Hot Posts

6/recent/ticker-posts

മിണ്ടാൻ കൂട്ട് വേണോ..

നീലാംബരീയം

പ്രിയരെ ഇന്നത്തെ വാരാന്ത്യം ഒരു ദുഃഖകരമായ വാർത്തയോടെ തുടങ്ങേണ്ടി വന്നു. സി. പി. ഐ. എം പോളിറ്റ് ബ്യുറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ വിടവാങ്ങി. ചെന്നൈലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദരോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയവെ ഇന്നലെ രാത്രിയായിരുന്നു അന്ത്യം സംഭവിച്ചത്. ശവസംസ്കാരചടങ്ങുകൾ തിങ്കളാഴ്ച നടക്കും.

പ്രിയരെ നീലാംബരീയം ടീമിന് വേണ്ടി പ്രിയ സഖാവിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഇന്നത്തെ വാരാന്ത്യത്തിലേക്കു കടക്കാം 🙏🌹
@@@@@@
തിരുവനന്തപുരം =
കാതങ്ങൾ താണ്ടി അവരെത്തി അറിവുപകർന്നവരെ കാണാൻ. ആ സ്കൂൾവാൻ തിരൂരങ്ങാടിയിൽ നിന്ന് പുറപ്പെട്ട് തിരുവനന്തപുരത്തെത്തി. അതിനുള്ളിൽ 33 കുട്ടികൾ പൗഡിക്കോണത്തുള്ള ആബിദ ടീച്ചറെ വീട്ടിലെത്തി കണ്ടു. 36 വർഷം മുമ്പ് കണ്ടുപിരിഞ്ഞവരിൽ കുറച്ചു പേരെ മാത്രമേ 70 വയസ്സിനോടടുത്ത അധ്യാപികയ്ക്ക് ഓർമ്മയുള്ളൂ. "10 എ" ഡിവിഷനിലെ വികൃതിക്കാരൻ അമീർ ഹംസയെ ടീച്ചർ പെട്ടെന്ന് ഓർത്തു. "9 ഇ "ഡിവിഷനിലെ ക്ലാസ് ലീഡർ അവുക്കാദർകുട്ടിയെയും പല ക്ലാസിലും തോറ്റു പഠിച്ച മജീദിനെയും ടീച്ചർക്ക് ഓർമ്മയുണ്ട്.
കൂടുതൽ കാലം കണ്ടതിനാലാകാമെന്ന് കൂട്ടുകാർ കളിയാക്കി. മലപ്പുറം തിരൂരങ്ങാടി ഗവൺമെന്റ് ഹൈസ്കൂളിൽ നിന്ന് 1986 എസ്എസ്എൽസി പൂർത്തിയാക്കിയ വിദ്യാർത്ഥികളാണ് അധ്യാപികയെ കാണാൻ ഒന്നിച്ചു പുറപ്പെട്ടത്.
@@@@@@
ന്യൂഡൽഹി =
കുട്ടികളുടെ അശ്ലീല ചിത്രങ്ങളുടെ വിൽപ്പനയും വിതരണവും നടത്തുന്നവർക്കെതിരെ സിബിഐ രാജ്യവ്യാപകമായി റെയ്ഡ് നടത്തി. 19 സംസ്ഥാനങ്ങളിലെ 56 ഇടങ്ങളിലാണ് ഏജൻസി തിരച്ചിൽ നടത്തിയത്. കേരളത്തിൽ മലപ്പുറത്തും തിരച്ചിൽ നടന്നു. ഓപ്പറേഷൻ മേഘചക്ര എന്നായിരുന്നു ദൗത്യത്തിന്റെ പേര്.
