Hot Posts

6/recent/ticker-posts

വാർത്തകളുടെ വാരാന്ത്യം

 

നീലാംബരീയം
പ്രിയരെ നീലാംബരീയം വാരാന്ത്യപ്പതിപ്പിലേക്ക് സ്നേഹസ്വാഗതം

ഭാരതത്തിന്റെ വാനമ്പാടിക്ക് വിട. ഒടുവിൽ ആ സ്വരം മാത്രം ബാക്കിയായി.70- പതിറ്റാണ്ടിലേറെ ലോകം ശബ്ദം കൊണ്ട് തിരിച്ചറിഞ്ഞ ലതാ മങ്കേഷ്‌കർ ഇനിയില്ല. ഇനിയുമേറെ സംവത്സരങ്ങൾ ഇന്ത്യയുടെ വാനമ്പാടിയുടെ സ്വരം ഹൃദയങ്ങൾ കീഴടക്കുമെങ്കിലും ആ വിയോഗം ഉൾക്കൊള്ളാൻ നാളേറെ വേണ്ടിവരും.പ്രിയ വാനമ്പാടി ലതമങ്കേഷ്കർക്ക് നീലാംബരീയം ടീമിന്റെ പേരിൽ ഞാൻ അനുശോചനം രേഖപെടുത്തുന്നു.
കഴിഞ്ഞ ഞായറാഴ്ച ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ മോഹനമായ ഒരു നാഴികക്കല്ല് പിന്നിട്ടു.1000-ഏകദിനം കളിക്കുന്ന ആദ്യത്തെ രാജ്യം.1947-ൽ ആദ്യത്തെ ഏകദിനമത്സരം കളിച്ച ഇന്ത്യ 48- വർഷത്തിനിടെ കടന്നു പോയത് അവിസ്മരണീയ മുഹൂർത്തങ്ങളിലൂടെ. ഇതിൽ രണ്ട് ലോകകപ്പ് കിരീടങ്ങളുണ്ട്, ചരിത്ര സന്ദർഭങ്ങളുണ്ട് . എണ്ണമറ്റ പ്രതിഭകൾ ഇക്കാലത്തിനിടെ ഏകദിന ക്രിക്കറ്റിൽ രാജ്യത്തിന്റെ അഭിമാനങ്ങളായി..
കൗമാരലോകകപ്പിൽ വീണ്ടും ഇന്ത്യൻ വസന്തം.അണ്ടർ 19- ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് കീഴടക്കി ഇന്ത്യ ചാമ്പ്യന്മാരായി. അഞ്ചു വിക്കറ്റുകൾ വീഴ്ത്തുകയും 35- റൺസെടുക്കുകയും ചെയ്ത് തകർപ്പൻ ഓൾറൌണ്ട് പ്രകടനം പുറത്തെടുത്തത് രാജ്‌ ബവയാണ്. ഇന്ത്യയുടെ ഫീദേ കൗമാര ലോകകപ്പിൽ ഇന്ത്യയുടെ അഞ്ചാം കിരീടമാണിത്.
വാർത്തകളറിയുക എന്നതാണ് പത്രങ്ങളുടെ മുഖ്യഉപയോഗമെങ്കിലും മുതിർന്ന പൗരന്മാരെ സംബന്ധിച്ച് പത്രവായനകൊണ്ട് അതിലേറെ ഗുണങ്ങളുണ്ട്. സർവീസിൽ നിന്ന് വിരമിച്ചശേഷം സമയം ചിലവിടാൻ ഒരു വഴി എന്ന നിലയ്ക്കാണ് പലരും പത്രവായന തിരഞ്ഞെടുക്കുന്നത്. എന്നാൽ പ്രായമാകുമ്പോഴുണ്ടാകുന്ന ഓർമ്മക്കുറവ് തടയാനും മന്ദത പ്രതിരോധിക്കുന്നതിനും പത്രവായനയ്ക്ക് ഏറെചെയ്യാനുണ്ട്.
