Hot Posts

6/recent/ticker-posts

പി. കെ. ബാലകൃഷ്ണൻ

നീലാംബരീയം

പി. കെ. ബാലകൃഷ്ണന്റെ ഇതിഹാസ നോവലായ "ഇനി ഞാൻ ഉറങ്ങട്ടെ " ഇങ്ങനെ അവസാനിക്കുന്നു...

"ദ്രൗപദി എന്ന് യുധിഷ്ഠിരൻ വീണ്ടും വിളിച്ച വിളി, ആലസ്യത്താൽ വീണ്ടും കണ്ണുകൾ അടയവേ, അതിവിദൂരസ്ഥ മായ ഏതോ ലോകത്തിൽ നിന്ന് വരുന്ന ഒരു ചലനം പോലെ അവളുടെ ഹൃദയം ഉൾക്കൊണ്ടു....
അവളുടെ വിറയ്ക്കുന്ന ചുണ്ടുകൾ വളരെ പതുക്കെ....നന്നേ പതുക്കെ... ഹൃദയങ്ങൾക്ക് മാത്രം കേൾക്കാൻ കഴിയുന്നത്ര പതുക്കെ പിറുപിറുത്തു..
" യുധിഷ്ഠിരാ, ഞാൻ ഉറങ്ങട്ടെ... "
എത്ര ഹൃദ്യമായ ആവിഷ്കരണം..ഈ പദലാളിത്യത്തിൽ നെഞ്ചിൽ ഒരു
കടലിരമ്പുമ്പോഴും ആലസ്യത്തിലേക്ക് ആണ്ടു പോകുന്ന മനസ്സ്....വികാര വിചാരങ്ങൾ...
കൂമ്പിയടയുന്ന കണ്ണുകൾ.....!!!
അരനൂറ്റാണ്ട് മുൻപ് പി. കെ. ബാലകൃഷ്ണൻ രചിച്ച ഈ നോവൽ
ലാളിത്യമാർന്ന ഭാഷകൊണ്ട് ഇന്നും അനുവാചകരിൽ പുതുമ നിലനിർത്തുന്നു. അതാണ് ഒരു എഴുത്തുകാരന്റെ വിജയം..ജന്മസാഫല്യം.ഇതിഹാസ കൃതിയോട് സത്യസന്ധത പുലർത്തികൊണ്ട് തന്നെയാണ് ആഖ്യാനം...ദ്രൗപദിയുടെ കാഴ്ചപ്പാടിലൂടെ കർണ്ണന്റെ കഥ ആഖ്യാനം ചെയ്യുന്നു കവിത പോലെ മനോഹരമായ ഈ നോവലിൽ. കുരുക്ഷേത്ര യുദ്ധം അവസാനിക്കുന്നിടത്തു നിന്നാണ് കഥാരംഭം. രാജാവാകേണ്ട ജ്യേഷ്ഠ സഹോദരനെ യാഥാർത്ഥ്യം അറിയാതെ ചതിയിലൂടെ നിഗ്രഹിച്ചാണ് പാണ്ഡവർ യുദ്ധം വിജയിച്ചതെന്ന അറിവ് പാഞ്ചാലിയെ സ്വജീവിതത്തിന്റെ അർത്ഥശൂന്യതയെ കുറിച്ചോർക്കാൻ നിർബന്ധിതയാക്കുന്നു....
