Hot Posts

6/recent/ticker-posts

നീലാംബരീയം@വാരാന്ത്യപ്പതിപ്പ്

         നീലാംബരീയം വാരാന്ത്യപ്പതിലേക്ക് പ്രിയപ്പെട്ട എല്ലാവർക്കും സ്വാഗതം....

നീലാംബരീയം
വാർത്തകളുടെ കനൽകാലം താണ്ടി നമ്മൾ പുതിയ വർഷത്തിലേക്ക് കാലുകൾ വലിച്ചു വെച്ച് നടക്കുകയാണ് വേഗത്തിൽ. കോവിഡ് ദുരിതങ്ങളെ ഒരു വിധം മറികടന്നപ്പോൾ ഒമിക്രോൺ ഉയർത്തുന്ന ആശങ്ക ഓരോ ദിവസവും അധികമാകുന്നു. ആശ്വാസത്തിന്റെ വഴി തേടുന്ന നമുക്ക് പോയ വാരത്തിലെ പ്രധാന വാർത്തകളിലേക്ക് കടക്കാം.
@ @ @ @ @
മലയാറ്റൂർ സ്മാരകട്രസ്റ്റ് ഏർപ്പെടുത്തിയ 15 മത് മലയാറ്റൂർ അവാർഡ് നോവലിസ്റ്റും കഥാകൃത്തും മാധ്യമ പ്രവർത്തകനുമായ സജിൽ ശ്രീധറിന്റെ " വാസവദത്ത " എന്ന നോവലിന് ലഭിച്ചു. യുവ എഴുത്തുകാർക്കുള്ള മലയാറ്റൂർ പ്രൈസ് എൻ. എസ്. സുമേഷ് കൃഷ്ണന്റെ " രുദ്രാക്ഷരം " എന്ന കവിതാ സമാഹാരത്തിനാണ്.
@ @ @ @ @
ഫുട്‌ബോൾ ഇതിഹാസം ഡീഗോ മാറഡോണയുടെ മോഷണം പോയ വാച്ച് അസമിലെ ശിവസാഗർ ജില്ലയിൽ കണ്ടെത്തി. പ്രത്യേകം രൂപകൽപ്പന ചെയ്ത വാച്ചിന്റെ വില 20 ലക്ഷത്തോളം വരും. മാറഡോണയുടെ ഒപ്പും ജഴ്‌സി നമ്പറും അർജന്റീനാ ദേശീയനിറങ്ങളും ആലേഖനം ചെയ്തതാണ് വാച്ച്.
@ @ @ @ @
അത്യാഹിത വിഭാഗം ഉൾപ്പെടെ ബഹിഷ്കരിച്ചുള്ള പി. ജി. ഡോക്ടർമാരുടെ സമരം ശക്തമായി തുടരുന്നു. മെഡിക്കൽ കോളേജുകളിൽ ശസ്ത്രക്രിയകൾ ഉൾപ്പെടെ മുടങ്ങി. കിടത്തിചികിത്സയുള്ള രോഗികളോട് വീട്ടിലേക്ക് മടങ്ങി വേറൊരു ദിവസം ഹാജരാകാൻ നിർദേശം നൽകി.
@ @ @ @ @
പ്രമുഖ സംഗീതജ്ഞൻ എം. എസ്. ബാബുരാജിന്റെ ഭാര്യ ബിച്ച ബാബുരാജ് അന്തരിച്ചു. വാർധക്യസഹജമായ കാരണങ്ങളാൽ ഏറെ കാലമായി ചികിത്സയിലായിരുന്നു.
@ @ @ @ @
സപ്ലൈകോ കൂട്ടിയ സബ്‌സിഡിയേതര ഭക്ഷ്യോൽപ്പന്നങ്ങളുടെ വില കുറച്ചു.നിത്യോപയോഗ സാധനങ്ങൾക്ക് പൊതു വിപണിയിൽ വിലക്കയറ്റം രൂക്ഷമായിരിക്കെ സപ്ലൈകോയും വില കൂട്ടിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
@ @ @ @ @
റെയിൽവേ സ്റ്റേഷനുകൾ രാജ്യാന്തര നിലവാരത്തിൽ വികസിപ്പിക്കുന്നതിനുള്ള പദ്ധതി ദക്ഷിണ റെയിൽവേ നേരിട്ട് നടപ്പാക്കും. എറണാകുളം സൗത്തിനും, കോഴിക്കോടിനും പുറമെ കന്യാകുമാരി, കൊല്ലം സ്റ്റേഷനുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.
@ @ @ @ @
മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2020-ലെ ജെ. ഡി. ഡാനിയേൽ പുരസ്‌കാരം ഗായകൻ പി. ജയചന്ദ്രന്. സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരം മന്ത്രി സജി ചെറിയാനാണ് പ്രഖ്യാപിച്ചത്. അരനൂറ്റാണ്ടിലേറേയായി
പിന്നണി ഗാനരംഗത്ത് നിറഞ്ഞു നിൽക്കുന്ന ജയചന്ദ്രൻ മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്ര വഴികളിൽ വ്യക്തി മുദ്ര പതിപ്പിച്ച ഗായകനാണെന്ന് ജൂറി അഭിപ്രായപ്പെട്ടു.
