"മഞ്ചാടിമണി കൊണ്ട് മാണിക്യ കുടം നിറഞ്ഞു "
ഈ ഗാനം മൂളാത്ത മലയാളികൾ കുറവാണ് . ബാല്യത്തിലെ നമ്മുടെ ഓർമ്മകളെ നിറം പിടിപ്പിക്കുന്നതിൽ മഞ്ചാടിക്ക് നല്ലൊരു പങ്കുണ്ട്. നമ്മുടെ കുഞ്ഞുകുഞ്ഞു ശേഖരങ്ങളായ വളപ്പൊട്ടുകൾ, വർണ്ണത്തൂവലുകൾ, മയിൽപ്പീലി എന്നിവയുടെ കൂട്ടത്തിൽ മഞ്ചാടിക്കും സ്ഥാനമുണ്ട് . മഞ്ചാടിക്കുരു കുഞ്ഞുങ്ങൾ വാരിക്കളിക്കുന്നത് ഭഗവാൻ കൃഷ്ണന് ഇഷ്ടമുള്ള സംഗതിയാണെന്നൊരു സങ്കല്പമുണ്ടല്ലൊ. ഗുരുവായൂർ ക്ഷേത്രത്തിൽ കുഞ്ഞുങ്ങൾ മഞ്ചാടി വാരിക്കളിക്കുന്നത് കൗതുകകരമായ കാഴ്ച്ചയാണ് .
ഇംഗ്ലീഷിൽ റഡ് വുഡ് , കോറൽവുഡ് എന്നും സംസ്കൃതത്തിൽ താമ്രക:, കുചന്ദന: എന്നും അറിയപ്പെടുന്ന മഞ്ചാടി ഇന്ത്യയിൽ പല ഭാഗങ്ങളിലും കാണുന്ന , ഇലപൊഴിയും മരമാണ് . കൂടാതെ ബ്രസീൽ, ജമൈക്ക, വെനിസ്വെല, ഐക്യനാടുകൾ തുടങ്ങിയ അമേരിക്കൻ രാജ്യങ്ങളിലും ഈ മരത്തെ കാണാം .
മഞ്ചാടിയുടെ ഔഷധ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. തളിരിലയും തണ്ടും ചേർന്ന് കഷായം വച്ചു കുടിച്ചാൽ വയറുകടി മാറിക്കിട്ടും. വിത്തിനുള്ളിലെ പരിപ്പ് എടുത്ത് പൂച്ച് ഇട്ടാൽ ചതവും, നീരും കുറഞ്ഞു കിട്ടും. പരിപ്പ് പാലിൽ പുഴുങ്ങി അരച്ചിട്ടാൽ പൊട്ടാറായ കുരുക്കൾ പൊട്ടിക്കിട്ടും. ഗൗട്ട് പോലുള്ള സന്ധിവാത രോഗികളിൽ സന്ധികളിലുള്ള നീരും വേദനയും കുറയുവാൻ മഞ്ചാടി മരത്തൊലി അരച്ചിടുക. വിത്തിനുള്ളിലെ പരിപ്പ് പുഴുങ്ങി അരച്ചിട്ടാൽ തലവേദന ശമിക്കും .
മഞ്ചാടിയുടെ തളിരില ഭക്ഷ്യയോഗ്യമാണ് .ഇലക്കറിയായി ഉപയോഗിക്കാം. ഭംഗിയുള്ള കുരുക്കൾ മാലകളും, കരകൗശല വസ്തുക്കളും ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നു .
നനവുള്ള മണ്ണിലും, ഉഷ്ണമേഖല കാലാവസ്ഥയിലും മഞ്ചാടി വളരുന്നു. തലേ ദിവസം വെള്ളത്തിലിട്ട് കുതിർത്ത വിത്തുപാകി കൃത്രിമ പുനരുല്പാദനം നടത്താവുന്നതാണ് . നല്ല ഈടും ഉറപ്പുമുള്ള തടിയായതുകൊണ്ട് ഫർണിച്ചർ ഉണ്ടാക്കുവാനും, വിറകായും ഉപയോഗിക്കുന്നു . വിത്ത് തൂക്കമായി പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്നു . അവ ജപമാലയിലും കോർക്കാറുണ്ട് .
തടിയിൽ നിന്നു കിട്ടുന്ന പശ തിലക് എന്ന പേരിൽ അറിയപ്പെടുന്നു . അത് ഭക്ഷണ പാനീയങ്ങളിൽ ചേർക്കാറുണ്ട് . പരിപ്പിന് നേരിയ വിഷമുള്ളതിനാൽ കുട്ടികൾ കടിച്ചു പൊട്ടിച്ചു കഴിക്കാതെ നോക്കണം . തിളപ്പിച്ച് ഊറ്റിയാൽ വിഷാംശം കുറയുന്നതു കൊണ്ട് ഇതിൻ്റെ പരിപ്പ് പാചകത്തിന് ഉപയോഗിക്കാറുണ്ട് .
പയർ വർഗ കുടുംബമായ ഇതിൻ്റ് ശാസ്ത്രീയ നാമം Adenanthera Pavonina എന്നാണ്. വിത്ത് മിനുസമുള്ളതും തിളങ്ങുന്നതും, നല്ല ചുവപ്പു നിറത്തോടു കൂടിയതുമാണ് .
5 അഭിപ്രായങ്ങള്‍
❤️❤️അസ്സലായി ജയാ..ആശംസകൾ❤️❤️
മറുപടിഇല്ലാതാക്കൂസന്തോഷം .ആശംസകൾ
മറുപടിഇല്ലാതാക്കൂസന്തോഷം .ആശംസകൾ
മറുപടിഇല്ലാതാക്കൂവളരെ സന്തോഷം എം.എസ്.വിനോദ് സാർ പോസ്റ്റ് ഷെയർ ചെയ്തതിന് .
മറുപടിഇല്ലാതാക്കൂ💐💐💐
മറുപടിഇല്ലാതാക്കൂ