മഹാഭാരതയുദ്ധം ജയിച്ച രാത്രിയിൽ ഭയമൊഴിഞ്ഞു സിരകളയഞ്ഞു ഹൃദയം കുളിർത്ത സ്ത്രീകൾ ഉറക്കറയിലേക്ക് കടക്കുമ്പോൾ ദ്രൗപദി നെഞ്ചുരുകി പ്രാർത്ഥിച്ചു " നിനക്ക് സ്തുതി ! നിനക്ക് സ്തുതി..ദുസ്വപ്നമില്ലാത്ത, ഭയമില്ലാത്ത ഗാഡ്ഡ നിദ്രയിൽ നീ ഇന്നെന്നെ അനുഗ്രഹിക്കേണമേ... ആയുസ്സറ്റു ആ പ്രാർത്ഥനയ്ക്ക് . ഉച്ചത്തിലുള്ള അലമുറകൾ കേട്ട് കിടപ്പറയിൽ നിന്ന് പുറത്തുവന്ന പാഞ്ചാലി ആ കൂരിരുട്ടിനെ ഭേദിച്ച രക്ത മധ്യാഹ്നമാണ് കണ്ടത്.. അവളുടെ മനോമുകുരത്തിൽ അവളുടെ ഉണ്ണികൾ വൃദ്ധനായ അച്ഛൻ,സഹോദരൻ, ശിഖണ്ഡി ഇവർ തെളിഞ്ഞു വന്നു. മിഴിച്ച കണ്ണുകളും തീ പിടിച്ച മുഖവുമായി ഭയാധിക്യത്താൽ കരയാൻ മറന്ന് ആ അഗ്നിഗോപുരങ്ങളെ നോക്കി അവൾ നിർജ്ജീവയെപ്പോലെ നിന്നു....ആദ്യ അദ്ധ്യായം ഇങ്ങനെ അവസാനിക്കുന്നു.
വിഭ്രമ ജനകമായ മുഹൂർത്തങ്ങളിലൂടെ നീങ്ങുന്ന നോവൽ ഭാഷ കൊണ്ടും ശില്പ ഭദ്രത കൊണ്ടും ആശയ ഗരിമ കൊണ്ടും മലയാള സാഹിത്യ ശാഖയിൽ പ്രകാശഗോപുരത്തിൽ നിൽക്കുന്നു. സ്ത്രീത്വത്തിന്റെ വേദനയും ഒറ്റപ്പെടലിന്റെ ദുഖവും അനുവാചകരിൽ ഗദ്ഗദമുണർത്തുന്നു... അമ്മയായ ദ്രൗപദിയുടെ കുറ്റബോധത്തിൽ നിന്നും പ്രണയിനിയായ ദ്രൗപദിയുടെ ധർമ്മരോഷത്തിൽ നിന്നും ഉത്ഭവിച്ച് സ്ത്രീത്വത്തിന്റെയാകെ ദുഖവും വ്യർത്ഥതയും ഗദ്ഗദമായും മാറുന്ന ആഖ്യാന ശൈലി..ഒരു ഭാവഗീതം പോലെ മനോഹരം....
നോവലിസ്റ്റ്, ചരിത്രകാരൻ, പത്രപ്രവർത്തകൻ, സാഹിത്യ വിമർശകൻ, രാഷ്ട്രീയ പ്രവർത്തകൻ സാമൂഹ്യ -സാംസ്കാരിക പ്രവർത്തകൻ എന്നിങ്ങനെ വിവിധ പ്രവർത്തന മണ്ഡലങ്ങളിൽ കൈയൊപ്പ് പതിപ്പിച്ച ജീനിയസ്സാണ് പി. കെ. ബി. കൈവച്ച മേഖലയിലെല്ലാം തന്റെ വിസ്‌ഫോടനാ ത്മകമായ സാന്നിധ്യം ഉറപ്പിച്ച ഒറ്റയാൻ..
അദ്ദേഹത്തിൻ്റെ ചരിത്ര നോവലിലേക്ക്
ഒരു തിരനോട്ടം...

