Hot Posts

6/recent/ticker-posts

ഗാന്ധി ജയന്തി.

 

നീലാംബരീയം

ഒക്ടോബർ 2- ഗാന്ധി ജയന്തി.

ഗാന്ധിജിയുടെ അഹിംസ തത്വചിന്തയുടെ സ്മരണക്കായി ഐക്യരാഷ്ട്ര സഭ ഒക്ടോബർ 2 രാജ്യന്തര അഹിംസാ ദിനമായി ആചരിക്കാൻ 2007 ജൂൺ 15 ന് തീരുമാനിച്ചു. ഈ ദിവസത്തിൽ അഹിംസയുടെ സന്ദേശം വിദ്യാഭ്യാസത്തിലൂടെയും പൊതു അവബോധത്തിലൂടെയും പ്രചരിപ്പിക്കുന്നു.

ലോകത്തിന് ഒരു മഹാത്മാവ് മാത്രമേ ഉള്ളൂ. ഗാന്ധിജി മാത്രം.....
രബീന്ദ്രനാഥ ടാഗോർ സ്നേഹാദരങ്ങളോടെ നൽകിയ "മഹാത്മാ " എന്ന പേര് ലോകജനത ഏറ്റെടുത്തു. ലോകത്തിന്റെ മഹാത്മാഗാന്ധി....സത്യത്തെ ജീവശ്വാസമാക്കി ധർമ്മത്തിന്റെ പ്രതിരൂപമായി മാറിയ മഹാത്മാ ഗാന്ധിയുടെ ജന്മദിനം....

മൃത്യു അപഹരിച്ചിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന മഹാത്മാവ്..നമ്മുടെ രാഷ്ട്രപിതാവ്....
ഭാരതം എന്നും അഭിമാന പുരസ്സരം സ്മരിക്കുന്നു ഈ പുണ്യാത്മാവിനെ....
" ഇങ്ങനെയൊരു മനുഷ്യൻ ലോകത്ത് ജീവിച്ചിരുന്നുവെന്ന് വരുംതലമുറ വിശ്വസിക്കില്ല " എന്നാണ് ആൽബർട്ട് ഐൻസ്റ്റീൻ ലോകത്തോട് പറഞ്ഞത്...അതേ.. അധികാര വടംവലിയും കാപട്യവും നിറഞ്ഞ ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ ഇങ്ങനെയൊരു നേതാവിനെ കണ്ടെത്താൻ പറ്റില്ല....

