Hot Posts

6/recent/ticker-posts

പാവങ്ങൾ- ഒരു വായന

പാവങ്ങൾ (Les Miserables)

നീലാംബരീയം
ലോകസാഹിത്യത്തിലെ തന്നെ ഏറ്റവും മികച്ച ക്ലാസ്സിക്കുകളിൽ ഒന്നായി കരുതപ്പെടുന്ന നോവലാണ് Les Miserables. വിശ്വസാഹിത്യ രംഗത്തെ അതികായനായ വിക്ടർ ഹ്യുഗോയുടെ തൂലികയിൽ നിന്നുത്ഭവിച്ച മഹത്തായ ഒരു സൃഷ്ടിയാണ് ഈ ഫ്രഞ്ച് നോവൽ.

1862 ൽ എഴുതിയ ഈ ചരിത്രനോവൽ പല ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അതുപോലെ നോവലിനെ ആസ്പദമാക്കി നിരവധി ചലച്ചിത്രങ്ങളും ടെലിവിഷൻ ഷോകളും ഇറങ്ങിയിട്ടുണ്ട്. ശ്രീ നാലപ്പാട്ട് നാരായണമേനോനാണ് ആദ്യമായി ഈ നോവൽ "പാവങ്ങൾ" എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. അതിനു ശേഷം മറ്റു പലരും ഇത് മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ടെങ്കിലും നാലപ്പാടന്റെ വിവർത്തനം തന്നെയാണ് ഈ നോവലിന്റ ഏറ്റവും മികച്ച മലയാള വിവർത്തനമായി കണക്കാക്കപ്പെടുന്നത്.
വിധവയായ സഹോദരിയുടെ കുട്ടികളുടെ കഠിനമായ വിശപ്പ് മാറ്റാൻ ഒരു അപ്പ കഷ്ണം മോഷ്ടിച്ചതിന് ജയിലിൽ പോകേണ്ടി വന്ന ഴാങ് വാൽ ഴാങ് (ഉച്ചരിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് ഇംഗ്ലീഷ് വിവർത്തനങ്ങളിൽ ഈ പേര് ജീൻ വാൽ ജീൻ എന്നായി )ആണ് നോവലിലെ കേന്ദ്ര കഥാപാത്രം. ഈ കുറ്റത്തിന് മൂന്നു വർഷം ജയിൽ ശിക്ഷക്കു വിധിക്കപ്പെടുന്ന ഴാങ് വാൽ ഴാങ് കുടുംബത്തിന്റെ ദാരിദ്ര്യത്തെ ഓർത്തുള്ള വ്യാകുലത കൊണ്ട് പലതവണ ജയിലിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുകയും പിടിക്കപ്പെടുകയും ചെയ്യുന്നു. അതിന്റെ ഫലമായി ജയിൽ വാസം 18 വർഷങ്ങൾ നീണ്ടുപോകുന്നു.
സമൂഹത്തോടും നിയമ വ്യവസ്ഥയോടും കടുത്ത അമർഷവുമായി പുറത്തു വരുന്ന അയാൾ അതികഠിനമായ തണുപ്പുള്ള ഒരു രാത്രിയിൽ ഒരു പള്ളിയിൽ അഭയം പ്രാപിക്കുന്നു. ദയാലുവായ ഒരു മെത്രാനാണ് അയാൾക്ക് പള്ളിയിൽ അഭയം നൽകുന്നത്. പക്ഷെ അവിടെ വച്ച് വെള്ളിയിൽ തീർത്ത മെഴുകുതിരി കാലുകൾ മോഷ്ടിച്ചു കടന്നുകളയുന്ന അയാൾ വീണ്ടും പോലീസിന്റെ പിടിയിലാവുന്നു. പോലിസ് അയാളെ തൊണ്ടിമുതലോടു കൂടി മെത്രാന്റെ മുന്നിൽ എത്തിക്കുമ്പോൾ കാരുണ്യവാനായ മെത്രാൻ താൻ തന്നെയാണ് ആ മെഴുകുതിരി കാലുകൾ അയാൾക്ക്‌ നൽകിയതെന്ന് പറഞ്ഞ് അയാളെ പോലീസിൽ നിന്ന് രക്ഷിക്കുന്നു. ഈ സംഭവം ഴാങ് വാൽ ഴാങ്ങിന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്നു. തെറ്റ് ചെയ്തവൻ ശിക്ഷിക്കപ്പെടണം എന്നുള്ള വ്യവസ്ഥക്കൊപ്പം തന്നെ തെറ്റ് ചെയ്തവന് മാപ്പ് നൽകുക എന്ന സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും വ്യവസ്ഥ കൂടിയുണ്ടെന്ന് ബോധ്യപ്പെടുന്ന അയാൾ പിന്നീടുള്ള ജീവിതത്തിലുടനീളം സത്യസന്ധനായി ജീവിക്കുന്നു.
നോവലിലെ മറ്റു കഥാപത്രങ്ങളും വായനക്കാരെ ശക്തമായി സ്വാധീനിക്കാൻ കഴിവുള്ളവരാണ്. സ്വന്തം മകളുടെ വിശപ്പടക്കാൻ ശരീരം വിറ്റ് ജീവിക്കേണ്ടി വരുന്ന ഫൻതീൻ, അവളുടെ മകളും ഴാങ് വാൽ ഴാങ്ങിന്റെ വളർത്തുമകളുമായി മാറുന്ന കോസെത്, മരിയൂസ്, നിയമത്തിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലാത്ത ഇൻസ്‌പെക്ടർ ഴാവർ തുടങ്ങിയ കഥാപാത്രങ്ങളെല്ലാം വായനക്കാരന്റെ മനസ്സിൽ ഇടം നേടുന്നു.
വായിച്ചു നിർത്തുമ്പോൾ ഈ നോവൽ നിങ്ങളിലൊരു തേങ്ങലായോ നെടുവീർപ്പായോ അവശേഷിക്കുമെന്നു ഉറപ്പാണ്. പാവങ്ങൾ വെറും ഒരു നോവൽ അല്ല, ഒരു വ്യക്തിയുടെ ചിന്താധാരയെ തന്നെ അതിശക്തമായി സ്വാധീനിക്കാൻ കഴിവുള്ള ഒരു പുസ്തകമാണ്. ഈ ലോകത്തിൽ ദാരിദ്ര്യപീഡ അനുഭവിക്കുന്ന ഒരാളെങ്കിലും അവശേഷിക്കുന്ന കാലം വരെ ഈ പുസ്തത്തിന്റെ പ്രസക്തി ഒട്ടും കുറയാതെ നിലനിൽക്കും. പട്ടിണിയകറ്റാൻ പാലായനം ചെയ്യേണ്ടി വരുന്നവരും തല ചായ്ക്കാനൊരിടത്തിനായി റെയിൽ പാളങ്ങൾ തിരഞ്ഞെടുക്കുന്നവരും മൈലുകൾ കാൽനടയായി താണ്ടുന്നവരും ഒരുനേരത്തെ അന്നം മോഷ്ടിച്ചതിന് ആൾക്കൂട്ട വിചാരണയാൽ വധശിക്ഷ അനുഭവിക്കേണ്ടി വന്നവരും നമുക്ക് കാണിച്ചുതരുന്നത് അനേകം ഴാങ് വാൽ ഴാങ്ങുമാരെയാണ്. ഇതുപോലൊരു കഥ അവർ ഓരോരുത്തർക്കുമുണ്ടാവാം!
"To love or to have loved, that is enough. Ask nothing further. There is no other pearl to be found in the dark folds of life. "
Victor Hugo, Les Misérables
അവതരണം

ദിവ്യ എസ് മേനോൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