ജാതി വ്യവസ്ഥിതിയും കേരളാ ചരിത്രവും....

=======================

ചരിത്രത്തിൽ ഗഹനമായ അറിവുണ്ടായിരുന്നു അദ്ദേഹത്തിന്.
കോണ്ഗ്രസ്സിന്റെ ചരിത്രം പഠിക്കുന്നതിലൂടെയാണ് ചരിത്രം പി. കെ. ബിയുടെ ഇഷ്ടവിഷയമായി തീർന്നത് . ചരിത്രത്തെ വേറിട്ട ചിന്താവീഥികളിലൂടെയാണ് അദ്ദേഹം സമീപിച്ചത്. ജാതി ചിന്തകൾ ഇരട്ടി ഊർജ്ജത്തിൽ മടങ്ങിവന്ന് സിംഹാസനത്തിൽ കയറിയിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ന്‌ നാം കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ഈ സന്ദർഭത്തിൽ ഒരു പുനർവായന അവശ്യമായി വന്നിരിക്കുന്നു പി. കെ. ബിയുടെ ഈ പുസ്തകത്തിന്. ജാതി സങ്കൽപ്പങ്ങളെ കുറിച്ചുള്ള മിഥ്യാധാരണകളെ തിരുത്തിയെഴുതുന്നു ഈ ചരിത്ര ഗ്രന്ഥം. അതുല്യ മഹിമകളുള്ള ജാതിയാണ് തന്റേത് എന്ന് ഓരോ കേരളീയനും ഊറ്റം കൊണ്ടിരുന്ന ഒരു അഭിശപ്ത കാലം ഉണ്ടായിരുന്നു കേരളീയർക്ക്. കേരളത്തിൽ നിലവിലുണ്ടായിരുന്ന സമുദായങ്ങളുടെ ഭാഷ, സംസ്കാരം, ജീവിതരീതി ഇവയെല്ലാം വിശകലനം ചെയ്തുകൊണ്ടാണ് ജാതിവ്യവസ്ഥയുടെ മിഥ്യാഭിമാനത്തിന്റെ കോട്ടകൾ അദ്ദേഹം തച്ചുടച്ചത്. ചരിത്രത്തിന്റെ ഏടുകളിലൂടെ അന്വേഷണം നടത്തി അന്നുവരെ എഴുതപ്പെട്ടവ ഒന്നും തന്നെ വ്യക്തമായ രേഖകൾ അല്ലെന്ന് അദ്ദേഹം ഖണ്ഡിച്ചു. കേരളമാഹാത്മ്യം, കേരള ചരിത്രം എന്നീ ഗ്രന്ഥങ്ങളേയും ശ്രീ ഇളംകുളം കുഞ്ഞൻപിള്ള, ശ്രീ എ. ശ്രീധര മേനോൻ തുടങ്ങിയ ചരിത്രകാരന്മാരുടെ കേരള ചരിത്രത്തെ പറ്റിയുള്ള പല നിഗമനങ്ങളും അദ്ദേഹം ഈ കൃതിയിലൂടെ നിശിതമായി വിമർശിച്ചു..
പികെബി 1983 ലാണ് ഈ ഗ്രന്ഥം രചിക്കുന്നത്. ഹിസ്റ്ററി അസോസിയേഷൻ അവാർഡ് ഈ കൃതിയ്ക്കു ലഭിച്ചിട്ടുണ്ട്..കേരളത്തിൽ ഒരു സാമ്രാജ്യമോ മികച്ച ഒരു രാജസ്ഥാനമോ ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല ഒരു നാഗരികതയുടെ ഒരു പൈതൃകവും ഈ മലയാള നാടിനവകാശപ്പെടാൻ ഇല്ല എന്നദ്ദേഹം ഈ പുസ്തകത്തിലൂടെ സമർഥിക്കുന്നു.കാർഷിക സമ്പദ് ഘടന, ജാതി, രാജവാഴ്ച, ഭാഷ, റോഡുകൾ, കാട് തുടങ്ങിയവയുടെ ഉത്ഭവം മുതൽ ഉള്ള ചരിത്രവും കൃതിയിൽ പഠന വിധേയമാക്കുന്നു. ഈ ഗ്രന്ഥം കേരള ചരിത്രത്തെപ്പറ്റി നിലവിലുണ്ടായിരുന്ന ധാരണകളെ ചോദ്യം ചെയ്യുകയും പുതിയ വസ്തുതകളുടെ അടിസ്ഥാനത്തിൽ ചരിത്രത്തെ സമീപിക്കുകയും ചെയ്തു. കേരള ചരിത്രത്തിൽ അറിയപ്പെട്ടിരുന്ന
" രണ്ടാം ചേരസാമ്രാജ്യം " നൂറ്റാണ്ട് യുദ്ധം"തുടങ്ങിയവ മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ വെറും സങ്കൽപ്പങ്ങൾ മാത്രമാണെന്ന് അദ്ദേഹം വാദിച്ചു.
