Hot Posts

6/recent/ticker-posts

ലോകമൃഗക്ഷേമദിനം

 

നീലാംബരീയം

"പന്തിരുകുലംപെറ്റ
പറയിക്കുമമ്മ നീ ,
എണ്ണിയാൽ തീരാത്ത
തങ്ങളിലിണങ്ങാത്ത
സന്തതികളെ നൊന്തുപെറ്റു
ഒന്നു മറ്റൊന്നിനെ
കൊന്നു തിന്നുന്നത്
കണ്ണാലെ കണ്ടിട്ടു -
മൊരുവരും കാണാതെ
കണ്ണീരൊഴുക്കി നീ നിന്നു .
പിന്നെ നിന്നെത്തന്നെയല്പാല്പമായ്
തിന്നു തിന്നവർ തിമിർക്കവെ
യേതും വിലക്കാതെ
കണ്ണീരൊഴുക്കി നീ നിന്നു "
മലയാളത്തിന്റെ പ്രിയ കവി ഒ.എൻ.വി കുറുപ്പ് "ഭൂമിക്കൊരു ചരമഗീത "ത്തിൽ എഴുതിയതാണിത്.മനുഷ്യന്റെ അത്യാർത്തി, ഭൂമിയേയും അതിലെ സർവ്വ ജീവജാലങ്ങളേയും ഏതെല്ലാം തരത്തിൽ ചൂഷണം ചെയ്യുന്നു എന്ന് ഈ വരികൾ വിളംബരം ചെയ്യുന്നു. ഈ ഭൂമി എല്ലാവർക്കും അവകാശപ്പെട്ടതാണ്.നമ്മെ പോലെ ജീവിക്കാൻ മൃഗങ്ങൾക്കുമുണ്ട് അവകാശം. ഈ ഭൂമി അവരുടേതുകൂടിയാണ്...ഇന്നീ ഭൂമുഖത്തു നിന്ന് എത്രയധികം ജീവിവർഗ്ഗങ്ങൾ ഇല്ലാതായിരിക്കുന്നു ! ആദിയിൽ ഭൂമിയിൽ ഉണ്ടായിരുന്ന മൃഗങ്ങളിൽ പലതും ഇന്നില്ല...
ഒക്ടോബർ 4, ലോക മൃഗക്ഷേമ ദിനം (വേൾഡ് അനിമൽ ഡേ)...
മൃഗക്ഷേമദിനമായി നാം ആചരിക്കുന്ന ദിവസം.
പണ്ടൊക്കെ വംശനാശഭീഷണി അപൂർവം ചില ജീവികൾക്കേ ഉണ്ടായിട്ടുള്ളൂ. എന്നാൽ നാം കണ്ടതും കേട്ടതുമായ നമ്മുടെ ഒട്ടുമിക്ക മൃഗങ്ങളും പക്ഷികളും ഇപ്പോൾ ഈ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമായിരിക്കുന്നു. ഇങ്ങനെ വംശനാശം സംഭവിക്കുന്ന ജീവികളുടെ ജീവന്റെ സുരക്ഷ ഉറപ്പുവരുത്തുവാനുള്ള ബോധവല്ക്കരണവും അതിനെ പറ്റിയുള്ള പഠനത്തിന്റെ സാധ്യതയുമൊക്കെയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.
നാല്പത്തി നാലു വർഷത്തിനിടയിൽ 60% വന്യജീവികൾ ഭൂമിയിൽ ഇല്ലാതെയായിട്ടുണ്ട് എന്നാണ് ഹാർവേഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്. ഇനി പലതും നാമാവശേഷമാകാനുള്ള സാധ്യത എന്നുള്ളതും പഠനത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ തന്നെയാണ്.
ചിലതൊക്കെ ഭൂമിയിലെ കാലാവസ്ഥവ്യതിയാനത്തിന്റെ ഫലമായി മണ്മറഞ്ഞു എന്ന സത്യത്തിനേക്കാൾ ലജ്ജാകരമാണ് ചിലതൊക്കെ നാം മനുഷ്യരുടെ സ്വാർത്ഥ ലാഭങ്ങൾക്കു വേണ്ടിയും നാം ഇല്ലാതാക്കുന്നു എന്നത്. ഇല്ലാതെ ആക്കി കൊണ്ടേയിരിക്കുന്നു...
എത്രയെത്ര നിയമങ്ങൾ ഉണ്ടായിട്ടും ഇന്നും കാട്ടിലെ മൃഗങ്ങൾ വേട്ടയാടപ്പെടുന്നുണ്ട്, എന്തിന് നാം ഓമനിച്ചു വീട്ടിൽ വളർത്തുന്ന മൃഗങ്ങളെ പോലും ആരോഗ്യവും സൗന്ദര്യവും നശിക്കുമ്പോൾ തെരുവിൽ ഉപേക്ഷിക്കുന്ന കാഴ്ച എത്ര വേദനകരമാണ്. പലരും ഇപ്പോൾ മൃഗസ്നേഹം കൊണ്ടല്ല, നമ്മുടെ പ്രസ്‌ടീജിന്റെ പ്രതീകമായാണ് വളർത്തുമൃഗങ്ങളെ വളർത്തുന്നത്.
ലോക മൃഗ ദിനത്തിൽ മൃഗങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന നിരവധി മൃഗക്ഷേമ സംഘടനകൾ മൃഗ സംരക്ഷണത്തിന് പിന്തുണയ്ക്കുന്ന പല പരിപാടികളും ബോധവത്കരണ ഭാഗമായി നടത്തുന്നു. ലോക മൃഗ ദിനത്തിന് 90 ലധികം രാജ്യങ്ങളിലായി 70 ലധികം അംബാസഡർമാരുണ്ട്. മനുഷ്യന്റെ സ്വാർത്ഥതയും അനാസ്ഥയും ഇതിന് ഒരു കാരണമായതു കൊണ്ടുതന്നെ മൃഗക്ഷേമത്തിന് മനുഷ്യർക്കുള്ള ബോധവത്കരണം തന്നെയാണ് കൂടുതൽ വേണ്ടത്...
മനുഷ്യനെപ്പോലെ തന്നെ മറ്റു ജീവജാലങ്ങൾക്കു കൂടി അവകാശപ്പെട്ടതാണ്ഈ ഭൂമി...
"ഇനിയും മരിക്കാത്ത ഭൂമി,
ഇതു നിന്റെ മൃതി ശാന്തിഗീതം " എന്ന് പാടാതിരിക്കാൻ നമുക്ക് കഴിയട്ടെ.

സുബി സാജൻ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