തലച്ചോറിന്റെ ഉത്തേജനത്തിന് വായന പ്രത്യേകിച്ച് പത്രവായന ഏറെ ഗുണകരമാണെന്ന് ഏറെ നാളായിതെളിഞ്ഞ കാര്യമാണ്. പബ് മെഡ് സെൻട്രലിന്റെ ഉൾപ്പടെ ഒട്ടേറെ പഠനങ്ങൾ ഇതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. വാർത്തകളിലൂടെ പുതിയ വിവരങ്ങളാണ് തലച്ചോറിലേക്ക് എത്തുക. പുതിയ വിവരങ്ങൾ ഓരോതവണയും എത്തുമ്പോൾ
"ആക്സോൺ കണക്ഷൻസ് " വർധിക്കും ഇത് തലച്ചോറിലെ ഉത്തേജനം കൂട്ടും.
അടിമാലി @ കൂട്ടത്തിലെ കുട്ടിയാന ആദ്യം കിടന്നു പിന്നാലെ അമ്മയും പിന്നെ പരിസരം പോലും മറന്നുള്ള പകലുറക്കം. മുട്ടിച്ചേർന്നുള്ള അമ്മയുടെയും കുഞ്ഞിന്റെയും ഉറക്കം നീണ്ടുനിന്നത് ഒരു മണിക്കൂറോളം. അതുവരെ ഇരുപതോളം വരുന്ന കാട്ടാനക്കൂട്ടം അമ്മയ്ക്കും കുഞ്ഞിനും കാവൽ നിൽക്കുന്നതുപോലെ വട്ടം ചുറ്റി നടക്കാൻ തുടങ്ങി. അപ്പോളാണ് തള്ളയും കുഞ്ഞും പുല്പരപ്പിൽ കിടന്നുറങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഓരിലെ വെള്ളം കുടിച്ച് മത്തായതാവാം അമ്മയ്ക്കും കുഞ്ഞിനുമെന്നാണ് നാട്ടുകാരുടെ സംസാരം.
കോഴിക്കോട് @ നീണ്ട കാത്തിരുപ്പിന് ശേഷം ഫറോക്ക് ടിപ്പു കോട്ടയിൽ ഉത്ഖനന നടപടികൾ തുടങ്ങുന്നതിന് കേന്ദ്ര പുരാവസ്തുവകുപ്പിന്റെ അനുമതി. കോട്ടയുടെ മണ്ണിലുറങ്ങുന്ന ചരിത്രം തേടിയുള്ള യാത്രയ്ക്ക് ഇതോടെവഴിതെളിഞ്ഞു. കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയം ഉദ്യോഗസ്ഥനും പുരാവസ്തു വകുപ്പ് മലബാർ ഫീൽഡ് സർവേ അസിസ്റ്റന അസിസ്റ്റൻറുമായ കെ. കൃഷ്ണരാജിന്റെ നേതൃത്വത്തിൽ മാർച്ച്‌ പതിനഞ്ചോടെ ഉത്ഖനനം ആരംഭിക്കും.
വീഴുമ്പോൾ പിടിക്കാൻ ആഞ്ഞതാണ് പക്ഷേ വിരൽത്തുമ്പുതൊട്ടു അവൾ തീവണ്ടിയിൽ നിന്ന് തെറിച്ചുപോയി. എന്നിട്ടും കൈവിടാതെ ചങ്ങലവലിച്ചു തീവണ്ടി നിർത്തി പിറകിലേക്കോടി മിൻഹത്ത്‌ എന്ന ചെറുപ്പക്കാരൻ കോരിയെടുത്തത് വിലപ്പെട്ട ഒരു ജീവൻ. കഴിഞ്ഞ തിങ്കളാഴ്ച പട്ടാമ്പിക്ക് സമീപം പരശുരാം എക്സ്പ്രസിൽനിന്നു തലകറങ്ങി പുറത്തേക്ക് തെറിച്ചുവീണ കോട്ടയം സ്വദേശിനി ജീഷ്ണയാണ് മിൻഹത്തിന്റെ കൃത്യസമയത്തുള്ള ഇടപെടലിൽ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. ശൗചാലയത്തിലേക്ക് പോകുമ്പോഴാണ് ജീഷ്ണ തലകറങ്ങി പുറത്തേക്ക് തെറിച്ചത്.
