Hot Posts

6/recent/ticker-posts

പി. ബാലചന്ദ്രൻ

നീലാംബരീയം
കഴിഞ്ഞ വർഷം ഏറെ വേദനയുണ്ടാക്കിയ ഒരു വാർത്തയാണ് നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രന്റെ വിയോഗം.ചെറിയ വേഷങ്ങളിലൂടെയാണ് അഭിനയത്തിൽ തുടക്കമെങ്കിലും പിന്നീട് ചെയ്തതൊക്കെയും ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളായിരുന്നു. ട്രിവാൻഡ്രം ലോഡ്ജിലെ അഭിനയത്തിലൂടെ മലയാളസിനിമയുടെ സ്ഥിരസാന്നിധ്യമായി മാറി പിന്നീട് ഇദ്ദേഹം.നാൽപതിലേറെ ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹം അഭിനയത്തിൽ മാത്രമല്ല എഴുത്തിലും സംവിധാനത്തിലും കഴിവ് തെളിയിച്ചിരുന്നു. നിരവധി നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

നടൻ,എഴുത്തുകാരൻ,തിരക്കഥാകൃത്ത്,നാടക -സിനിമ സംവിധായകൻ
എന്ന നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പി. ബാലചന്ദ്രൻ 1952 ഫെബ്രുവരി രണ്ടിന് കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയിൽ പദ്മനാഭപിള്ളയുടെയും സരസ്വതിഭായിയുടെയും മകനായി ജനിച്ചു.
മലയാളത്തിൽ ബിരുദാനന്തരബിരുദവും, ബി.എഡ് ബിരുദവും തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദവുമെടുത്തു.പിന്നീട് കോട്ടയം എം ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലെറ്റേര്സില് കുറച്ചു കാലം ലക്ചറര് ആയും ജോലി നോക്കിയിട്ടുണ്ട്.
പി കുഞ്ഞിരാമന് നായരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയൊരുക്കിയ 'ഇവൻ മേഘരൂപൻ' എന്ന സിനിമയിലൂടെ ഒരു ചലച്ചിത്രസംവിധായകനുമായി അദ്ദേഹം. ഈ ചിത്രം സംസ്ഥാന പുരസ്കാരം നേടുകയും ചെയ്തു...
പവിത്രം എന്ന അദ്ദേഹത്തിന്റെ ഒരൊറ്റ സിനിമ മതി തിരക്കഥകൃത്ത് എന്ന നിലയിൽ അദ്ദേഹത്തിന്റെ പേര് മലയാളസിനിമയിൽ എന്നും നിലനിൽക്കുവാൻ. ഉള്ളടക്കം,അങ്കിൾ ബൺ, പവിത്രം, തച്ചോളി വർഗ്ഗീസ് ചേകവർ, അഗ്നിദേവൻ, മാനസം, പുനരധിവാസം , തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവുമെഴുതി ശ്രദ്ധേയനായി മാറി പി ബാലചന്ദ്രൻ .
അന്നയും റസൂലും, ട്രിവാൻഡ്രം ലോഡ്ജ്, ബ്യൂട്ടിഫുൾ, ഹോട്ടൽ കാലിഫോർണിയ, ഇമ്മാനുവൽ, ചാർളി, കമ്മട്ടിപ്പാടം എന്നീ സിനിമകളില് ശ്രദ്ധേയമായ വേഷങ്ങള് ചെയ്തു.പാവം ഉസ്മാൻ ,മായാസീതങ്കം, നാടകോത്സവം എന്ന് തുടങ്ങി നിരവധി നാടകങ്ങൾ രചിക്കുകയും ഏകാകി,ലഗോ,തീയറ്റർ തെറാപ്പി,ഒരു മധ്യവേനൽ പ്രണയരാവ്, ഗുഡ് വുമൻ ഓഫ് സെറ്റ്സ്വാൻ തുടങ്ങിയ നാടകങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു.
“പാവം ഉസ്മാന്' 1989ലെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡും 1999ൽ 'പുനരധിവാസം' എന്ന ചിത്രത്തിന്റെ തിരക്കഥക്ക് കേരള ചലച്ചിത്ര അക്കാദമി അവാർഡും 2009ൽ കേരള സംഗീതനാടക അക്കാദമി അവാർഡും 2011 ലെ കേരള ചലച്ചിത്ര അവാർഡും പി ബാലചന്ദ്രനെ തേടിയെത്തി.
2021 ഏപ്രില് 5ന് പി. ബാലചന്ദ്രൻ അന്തരിച്ചു. കേരളത്തിന്റെ സാംസ്കരിക രംഗത്ത് സർഗ്ഗാത്മക സാന്നിധ്യമായിരുന്ന ആ ബഹുമുഖപ്രതിഭയ്ക്ക് മുഖക്കുറിയുടെ പ്രണാമം...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