Hot Posts

6/recent/ticker-posts

ഏപ്രിൽ ഫൂൾ

 

നീലാംബരീയം

ഒരു വർഷത്തിനുള്ളിൽ എന്തൊക്കെ ദിനങ്ങളാണ് നാം വിദേശിയരിൽ നിന്നും കടം കൊണ്ടിരിക്കുന്നത് അല്ലെ! ഏപ്രിൽ ഒന്ന് എന്ന് പറയുമ്പോൾ നമ്മിൽ പലരും അത് ഒരു വിഡ്ഡിദിനമായി കരുതുന്നു .ഇന്നൊരു ദിവസം മാത്രമാണോ നാം വിഡ്ഡികളാക്കപ്പെടുന്നത് ? അല്ല ! ഇടക്കും തലക്കുമൊക്കെ പലരാലും നാം വിഡ്ഡികളാകാറുണ്ട് .എന്നാലും ഏപ്രിൽ ഫൂളിൻ്റ് ചരിത്രത്തിലേക്കൊന്നു നോക്കിയാലോ .

ഇംഗ്ലീഷ് സാഹിത്യകാരനായ ജെഫ്രി ചോസറിൻ്റെ കാൻ്റർബറി കഥയിൽ നിന്നുമാണ് ഏപ്രിൽഫൂൾ ദിനം തുടങ്ങിയതെന്ന് പറയപ്പെടുന്നു .റോമിലെ ഹിലാരിയ എന്ന ആഘോഷത്തോടനുബന്ധിച്ചാണ് വിഡ്ഡിദിനം ആരംഭിച്ചതെന്ന് ചില ചരിത്രകാരന്മാർ കരുതുന്നു .ഇതിൽ കെട്ടുകഥകളും ഏറെയുണ്ട് .ജൂലിയൻ കലണ്ടറിൽ നിന്നും ഗ്രിഗോറിയൻ കലണ്ടറിലേക്കുള്ള മാറ്റത്തെ പരിഹസിക്കുവാൻ ഫ്രഞ്ചുകാർ ഏപ്രിൽ ഒന്ന് ഫുൾസ് ഡേ ആയി തിരഞ്ഞെടുത്ത കഥയാണ് അവയിൽ പ്രബലം .
വിഡ്ഡിദിനത്തിൻ്റെ തുടക്കത്തെക്കുറിച്ച് പല ഊഹാപോഹങ്ങളല്ലാതെ തീർത്തും വിശ്വസനീയമായതോ എഴുതി വയ്ക്കപ്പെട്ടതോ ആയ ഒരു തെളിവും ഇല്ല .പുരാതന ഇന്ത്യയിലും മറ്റും ഏപ്രിൽ ഒന്ന് പുതുവർഷമായാണ് ആഘോഷിച്ചിരുന്നത് .മിക്ക രാജ്യങ്ങളിലും ഏപ്രിൽ ഒന്ന് വിഡ്ഡിദിനമായി ആഘോഷിക്കുന്നു .സുഹൃത്തുക്കളേയും കുടുംബാഗംങ്ങളേയും അയൽവാസികളേയും ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് വിഡ്ഡികളാക്കുകയാണ് അന്നേ ദിവസം ചെയ്യുന്നത് .
ഇത്തരത്തിലുള്ള തമാശകൾ ചില രാജ്യങ്ങളിൽ ഉച്ചയ്ക്ക് 12 മണി വരെ മാത്രമെ ഉണ്ടാകാറുള്ളു .ഇന്ത്യ, Uk, ന്യൂസിലൻഡ്, കാനഡ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരത്തിലാണ് ആഘോഷം .എന്നാൽ അമേരിക്ക, ഫ്രാൻസ്, അയർലൻ്റ് തുടങ്ങിയ രാജ്യങ്ങളിൽ തമാശ ദിവസം മുഴുവൻ നീണ്ടു നിൽക്കുന്നു .
