മഹാകവി അക്കിത്തതിന്റെ വാക്കുകളിൽ പറഞ്ഞാൽ സാധാരണക്കാരനിൽ സാധാരണക്കാരനായ ഒരാൾ. മുറുക്കി ചുവപ്പിച്ച ചുണ്ടുകൾ. ഇടശ്ശേരിക്ക് കവിതയെഴുതാൻ പ്രത്യേകിച്ച് ഒരു ഇടത്തിന്റെ ആവശ്യമുണ്ടായിരുന്നില്ല.നടക്കുന്നതിനിടയിൽ കവിതകൾ കുത്തിക്കുറിക്കുന്ന ശീലമായിരുന്നു ഇടശ്ശേരിക്ക്....
കാല്പനികതയെ ജീവിതത്തോടും രാഷ്ട്രീയതോടും കൂട്ടിയിണക്കി ഗ്രാമീണ അന്തരീക്ഷത്തെ പകർത്തിയ ഇടശ്ശേരി ഗോവിന്ദൻ നായരുടെ ചരമദിനമാണ് ഇന്ന് ഒക്ടോബർ 16.. അദ്ദേഹമാണ് ഇന്ന് മുഖക്കുറിക്ക് വിഷയമാകുന്നത്.
" ഹിമഗിരി പോലെ മഹാംബുധി പോലെ
മഹാനഭസ്സ് പോലെ " ഉള്ളതായിരുന്നു ഇടശ്ശേരിയുടെ കാവ്യജീവിതം. " "ശക്തിയുടെ കവി " എന്നായിരുന്നു ബാലാമണിയമ്മ ഇടശ്ശേരിയെ വിശേഷിപ്പിച്ചത്. ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു പദപ്രയോഗമായിരുന്നു ഇത്. ഇടശ്ശേരി കവിതയ്ക്ക് ശക്തി മാത്രമല്ല കാരിരുമ്പിന്റെ കരുത്തും കാതലും ക്രൗര്യവുമുണ്ടെന്ന് ഡോ. കെ. അയ്യപ്പപണിക്കർ ചൂണ്ടിക്കാണിച്ചു. അദ്ദേഹത്തിന്റെ പൂതപ്പാട്ട് പകരുന്ന കാരുണ്യം ആരിലും കണ്ണീരിന്റെ നനവ് പടർത്തും.ജീവന്റെ സമസ്ത ഭാവങ്ങളും അദ്ദേഹത്തിന്റെ കവിതകൾ ഉൾക്കൊള്ളുന്നു.. അടിസ്ഥാനവർഗ്ഗ മനുഷ്യന്റെ സ്വത്വബോധവും അന്തസ്സുമാണ് അദ്ദേഹത്തിന്റെ കവിതയുടെ ശക്തിയും ചൈതന്യവും കരുത്തും.
"കുഴിവെട്ടി മൂടുക വേദനകൾ
കുതികൊൾക ശക്തിയിലേക്ക് നമ്മൾ "
കുതികൊള്ളുന്ന മനുഷ്യത്വത്തിന്റെ കവിതകളായിരുന്നു ഇടശ്ശേരി കവിതകൾ. വേദനകളെ കുഴി വെട്ടി മൂടാൻ ആഹ്വാനം ചെയ്ത കവി. ചുറ്റുപാടും നിലനിന്ന സാമൂഹിക യാഥാർതഥ്യങ്ങളോട്, എതിരുകളോട് ഏറ്റുമുട്ടി മുന്നേറിയ മാനവികതയുടെ മഹനീയ ഗാഥകൾ രചിച്ച മഹാപ്രതിഭ.