ആധുനികമാനവ ചരിത്രത്തിലെ മഹാദ്‌ഭുതങ്ങളിൽ ഒന്നാണ് ഗാന്ധിജിയുടെ ജീവിതവും പ്രവർത്തനങ്ങളും. വ്യത്യസ്ത മതഭാഷാ സമുദായങ്ങൾ സൗഹൃദത്തോടെ ഏകോദരസോദരങ്ങളായി വർത്തിക്കുന്ന സ്വാതന്ത്ര്യ ഭാരതവും അക്രമ രഹിതമായ മാനവ സമൂഹവുമായിരുന്നു ഗാന്ധിജിയുടെ ലക്ഷ്യങ്ങൾ. സത്യത്തിലും അഹിംസയിലും നീതിയിലും ധർമ്മത്തിലും അധിഷ്ഠിതമായ കർമ്മ പ്രവർത്തനങ്ങളായിരുന്നു ആ മഹത് ലക്ഷ്യങ്ങൾ സാക്ഷത്കരിക്കാൻ വേണ്ടി അദ്ദേഹം സ്വീകരിച്ച മാർഗ്ഗങ്ങൾ...
മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മജിയുടെ ജീവിത വഴികൾ അനുവാചകർക്ക് സുപരിചിതമാണ്...അക്ഷരം കൂട്ടിവായിക്കാൻ തുടങ്ങിയപ്പോൾ മുതൽ പാഠപുസ്തകങ്ങളിലൂടെ നാം അദ്ദേഹത്തെ അറിയാൻ തുടങ്ങി. കണ്ണട വച്ച കൈയിൽ വടിയൂന്നിയ അർദ്ധനഗ്നനായ ആ വലിയ മനുഷ്യൻ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തരാനുള്ള പോരാട്ടത്തിൽ അമരക്കാരനായി എന്ന അറിവിൽ ദേശാഭിമാനത്തോടെ നാം അദ്ദേഹത്തെ ഉൾക്കൊണ്ടു....അദ്ദേഹത്തിന്റെ ജീവിത വഴികളിലൂടെ ഒരു ഓട്ടപ്രദിക്ഷണം വെയ്ക്കാതെ ആയാൽ ഒരു അപൂർണത നിലനിൽക്കില്ലേ.....
1869 ഒക്ടോബർ 2 ന് ഗുജറാത്തിൽ പോർബന്തറിൽ മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജനനം. പിതാവ് കരംചന്ദ് ഗാന്ധി, മാതാവ് പുത് ലി ബായ്. പഠനത്തിൽ പിന്നോക്കം നിന്ന ബാല്യം. 13 ആം വയസ്സിൽ കസ്തൂർബാ മോഹൻദാസിന്റെ വധുവായി. നിരക്ഷരയായ കഷ്തുർബായ്ക്ക് പിന്നീട് വിദ്യാഭ്യാസം നൽകി . 1887 ൽ നിയമ പഠനത്തിനായി ഇംഗ്ലണ്ട് ഓക്സ്ഫോഡ് യൂണിവേഴ്‌സിറ്റിയിൽ ചേർന്നു. 1891 ൽ ഇന്ത്യയിൽ മടങ്ങിയെത്തി ബോംബെ കോടതിയിൽ അഭിഭാഷകനായി. ആദ്യത്തെ കേസ് വാദിക്കെ പതറിപ്പോകുകയും അഭിഭാഷക വൃത്തിയിൽ നിന്നും പിന്മാറുകയും ചെയ്തു.
1893 ൽ കേസ് വാദിക്കാനായി സൗത്ത് ആഫ്രിക്കയിലേക്ക് തിരിച്ചു. ഇന്ത്യയുടെ വിധി തിരുത്തിക്കുറിച്ച യാത്ര എന്ന് പറയാം. വെള്ളക്കാരുടെ എ ക്ലാസ് കൂപ്പയിൽ യാത്ര ചെയ്തതിന് ഗാന്ധിയെ മർദ്ദിച്ച് ഇറക്കിവിട്ടു. വർണവിവേചനത്തിന്റെ ഭീകരമുഖം ഗാന്ധി തിരിച്ചറിയുകയായിരുന്നു ഈ സംഭവത്തോടെ. സമത്വത്തിനായുള്ള പോരാട്ടം അവിടെ പിറവി കൊണ്ടു. യുദ്ധത്തിനും അക്രമത്തിനും മീതെ അദ്ദേഹം കണ്ടെത്തിയത് സമാധാനത്തിന്റെ പാത ആയിരുന്നു. സത്യാഗ്രഹം എന്ന ആശയം മനസ്സിൽ രൂപം കൊണ്ടു. 1908 ൽ ജോഹനാസ്ബർഗിൽ തടവിലാക്കപ്പെട്ടു. 1915 ൽ ഇന്ത്യയിലെത്തി അഹമ്മദാബാദിൽ ആശ്രമം സ്ഥാപിച്ചു.
1917 മുതൽ 1947 വരെയുള്ള ഇന്ത്യ ഗാന്ധിജിയുടെ പേരിൽ ചരിത്രം രേഖപെടുത്തുന്നു. 1918 ൽ ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി അഹമ്മദാബാദിൽ നിരാഹാര സമരം അരങ്ങേറി. വെള്ളക്കാരുടെ അടിമച്ചങ്ങലയ്ക്കുള്ളിൽ ഇന്ത്യയുടെ ആത്മാവ് പിടയുന്നത് ആ ഹൃദയത്തെ വേദനിപ്പിച്ചു. 1920 ൽ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി ബ്രിട്ടീഷ്‌ ഉത്പന്നങ്ങൾ ബഹിഷ്കരിച്ചു. ചർക്കയിൽ നൂൽ നൂറ്റ് സ്വന്തം വസ്ത്രങ്ങൾ നെയ്തെടുത്തു. സ്വയം പര്യാപ്തമാകാൻ ജനങ്ങളെ അദ്ദേഹം ആഹ്വാനം ചെയ്തു.
രാജ്യദ്രോഹ കുറ്റം ചുമത്തി 5 വർഷം ഗാന്ധിജിയെ ജയിലിൽ അടച്ചു. ആ ഇരുട്ടറയിൽ വച്ചാണ് എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ ( The Story of My Experiments with Truth ) എന്ന ആത്മകഥ അദ്ദേഹം എഴുതുന്നത്. ഇന്നും ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന പുസ്തകമാണിത്. ഏതാണ്ട് രണ്ട് ലക്ഷം കോപ്പികളിൽ കൂടുതൽ. അതിൽ പകുതിയോളവും പ്രബുദ്ധ കേരളത്തിൽ എന്നത് നമുക്ക് അഭിമാനകരം....
ലോകം ഗാന്ധിജിയുടെ ഔന്നത്യം തിരിച്ചറിഞ്ഞു. അദ്ദേഹം ഇന്ത്യ ഒട്ടാകെ സഞ്ചരിച്ച് അയിത്തത്തിനെതിരെ, നീചമായ ജാതിവ്യവസ്ഥയ്ക്ക് എതിരെ പോരാടി. മതേതരത്വത്തിന്റെ മഹനീയത ജനങ്ങളെ ബോധ്യപ്പെടുത്തി സമത്വം നിലനിർത്താൻ പ്രയത്നിച്ചു. 1930 മാർച്ച് 12 ന് സബർമതി ആശ്രമത്തിൽ നിന്നും 24 ദിവസം 385 കി. മീ. നടന്നെത്തി ദണ്ഡി കടപ്പുറത്ത് ഉപ്പ് കുറുക്കിയെടുത്ത് നിയമം ലംഘിച്ചു. ജനങ്ങൾ അദ്ദേഹത്തോടൊപ്പം ഒഴുകിയിറങ്ങി. ഈ ദീർഘമായ യാത്രയിൽ ജനങ്ങൾക്ക് ആവേശം പകരാനായി തെല്ല് മാറ്റത്തോടെ ഗാന്ധിജി പാടി...
"രഘുപതി രാഘവ രാജാറാം...
പതീത പാവന സീതാറാം..."
എന്ന രാമ ഭക്തി ഗാനം.. ജനം ഹർഷാരവത്തോടെ ഏറ്റുപാടി....ലക്ഷ്മണാചാര്യ എഴുതിയ ഈ ഗാനത്തെ ഗാന്ധിജിയുടെ ഗാനമാക്കി ജനം മാറ്റി.
ബ്രിട്ടീഷ്കാരെ എതിരിടാൻ ഗാന്ധിജിയുടെ പിന്നിൽ ഇന്ത്യ ഒന്നാകെ നിലകൊണ്ടു. 1942 ൽ ക്വിറ്റ് ഇൻഡ്യാ സമരത്തിലൂടെ ഇന്ത്യ വിട്ടുപോകാൻ ബ്രിട്ടീഷ്കാരോട് സന്ധിയില്ലാത്ത സമരത്തിൽ ഏർപ്പെട്ടു. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക
എന്ന് അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു.
ഓഗസ്റ്റ് 14 ന് അർദ്ധരാത്രിയിൽ ഭാരതം അടിമത്തത്തിൽ നിന്ന് മോചനം നേടി. ഗാന്ധിജി നയിച്ച മാർഗ്ഗത്തിൽ നടന്ന ഒരു രാഷ്ട്രത്തിന്റെ വിജയഗാഥ... നാമിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം നമുക്ക് ലഭ്യമാക്കാൻ നേതൃത്വം നൽകിയ മഹാത്മാവ്....
1948 ജനുവരി 30 ന് 78 ആം വയസ്സിൽ നാഥുറാം ഗോഡ്സെയുടെ വെടിയുണ്ട ആ ജീവനെടുത്തു. ആ പുണ്യാത്മാവ് ഡൽഹിയിൽ രാജ്ഘട്ടിൽ അന്ത്യവിശ്രമം
കൊള്ളുന്നു....ഭാരത ജനത ഉള്ള കാലത്തോളം ഇന്നും എന്നും ജനഹൃദയങ്ങളിൽ മഹാത്മജി ജീവിക്കും ....
ചരിത്രം എന്നും അദ്ദേഹത്തെ വാഴ്ത്തട്ടെ.
ചരിത്രം വളച്ചൊടിയപ്പെടാതിരിക്കട്ടെ....
ആദരവോടെ മഹാപ്രഭോ..നീലാംബരീയം
മുഖക്കുറിയുടെ പ്രണാമം...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