സ്വാഭാവികമായി മറ്റു പല ദിനങ്ങളും എന്ന പോലെ ബ്രിട്ടീഷുകാരുടെ വരവോടെയാണ് ഇന്ത്യയിൽ വിഡ്ഡിദിനത്തിന് പ്രാധാന്യം ലഭിച്ചത് .മുമ്പൊക്കെ പ്രാവിൻ്റെ പാൽ കറന്നു കൊണ്ടുവരാൻ ആളെ അയക്കുക നീരിറ്റു വീഴുന്നത് പാത്രത്തിലാക്കാൻ പറയുക തുടങ്ങിയ തമാശകളാണത്രെ ഉണ്ടായത് .
വ്യാജമായ വാർത്തകൾ ചമയ്ക്കുക, തെറ്റായ വിവരങ്ങൾ നൽകുക, ജനന മരണ വാർത്തകൾ തെറ്റായി ഉണ്ടാക്കുക തുടങ്ങി ജനങ്ങളെ വിഡ്ഡികളാക്കുന്ന ഇന്ത്യൻ വഴികൾ നിരവധി ഉണ്ടായിരുന്നു .പുലർച്ചെ വീടിൻ്റെ മുന്നിൽ ചാണകം പൂശുക, വലിയ പോസ്റ്ററുകൾ പതിക്കുക, പൂട്ടുകൾ കൊണ്ട് വാതിലുകൾ ബന്ധിക്കുക, ചെരുപ്പുകൾ ചെറിയ കമ്പികൾ കൊണ്ട് കെട്ടിയിടുക തുടങ്ങിയവയായിരുന്നു മലയാളി യുവത്വങ്ങളുടെ ഏപ്രിൽ ഫൂൾ കളികൾ .
ഏപ്രിൽ ഫൂളിന് കൂട്ടുകാരെ പററിക്കാൻ തൂങ്ങിമരണം ഷൂട്ട് ചെയ്യുന്നതിനിടെ വിദ്യാർത്ഥി കഴുത്തിൽ പുതപ്പു കുരുങ്ങി മരിച്ച സംഭവവും ഉണ്ടായിട്ടുണ്ട് .
മാർച്ച് 31ന് രാത്രി ഈ വർഷം ഞാൻ വിഡ്ഡിയാകാൻ നിന്നു കൊടുക്കില്ലെന്ന് തീരുമാനിച്ചാണ് പലരും ഉറങ്ങുവാൻ കിടക്കുന്നത് .എന്നാൽ പുലരുന്നതോടെ ഏപ്രിൽ ഒന്ന് എന്ന കാര്യംതന്നെ മറന്നു പോകുന്നു. എന്നാൽ ഇക്കാര്യം ഓർമ്മയുള്ളവർ നമ്മെ ചമ്മിച്ചു കൊല്ലുന്നതും ഒരു രസമാണല്ലൊ .
ഏപ്രിൽ ഒന്നിനെക്കുറിച്ച് ചില അന്ധവിശ്വാസങ്ങളും നിലവിലുണ്ട് .സുന്ദരിയായ യുവതി ഒരു യുവാവിനെ വിഡ്ഡിയാക്കുന്നുവെങ്കിൽ അവൾ അവനെ വിവാഹം ചെയ്യണമെന്ന് വിശ്വസിക്കുന്നവരും, ഏപ്രിൽ ഒന്നിന് വിവാഹിതരായാൽ ഭർത്താവിനെ ഭാര്യ ഭരിക്കുമെന്ന് കരുതുന്നവരുമുണ്ട് .
എന്തായാലും ഇന്ന് ലോക ജനത മുഴുവൻ ഏപ്രിൽ ഫൂൾ കൊണ്ടാടുന്നു.ഓരോ നാടും അവരുടെ സ്വന്തം തമാശകളും വിഡ്ഡിത്തരങ്ങളുമായി ഏപ്രിൽ ഫൂൾ ആഘോഷമാക്കി മാറ്റുന്നു. ജാതി മത പ്രായഭേദമില്ലാതെ ആർക്കും ആരേയും പറ്റിക്കാം. പരിധി വിടരുതെന്നു മാത്രം!