കണ്ണീരും ഉപ്പും കലർന്ന ജീവിത സൗന്ദര്യമാണ് ഇടശ്ശേരികവിതകളിൽ നിറഞ്ഞു നിൽക്കുന്നത്. മനുഷ്യനും മറ്റ് ജീവികളും പ്രകൃതിയും അടങ്ങുന്ന സഹജീവനത്തിന്റെ ഗുണാത്മകത ആണ് അദേഹത്തിന്റെ കവിതകളുടെ അന്തസത്ത. മനുഷ്യനും സകല ചരാചരങ്ങളും അടങ്ങുന്ന സന്തുലിതമായ ജീവിതമാണ് ഇടശ്ശേരിയുടെ ഭാവനാ പ്രപഞ്ചം. നവനാഗരികതയുടെ സ്വരമല്ല, വിശാലമായ സഹജീവനത്തിന്റെ ആർദ്രതയാണ് കാവിലെപ്പാട്ടിലും പൂതപ്പാട്ടിലും ഒക്കെ നമുക്ക് ദർശിക്കാൻ കഴിയുന്നത്. മാനുഷിക വിജയത്തിന്റെ യന്ത്രസംസ്കാരം നമ്മുടെ പ്രകൃതിയെ ആകെ ചൂഷണം ചെയ്ത് മുറിവേൽപ്പിക്കും എന്ന ആധി കവിക്ക് ഉണ്ടായിരുന്നു. കറുത്ത ചെട്ടിച്ചികൾ അതിന് നിദാനമാണ്. പുത്തനാം തിങ്കൾക്കലകൾ ഉദിപ്പിക്കുവാനായി എത്തുന്ന കറുത്ത ചെട്ടിച്ചികളെ അകറ്റിനിർത്തുവാൻ ആയിരുന്നില്ല ഇടശ്ശേരി താൽപ്പര്യപ്പെട്ടത്..
" ഇത്തറവാടിത്ത ഘോഷണത്തെപ്പോലെ
വൃത്തികെട്ടിട്ടില്ല മറ്റൊന്നുമൂഴിയിൽ "
അതിർത്തി കടന്ന് വന്ന് പൊയ്ക്കൊണ്ടിരുന്ന ഇതരദേശ ജീവിതങ്ങളുടെ സങ്കുചിതമായ പ്രാദേശികാഭിമാന പ്രലോഭനങ്ങളെ കവി ആക്ഷേപിക്കുന്നു ഈ വരികളിലൂടെ...
അധികാര വ്യവസ്ഥയിൽ അമരുന്ന സമൂഹത്തെയല്ല അതിനെതിരെ ഉയിർത്തെഴുന്നേൽക്കുന്ന മനുഷ്യനെയാണ് അദ്ദേഹം വരച്ച് കാട്ടിയത്. പട്ടിണിയിൽ തളർന്നു കിടക്കുന്ന കുഞ്ഞുങ്ങൾക്ക് അരിക്കിഴിയുമായി വരുന്ന പിതാവ് ഒരു വലിയ സൂചകമാണ്.
" അധികാരം കൊയ്യണമാദ്യം
അതിന്മേലാകട്ടെ പൊന്നാര്യൻ " എന്നത് ഇടശ്ശേരിയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്നു. അധികാരം എന്ന വ്യവസ്ഥയ്ക്ക് മീതെയാണ് യഥാർത്ഥ പൊന്നാര്യൻ ഉയർന്ന് വരേണ്ടത് എന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നു.
വളരെയധികം പരീക്ഷണങ്ങൾ നിറഞ്ഞ ജീവിതമായിരുന്നു പൊന്നാനിക്കള- രിയിൽ പയറ്റി തെളിഞ്ഞ ഇടശ്ശേരിയുടേത്. കെ. കേളപ്പന്റെ സഹചാരി ആയിരുന്നു തികഞ്ഞ ഗാന്ധിയനായ അദ്ദേഹം.കഠിനമായ ദാരിദ്ര്യവും ക്ളേശവും അഭിമുഖീകരിക്കേണ്ടി വന്ന ജീവിതം. ഒരു വക്കീൽ ഗുമസ്ഥന്റെ പരിമിതമായ വരുമാനം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാവാത്ത ജീവിതം. മനസ്സും ചിന്തകളും ഭാവനാസമ്പന്നം. കണ്ണും കാതും പ്രകൃതിയിലേക്ക് തുറന്നുവെച്ച കവി. അവതരണത്തിലെ നാടകീയത അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. പൂതപ്പാട്ടിലും മറ്റ് പല കവിതകളിലും ഇത് ദൃശ്യമാണ്.
മാതൃത്വത്തിന്റെ മഹത്വം വിളിച്ചോതുന്ന പൂതപ്പാട്ട്, പൂത (ഭൂത )ത്തിന്റെ വികാരങ്ങൾ പങ്കുവെക്കുന്ന മനോഹര കവിതയാണ്. പൂതം കൈക്കലാക്കിയ പൊന്നോമനക്കു വേണ്ടി കെഞ്ചുന്നു മാതാവ്.