@@@@@@
ലക്നൗ=
സ്കൂളിൽ സഹപാഠിയുമായി വഴക്കിട്ടതിന് ശകാരിച്ച അധ്യാപകനെ വിദ്യാർത്ഥി വെടിവെച്ചു. ഉത്തർപ്രദേശിലെ സീതാപൂരിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അധ്യാപകനെ നാടൻ തോക്ക് ഉപയോഗിച്ച് വെടിവെച്ചത്. അധ്യാപകന്റെ പരിക്ക് സാരമുള്ളതല്ലെന്നും അപകടനില തരണം ചെയ്തെന്നും പോലീസ്.
@@@@@@
കൊച്ചി=
സൈബർ കുറ്റങ്ങൾമൂലം ലോകം ബുദ്ധിമുട്ടുന്നു.
സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ച് സൈബർ കുറ്റകൃത്യങ്ങളും വളരുകയാണെന്ന് നടൻ മമ്മൂട്ടി. സൈബർ ഡോം ഓഫീസ് ഇൻ മെറ്റാബേസിന്റെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയതായിരുന്നു മമ്മൂട്ടി. കൊക്കൂൺ സമ്മേളനത്തിന്റെ സമാപനം ഉദ്ഘാടനവേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകമെമ്പാടുമുള്ള സൈബർ കുറ്റകൃത്യങ്ങൾക്ക് എതിരെ ഒരുമിച്ചു പോരാടാനുള്ള ആഹ്വാനവുമായാണ് സമ്മേളനം സമാപിച്ചത്.
@@@@@@
കോഴിക്കോട് =
ബൈക്ക് ഓടിക്കുന്നവർ ഉറങ്ങിപ്പോയി അപകടങ്ങളിൽ പെടാതിരിക്കാൻ പുതിയ സാങ്കേതികവിദ്യയുമായി കുറ്റിക്കാട്ടൂർ എ. ഡബ്ലിയു. എച്ച്. എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾ. പഠന പ്രൊജക്ടിന്റെ ഭാഗമായാണ് ആന്റി സ്ലീപ്പിങ് ഹെൽമെറ്റ് എന്ന ഈ സാങ്കേതികവിദ്യ രൂപപ്പെടുത്തിയത്. തുടർച്ചയായി രണ്ടോ മൂന്നോ സെക്കൻഡ് കണ്ണടഞ്ഞാൽ ഹെൽമെറ്റ് ശബ്ദമുണ്ടാക്കുകയും വൈബ്രേറ്റ് ചെയ്യപ്പെടുകയും ചെയ്യും.
@@@@@@
നിലമ്പൂർ=
ഉറച്ച നിലപാടും സ്നേഹവും തീർത്ത ആൾത്തിരക്കിനിടയിൽ കണ്ണീരും സങ്കടവും ബാക്കിയാക്കി ആര്യാടൻ മുഹമ്മദ് മടങ്ങി. 70 വർഷത്തെ പൊതുജീവിതത്തിന് പൂർണ്ണവിരാമം. എല്ലാം ഇനി ഓർമ്മകളിലെ വിതുമ്പൽ മാത്രം. തിങ്കളാഴ്ച അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ ആര്യടൻ മുഹമ്മദിന് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.
@@@@@@
തിരുവനന്തപുരം =
പണമിടപാടുകാരുടെ ശല്യം പരിധി വിട്ടപ്പോൾ പ്ലസ് വൺ വിദ്യാർഥി ദേവനന്ദ് മറ്റൊന്നും ആലോചിച്ചില്ല, മുഖ്യമന്ത്രിയെ കണ്ട് കാര്യം പറയാം. കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ പയ്യൻ വടകരയിൽ നിന്നും വണ്ടകേറി തിരുവനന്തപുരത്തെത്തി. പോലീസ് സഹായത്തോടെ ക്ലിഫ്ഹൗസിൽ എത്തി മുഖ്യമന്ത്രിയെ കണ്ട് കാര്യം ധരിപ്പിച്ചു. വീട്ടുകാരറിയാതെ വന്നതിനെ വിദ്യാർത്ഥിയെ ചേർത്ത് പിടിച്ച് മുഖ്യമന്ത്രി സ്നേഹ ശകാരം നൽകി. മുഖ്യമന്ത്രിക്കൊപ്പം ഫോട്ടോയും എടുത്താണ് ദേവനന്ദ് മടങ്ങിയത്.
