Hot Posts

6/recent/ticker-posts

സില്‍വിയാ പ്ലാത്ത്.

സില്‍വിയാ പ്ലാത്ത്
ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രശസ്ത കവിയത്രിയായ സിൽവിയാ പ്ലാത്തിനെ കുറിച്ചാണ് ഇന്നത്തെ മുഖക്കുറി. "കുമ്പസാര കവി"എന്ന പേരിൽ നിരൂപകരാൽ വിളിക്കപ്പെട്ട സിൽവിയ കവിത കൊണ്ട് മാത്രമല്ല തന്റെ വ്യത്യസ്തമായ ജീവിതംകൊണ്ടും ലോകമെമ്പാടുമുള്ള വായനക്കാരെ ആകർഷിച്ചിരുന്നു.

മരണത്തെ തന്റെ ജീവനോളം തന്നെ സ്നേഹിച്ച എഴുത്തുകാരിയാണ് സിൽവിയ. ഇംഗ്ലീഷ് സാഹിത്യത്തിലെ എണ്ണമറ്റ എഴുത്തുകാരിൽ പ്രധാനിയായ അവർ ഏകാന്തതയുടെ, വിഷാദത്തിന്റെ, ഉന്മാദത്തിന്റെ ഒക്കെ കവയിത്രിയായി അറിയപ്പെടുന്നു.
വിഷാദത്തിന് മനുഷ്യരൂപം നൽകി വരച്ചാൽ അത് ഏറെക്കുറെ സിൽവിയയുടെ ചിത്രമാകും. പാതിയിൽ ഉപേക്ഷിച്ചു പോയ ഒരു കവിത പോലെയാണ് അവരുടെ ജീവിതം. അക്ഷരം എഴുതി വായിച്ച കാലം മുതൽ മരണം വരെയുള്ള കാലമത്രയും ജേണലുകൾ എഴുതി സൂക്ഷിച്ചിരുന്ന അവർ കവിതകളും കഥകളും എഴുതി.
1950 കളിൽ അമേരിക്കയിൽ തുടക്കം കുറിച്ച "കൺഫെക്ഷൻ പോയട്രി " എന്ന ആശയത്തിലൂടെയാണ് സിൽവിയ തന്റെ കവിതകൾ എഴുതിയത്. തുറന്നുപറച്ചിലെന്നോ ഏറ്റുപറച്ചിലെന്നോ പറയാവുന്ന കവിതകളിൽ സ്വാനുഭവങ്ങൾ തുറന്നെഴുതിയിരുന്നു. ഇത്തരം കവിതാ ശാഖയിൽ ഉൾപ്പെട്ടവയായിരുന്നു സിൽവിയയുടെ കവിതകൾ അത്രയും.
1932 ഒക്ടോബർ 27 ന് അമേരിക്കയിലെ ബോസ്റ്റണിൽ ഓട്ടോ പ്ലാത്തിന്റെയും ഔറേലിയ പ്ലാത്തിന്റെയും മകളായി ജനിച്ച സിൽവിയ, മസാച്ചു സാറ്റ്സിലെ സ്മിത്ത് കോളേജിൽ നിന്നും ഇംഗ്ലണ്ടിലെ കെയിം ബ്രിഡ്ജിൽ നിന്നും ബിരുദം നേടി. 1956ലാണ് കവിയായ ടെഡ് ഹ്യൂസുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. എട്ടു വയസിലാണ് സിൽവിയ തന്റെ ആദ്യ കവിത പ്രസിദ്ധീകരിക്കുന്നത്. പതിനൊന്നാം വയസ്സു മുതൽ സിൽവിയ ജേണലുകൾ എഴുതിത്തുടങ്ങി. എഴുത്തിന് പുറമേ പെയിന്റിംഗുകൾ ചെയ്തിരുന്നു.
