Hot Posts

6/recent/ticker-posts

സുജാത

 

നീലാംബരീയം

ആദ്യകാല മലയാള സിനിമകൾ ഭൂരിഭാഗവും എ.വി.എം., വിജയവാഹിനി, ജെമിനി എന്നീ സ്റ്റുഡിയോകളിൽ കഥയ്ക്ക് അനുയോജ്യമായ സെറ്റുകൾ നിർമ്മിച്ചാണ് ചത്രീകരിച്ചിരുന്നത്. ഉദയാ സ്റ്റുഡിയോവിലും, മെരിലാന്റിലും ഇതുതന്നെയാണ് ആവർത്തിച്ചു പോന്നിരുന്നത്. വാതിൽപുറ ചിത്രീകരണങ്ങൾ പേരിനു മാത്രമേ ഉണ്ടായിരുന്നുള്ളൂ.

1970ൽ പി.എൻ. മേനോന്റെ സംവിധാനത്തിൽ പുറത്തുവന്ന "ഓളവും തീരവും" എന്ന സിനിമയാണ് മലയാളത്തിൽ ആദ്യമായി പൂർണ്ണമായും വാതിൽപുറ ചിത്രീകരണത്തിൽ എടുത്ത സിനിമ.ഈ സിനിമയിൽ കവിളിലുള്ള മാരിവില്ലിന്റെ കണ്ടമാനമുള്ള തുടിതുടിപ്പിനോടൊപ്പം തുടിച്ച് മുഖം കാണിച്ച ഒരു പുതുമുഖമുണ്ടായിരുന്നു.സുജാത........ആ സിനിമയിൽ അവർ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും, 1971 ൽ പുറത്തുവന്ന "തപസ്വിനി" എന്ന സിനിമയിൽ നല്ലൊരു വേഷമായിരുന്നു- അത് ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

നാഷണൽ തിയ്യേറ്റേഴ്സിന്റെ പോലിസ് സ്‌റ്റേഷൻ എന്ന നാടകത്തിൽ ജോസ് പ്രകാശാണ് അവർക്ക് ആദ്യമായി അഭിനയിക്കാനുള്ള വഴിയൊരുക്കിയത്. തപസ്വിനിയിൽ അഭിനയിക്കാനായതും ജോസ് പ്രകാശ് മൂലമാണ്.ഇതേ വർഷം തന്നെ പുറത്തുവന്ന "എറണാകുളം ജംഗ്ഷൻ" എന്ന സിനിമയാണ് സുജാതയുടെ സിനിമാജീവിതത്തിൽ വഴിത്തിരിവായത്.മുല്ലമലർ തേൻ കിണ്ണവും മല്ലിപ്പൂ മധുപാത്രവുമായി നടൻ വിൻസെന്റിന്റെ ജോഡിയായി പാറി നടന്ന തെന്നലിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല.1973ൽ സുജാത അഭിനയിച്ച നാലു സിനിമകളാണ് പുറത്തുവന്നത്.മല്ലികാബാണന്റെ വില്ലെടുത്ത് മന്ദാര മലർ കൊണ്ടു ശരം തൊടുത്ത "അച്ചാണി",വജ്രകുണ്ഡലം മണിക്കാതിലണിഞ്ഞ് വൃശ്ചികസന്ധ്യാ രാഗമായ് വന്ന "ഭദ്രദീപം", ഗോപീചന്ദനകുറിയണിഞ്ഞ് ഗോപികയായ് വന്ന "ഫുട്ബോൾ ചാമ്പ്യൻ",ചിത്രവർണ്ണകൊടികളുയർത്തി ചിത്രശലഭങ്ങളുടെ കൂട്ടത്തിൽ വന്ന "ലേഡീസ് ഹോസ്റ്റൽ" തുടങ്ങിയവ വിജയം നേടിയ സിനിമകളായിരുന്നു.പമ്പാനദിയിലെ പൊന്നിനു പോകുന്ന പവിഴ വലക്കാരനുമായി തോണി തുഴഞ്ഞ "ചക്രവാക"ത്തിലും സുജാത തിളങ്ങി.സോമൻ, വേണു നാഗവള്ളി തുടങ്ങിയവരോടൊപ്പം വന്ന "ഒരുവിളിപ്പാടകലെ " യും വിജയിച്ച സിനിമയാണ്.1978 ൽ മാടമ്പ് കുഞ്ഞിക്കുട്ടന്റെ നോവലായ "ഭ്രഷ്ട് " ചലച്ചിത്രമാക്കിയപ്പോൾ അതിൽ കുറിയേടത്ത് താത്രിയായ് ഏറ്റവും മികച്ച അഭിനയമായിരുന്നു സുജാതയുടേത്.നേരത്തെ സൂചിപ്പിച്ച പോലെ എറണാകുളം ജംഗ്ഷൻ എന്ന സിനിമയാണ് സുജാതയുടെ സിനിമാ ജീവിതത്തിലെ വഴിത്തിരിവ്.പ്രേംനസീർ മൂന്നു റോളുകളിലഭിനയിച്ച ഈ ചിത്രം കാണാനിടയായ തമിഴ് സംവിധായകൻ ഇയക്കുനർ ശിഖരം കെ.ബാലചന്ദറാണ് സുജാതയെ തമിഴ് സിനിമയിൽ പരിചയപ്പെടുത്തുന്നത്. സുജാതയുടെ അഭിനയം ഇഷ്ടപ്പെട്ട ബാലചന്ദർ, തമിഴ് ഉച്ചാരണം നന്നായി പഠിക്കുവാനായി സുജാതയ്ക്ക് കാസറ്റിൽ തമിഴ് സംഭാഷണം റെക്കോർഡ് ചെയ്തു കൊടുത്തു.