സത്യത്തിന്റെയും തിരിച്ചറിവിന്റേയും ഭദ്രതയുള്ള കലഹമായിരുന്നു അദ്ദേഹം തന്റെ രചനകളിലൂടെ ഉയർത്തിവിട്ടത്.മഹത്തായ ആ രചനകളാണ് നാരായണഗുരു, ടിപ്പുസുൽത്താൻ, ചന്തുമേനോൻ ഒരു പഠനം, സിദ്ധിയും സാധനയും, കാവ്യകല കുമാരനാശാനിലൂടെ, പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ...തുടങ്ങിയവ...
1926 ൽ അദ്ദേഹത്തിന്റെ ജനനം എറണാകുളം ജില്ലയിലെ മനോഹരമായ എടവനക്കാട് ഗ്രാമതിലാണ് . കേശവൻ ആശാന്റെയും മണിയമ്മയുടെയും മകൻ.ഗോൾഡ് മെഡലോടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തീകരിച്ച് മഹാരാജാസ് കോളേജിൽ ഉപരിപഠനം.. സ്വാതന്ത്ര്യ സമരം സിരകളിൽ കത്തിപ്പടർന്ന കാലം. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് തടവിലടയ്ക്കപ്പെട്ടു പഠനം മുടങ്ങി. ബിരുദമെടുക്കാൻ കഴിഞ്ഞില്ല.. പ്രതിഭാധനനായ അദ്ദേഹത്തിന് അതൊരു ന്യൂനതയല്ലായിരുന്നു...
വല്ലഭന് പുല്ലും ആയുധം. തന്റെ തൂലിക പടവാളാക്കി അദ്ദേഹം പൊരുതി....ജയിൽവാസ കാലത്ത് സി. അച്യുത മേനോനും കെ. കരുണാകാരനുമായുള്ളപരിചയവും അടുപ്പവും അദ്ദേഹത്തിന് രാഷ്ട്രീയത്തിലേക്ക് താല്പര്യം ജനിപ്പിച്ചിരിക്കണം.
ജയിൽ മോചിതനായ ശേഷം കൊച്ചി രാജ്യ പ്രജാമണ്ഡലത്തിൽ പ്രവർത്തിച്ചു. ഇതിൽ ഭിന്നിപ്പ് ഉണ്ടായപ്പോൾ മത്തായി മാഞ്ഞൂരാൻ രൂപീകരിച്ച കേരള സോഷ്യലിസ്റ് പാർട്ടിയിലും പ്രവർത്തിച്ചു.. രാഷ്ട്രീയം തനിക്ക് ചേരില്ല അല്ലെങ്കിൽ താൻ രാഷ്ട്രീത്തിന് അൺഫിറ്റ് ആണ് എന്ന തിരിച്ചറിവ് പി. കെ. ബി യ്ക്ക് സാവധാനം ഉണ്ടായി.പിന്നീട് പത്ര പ്രവർത്തനത്തിലേക്ക് തിരിഞ്ഞു. കോൺഗ്രസ്സ് യുവജന പ്രസ്ഥാനത്തിന്റെ മുഖപത്രമായ ആസാദിൽ പ്രവർത്തിച്ചു.അങ്ങനെ പൊതു സമൂഹത്തിൽ അദ്ദേഹം അംഗീകാരം നേടിയെടുത്തു. പിന്നീട് ദിനസഭയുടെ എഡിറ്റർ, കേരള കൗമുദി പത്രാധിപസമിതിയംഗം, കേരള ഭൂഷണം, മാധ്യമം എന്നീ ദിനപ്പത്രങ്ങളുടെ മുഖ്യ പത്രാധിപർ എന്നീ നിലകളിൽ പ്രവർത്തിച്ചു...
കേരള സാഹിത്യ അക്കാഡമി അവാർഡ്,വയലാർ അവാർഡ്, സാഹിത്യ പ്രവർത്തക ബെനിഫിറ്റ് ഫണ്ട് അവാർഡ് എന്നീ പുരസ്കാരങ്ങൾ അദ്ദേഹത്തിന്റെ ഇനി ഞാൻ ഉറങ്ങട്ടെ കരസ്ഥമാക്കി..ഈ മനോഹരമായ കൃതി മറ്റ് ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.
"ഉറങ്ങാത്ത മനീഷി "എന്ന പേരിൽ പി. കെ. ബിയുടെ ജീവചരിത്രം പ്രൊഫ. എം. കെ. സാനു മാധ്യമം ആഴ്ച പതിപ്പിൽ ഖണ്ഡശ : പ്രസിദ്ധീകരിച്ചിരുന്നു..
1991 ഏപ്രിൽ 3 ന് പ്രൗഡ്ഡോജ്ജ്വലമായ ആ ജീവിതത്തിന് വിരാമമായി. പതിറ്റാണ്ടുകൾക്ക് മുൻപ് വിട പറഞ്ഞ പി. കെ. ബിയുടെ ജീവിതവും രചനകളും ഇന്നുമൊരു പാഠപുസ്തകമാണ്...മരണാനന്തരവും അദ്ദേഹം ഉണർന്നിരിക്കുന്നു.... ഇനിയും ഉറങ്ങാതെ........
ബഹുമുഖ പ്രതിഭയ്ക്ക് നീലാംബരീയം
മുഖക്കുറി ആദരവോടെ പ്രണാമം അർപ്പിക്കുന്നു..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