" പൊന്നും മണികളും കിഴികെട്ടി തന്നീടാം
പൊന്നാരക്കുട്ടനെ ഞാനെടുക്കും... "
പുലരിച്ചെന്താമര പോലെ തന്റെ ചൂഴ്ന്നെടുത്ത കണ്ണുകൾ അമ്മ പൂതത്തിന് സമർപ്പിച്ചു തൊഴുതുരച്ചു
" ഇതിലും വലിയതാണെന്റെ പൊന്നോമന
അതിനെത്തരികെന്റെ പൂതമേ നീ "
മാതൃശാപം ഭയന്ന് പൂതം തങ്കകുഞ്ഞിനെ തിരികെ നൽകുന്നു... ഉദാത്തമായ മാതൃസ്നേഹവാത്സല്യങ്ങൾക്ക് മുൻപിൽ തോറ്റുമടങ്ങി ഭൂതം.
"ചിരിയേറും കടത്തിൻ പ്രഹരമിതതരം "
ഏറ്റുകൊണ്ട് ജീവിതത്തോട് കടുത്ത പോരാട്ടത്തിൽ കഴിയേണ്ടി വന്ന മനുഷ്യനാണ് മലയാളത്തിന്റെ പ്രിയകവി ഇടശ്ശേരി. പൂതപ്പാട്ടും പുത്തൻ കലവും അരിവാളും കൂട്ടുകൃഷിയും ഒക്കെ എഴുതിയ മലയാള നാടിന്റെ സ്വന്തം കവിയുടെ ,നാടകകൃത്തിന്റെ ജീവിതം സംഘർഷ ഭരിതമായിരുന്നു എന്നും...
പരീക്ഷകൾ ഒരിക്കലും അവസാനിക്കുന്നില്ല... ഈ തിരക്കിൽ സ്വപ്നം കാണാനുള്ള കഴിവ് നിങ്ങൾക്ക് നഷ്ടപ്പെടാതിരിക്കട്ടെ എന്ന് മക്കൾക്ക് ഉപദേശം നൽകിയ കവി.
1974 ഒക്ടോബർ 16 ന് ആ കവി ചൈതന്യം
വിടവാങ്ങി. ആനുകാലിക ജീവിതത്തെയും ആദിമ സംസ്കാരങ്ങളെയും സംയോജിപ്പിക്കുന്നതിൽ അനിതരസാധാരണമായ കഴിവ് ഉണ്ടായിരുന്ന ഇടശ്ശേരി മനോഹരങ്ങളായ കവിതകളിലൂടെ ഇന്നും ജീവിക്കുന്നു നമുക്കിടയിലും വരും തലമുറകളിലും...
മഹാകവേ, അങ്ങയെ
" കെട്ടിപ്പുണരുവാൻ കൈനീട്ടി നിൽക്കയാം...
കേരമനോഹര കേരളത്തോപ്പുകൾ "
ഗ്രാമീണ ജീവിതത്തിന്റെ ഹൃദയതാളങ്ങളെ ഭാവോജ്വല ഗാനങ്ങളാക്കിയ പ്രിയങ്കരനായ കവി ഇടശ്ശേരിക്ക് നീലാംബരീയം മുഖക്കുറിയുടെ
പ്രണാമം.
2 അഭിപ്രായങ്ങള്‍
പ്രിയ മാഷേ ...
മറുപടിഇല്ലാതാക്കൂശക്തിയുടെ കവി ഇടശ്ശേരിക്ക് നൽകിയ ഈ
അംഗീകാരത്തിന് സ്നേഹാദരങ്ങൾ
💕🙏💕
വന്നു മടങ്ങണമാണ്ടുകള്‍ തോറും
മറുപടിഇല്ലാതാക്കൂപൊന്നുണ്ണിക്കൊരു കുതുകം ചേര്‍ക്കാന്‍,
ഞങ്ങടെ വീട്ടിനു മംഗളമേകാന്‍
ഞങ്ങള്‍ക്കഞ്ചിത സൗഖ്യമുദിക്കാന്‍.'
പ്രിയകവിക്ക് പ്രണാമം 🙏