1974ൽ ബാലചന്ദറിന്റെ സംവിധാനത്തിൽ പുറത്തുവന്ന "അവൾ ഒരു തൊടർക്കഥൈ" എന്ന സിനിമയിൽ, ഒരു പുതുമുഖത്തിന്റെ യാതൊരു പരിഭ്രമവുമില്ലാതെ സുജാത അഭിനയിച്ചു. കുടുംബത്തിലെ പ്രശ്നങ്ങളുടെ നടുവിൽ തനിക്ക് ഒരു വിവാഹ ജീവിതം പോലും ലഭിക്കാനാവാതെ കഷ്ടപ്പെടുന്ന കവിതയെ ഒരു കവിത പോലെ മനോഹരമാക്കി സുജാത.ഈ ചിത്രം മലയാളം, തെലുങ്ക്, കന്നഡ, ബംഗാളി, ഹിന്ദി തുടങ്ങിയ ഭാഷകളിൽ മൊഴിമാറ്റം ചെയ്തു.നായികാ പ്രാധാന്യമുള്ള ഈ സിനിമ വൻ വിജയമായതോടെ സുജാതയുടെ തിരക്ക് വർദ്ധിച്ചു. കെ.ബാലചന്ദറിന്റെ തന്നെ അടുത്ത സിനിമയായ " അവർകൾ" എന്ന സിനിമയും നല്ല വിജയം നേടി.സഞ്ജീവ് കുമാറും, ജയഭാദുരിയും ഊമകളായി നിറഞ്ഞാടിയ കോശിശ് എന്ന സിനിമ തമിഴിൽ "ഉയർന്തവർകൾ" എന്ന പേരിൽ റീമേക്ക് ചെയ്തപ്പോൾ കമൽഹാസനും സുജാതയും വളരെ മനോഹരമാക്കി - ആ കഥാപാത്രങ്ങളെ.ഇശൈജ്ഞാനി ഇളയരാജ ആദ്യമായി സംഗീതം ചെയ്ത തമിഴ് സിനിമയായ "അന്നക്കിളി" യും കലക്ഷൻ റെക്കോർഡിൽ പിന്നിലായിരുന്നില്ല.

1952 ഡിസംബർ10ന് ശ്രീലങ്കയിലാണ് സുജാത ജനിച്ചത്. വിജയലക്ഷ്മി എന്നായിരുന്നു പേര്.അച്ഛൻ ശങ്കരൻ കുട്ടി മേനോൻ, അമ്മ സരസ്വതിയമ്മ. ശങ്കരൻ കുട്ടി മേനോൻ ശ്രീലങ്കയിൽ തെല്ലിപ്പഴൈ മഹാജന കോളേജിലെ സുവോളജി പ്രൊഫസറായിരുന്നു. 1956 വരെ അവിടെ ജോലി ചെയ്തു. പിന്നീട് സമീപ പ്രദേശത്തുള്ള ഗാലിയിലേയ്ക്കു മാറി.സ്കൂൾ വിദ്യാഭ്യാസം ശ്രീലങ്കയിൽ പൂർത്തിയാക്കിയ സുജാത കുടുംബത്തോടൊപ്പം എറണാകുളം - തൃപ്പൂണിത്തുറയിൽ താമസമാക്കി.കുറച്ചു കാലം അവർ തയ്യൽ ജോലി ചെയ്തു.ഈ കാലത്താണ് ജോസ് പ്രകാശ് അവരെ നാടകത്തിലഭിനയിക്കാൻ വിളിക്കുന്നതും, പിന്നീട് സിനിമയിലേയ്ക്ക് ചേക്കേറിയതും.