@@@@@@
മുംബൈ=
സാങ്കേതികവിദ്യ മനുഷ്യനെ മൊബൈൽ ഫോണിലും ഇന്റർനെറ്റിലും തളച്ചിട്ടപ്പോൾ അതു മറികടക്കാൻ പുതുവഴി തേടുകയാണ് മഹാരാഷ്ട്ര സാംഗ്ലി ജില്ലയിലെ മോഹിത്യാഞ്ചേവഡ്ഗാവ് ഗ്രാമം. സാമൂഹികബന്ധം ശക്തമാക്കാൻ ദിവസവും ഒന്നരമണിക്കൂർ ഫോണും, ഇന്റർനെറ്റും, ടിവിയും ഉപേക്ഷിച്ചിരിക്കുകയാണ് ഗ്രാമവാസികൾ. ദിവസവും വൈകുന്നേരം ഏഴിന് സൈറൺ മുഴങ്ങും. ഫോണും മറ്റും ഇലക്ട്രോണിക് ഉപകരണങ്ങളും ഒന്നരമണിക്കൂർ മാറ്റിവെക്കാനുള്ള നിർദ്ദേശമാണിത്. ഈ സമയം സംസാരിക്കുകയോ വായിക്കുകയോ എഴുതുകയോ ചെയ്യാം.
@@@@@@
കൊച്ചി=
കണ്ടക്ടറില്ലാതെ ഓടിത്തുടങ്ങി റോഡിലെ ജനശതാബ്ദി. ദീർഘദൂര യാത്രക്കാർക്കായുള്ള എറണാകുളം - തിരുവനന്തപുരം ലോ ഫ്ലോർ എ.സി. കെഎസ്ആർടിസി ബസ് ഓടിത്തുടങ്ങി. ജനശതാബ്ദി ട്രെയിൻ മാതൃകയിലാണ്. കണ്ടക്ടർ ഇല്ലാത്ത ബസ്സിൽ ടിക്കറ്റ് കൊടുക്കുന്നത് ഡ്രൈവറാണ്.
@@@@@@
കോഴിക്കോട്=
സർക്കാർ ജീവനക്കാരി ചമ്മഞ്ഞ് തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. വ്യാജ രേഖകൾ ചമച്ച് ഹൈക്കോടതിയിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ യുവതിയാണ് അറസ്റ്റിലായത്. ഹൈക്കോടതിയിൽ ഓഫീസ് അസിസ്റ്റന്റ് ആയി ജോലി ശരിയാക്കിത്തരാം എന്നായിരുന്നു ഇവരുടെ വാഗ്ദാനം.
@@@@@@
ചണ്ഡീഗഡ് =
രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് വിഖ്യാത ഹിന്ദി നടി ആശാ പരേഖിന്. ഇന്ത്യൻ സിനിമയുടെ വളർച്ചയ്ക്കും വികാസത്തിനും നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് ബഹുമതിയെന്ന് വാർത്ത വിതരണ മന്ത്രി അനുരാഗ് ഠാക്കൂർ. ഡൽഹിയിൽ നടക്കുന്ന ദേശീയ ചലച്ചിത്ര പുരസ്കാരദാനചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു ബഹുമതി സമ്മാനിക്കും.