കുട്ടി ശാസ്ത്രജ്ഞർക്ക് കൂട്ടായി ടിങ്കറിങ്ങ് ലാബുകൾ. കുട്ടികളിൽ ശാസ്ത്രബോധം വളർത്തുന്നതിനൊപ്പം പരീക്ഷണങ്ങൾ നടത്തി ശാസ്ത്രീയ ആശയങ്ങൾ വികസിപ്പിക്കാനും അവസരമൊരുക്കി സമഗ്ര ശിക്ഷാ കേരള. കുട്ടിശാസ്ത്രജ്ഞരെ പൊതുസമൂഹത്തിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ ടിങ്കറിങ്ങ്ലാബ് ഒരുക്കുകയാണ് സമഗ്ര ശിക്ഷാകേരള. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽകൂടിയാണ് ഇത് ഒരുക്കുന്നത്
വാഷിംങ്ങ്ടൺ @ കൊതുകുകൾക്ക് നിറം തിരിച്ചറിയാനാകുമെന്ന കണ്ടെത്തലുമായി ഗവേഷകർ. ചിലനിറങ്ങളുടെ അടുത്തേക്ക് അവ കൂടുതൽ ആകൃഷ്ട്ടരാകുന്നതായും ചിലത് അവഗണിക്കുന്നതായും പഠനം പറയുന്നു.ചുവപ്പ്, ഓറഞ്ച്, കറുപ്പ്, സിയാൻ നിറങ്ങളിലേക്കാണ് കൊതുകുകൾ കൂടുതൽ പറന്നടുക്കുന്നത്. അതേ സമയം പച്ച, പർപ്പിൾ, നീല, വെള്ള നിറങ്ങൾ അവ അവഗണിക്കുമെന്നാണ് കണ്ടെത്തൽ. കൊതുക് കടിയിൽനിന്ന് രക്ഷനേടാനും കൊതുകുകളെ അകറ്റാനുള്ള ഉത്‌പന്നങ്ങൾ വികസിപ്പിക്കാനും പഠനം സഹായിക്കുമെന്നാണ് കരുതുന്നത്.
വാലറൈൻസ് ഡേ ഫെബ്രുവരി 14- ൽ മാത്രം ഒതുങ്ങുന്ന ആഘോഷമില്ല പലനാട്ടിലും. റോസാപ്പുദിനത്തിൽ തുടങ്ങി പ്രണയദിനത്തിൽ അവസാനിക്കുന്ന ഒരാഴ്ചത്തെ ഉത്സവം തന്നെയാണ്.പരസ്പരം റോസാപ്പൂക്കൾ നൽകി സ്നേഹം പ്രകടിപ്പിക്കുന്ന ദിനമായിരുന്നു ഇക്കഴിഞ്ഞ 7- ആം തിയ്യതി. ചുവന്ന റോസാപ്പൂ പ്രണയത്തെയും മഞ്ഞ റോസ് സൗഹൃദത്തെയും അടയാളപ്പെടുത്തുന്നു. ഇഷ്ട്ടമുള്ള ആളോട് പ്രണയം തുറന്നു പറയുന്ന പ്രൊപ്പോസ് ഡേ ആയിരുന്നു ഫിബ്രവരി എട്ട്. ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങളെ മറന്ന് മധുരം പങ്കുവെക്കുന്ന ചോക്ലേറ്റ് ഡേ ആയിരുന്നു ഒമ്പത്. പ്രിയപ്പെട്ടവർക്ക് ടെഡിബെയറിനെ സമ്മാനമായി നൽകുന്ന ടെഡിഡേ പത്തിനും തങ്ങളുടെ ബന്ധം എല്ലാകാലത്തും നിലനിൽക്കുമെന്ന് സത്യം ചെയ്യുന്ന പ്രോമിസ് ഡേ 11-ന് ആയിരുന്നു. പ്രിയപ്പെട്ടവരുടെ സുഖദുഃഖത്തിൽ ഒപ്പമുണ്ടാവുമെന്ന് ഉറപ്പു നൽകി ചേർത്തുപിടിക്കുന്ന ഹഗ്സ് ഡേ 12- ന് ആയിരുന്നു.13-ന് അതായത് ഇന്ന് ചുംബനദിനവും ഒടുവിൽ 14-ന് പ്രണയദിനവും ആഘോഷിച്ച് വാലന്റൈൻ വാരത്തിന് അവസാനമിടുന്നു.
കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ജൂനിയർ വാറന്റ് ഓഫീസർ എ.പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി ത്രിശ്ശൂർ താലൂക്ക് ഓഫീസിൽ ക്‌ളാർക്കായി ജോലിയിൽ പ്രവേശിച്ചു. താലൂക്കോഫീസിലെത്തിയ ശ്രീലക്ഷ്മിയ്ക്ക് മന്ത്രി കെ. രാജൻ നിയമനോത്തരവ് കൈമാറി.
ഈ മാസം അവസാനത്തോടെ സ്കൂളുകളും കോളേജുകളും മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി രാവിലെ മുതൽ വൈകുന്നേരം വരെ പ്രവർത്തിക്കും.
അരനൂറ്റാണ്ടിന്ശേഷം മലയാളം ലിപി പരിഷ്കരിക്കുന്നു. പഴയലിപിയിലേക്ക് ഭാഗികമായി മടങ്ങാൻ സർക്കാർ നിയോഗിച്ച ഭാഷാനിർദേശക വിദഗ്ധ സമിതിശുപാർശ ചെയ്തു.മലയാളത്തിലെ അക്ഷരമാലയും ലിപി വ്യവസ്ഥകളും എഴുത്ത്‌ രീതിയും ഏകീകരിക്കാനുള്ള ആദ്യറിപ്പോർട്ട് സമിതി സമർപ്പിച്ചു.
പാലക്കാട്‌ ചെറോട് എലിച്ചിരം കൂർമ്പാച്ചി മലയിൽ കാൽവഴുതി വീണ് മാലയിടുക്കിൽ കുടുങ്ങി അവശ നിലയിലായ ബാബുവിനെ രക്ഷിക്കാൻ കരസേനയെത്തിയപ്പോൾ ആത്മവിശ്വാസത്തോടെ ബാബു ഇരുന്നു രക്ഷപ്പെടുത്തുമെന്നുള്ള ദൃഡ നിശ്ചയത്തിൽ സേനയും.43- മണിക്കൂറോളം വെള്ളവും ഭക്ഷണവുമില്ലാതെ മലയിടുക്കിൽ ഒറ്റപ്പെട്ട ബാബു ഒടുവിൽ കരസേനയുടെ കയറും കൈയും പിടിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തി.ആശങ്കകൾക്കൊടുവിൽ ബുധനാഴ്ച്ച രാവിലെ ദുഷ്കരമായ രക്ഷാദൗത്യം പൂർത്തിയാക്കുമ്പോൾ ഇന്ത്യൻ സൈന്യത്തിന് ജയ് വിളികൾ മുഴങ്ങി." ഇത് എന്റെ പുതുജന്മമാണ് " കരസേനയോടും മറ്റ് രക്ഷാപ്രവർത്തകരോടും പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട് ബാബുവിന്റെ മുറിഞ്ഞ വാക്കുകൾ..പ്രിയരെ നമ്മുടെ ഇന്ത്യൻസൈനീകർക്കായി ഒരു ബിഗ് സല്യൂട്ട് നമുക്കും കൊടുക്കാം.
ഔദ്യോഗിക വാഗ്ദാനങ്ങൾ ജലരേഖയാകുമ്പോൾ ഉയരാതെപോകുന്ന പ്രശസ്ത വ്യക്തികളുടെ സ്മാരകങ്ങൾ അനേകമുണ്ട്.ഉറൂബും, ബഷീറും,പുനത്തിൽ കുഞ്ഞബ്ദുള്ളയുമൊക്കെ ഇതിലുൾപ്പെടുന്നു. എന്നാൽ കൈക്കുടന്ന നിറയെ പാട്ടിന്റെ തിരുമധുരം മലയാളികൾക്ക് നൽകിയ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന്10.2.22- വ്യഴാഴ്ച ഒരു വ്യാഴവട്ടം പൂർത്തിയായി. അദ്ദേഹത്തിന്റെ ഓർമയ്ക്കായി സ്വന്തം വീട്ടിൽ സ്മാരകമൊരുക്കിയിരിക്കുകയാണ് കുടുംബം. കോഴിക്കോട് കാരപ്പറമ്പിൽ ഗിരീഷിന്റെ വീടായ "തുളസീദള"ത്തിന്റെ മുകൾനിലയിലെ ഹാളിലാണ് കുടുംബം ഓർമക്കൂടൊരുക്കിയത്.
