Hot Posts

6/recent/ticker-posts

കായിക കേരളത്തിന്റെ പിതാവ്.

നീലാംബരീയം
പങ്കെടുത്ത മേഖലകളിൽ എല്ലാം തന്നെ മികച്ച പാടവം കാഴ്ചവെച്ച കേണൽ ഗോദവർമ്മ രാജ എന്ന, മലയാളി കായിക താരങ്ങളുടെ പ്രിയപ്പെട്ട ജിവി രാജ ഇല്ലാതെ കേരളത്തിന്റെ കായിക ചരിത്രം എഴുതാൻ കഴിയില്ല. അത്രയധികം അർപ്പണബോധത്തിന്റെയും ത്യാഗത്തിന്റെയും രൂപമായിരുന്നു കേണൽ ഗോദവർമ്മ രാജ. ഇന്നത്തെ മുഖക്കുറിയിൽ അദ്ദേഹത്തിന്റെ ഓർമ്മകൾ നമുക്ക് പങ്കുവയ്ക്കാം.

സംഭവബഹുലവും ജനകീയ സംഭാവനകൾ കൊണ്ട് സമൃദ്ധവുമായിരുന്നു ജീ വി രാജയുടെ ജീവിതം. കായിക കേരളത്തിന് അടിത്തറ പാകിയ അദ്ദേഹം തന്റെ ഇഷ്ട മേഖലകളിൽ എല്ലാം തന്നെ വ്യക്തിമുദ്ര പതിപ്പിച്ചു.
1908 ഒക്ടോബർ 13 ന് കോട്ടയം ജില്ലയിലെ പൂഞ്ഞാറിൽ, കാഞ്ഞിരമറ്റം കൊട്ടാരത്തിൽ അംബാലിക തമ്പുരാട്ടിയുടെയും നാരായണൻ നമ്പൂതിരിയുടെയും മകനായി ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം വൈദ്യശാസ്ത്രത്തിൽ ബിരുദം നേടാനായി മദ്രാസിലേക്ക് പോയി. എന്നാൽ മദ്രാസിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ തിരുവിതാംകൂർ റാണി, കാർത്തിക തിരുനാൾ ലക്ഷ്മി ഭായിയുടെ വിവാഹാലോചന വരികയും ഇരുപത്താറാമത്തെ വയസ്സിൽ കാർത്തിക തിരുനാളിനെ വിവാഹം കഴിക്കുകയും ചെയ്തു.
തുടർന്ന് തിരുവനന്തപുരത്ത് രാജകീയ ചുമതലകൾക്കായി ഭാര്യയോടൊപ്പം സ്ഥിരതാമസമാക്കി. വിവാഹ ശേഷം മധുവിധു ആഘോഷിച്ചത് കോവളത്തായിരുന്നു. ഈ സമയത്ത് അവിടത്തെ പ്രകൃതി ഭംഗിയുടെ സാധ്യത മനസ്സിലാക്കിയ അദ്ദേഹം കോവളത്തെ ഒരു വിനോദസഞ്ചാര മേഖലയായി വികസിപ്പിക്കാൻ തീരുമാനിച്ചു.
വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച ഗോദവർമ്മ ജനനം കൊണ്ട് ഉത്തമ കായിക താരവും കർമ്മം കൊണ്ട് മികച്ച സംഘാടകനുമായിരുന്നു. തന്റെ ഉൽക്കാഴ്ചയും പ്രയത്നവും കൊണ്ട് സ്പോർട്സ്,വിനോദസഞ്ചാരം, വ്യോമയാനം എന്നീ മേഖലകളിൽ എല്ലാം തന്നെ കഴിവ് തെളിയിച്ചു.
കേരള സ്പോർട്സ് കൗൺസിൽ 1954 രൂപീകരിച്ചതും അദ്ദേഹം തന്നെയായിരുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ സംരംഭം ആയിരുന്നു അത്. ഗോൾഫ്, ടെന്നീസ്, ഫുട്ബോൾ എന്നിവയിലെല്ലാം പ്രാവീണ്യം തെളിയിക്കുകയും അവയുടെ ഉന്നമനത്തിനായി പ്രയത്നിക്കുകയും ചെയ്തു.