@@@@@@
കോട്ടയം=
കൊല്ലലല്ല, വളർത്തലാണ് മാതൃക
3 സെന്റിൽ വീട്ടുകാർക്കൊപ്പം 52 തെരുവുനായകൾ. മാളൂ.. ചാനൂ... എന്ന് വിളിക്കുമ്പോഴേ അവർ വാലാട്ടി യെത്തും. കാലുകളെ ചുറ്റി നടന്ന് മുഖത്തേക്ക് നോക്കി മൗനം കൊണ്ട് സംസാരിക്കും. ജില്ലും , ജാക്കും, സ്റ്റെഫിയുമൊക്കെ മുട്ടിയുരുമ്മി സ്നേഹം കാട്ടും. കോട്ടയത്ത് കോടിമതയിൽ ചക്കാലച്ചിറ പുതുവൽ വീട് നായകൾക്ക് ഒരു അഭയകേന്ദ്രമാണ്.
@@@@@@
ബാലുശ്ശേരി=
സ്കൂൾ കാന്റീനിൽ മോഷണശ്രമമാ രോപിച്ച് വിദ്യാർത്ഥിയെ കഴുത്തിന് പിടിച്ചു പരിക്കേൽപ്പിക്കുകയും മർദ്ദിക്കുകയും ചെയ്ത പി. ടി.എ. അംഗത്തിന്റെ പേരിൽ പോലീസ് കേസെടുത്തു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കോക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാംതരം വിദ്യാർത്ഥിയാണ് പരാതിക്കാരൻ. വൈകീട്ട് വീട്ടിലെത്തിയ കുട്ടിക്ക് ഭക്ഷണം കഴിക്കാൻ ആവാത്തതിനെത്തുടർന്ന് രക്ഷിതാക്കൾ അന്വേഷിച്ചപ്പോഴാണ് വിവരം പറഞ്ഞത്.
@@@@@@
കോട്ടയം=
മിണ്ടാൻ കൂട്ട് വേണോ വിളിച്ചാൽ ഞങ്ങളെത്തും.
മക്കളേ ഞങ്ങൾക്കൊന്നു പെരുന്നാൾ കൂടാൻ പോണം. പള്ളിപ്പറമ്പിലൂടെ ഒന്നും നടക്കണം. 80 നു മേലെ പ്രായമുള്ള ദമ്പതിമാരുടെ ആഗ്രഹമായിരുന്നു അത്. പാലാപ്പള്ളിയിലെ രാക്കുളി തിരുനാൾ ദിനത്തിൽ ഇവരെകൂട്ടിക്കൊണ്ടുപോകാൻ നേരത്തെ പറഞ്ഞതനുസരിച്ച് രണ്ട് യുവാക്കളെത്തി. രാത്രി വൈകി ഇരുവരെയും സുരക്ഷിതരായി വീട്ടിലാക്കി വന്നവർ മടങ്ങി. കൊച്ചിയിലെ ഹാപ്പി മൈൻഡ്സ്‌ എന്ന സ്റ്റാർട്ടപ്പിന്റെ പ്രവർത്തകരായിരുന്നു യുവാക്കൾ.
@@@@@@
കോഴിക്കോട്=
ഫറോക്ക് പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ ഫറോക്ക് ടിപ്പു കോട്ടയിൽ തുടരുന്ന മൂന്നാംഘട്ട ഉത്ഖനനത്തിൽ കോട്ടമതിലിന്റെ ഭാഗവും ടിപ്പുവിന്റെ കാലത്തെ ചെമ്പു നാണയവും കണ്ടെത്തി. കോഴിക്കോട് പഴശ്ശിരാജ മ്യൂസിയം ഉദ്യോഗസ്ഥരും പുരാവസ്തു വകുപ്പ് മലബാർ ഫീൽഡ് സർവ്വേ അസിസ്റ്റന്റുമായ കെ കൃഷ്ണരാജിന്റെ നേതൃത്വത്തിലാണ് ഉത്ഖനനംനടക്കുന്നത്.