വർഷത്തിൽ ഒരു ഡസനിലും കൂടുതൽ സിനിമകൾ. സ്റ്റുഡിയോവിൽ നിന്ന് സ്റ്റുഡിയോവിലേയ്ക്ക് തിരക്കുപിടിച്ചുള്ള ഓട്ടത്തിലായിരുന്നു സുജാത. കോൾഷീറ്റ്, പ്രതിഫലം തുടങ്ങിയ കാര്യങ്ങളെല്ലാം ശ്രദ്ധിച്ചിരുന്നത് അവരുടെ സഹോദരൻ ഗോപിമേനോനായിരുന്നു.തന്നെ ഒരു പണം സമ്പാദിക്കുന്ന യന്ത്രമായാണ് വീട്ടുകാർ കരുതിയിരുന്നതെന്ന് വൈകിയാണ് സുജാത തിരിച്ചറിഞ്ഞത്.ഈ തിരക്കുകൾക്കിടയിലാണ് ജയകർ എന്നൊരാളെ സുജാത കണ്ടുമുട്ടുന്നതും ഇഷ്ടപ്പെടുന്നതും. ഈ ഇഷ്ടം അവരുടെ വിവാഹത്തിൽ അവസാനിച്ചു.തന്റെ അഭിനയ ജീവിതത്തിന് വിവാഹം യാതൊരു തടസ്സവുമായിരുന്നില്ല. വിവാഹ ശേഷം ഒരു സന്തോഷമായ കുടുംബ ജീവിതം സ്വപ്നം കണ്ട സുജാത, താൻ ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചവരും തന്റെ സഹോദരനെപ്പോലെ ഒരു പണം മാത്രം മോഹിക്കുന്നവരാണെന്നറിഞ്ഞപ്പോൾ മാനസീകമായി വളരെയധികം വിഷമിച്ചു. കൂടുതൽ സിനിമകളിലഭിനയിച്ച് വരുമാന മാർഗ്ഗം കൂട്ടാനും അവർ നിർബന്ധിതയായി.

പൊതു പരിപാടികളിൽ പങ്കെടുക്കുവാനോ, ഏതെങ്കിലും വിശേഷങ്ങൾക്ക് പോകാനോ, ടി.വി.യിലും മറ്റുമുള്ള അഭിമുഖങ്ങളിൽ പങ്കെടുക്കുവാനോ അവർക്ക് അനുവാദമുണ്ടായിരുന്നില്ല. ഇത്രയും വിഷമം ഉള്ളിലൊതുക്കുന്നുണ്ടെങ്കിലും, സിനിമാ സെറ്റുകളിലും, മറ്റു സഹപ്രവർത്തകരോടെല്ലാം അവർ ചിരിച്ച മുഖത്തോടെയാണ് പെരുമാറിയിരുന്നത്.സിനിമയിലെ വേഷങ്ങളും വളരെ ശ്രദ്ധിച്ചാണ് എടുത്തിരുന്നത്. ഗ്ലാമർ വേഷങ്ങൾ ഒട്ടും അവർ അഭിനയിച്ചിരുന്നില്ല.തെന്നിന്ത്യൻ സിനിമയിലെ നായകൻമാരായിരുന്ന പ്രേംനസീർ, ശിവാജി ഗണേശൻ, എൻ.ടി.ആർ., നാഗേശ്വരറാവു, മുത്തുരാമൻ, ശിവകുമാർ, കമൽഹാസൻ, രജനികാന്ത്, ശോഭൻ ബാബു, ചിരഞ്ജീവി, കൃഷ്ണ തുടങ്ങി ഒട്ടുമിക്ക നടൻമാരോടൊപ്പവും സുജാത അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിൽ മൂന്നൂറിലധികം സിനിമകളിൽ അവർ വിവിധ വേഷങ്ങളിലഭിനയിച്ചിട്ടുണ്ട്.അഴകി, ജ്യോതി തുടങ്ങിയ തമിഴ് ടി.വി. സീരിയലിലും അവർ അഭിനയിച്ചു.അജിത് കുമാറിന്റെ അമ്മയായി അഭിനയിച്ച 2006ൽ പുറത്തുവന്ന "വരലാർ" എന്ന തമിഴ് സിനിമയായിരുന്നു സുജാത അവസാനമായി അഭിനയിച്ചത്.

കുറച്ചു കാലമായി ഹൃദയസംബന്ധമായ രോഗമുണ്ടായിരുന്ന സുജാതയുടെ, കൃത്രിമ പേസ്മേക്കറിന്റെ സഹായത്താലുള്ള ഹൃദയത്തുടിപ്പുകൾ 2011 ഏപ്രിൽ ആറാം തീയ്യതി നിലച്ചു.തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പും, പ്രചാരണ കോലാഹങ്ങളും തകൃതിയായി നടന്നിരുന്ന സമയമായതിനാൽ ഈ ചരമവാർത്ത വാർത്താപ്രാധാന്യം നേടിയില്ല. തൻമൂലം അവർക്ക് അർഹിക്കുന്ന അന്ത്യോപചാരം അർപ്പിക്കാൻ അധികമാർക്കും കഴിയാതെ പോയി.1985ൽ ഒരു ഏപ്രിൽ ആറാം തീയ്യതിയായിരുന്നു. സുജാത അഭിനയിച്ച "ഉത്തമി" എന്ന സിനിമ പുറത്തുവന്നത്. സിനിമയിലും, യഥാർത്ഥ ജീവിതത്തിലും സിനിമയുടെ പേരുപോലെത്തന്നെ ഉത്തമിയായ് ജീവിച്ച് അന്നേ ദിവസം തന്നെ അരങ്ങൊഴിഞ്ഞത് ഒരു പക്ഷേ ഒരു നിയോഗമായിരിക്കാം .......

അവതരണം@മോഹനൻ പുന്നയൂർകുളം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