@ @ @ @ @
ഇന്ത്യക്കാരിയായ ഹർനാസ് സന്ധുവിന് വിശ്വസുന്ദരിപട്ടം സുസ്മിതാസെന്നിനും ലാറാദത്തയ്ക്കും ശേഷം 21 വർഷങ്ങൾക്കിപ്പുറമാണ് കിരീടം വീണ്ടും ഇന്ത്യയിലെത്തുന്നത്. പഞ്ചാബ് സ്വദേശിയാണ് ഹർനാസ്. ഇസ്രയേലിലെ ഏയ്‌ലറ്റിൽ നടന്ന എഴുപതാം മിസ് യൂണിവേഴ്‌സ് മത്സരത്തിലാണ് 21 - കാരി ഒന്നാമതെത്തിയത്.
@ @ @ @ @
ചെന്നൈ =തെരുവ് നായകളുടെ ആക്രമണത്തിൽ അബോധാവസ്ഥയിലായി ശ്വാസം നിലയ്ക്കാറായ കുട്ടികുരങ്ങന്റെ ജീവൻ രക്ഷിച്ച് കാർഡ്രൈവർ കാരുണ്യത്തിന്റെ മുഖമായി. കുരങ്ങിനെ മാറോട് ചേർത്തുവെച്ചു ഹൃദയഭാഗത്ത് കൈപ്പത്തികൾ കൊണ്ട് അമർത്തി പമ്പുചെയ്തും വായോട് വായ് ചേർത്ത് ഊതിയുമാണ് കാർഡ്രൈവർ മിണ്ടാപ്രാണിക്ക് പുതു ജീവൻ നൽകിയത്.
@ @ @ @ @
മൂന്ന് ഡോസ് ആവശ്യമായ സൈഡസ് കാഡിലയുടെ കോവിഡ് വാക്സിൻ "സൈക്കോവ് ഡി " ഈ മാസാവസാനത്തോടെ വിതരണം ചെയ്യാനാകുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സൂചിരഹിത വാക്സിനാണിത്.18 വയസ്സിനു മുകളിലുള്ളവർക്കാണ് വാക്സിൻ നൽകുക. കുട്ടികൾക്ക് സൈക്കോവ് ഡി വാക്സിൻ നൽകുന്ന കാര്യത്തിൽ അന്തിമതീരുമാനമായില്ല.
@ @ @ @ @
ബാലുശ്ശേരി ഹയർ സെക്കൻഡറി സ്കൂളിൽ ആൺ, പെൺ ഭേദമില്ലാതെയുള്ള യൂണിഫോം അവതരിപ്പിച്ച് ചരിത്രം സൃഷ്ടിച്ചു. ജർഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ ഗവ. ഹയർ സെക്കൻഡറി സ്കൂളായതിന്റെ ആവേശത്തിലാണ് കുട്ടികളും, അധ്യാപക -രക്ഷിതാക്കളും.
@ @ @ @ @
അഖിലകേരള കലാസാഹിത്യ സാംസ്‌കാരിക രംഗം (അക്ഷരം )ഏർപ്പെടുത്തിയ അക്ഷരം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പ്രതിഭാ പുരസ്‌കാരങ്ങൾക്ക് ചലച്ചിത്ര സംവിധായകൻ വി. എം. വിനു, സാഹിത്യകാരി കെ. പി. സുധീര, കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി പി. ഭാസ്കരൻ, "യക്ഷി "ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥകൃത്തും സംവിധായകനും നിർമാതാവുമായ ബ്രിജേഷ് പ്രതാപ് എന്നിവരെ തിരഞ്ഞെടുത്തു.
@ @ @ @ @
കൂനൂർ അപകടത്തിൽ അവശേഷിച്ചിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങും വിടവാങ്ങി. രാജ്യത്തിന്റെ മുഴുവൻ പ്രാർത്ഥനയും ഒപ്പമുണ്ടായിട്ടും ഗ്രൂപ്പ്‌ ക്യാപ്റ്റൻ വരുൺ സിങ് ജീവിതത്തിലേക്ക് മടങ്ങി വന്നില്ല. ബാംഗ്ലൂർ വ്യോമസേന കമാൻഡ് ആശുപത്രിയിൽ ബുധനാഴ്ച്ച രാവിലെയാണ് അദ്ദേഹം വിടവാങ്ങിയത്.
@ @ @ @ @
കള്ളവോട്ട് തടയുകയെന്ന ലക്ഷ്യവുമായി ആധാർനമ്പറും തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ബന്ധിപ്പിക്കും. ഇതടക്കം പ്രധാന തിരഞ്ഞെടുപ്പ് പരിഷ്കരണ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി.