@@@@@@
അയോധ്യ=
ഇന്ത്യയുടെ വാനമ്പാടി ലതാമങ്കേഷ്കർക്ക് അയോധ്യയിൽ വീണാശില്പപ്രണാമം. അന്തരിച്ച പിന്നണി ഗായികയുടെ 93 - ആം ജന്മദിനത്തോടനുബന്ധിച്ച് നഗരത്തിലെ പ്രധാന കവലകളിലൊന്നിനു ലതാമങ്കേഷ്കർ ചൗക്ക് എന്ന പേര് നൽകി. 40 - അടി നീളവും 12 - അടി ഉയരവുമുള്ള കൂറ്റൻ വീണാശിൽപം സ്ഥാപിച്ച് മോഡി കൂട്ടുകയും ചെയ്തു.
@@@@@@
കലവൂർ=
റോഡരികിലൊരു റോട്ട് വീലർ തിരിച്ചറിഞ്ഞപ്പോൾ ആവശ്യക്കാരേറെ. ബുധനാഴ്ച നേരം വെളുത്തതേയുള്ളൂ ദേശീയപാതയിൽ കടത്തണ്ണയിലെ കാഴ്ചകണ്ട് കലവൂരുകാർ ഞെട്ടി. കെട്ടിയിട്ടനിലയിൽ മുന്തിയയിനം നായ. നടുക്കുന്ന ശബ്ദത്തിലുള്ള കുര. പേ ഉണ്ടോയെന്ന സംശയം. എങ്ങനെയെങ്കിലും ഒഴിപ്പിക്കണമെന്നായി ചിന്ത. വിവരമറിഞ്ഞ് മൃഗഡോക്ടർ എത്തി നായകളിലെ രാജാവാണെന്ന് അറിയിച്ചതയോടെ സ്വന്തമാക്കി കൊള്ളാമെന്നായി ചിലർ. തൽക്കാലം നായയെ സമീപത്തെ ഒരു വീട്ടിലാക്കി.
@@@@@@
കൊച്ചി=
ഹൃദയപൂർവ്വം തമ്പുരാട്ടി. വായന ചിതലിനെപ്പോലെയായിരിക്കണം. എന്ത് കിട്ടിയാലും അത് വായിക്കണം കുട്ട്യേ... അരികിലിരുന്ന 81- കാരിയായ മകളെയും 53- കാരിയായ പേരമകളെയും സാക്ഷിയാക്കി പുസ്തകം കയ്യിലെടുത്ത് തമ്പുരാട്ടി പറഞ്ഞു. തമ്പുരാട്ടിയുടെ വായന കണ്ടിരിക്കുമ്പോൾ പേരമകൾ പ്രസന്ന പറഞ്ഞു അമ്മൂമ്മയുടെ ചിട്ടയായ ജീവിതമാണ് ഈ ആരോഗ്യത്തിന്റെ രഹസ്യം. 91 ആം വയസ്സിൽ ആൻജിയോപ്ലാസ്റ്റി ചെയ്ത അമ്മൂമ്മയ്ക്കിപ്പോൾ 105 - വയസ്സാകുന്നു. ഇപ്പോൾ ഒരു ഹൃദയ ദിനം കൂടി വരുമ്പോൾ എല്ലാവരോടും എനിക്ക് പറയാനുള്ളതും അതുതന്നെയാണ് സംസാരം നിർത്തി തമ്പുരാട്ടി വീണ്ടും വായനയിലേക്ക് കടന്നു.
@@@@@@
അഹമ്മദാബാദ്=
ഏഴുവർഷത്തെ ഇടവേളയ്ക്കുശേഷം പുതുദൂരങ്ങളും പുതുചരിത്രവും കുറിക്കാൻ തയ്യാറെടുത്ത് ഇന്ത്യൻ കായിക രംഗം വീണ്ടും സ്റ്റാർട്ടിങ് പോയിന്റിലേക്ക്. 36 മത് ദേശീയ ഗെയിംസിന് ഗുജറാത്തിലെ അഹമ്മദാബാദിൽ വ്യാഴാഴ്ച തിരി തെളിയും. രാജ്യത്തെ മുൻനിരകായികതാരങ്ങൾ മാറ്റുരക്കുന്ന മേള മൊട്ടേരയിൽ തന്റെ പേരിലുള്ള സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും.