3 അഭിപ്രായങ്ങള്‍

  1. മഹാത്മാവിന് പാദുക പ്രണാമം.. ചരിത്രം എന്നും അദ്ദേഹത്തെ വാഴ്ത്തപ്പെടും. അഭിനന്ദനങ്ങൾ രോണുക ജീ.

    മറുപടിഇല്ലാതാക്കൂ
  2. ഇതിലും സത്യസന്ധമായ ഒരു വിലയിരുത്തൽ മറ്റാരെക്കൊണ്ടുമാവുംമെന്നു്‌ തോന്നുന്നില്ല.
    തികച്ചും ഒരത്ഭുതം തന്നെയായിരുന്നു അർദ്ധനഗ്നായ ആ ഫക്കീർ.
    അഞ്ചോ ആറോ നൂറ്റാണ്ടുകൾക്കു്‌ മുൻപാണ് അദ്ദേഹം ജീവിച്ചിരുന്നതെങ്കിൽ ഒരു പക്ഷേ ഈശ്വരതുല്യനായി കരുതപ്പെട്ടേനേ.
    അത്രക്കുണ്ട് ആ വ്യക്തിത്വത്തിന്റെ തിളക്കം.
    നന്ദി രേണൂ മനോഹരമായ ഈ കുറിപ്പിന്.
    ഗാന്ധിജയന്തി ആശംസകൾ
    ��❤️

    മറുപടിഇല്ലാതാക്കൂ
  3. മാധവൻകുട്ടി2022, ഒക്‌ടോബർ 2 10:37 PM

    ഇരുപതാം നൂറ്റാണ്ടിലെ, ജാതി മത ചിന്തകൾ വെടിഞ്ഞ, സത്യം തന്നെ നീതി എന്ന് വ്യക്തമായി തെളിയിച്ച മഹാത്മാവ്.
    പ്രതിമകൾ വേണ്ട,
    അദ്ദേഹത്തിന്റെ വഴികൾ മനസ്സിൽ ഉൾക്കൊള്ളാൻ കഴിയണം.
    വളരെ നന്നായി എഴുതി.
    ആശംസകൾ 👍🌹

    മറുപടിഇല്ലാതാക്കൂ