലൈ ഗ്രാൻഡയിലെ ഒരു ആശുപത്രിയിലെ അലക്കുമുറിയിൽ കിടത്തി കൊല്ലപ്പെട്ടത് ചെഗുവേര തന്നെയോ എന്ന് തിരിച്ചറിയാൻ വേണ്ടി ധാരാളം ദൃക്സാക്ഷികളെ എത്തിച്ചു. അതിൽ പ്രധാനി ആയിരുന്നു ബ്രിട്ടീഷ് പത്രലേഖകൻ റിച്ചാഡ് ഗോട്ട്. ഈ പത്രലേഖകനാണ് ജീവനോടെ ചെഗുവേരയെ കണ്ട ഏക വ്യക്തി എന്നും പറയപ്പെടുന്നു.
അതിക്രൂരതയാണ് ചെയുടെ മൃതശരീരത്തോട് ബൊളീവിയൻ ഭരണകൂടം കാട്ടിയത്. ഒരു സൈനിക ഡോക്ടർ അദ്ദേഹത്തിന്റെ കരങ്ങൾ ഛേദിച്ചു. അതിന് ശേഷം രഹസ്യ സങ്കേതത്തിലേക്ക് മൃതശരീരം മാറ്റി. ശരീരം മറവ് ചെയ്തോ കത്തിച്ചോ എന്ന് പോലും പുറത്ത് വന്നിട്ടില്ല അന്ന് . മുറിച്ചെടുത്ത കരങ്ങൾ വിരലടയാള പരിശോധനക്കായി ബ്യൂണസ് ഐറിസിലേക്ക് അയച്ചു. അവിടെ അർജെന്റിന പോലീസിന്റെ കൈവശം ചെഗുവേരയുടെ കൈവിരലടയാളം സൂക്ഷിക്കപ്പെട്ടിട്ടുണ്ടായിരുന്നു...
ഒക്ടോബർ 15 ന് ക്യൂബൻ പ്രസിഡന്റ് ഫിഡൽ കാസ്ട്രോ ചെഗുവേരയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മൂന്ന് ദിവസത്തെ ദുഃഖാചരണവും ക്യൂബയിൽ പ്രഖ്യാപിച്ചു...ക്യൂബയിൽ ഏറ്റവും സ്നേഹിക്കപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്ന ജനനായകനായി മാറി ചെ. ക്യൂബയിൽ എല്ലാദിവസവും സ്കൂൾ കുട്ടികൾ സത്യപ്രതിജ്ഞ ചെയ്യുന്നു, " ഞങ്ങൾ ചെഗുവേരയെ പോലെയാകും " അർജെന്റീനയിൽ ചെയുടെ ജന്മസ്ഥലത്ത് അദ്ദേഹത്തിന്റെ പേരിൽ സ്കൂളുകൾ പ്രവർത്തിക്കുന്നു. ജന്മനാടായ റോസാരിയോയിൽ അദ്ദേഹത്തിന്റെ ചെമ്പിൽ തീർത്ത 12 അടി നീളമുള്ള പൂർണകായ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ബൊളീവിയയിലെ ചില കർഷക ഗോത്രങ്ങൾ ചെഗുവേരയെ വിശുദ്ധനായി കണ്ട് അദ്ദേഹത്തിന്റെ സഹായത്തിനായി പ്രാർത്ഥിക്കുന്നു.
മരണശേഷം ചെഗുവേര സാമൂഹിക വിപ്ലവ പ്രസ്ഥാനങ്ങളുടെ ഒരു പ്രതീകമായി മാറി. ലോകമെമ്പാടുമുള്ള പോപ്പ് സംസ്കാരത്തിന്റെ ബിംബങ്ങളിൽ ഒന്നായി അദ്ദേഹം കണക്കാക്കപ്പെടുകയും ചെയ്യുന്നു.
ഏതാണ്ട് ഒരു വർഷത്തിന് ശേഷം ചെ ഗവേറയുടെ ഭൗതിക അവശിഷ്ടം
ഏഴ് മൃതശരീരങ്ങൾ ഒരുമിച്ച് മറവ് ചെയ്തിരുന്നകുഴിയിൽ നിന്നും കണ്ടെടുത്തു. ഒരു മൃതശരീരത്തിന്റെ രണ്ട് കൈകളും ഛേദിക്കപ്പെട്ടിരുന്നു. പോക്കറ്റിൽ കടലാസിൽ പൊതിഞ്ഞ പുകയില ഉണ്ടായിരുന്നു..വധിക്കപ്പെടുന്നതിന് തൊട്ട് മുൻപ് ബൊളീവിയ പട്ടാളക്കാരൻ നൽകിയ പുകയില. അങ്ങനെ മഹാനായ ആ വിപ്ലവകാരി തിരിച്ചറിയപ്പെട്ടു. 1997 ൽ ചെഗുവേരയുടെയും 6 സംഘാഗങ്ങളുടെയും ഭൗതിക ശരീരം ക്യൂബയിൽ സാന്റാക്ലാരയിലുള്ള ഒരു മ്യുസോളിയത്തിൽ പൂർണ ബഹുമതികളോടെ സംസ്കരിച്ചു.....
മരണശേഷം ചെഗുവേര സാമൂഹിക വിപ്ലവ പ്രസ്ഥാനങ്ങളുടെ ഒരു പ്രതീകമായി മാറി. ലോകമെമ്പാടുമുള്ള പോപ്പ് സംസ്കാരത്തിന്റെ ബിംബങ്ങളിൽ ഒന്നായി അദ്ദേഹം കണക്കാക്കപ്പെടുകയും ചെയ്യുന്നു....
ആ വിപ്ലവകാരിയുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക്‌ മുന്നിൽ മുഖക്കുറി രക്‌തപുഷ്പങ്ങൾ അർപ്പിക്കുന്നു..
ആദരവോടെ.........

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