Hot Posts

6/recent/ticker-posts

ഓട്ടിസം ബോധവൽക്കരണദിനം

 

നീലാംബരീയം

ഐഡിയ സ്റ്റാർ സിംഗർ കണ്ടവർ ആരും മറക്കാത്ത പേരാണ് സുകേഷ്‌ കുട്ടൻ,കൂടെ അവന്റെ അമ്മ സ്മിതയും.ആ അമ്മയുടെ കൈകൾ ചുറ്റിവരിഞ്ഞ സ്നേഹത്താൽ സുകേഷ്‌ ഉയരങ്ങളിലേക്ക് നടന്നു കയറുന്നത് കണ്ടു മലയാളികൾ സന്തോഷക്കണ്ണീർ പൊഴിച്ചു.

ലോക ഓട്ടിസം ബോധവൽക്കരണ ദിനത്തിൽ കേരളത്തിൽ അധികം പരിചിതമല്ലാതിരുന്ന ഈ അസുഖവും ,അത് നേരിടേണ്ടിവരുന്ന അമ്മമാരുടെ അസാമാന്യ ക്ഷമയും ,എന്തെങ്കിലും പ്രത്യേക കഴിവുകൾ നൽകിയ ആ കുഞ്ഞുങ്ങളെ എങ്ങിനെ വളർത്താം എന്നതും പരിശോധിക്കാം.
എഫ് ബി സൗഹൃദങ്ങളിൽ ഞാൻ ബഹുമാനിക്കുന്ന ചില അമ്മമാരുണ്ട്.. ഇങ്ങനെയുള്ള മക്കളെ ദൈവം തന്ന നിധിയായി കരുതി വളർത്തുന്നവർ.
വീട്ടിൽ നിന്നും ഒരു സപ്പോർട്ടും കിട്ടാതെ കുട്ടിയുടെ അവസ്ഥയ്ക്ക് കാരണം പാരമ്പര്യമായി ആ അമ്മയിൽ നിന്നും കിട്ടിയെന്ന് പഴികേൾക്കുന്ന അമ്മമാർ ഉണ്ട്.ആ കുഞ്ഞുങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച അമ്മമാരാണ് അവർ .
യുണൈറ്റഡ് നേഷൻസ് 2007 ഇൽ ഏപ്രിൽ2 ഓട്ടിസം ബോധവൽക്കരണദിനമായി പ്രഖ്യാപിക്കുവാൻകാരണം രോഗികളുടെ മനുഷ്യാവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിനും രോഗനിർണ്ണയം,ചികിത്സ,സമൂഹത്തിൽ സ്വീകാര്യത വളർത്തുക എന്നൊക്കെ ഉദ്ദേശിച്ചാണ്.
ഐസക് ന്യൂട്ടൻ,മൈക്കിൾ ആഞ്ജലോ ,ബിൽഗേറ്റ്‌സ് തുടങ്ങി പലർക്കും ഈ രോഗം ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ എത്രപേർ വിശ്വസിക്കും.ഓട്ടിസം ഒരു രോഗമല്ല .തലച്ചോറിന്റെ വ്യത്യസ്തമായ പ്രവർത്തനമാണ് ഓട്ടിസത്തിന് കാരണം. ഇതേക്കുറിച്ച് വളരെ കുറച്ചുപേർക്ക് മാത്രമേ അറിയൂ എന്നതാണ് സത്യം.
1943 ഇൽ ലിയോ കറാർ എന്ന മനോരോഗ വിദഗ്ധനാണ് ഈ അവസ്ഥ യെ ഓട്ടിസം എന്നു വിളിച്ചത്.ആശയവിനിമയം,ആശയഗ്രഹണം എന്നിവയിൽ സമപ്രായക്കാരായ കുട്ടികളിൽ നിന്നും വ്യത്യസ്തമായി ആന്തരിക സ്വപ്നലോകത്തു ജീവിക്കുന്ന അവസ്ഥയാണിത്.
ജനിക്കുന്ന പതിനായിരം കുട്ടികളിൽ പത്ത് പേര് ഇങ്ങനെ ജനിക്കുന്നു.തന്റെ ഇഷ്ടങ്ങളും പ്രയാസങ്ങളും സ്വന്തം അമ്മയെപ്പോലും അറിയിക്കാനുള്ള ആശയവിനിമയം ഉണ്ടാവില്ലെന്നതാണ്‌ വേദനിപ്പിക്കുന്നത്.
ഒരേ ശബ്ദത്തിൽ വാക്കുകൾ ആവർത്തിച്ചു പറയും.പ്രതികരണശേഷി കുറയും.സാമൂഹികമായി ഇടപെടുമ്പോൾ മറ്റുള്ളവരെ ഗൗനിക്കാതെയാവും പ്രവർത്തനം.സ്നേഹത്തോടെ ആശ്ലേഷിച്ചാലോ ചുംബിച്ചാലോ പ്രതികരണം ഉണ്ടാവില്ല..ഭയം ഉത്കണ്ഠ ഒക്കെ കൂടുതലാവും.ഒറ്റയ്ക്ക് തന്റേതായ ലോകത്ത് ഇരിക്കുക, മറ്റുള്ളവരെ അഭിമുഖീകരിക്കാൻ വിമുഖത,പ്രകോപനമില്ലാതെ ഉപദ്രവിക്കുക, പ്രത്യേക രീതിയിലുള്ള ചലനങ്ങൾ,ശബ്ദങ്ങൾ അങ്ങനെ പല ലക്ഷണങ്ങൾ കാണിക്കും.
ഇവരുടെ കഴിവുകൾ കണ്ടെത്തി അതിലേക്ക് അവരെ പരിശീലിപ്പിക്കുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്.പെരുമാറ്റവൈകല്യങ്ങൾ ഒരു മനശാസ്ത്രജ്ഞന്റെ സഹായത്തോടെ മാറ്റിക്കൊണ്ടുവരാം.ഇതിന് അവർക്കായുള്ള സ്കൂളുകളിൽ കുഞ്ഞുങ്ങളെ അയയ്ക്കണം ..കഴിവിന്റെ, പ്രായത്തിന്റെ അടിസ്ഥാനത്തിൽ അവർക്ക് വിദഗ്ധ പരിശീലനം ലഭിക്കും.
തിരിച്ചറിയാൻ വൈകുന്നതും ഈ അവസ്ഥയെ നിയന്ത്രണത്തിലാക്കാൻ ബുദ്ധിമുട്ട് ഉണ്ടാക്കും. രണ്ടു വയസ്സിലെങ്കിലും മനസ്സിലാക്കി തെറാപ്പി തുടങ്ങണം. ഒന്നര വയസ്സിനു മുന്നേ തന്നെ ഓട്ടിസത്തിന്റെ റിസ്ക് ഫാക്ടർ കണ്ടെത്താനുള്ള ആധുനിക സൗകര്യങ്ങൾ കേരളത്തിലുണ്ട്.
ഈ ന്യുറോളജിക്കൽ ഡിസോർഡർ, ആവർത്തിച്ചുള്ള പെരുമാറ്റം സംസാരം ആശയവിനിമയം തുടങ്ങിയവയോടുള്ള വെല്ലുവിളികളാണ്. ഗർഭിണികളായ അമ്മമാർക്കുണ്ടാവുന്ന ചില രോഗങ്ങളും കുട്ടിയെ ഈ അവസ്ഥയിലാക്കാറുണ്ട്. അജ്ഞാതമായ പല കാര്യങ്ങളും കൊണ്ട് ഈ അവസ്ഥയിലാവുന്ന കുഞ്ഞുങ്ങൾക്ക് വളർച്ചയ്ക്ക് ആവശ്യമായ അന്തരീക്ഷവും പിന്തുണയും നൽകുക എന്നതാണ് ഈ ദിവസം നമുക്ക് ചെയ്യാനാവുന്നത്.ആ കുഞ്ഞുങ്ങളെ സ്നേഹം നൽകി പരിലാളിക്കുന്ന എല്ലാ മാതാപിതാക്കൾക്കും സ്നേഹാശംസകൾ..

അവതരണം @ സുമ ശങ്കർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