അമേരിക്കക്കാരിയായ സിൽവിയയും ഇംഗ്ലീഷുകാരനായ ടെഡ് ഹ്യൂസും തമ്മിലുള്ള പ്രണയവും ആറു വർഷത്തെ ദാമ്പത്യവും അവരെ വളരെയധികം സ്വാധീനിച്ചിരുന്നു. ആറു വർഷത്തെ ദാമ്പത്യത്തിന് ഒടുവിൽ അദ്ദേഹം മറ്റൊരു സ്ത്രീക്കുവേണ്ടി സിൽവിയയെ ഉപേക്ഷിച്ചത് അവരിൽ കനത്ത ആഘാതം ഉണ്ടാക്കി. വിഷാദവും വേദനയും കൂടിച്ചേർന്ന മാനസിക അവസ്ഥ അവരെ മുപ്പതാം വയസ്സിൽ തന്റെ ആത്മഹത്യയിലേക്ക് നയിക്കുകയായിരുന്നു.
എഴുതി മുഴുമിപ്പിക്കാത്ത സിൽവിയയുടെ നോവലാണ് ഡബിൾ എക്സ്പോഷർ. ഹ്യൂസിനൊപ്പം ഉള്ള ദുഷ്കരമായ ജീവിതമാണ് ഇതിന്റെ ഇതിവൃത്തം എന്ന് സിൽവിയയുടെ അമ്മയ്ക്കും ചില സുഹൃത്തുക്കൾക്കും അറിയാമായിരുന്നു. ആദ്യകാലങ്ങൾ സിൽവിയ എഴുതിയത് പോലെ സ്നേഹസമ്പന്നനും സുന്ദരനുമായ ഭർത്താവല്ല ഇതിലെ കഥാപാത്രം. ഈ നോവലിൽ സ്നേഹരാഹിത്യമായിരുന്നു ഭർത്താവിന്റെ മുഖമുദ്ര.
1970 നോടടുത്ത് ഇതിന്റെ കൈയെഴുത്ത് പ്രതി കാണാതായി. സിൽവിയയുടെ വായനക്കാർ ഇതിനെ സംശയത്തോടെയാണ് കണ്ടത്. തന്റെ ഏറ്റവും മോശമായ മുഖം ഉൾക്കൊള്ളുന്നതായിരുന്നു നോവൽ എന്നതിനാൽ ടെഡ് ഹ്യൂസ് തന്നെ അത് അപ്രത്യക്ഷമാക്കുകയായിരുന്നു എന്നാണ് വായനക്കാർ വിലയിരുത്തിയത്.
1962 ഒക്ടോബർ മുതൽ സിൽവിയ സർഗാത്മകതയുടെ ഒരു വലിയ പൊട്ടിത്തെറി അനുഭവിക്കുകയും അവരുടെ പ്രശസ്തി ഉയർത്തിയ മിക്ക കവിതകൾ എഴുതുകയും ചെയ്തു. മരണാനന്തര ശേഖരമായ "ഏരിയലി" ന്റെ 26 കവിതകളോളം എഴുതിയത് ഇക്കാലത്താണ്. 1965 ൽ "ദി ബെൽ ജാർ" എന്ന നോവൽ പ്രസിദ്ധീകരിക്കുകയുണ്ടായി.
ജീവിതം പറയാനുള്ളതല്ല അനുഭവിക്കാനുള്ളതാണ് എന്ന പാഠം അവർ എപ്പോഴും ഓർമിപ്പിച്ചിരുന്നുവെങ്കിലും ജീവിതകാലം മുഴുവൻ വിഷാദരോഗത്തിന് അടിമയായിരുന്ന സിൽവിയ നിരവധി തവണ ആത്മഹത്യയ്ക്ക് ശ്രമിച്ച് പരാജയപ്പെട്ടിരുന്നു.
എന്നാൽ 1963 ഫെബ്രുവരി 11ന് തന്റെ ഫ്ലാറ്റിലെ അടുപ്പിൽ തലവച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അപ്പോഴും അടുത്ത മുറിയിൽ അവരുടെ ചെറിയ കുട്ടികൾ ഉറങ്ങുന്നുണ്ടായിരുന്നു. തന്റെ മുപ്പതാം വയസ്സിൽ, സർഗാത്മകതയിലൂടെ വിഷാദം മറികടക്കാൻ ശ്രമിച്ചു പരാജയപ്പെട്ട കവയത്രി മരണത്തിന് സ്വയം കീഴടങ്ങുകയായിരുന്നു..

സജ്‌ന അപ്പു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

2 അഭിപ്രായങ്ങള്‍