@ @ @ @ @
സംസ്ഥാനത്ത് വീണ്ടും ഒമിക്രോൺ സ്ഥിരീകരിച്ചു.ഇതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം 7 ആയി.
@ @ @ @ @
കടലിൽ തിരമാലകൾക്ക് തീ പിടിച്ചപോലെ പച്ചനിരത്തിലുള്ള തീ. ശൈത്യകാലം തുടങ്ങിയതോടെ കേരള തീരത്ത് വിസ്മയകരമായ ഈ കാഴ്ച്ച പതിവാകുന്നു. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ഇവിടങ്ങളിലൊക്കെ ഈ കാഴ്ച്ചയുണ്ടായി. കടൽ തീ അഥവാ കടൽക്കറ എന്ന ഈ പ്രതിഭാസം മുൻ കാലങ്ങളെ അപേക്ഷിച്ച് ഈ വർഷം കൂടുതലാണ്.
@ @ @ @ @
സ്ത്രീധനത്തിനും സ്ത്രീപീഡനങ്ങൾക്കുമെതിരെ "സ്ത്രീ പക്ഷ നവകേരളം" എന്നപേരിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ബോധവത്കരണ പ്രചാരണ പരിപാടി തുടങ്ങുന്നു. ശനിയാഴ്ച്ച മുതൽ 2022- മാർച്ച്‌ 8- വരെ സംസഥാനത്തലത്തിൽ നീളുന്ന പരിപാടികളാണ് നടപ്പിലാക്കുന്നത്.
@ @ @ @ @
പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തക്കാളി വണ്ടികളുമായി കൃഷി വകുപ്പ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ച തക്കാളി ഉൾപ്പെടെയുള്ള പച്ചക്കറികളുമായി വെള്ളിയാഴ്ച്ച മുതൽ വണ്ടികൾ ജില്ലകളിലുണ്ടാവും 28- വണ്ടികളാണ് ഉണ്ടാവുക. വണ്ടിയിൽ ഒരു കിലോ തക്കാളിക്ക് 50- രൂപയാണ് വില മറ്റ് പച്ചക്കറികളും വിലകുറവിലാണ് ലഭിക്കുക.
@ @ @ @ @
അതിശൈത്യ മേഖലകളിൽ റൂം ഹീറ്ററുകൾ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ അപകടരഹിത നെരിപ്പോട് വികസിപ്പിച്ച് മലയാളി ഗവേഷകൻ. കോഴിക്കോട് കൊയിലാണ്ടിയിലെ ഗ്രാമീണ ഗവേഷകനായ വി. ജയപ്രകാശണ് വിറക് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹീറ്റർ നിർമ്മിച്ചത്.
@ @ @ @ @
ഭൂട്ടാൻ സർക്കാരിന്റെ പരമോന്നത സിവിലിയൻ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. ഓർഡർ ഓഫ് ദി ഡ്രക് ഗ്യാൽപോ പുരസ്കാരത്തിനാണ് അദ്ദേഹം അർഹനായത്.
@@@@@
കോവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെന്ന സാക്ഷ്യ പത്രം ഹാജരാക്കാത്ത കോവിഡ് രോഗികൾക്ക് കാരുണ്യ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിപ്രകാരമുള്ള സൗജന്യ ചികിത്സ നൽകേണ്ടതില്ലെന്നു ഗവ :മെഡിക്കൽ കോളേജുകൾക്ക് ആരോഗ്യവകുപ്പിന്റെ ഉത്തരവ്.
@@@@@
ആഘോഷങ്ങളുടെ തിരിച്ചു വരവിലേക്ക് കാറ്ററിങ് മേഖല. ജനുവരിയിൽ ആരംഭിക്കുന്ന വിവാഹസീസണിലേക്കുള്ള ഓർഡറുകൾ മേഖലയ്ക്ക് ലഭിച്ചുതുടങ്ങി. പുതുവർഷത്തിൽ മികച്ച ബിസിനസ് കാഴ്ച്ചവെക്കാനാകുമെന്നാണ് മേഖലയിലുള്ളവരുടെ പ്രതീക്ഷ.
@@@@@@

പ്രിയരെ വാർത്തകൾ ഇവിടെ അവസാനിക്കുന്നില്ല അടുത്ത വാരം പുതിയ വാർത്തകളുമായി

സസ്നേഹം

ശോഭ മാടക്കുനി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