ബാലുശ്ശേരി @ ഒരു കോടിയോളം വിലമതിക്കുന്ന ഒരേക്കർ 11-സെന്റ് ഭൂമി പൊതുകളിസ്ഥലത്തിനായി വിട്ടുകൊടുക്കുന്നതിന് മുമ്പ് സാജിദ് കോറോത്ത് എന്ന പൊതുപ്രവർത്തകൻ അത്തോളി ഗ്രാമപഞ്ചായത്ത് അധികൃതരോട് പറഞ്ഞത് ഒരേ ഒരാഗ്രഹംമാത്രം - കളിസ്ഥലത്തിന് തന്റെ പ്രിയനേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന സി.എച്ച്. മുഹമ്മദ്‌ കോയയുടെ പേരിടണം. പ്രസിഡൻറും ഭരണസമിതി അംഗങ്ങളും ഒറ്റമനസ്സോടെ അവശ്യം അംഗീകരിച്ചതോടെ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള ഭൂമി കൈമാറുന്നതിനുള്ള സമ്മതപത്രവും ആധാരവും അദ്ദേഹം കൈമാറി.
റിപ്പബ്ലിക്ക്ദിനത്തിൽ കുടിലിനുമുന്നിൽ ദേശീയപതാക ഉയർത്തി ജനശ്രദ്ധനേടിയ ചേർപ്പ് അമ്മിണിക്കും കുടുംബത്തിനും ഇന്ത്യൻ നാവികസേനയുടെ ആദരം.മേജർ രവിയുടെ നേതൃത്വത്തിൽ ഈ കുടുംബത്തിന് പുതിയവീട് നിർമിക്കുന്ന ജോലികൾ വ്യാഴാഴ്ചതുടങ്ങി. ഇതിന്റെ ഭാഗമായി കുടിൽപൊളിച്ചുമാറ്റി. അമ്മിണിയുടെ രണ്ടുമക്കൾക്കായി രണ്ട് വീടുകൾ മെയ് പതിനഞ്ചിനകം നിർമ്മിക്കാനാണ് ഉദ്ദേശ്യം. കുടിലിനു മുന്നിൽ ദേശീയപതാക ഉയർത്തിയത്തിന്റെ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
കേരളത്തിലെ വ്യാപാരികളെ സംഘടിത ശക്തിയാക്കുന്നതിൽ പ്രധാനപങ്കുവഹിച്ച വ്യാപാരിനേതാവും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റുമായ ടി. അസറുദ്ദീൻ അന്തരിച്ചു.1991മുതൽ ഏകോപനസമിതിയുടെ പ്രസിഡന്റ് ആണ്. കേരളത്തിലെ വ്യാപാരികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഒട്ടേറെ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.
ബാലസാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സി. ജി. ശാന്തകുമാർ പുരസ്‌കാരം മലയത്ത്‌ അപ്പുണ്ണിയ്ക്ക്.60.,001രൂപയും പ്രശസ്തിപത്രവും ശിൽപ്പവുമാണ് പുരസ്‌കാരം.