@@@@@@
തിരുവനന്തപുരം=
കേരളത്തിലേത് മികച്ച കാണികൾ, സഞ്ജു കഴിവുള്ള താരം - ഗാംഗുലി. കേരളത്തിലേത് മികച്ച സ്റ്റേഡിയവും മികച്ച കാണികളുമാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് പ്രസിഡന്റ് സൗരവ് ഗാംഗുലി.
@@@@@@
രാമനാട്ടുകര=
യുപി സ്കൂൾ വരെ മാത്രം പഠിച്ച രാമനാട്ടുകരയിലെ രാധാകൃഷ്ണൻ ഇന്ന് സംസ്കൃത പണ്ഡിതനാണ്. സംസ്കൃതം - മലയാളം നിഘണ്ടു ഉൾപ്പെടെ 14 പുസ്തകങ്ങളുടെ രചയിതാവ്. 3000 സംസ്കൃതശ്ലോകങ്ങൾ മനപ്പാഠം. ഈ നേട്ടങ്ങൾക്ക് പിന്നിലെ രാധാകൃഷ്ണന്റെ മുതൽമുടക്ക് ഒന്നുമാത്രം സ്വപ്രയത്നം. 86 പിന്നിട്ട രാധാകൃഷ്ണൻ ഇപ്പോഴും കുട്ടികളെ സംസ്കൃതം പഠിപ്പിക്കുകയും അക്ഷര ശ്ലോകമത്സരത്തിന് ഒരുക്കുകയും ചെയ്യുന്നു.
@@@@@@
ന്യൂഡൽഹി =
ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവിയായി ലെഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ ചുമതലയേറ്റു. ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷമാണ് ജനറൽ ചൗഹാൻ ചുമതലയേറ്റത്. പ്രഥമ സംയുക്ത സേന മേധാവിയായിരുന്ന ബിപിൻ രാവത്തിന്റെ മരണശേഷം ഈ ചുമതലയിൽ എത്തുന്ന രണ്ടാമത്തെ ആളാണ് അനിൽ ചൗഹാൻ.
@@@@@@
തിരുവനന്തപുരം=
മയക്കുമരുന്ന് ഉപയോഗിക്കുന്നവർക്കെതിരെ ശക്തമായ നടപടിക്ക് സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഒന്നിൽ കൂടുതൽ തവണ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടവരെ കരുതൽ തടങ്കലിലാക്കും. ഗാന്ധിജയന്തി ദിനമായ ഇന്നുമുതൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നു വരെ ആദ്യഘട്ടം നടപ്പിലാക്കും.
@@@@@@
തൃശ്ശൂർ=
നാലപ്പാടൻ സ്മാരക സംസ്കാരിക സമിതിയുടെ നാലപ്പാടൻ സ്മാരക അവാർഡ് ആഷാമേനോന്. കവി നാലപ്പാട്ട് നാരായണമേനോന്റെ 135- ആം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ ഏഴിന് നടക്കുന്ന ചടങ്ങിൽ സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സ്വാമി സുനിൽദാസ് അവാർഡ് സമ്മാനിക്കും. വൈകിട്ട് മൂന്നിന് പുന്നയൂർകുളം കുന്നത്തൂർ മന ആയുർവേദ ഹെറിറ്റേജിൽവെച്ചാണ് പരിപാടി.
@@@@@@
സ്നേഹസൗഹൃദങ്ങളെ വാർത്തകൾ ഇവിടെ അവസാനിക്കുന്നില്ല. അടുത്ത ആഴ്ച്ച പുതിയവാർത്തകളുമായി ഞാൻ എത്താട്ടോ.
സന്തോഷത്തോടെ അതിലേറെ സ്നേഹത്തോടെ നല്ലൊരു പുലരി ആശംസിച്ചുകൊണ്ട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