സാമ്പത്തികമായ സുരക്ഷിതത്വം നേടാനുള്ള ഓട്ടപ്പാച്ചിലിൽ പണത്തെക്കാളും പ്രാധാന്യമുള്ള പലതും നഷ്ടപ്പെടുത്തുന്ന നമ്മൾക്ക് നഷ്ടമാവുന്ന ലളിത സുന്ദരമായ ചില കാര്യങ്ങളാണ് ഈ സിനിമ പറയുന്നത്.
മേരി(സറീന വഹാബ്),ദാസ്(രഘുനാഥ് പലേരി) ദമ്പതികളുടെ മൂന്നുമക്കളുടെ സണ്ണി (ബിജു മേനോൻ),ആനി(മഞ്ജു വാര്യർ),ജെറി(അനുമോഹൻ) വഴക്കും സ്നേഹവും ,ജീവിത ത്തിരക്കുകളും കാണുമ്പോൾ, എവിടെയെങ്കിലും വച്ചു ഞാൻ ആണല്ലോ ഇത് ,അല്ലെങ്കിൽ ഞാൻ കേട്ടതോ പറഞ്ഞതോ ആണല്ലോ അവർ പറയുന്നത് എന്നു തോന്നാത്ത ഒരാളും ഉണ്ടാവില്ലെന്നതാണ് ഈ സിനിമയെ ജനപ്രിയമാക്കുന്നത്.
മേരിയുടെ മരണശേഷം ആണ്ടിനു ,തിരക്കില്നിന്നും ഓടിയെത്തിയ മക്കളെ അമ്മയുടെ അവസാന ആഗ്രഹം ദാസ് അറിയിക്കുകയും അവർ ഒരാഴ്ച്ച അപ്പനോടൊപ്പം നിന്നു അമ്മയുടെ അവസാന ആഗ്രഹങ്ങൾ ഒരോന്നായി സാധിച്ചു കൊടുക്കാനും തീരുമാനിക്കുന്നു.
ഇവന്റ് മാനേജ്‌മെന്റ് നടത്തി പരാജയപ്പെടുന്ന സണ്ണിയോടൊപ്പമല്ല ഭാര്യ(രമ്യ നമ്പീശൻ)താമസിക്കുന്നത്..ഒരു കമ്പനിയുടെ C E O ആയ മിടുക്കിയായ ആനിക്കു പരാജിതനായ ചേട്ടനെ സഹിക്കാൻ ബുദ്ധിമുട്ടാണ്.ആനിയുടെ ഭർത്താവ് സന്ദീപ്(സൈജു കുറുപ്പ്)ഷിപ്പിലെ ജോലിയിൽ നിന്നും വിരമിച്ചു മക്കളെ നോക്കി വീട്ടിൽ ഉണ്ട്.ഇളയവൻ ജെറി വരുന്നത് തന്നെക്കാൾ 4 വയസ്സിനു മൂപ്പും ഡൈവേഴ്സിയുമായ തന്റെ ഗേൾ ഫ്രണ്ടുമൊത്താണ്.ആ കുട്ടിയ സ്വീകരിക്കാൻ ആനിക്കോ,ദാസിനോ ഒരു പ്രശ്നവുമില്ലെങ്കിലും സണ്ണിക്ക് അത്ര യോജിപ്പില്ല.ആനിയും സണ്ണിയും തമ്മിൽ ഉള്ളതിലും വലിയ വഴക്കാണ് സണ്ണിയും ജെറിയും തമ്മിൽ.
നമ്മുടെ കുടുംബങ്ങളിലും സഹോദരങ്ങൾ ഒരാഴ്ച്ച ഒരുമിച്ചു നിൽക്കുമ്പോൾ ഉണ്ടാവുന്ന പിണക്കങ്ങളും കൂടിച്ചേരലുകളും മനോഹരമായി എടുത്തിരി ക്കുന്നു.ഒരുമിച്ചിരുന്നു സംസാരിക്കുമ്പോൾ ഉരുകിത്തീരുന്ന പിണക്കങ്ങൾ.സുധീഷ് അവതരിപ്പിക്കുന്ന രാജേഷിനെ എല്ലാവർക്കും ഇഷ്ടപ്പെടും..ഇത്ര മിടുക്കനായ നടന് വൈകി കിട്ടിയ നല്ല കഥാപാത്രം.
സംവിധാനം വഴങ്ങുമെന്ന് മധുവാര്യർ തെളിയിച്ചു.ബിജുമേനോൻ പതിവുപോലെ മനോഹരമായി സണ്ണിയെ അവതരിപ്പിച്ചു.സ്ഥിരം കണ്ടിട്ടുള്ള അമ്മയല്ല മഞ്ജു .രണ്ടുമക്കളുടെയും ഉത്തരവാദിത്വം ഭർത്താവിനെ ഏൽപ്പിച്ചു ജോലിയിൽ മുഴുകുന്ന മഞ്ജുവിനെ കാണുന്ന എല്ലാവർക്കും ജോലിയേക്കാൾ വലുതായി ചിലതൊക്കെ ചെയ്യാനുണ്ടെന്ന തോന്നൽ വരുത്തും.സന്ദീപിനെപ്പോലെ ഒരു കഥാപാത്രം മലയാള സിനിമയ്ക്ക് പുതിയതാവും.
ബന്ധങ്ങളുടെ മൂല്യം എന്തെന്ന് സിനിമ പറയുമ്പോൾ അതിൽ ഞാനും നിങ്ങളും എല്ലാം ഉണ്ടെന്നതാണ് ഈ രണ്ടുമണിക്കൂർ സിനിമ കാണാൻ നമ്മളെ പിടിച്ചിരുത്തുന്നത്.ടൈറ്റിൽ സോങിൽ പഴയ കളിപ്പാട്ടങ്ങൾ കാണുമ്പൊ ഗൃഹാതുരത്വം നമ്മെ പിടിച്ചു ഈ സിനിമയ്ക്കുള്ളിലേക്കിടും.പഴയ പാട്ടുകൾ കൂട്ടിച്ചേർത്തൊരു ഗാനം,അതിൽ നൃത്തം വയ്ക്കുന്ന മഞ്ജു ഇന്നും ആ പഴയ ആൾ തന്നെ. ബിജിപാൽ ചെയ്ത സംഗീതം നന്നായി.ഛായാഗ്രഹണത്തിന് ശ്രദ്ധിക്കത്തക്ക വലിയ പ്രസക്തിയില്ല.. എങ്കിലും നന്നായിട്ടുണ്ട്..
1 അഭിപ്രായങ്ങള്‍
Thanks for sharing
മറുപടിഇല്ലാതാക്കൂ