ബാലുശ്ശേരി @ കുന്നിനുതാഴെ സ്വന്തമായി വഴിയുള്ള അടച്ചുറപ്പുള്ളൊരു വീടുവേണം - അതാണ്‌ സുനിലയുടെ കാലങ്ങളായുള്ള മോഹം. മുറ്റത്തൊരു കിണറും വെടിപ്പുള്ളൊരു കക്കൂസും. പോളിയോ ബാധിച്ച് അരയ്ക്ക് താഴെ തളർന്ന സുനിലയും അച്ഛനുമടങ്ങിയ കുടുംബം ഈ സ്വപ്നം കണ്ടുതുടങ്ങിയിട്ട് പതിറ്റാണ്ടുകളായി.പദ്ധതികൾ പലതു വന്നുപോയിട്ടും പട്ടികജാതി - കള്ളാടി വിഭാഗത്തിൽപ്പെട്ട ഇവർക്ക് ആരുടെയൊക്കെയോ അനാസ്ഥ കാരണം ഇതൊക്കെയും ആഗ്രഹങ്ങൾ മാത്രമാകുന്നു. വരുന്ന മഴക്കാലത്തിനു മുമ്പെങ്കിലും ചോർന്നൊലിക്കുന്ന വീട്ടിൽനിന്ന് മാറിത്താമസിക്കാൻ ആര് സഹായിക്കുമെന്നാണ് നെടുവീർപ്പോടെ സുനിലയുടെ ചോദ്യം. സർക്കാരോ നന്മനിറഞ്ഞ മനുഷ്യരോ...

കോഴിക്കോട് @ വൈകീട്ടത്തെ കടൽകാറ്റിനോട് കിസപറഞ്ഞ്, നേരമ്പോക്കുകൾ ചൊല്ലി, എല്ലാം മറന്ന് പൊട്ടിച്ചിരിക്കാം. പീടികകോലായിലിരുന്നു പലകഥകൾ ചൊല്ലിയത്തിന്റെ രസത്തോടെ ഈ കോലായിലും വന്നിരിക്കാം. കോയാറോഡ് ബീച്ചിലാണ് വയോജനങ്ങൾക്കായി കോലായി ഉള്ളത്. ബീച്ചിൽനിന്ന് അകലെയാല്ലാത്ത തീരത്ത് കല്ലുകൾ പാകി വൃത്തിയാക്കിയിട്ടുണ്ട്. വട്ടം കൂടിയിരിക്കാൻ സിമെന്റ്ബെഞ്ചും തിണ്ണയുമുണ്ട്. അവിടെയിരുന്ന് സൊറപറയാം പൂച്ചട്ടികൾ വെച്ച് പരിസരം മനോഹരമാക്കിയിട്ടുണ്ട്.
തിരക്കുകളിൽനിന്നൊഴിഞ്ഞു പ്രകൃതിയിൽ അലിഞ്ഞു ചേരാനൊരിടം. പച്ചപ്പിന്റെ നനവിൽ കോടമൂടിയ മലനിരക്കുകളിലൂടെ ഒരു യാത്ര.,.... മലബാറിലെ ഊട്ടി എന്നറിയപ്പെടുന്ന കക്കാടംപൊയിൽ കുടുംബ ടൂറിസ്റ്റുകളുടെ പറുദീസയായി മാറുകയാണ്.വേനൽക്കാലമായതോടെ കക്കാടം പൊയിലിന്റെ കുളിരിലേക്ക് വിദൂര ജില്ലകളിൽനിന്നും സഞ്ചാരികൾ എത്തുന്നു. കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലും മലപ്പുറം ജില്ലയിലെ നിലമ്പൂർ ചാലിയാർ പഞ്ചായത്തിലുമായാണ് കക്കാടംപൊയിൽ പ്രദേശം.
ശ്വാസകോശത്തിൽ വടുക്കൾ നിരന്ന് രോഗിയെമരണത്തിലേക്കു തള്ളിവിടുന്ന ഗുരുതര പ്രശ്നത്തിന് ചികിത്സ കണ്ടെത്താൻ വഴിതുറക്കുന്ന പഠനവുമായി മലയാളി ഗവേഷക.കോഴിക്കോട് ചേളന്നൂർ സ്വദേശി രചന ആർ. ചന്ദ്രൻ. യു. എസിലെ യേൽ യൂണിവേഴ്‌സിറ്റി കാർഡിയോ വാസ്കുലർ സെന്ററിൽ ആരുവർഷം നടത്തിയ പഠനമാണ് പുതിയ സാധ്യത മുന്നോട്ടുവെച്ചത്.

പ്രിയരെ ഈ വാരത്തെ വാർത്തകൾ ഇവിടെ അവസാനിപ്പിച്ചുകൊണ്ട്.... അടുത്ത വാരത്തിലെ വാർത്തകളുമായി അടുത്താഴ്ച കാണാം.
ശോഭ മാടക്കുനി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