ഏപ്രിൽ ഒന്നിന് കിടിലൻ പണി കിട്ടാത്തവർ കുറവാകും .വാട്സ് ആപ്പിലൂടെയും, ഫേസ് ബുക്കിലൂടെയും പണി കിട്ടാൻ തുടങ്ങിയത് അടുത്ത കാലത്താണ് .മാർച്ചിൻ്റെ അവസാന ദിവസങ്ങളിൽ മറ്റുള്ളവരെ എങ്ങനെ ഫൂളാക്കാമെന്ന ചിന്തയിലായിരിക്കും പലരും .രസകരമായി ആസ്വദിക്കുന്നവരും കളി കാര്യമാക്കുന്നവരുമുണ്ട് .ഏപ്രിൽ ഫൂൾ കാർഡുകൾ വരെ നെറ്റിൽ ലഭ്യമാണ് .
ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഏപ്രിൽ ഒന്നിന് ഞാൻ ഫൂളായ കഥ പറഞ്ഞില്ലെങ്കിൽ പിന്നെ എങ്ങനെയാ ! വർഷങ്ങൾക്കു മുമ്പാണ് .ഒരു ദിവസം വൈകുന്നേരം എനിയ്ക്ക് എൻ്റെ അടുത്ത കസിൻ ഹരി ശങ്കറിൻ്റെ ഫോൺ വരുന്നു ." അമ്മായി, ഇടക്കൊച്ചിയിൽ കളപ്പുരക്കൽ ഹൗസിൽ മമ്മുട്ടിയും, ഭാനുപ്രിയയും മറ്റു താരങ്ങളൊക്കെ ഷൂട്ടിംങ്ങിന് വരുന്നുണ്ട് .നാളെ കൃത്യം പത്ത് മണിക്ക് റെഡിയായിരിക്കണം .ഞാൻ വന്നു കൊണ്ട് പോകാം " എന്ന് .( ഈ കളപ്പുരക്കൽ ഹൗസിൽ സിനിമകളും, സീരിയലുകളും ഷൂട്ട് ചെയ്യാറുണ്ട് .എനിയ്ക്ക് സിനിമാ താരങ്ങളെ കാണുന്നത് വളരെ ഇഷ്ടമാണെന്ന് ഹരിക്ക് അറിയാം) .പിറ്റേന്ന് നന്നായി ഡ്രസ് ചെയ്ത് അവനെ കാത്തിരിക്കാൻ തുടങ്ങി .മണി പത്ത് കഴിഞ്ഞ് പതിനൊന്നായി .ക്ഷമകെട്ട് ഞാൻ ഹരിയെ വിളിച്ചു .അപ്പോൾ അവൻ പറയുകയാണ് ഇന്ന് ഏപ്രിൽ ഫൂൾ അല്ലെ അമ്മായി ,ഞാൻ അമ്മായിയെ പറ്റിച്ചതാണെന്ന് .അന്നത്തെ എൻ്റെ ദേഷ്യവും, ചമ്മലും, വീട്ടിലുള്ളവരുടെ പരിഹാസവും ഒരിക്കലും മറക്കുവാൻ കഴിയില്ല .പക്ഷെ ഒരു കാര്യം പറയട്ടെ ട്ടോ .ആ കുട്ടി അതിന് പരിഹാരം ചെയ്തു .കൊച്ചി ഐലൻ്റിൽ സിനിമാ ഷൂട്ടിംങ്ങ് വന്നപ്പോൾ എന്നെക്കൊണ്ടുപോയി കാണിച്ചു .അന്ന് അവിടെ പൃഥിരാജ്, സലിം കുമാർ, ശ്രേയ തുടങ്ങി പല അഭിനേതാക്കളും ഉണ്ടായിരുന്നു .അപ്പോൾ എല്ലാവർക്കും ഏപ്രിൽ ഫൂൾ ദിനാശംസകൾ !

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