സ്വന്തം പ്രശസ്തിക്കപ്പുറം പുത്തൻ കായിക പ്രതിഭകൾക്കായി സമയം നീക്കിവെച്ച ജീ വി രാജ മികച്ച സംഘാടകൻ കൂടിയായിരുന്നു. ഒരു മികച്ച കായികതാരം ഉദയം ചെയ്യണമെങ്കിൽ നല്ല പരിശീലകൻ ആവശ്യമാണെന്ന കാര്യം മനസ്സിലാക്കിയ അദ്ദേഹം കേരള ക്രിക്കറ്റർമാരെ ഉയർത്താൻ വേണ്ടി രാം സിംഗിനെ പോലെയുള്ള പരിശീലകൻമാരെ കേരളത്തിലേക്ക് കൊണ്ടുവന്നു.
സ്വിറ്റ്സർലൻഡിൽ പർവതാരോഹണ പരിശീലനം നേടിയ ജി വി, സാഹസികതയെ സ്നേഹിക്കുന്ന യുവാക്കൾക്കായി പർവതാരോഹണ സംവിധാനവും തയ്യാറാക്കി. മികച്ച ടെന്നീസ് കളിക്കാരൻ കൂടിയായിരുന്ന അദ്ദേഹം, ട്രിവാൻഡ്രം ടെന്നീസ് ക്ലബ്ബിൽ കളികളിൽ നേരിട്ടിരുന്നത് സംസ്ഥാന താരങ്ങളുടെ ഉന്നത റാങ്കുകാരെയാണ്. ശങ്കുമുഖത്ത് റോളർ സ്കേറ്റിങ്ങിനായി ഒരു ഇൻഡോർ സ്റ്റേഡിയം പണികഴിപ്പിച്ചതും വേളി ബോട്ട് ക്ലബ് രൂപീകരിച്ചതും എല്ലാം അദ്ദേഹം തന്നെയാണ്.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിനായി അദ്ദേഹം നടത്തിയത് ഒറ്റയാൾ പോരാട്ടം ആയിരുന്നു. ഭാവിയിൽ റൺവേ വികസിപ്പിക്കാൻ ആവശ്യമായി വരുന്ന സ്ഥലത്ത് സർക്കാർ ഐടിഐ നിർമ്മിക്കാൻ തീരുമാനിച്ചതിനെതിരെ അദ്ദേഹം സമരം തന്നെ നടത്തി. എന്നാൽ അദ്ദേഹത്തിന്റെ എതിർപ്പ് വക വെയ്ക്കാതെ കെട്ടിടം പണിയുകയും പിൽക്കാലത്ത് റൺവേ വികസിപ്പിക്കാൻ വേണ്ടി അത് പൊളിച്ചു മാറ്റേണ്ടി വരികയും ചെയ്തു.
കാറിൽ യാത്ര ചെയ്യുമ്പോഴും വഴിയരികിൽ ആരെങ്കിലും ഷട്ടിലോ ഫുട്ബോളോ കളിക്കുന്നത് കണ്ടാൽ കാർ നിർത്തി അവർക്കൊപ്പം കൂടുന്ന ജി വിയെ ജനങ്ങളുടെ രാജകുമാരൻ എന്നായിരുന്നു വിളിച്ചിരുന്നത്. കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ആദ്യത്തെ ചെയർമാൻ ആയിരുന്ന അദ്ദേഹം കേരളത്തിലെ വിനോദ സഞ്ചാരമേഖലയുടെ പിതാവായും അറിയപ്പെട്ടു. ജന്മദിനമായ ഒക്ടോബർ 13 കേരള സർക്കാർ സംസ്ഥാന കായിക ദിനമായി ആചരിക്കുന്നു.
സാഹസികതയോടുള്ള അദ്ദേഹത്തിന്റെ പ്രണയം അവസാന നിമിഷം വരെ ഒപ്പമുണ്ടായിരുന്നു. 1972 ഏപ്രിൽ 30ന് കുളു വാലിയിലേക്ക് നടത്തിയ വിമാനയാത്രയിൽ അപകടത്തിൽപ്പെട്ട് അദ്ദേഹം മരണത്തിലേക്ക് നടന്നു മറയുകയായിരുന്നു. മരിക്കുമ്പോൾ 62 വയസ്സായിരുന്നു.
കായിക കേരളത്തിന്റെ പിതാവിന് ആദരവോടെ...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