അമ്പെത്തെട്ടാം വയസ്സിൽ കാവനൂർ കുറ്റിക്കുള്ളിൽപ്പറമ്പ് അംഗണവാടിയിലെ പത്തേളം പേർക്കൊപ്പമാണ് ആയിഷ സാക്ഷര വെളിച്ചത്തിൻ്റെ ലോകത്തേക്ക് കടന്നത്. അക്ഷരങ്ങളോട് ചങ്ങാത്തം കൂടി പ്രായത്തെ തോൽപ്പിച്ച മനോധൈര്യവുമായ് പഠന നാളുകളിൽ തന്നെ ആയിഷ ശ്രദ്ധിക്കപ്പെട്ടു.
സമ്പൂർണ്ണ സാക്ഷരതാ പ്രഖ്യാപനം നിർവ്വഹിക്കാൻ തെരെഞ്ഞെടുക്കപ്പെട്ടവരുടെ നീണ്ട ലിസ്റ്റിൽ നിന്ന് നറുക്കെടുപ്പിലൂടെയാണ് ആയിഷക്ക് കുറി വീണത്. അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാർ അടക്കം പല പ്രമുഖരും കേരളത്തിൻ്റെ ചരിത്രനേട്ടം ആയിഷയുടെ വാക്കുകളിലൂടെ കേട്ടറിയാൻ അന്ന് മാനാഞ്ചിറ മൈതാനത്ത് എത്തിയിരുന്നു.
കേവലം ഒരു ഗ്രാമീണയായ മുസ്ലിം സ്ത്രീ ലോക ശ്രദ്ധ പിടിച്ചു പറ്റുകയായിരുന്നു. അവര് ലോകത്തോട് വിളിച്ചു പറഞ്ഞത് ഒറ്റ വാക്യത്തില് ഒതുക്കിയാണ്. 'കേരളം സമ്പുര്ണ സാക്ഷരതാ സംസ്ഥാനമായി ഞാന് പ്രഖ്യാപിക്കുന്നു' എന്നു മാത്രം. ലോകം ആ വാചകം ശ്രദ്ധിച്ചു.അതിനു ശേഷമുള്ള ജീവിതം ആയിഷ ചിലവഴിച്ച് അക്ഷരവെളിച്ചം സഹജീവികൾക്ക് പകർന്നു കൊടുക്കാനായിരുന്നു. സർക്കാരിൻ്റെ സാക്ഷരതാ അംബാസിഡറായും അവർ അറിയപ്പെട്ടിരുന്നു.
എല്ലാകാര്യത്തിലും ഒരു മോഡന് ആവുകയായിരുന്നു. പ്രായത്തെ പ്രശ്‌നമാക്കേണ്ടതില്ല പഠനത്തിന് എന്നവര് ജീവിച്ചു കാണിച്ചുതന്നു. വെറും അക്ഷരജ്ഞാനം നേടി തൃപ്തിയടയാന് അവരുടെ മനസനുവദിച്ചില്ല. ഏഴാം ക്ലാസും, എസ്.എസ്.എല്. സിയും പ്ലസ്ടുവും അവര് ജയിച്ചു കയറി. തുടര്ന്നു പഠിക്കാന് ഏറെ മോഹിച്ചു. പക്ഷെ വിട്ടുമാറാത്ത അസുഖം അവര്ക്കതിന് തടസമായി. എങ്കിലും മനസിന്റെ വെമ്പല് മരിക്കും വരെ കെട്ടടങ്ങിയിട്ടില്ല.
ചേലക്കാടന് ആയിഷ എന്ന വ്യക്തിയില് നിന്ന് സമൂഹത്തിന് പഠിക്കാന് ഏറെയുണ്ട്. അക്ഷരവെളിച്ചത്തില് നിന്ന് ആട്ടിപ്പായിച്ച ഒരു സമൂഹത്തിന്റെ പ്രതിനിധിയാണവര്. പെണ്ണായി പിറന്നത് കൊണ്ട് പുറം വെളിച്ചം കാണാനും അക്ഷരം പഠിക്കാനും അവസരം നിഷേധിക്കപ്പെട്ട ഒരു വിഭാഗത്തിന്റെ പ്രതിനിധി കൂടിയാണ്.
പ്രായം തൊണ്ണൂറ്റി ഒന്നിലെത്തിയിട്ടും പഠിക്കാനും, ലോകകാര്യങ്ങള് അറിയാനും ആവേശം കാണിച്ച ആയിഷുമ്മ 2013 ഏപ്രിൽ 4 ന് അന്തരിച്ചു. മൊയ്തീൻ കുട്ടിയാണ് ഭർത്താവ്.മുഹമ്മദ്, മറിയുമ്മ, ആമിന, നഫീസ, ഫാത്തിമ ഖദീജ എന്നിവർ മക്കളാണ്.ഊര്ജസ്വലയായ അക്ഷര സ്‌നേഹിക്ക് പ്രണാമം
0 അഭിപ്രായങ്ങള്‍