Hot Posts

6/recent/ticker-posts

ചിന്മയാനന്ദസ്വാമി

        ചിന്മയാനന്ദസ്വാമി
നീലാംബരീയം

പ്രാചീനകാലത്ത് കപിലമഹർഷിയിലും വ്യാസഭഗവാനിലും തുടങ്ങി മദ്ധ്യകാലഘട്ടത്തിൽ ശങ്കരാചാര്യർ, മാധ്വാചാര്യർ, ചൈതന്യമഹാപ്രഭു എന്നിവരിലൂടെ തുടർന്നുപോന്ന് ആധുനികകാലത്ത് ശ്രീരാമകൃഷ്‌ണ പരമഹംസർ, സ്വാമി വിവേകാനന്ദൻ, ശ്രീ നാരായണഗുരു, ചട്ടമ്പി സ്വാമികൾ എന്നീ ആദ്ധ്യാത്മിക തേജസ്സുകളിലെത്തി ഇന്നും തുടർന്നു പോരുന്ന ഗുരു പരമ്പരകളാൽ ധന്യവും സമ്പന്നവുമാണ് നമ്മുടെ ഭാരതഭൂമി.

ഇരുപതാം നൂറ്റാണ്ടിൽ ആ ഗുരു സ്‌ഥാനത്തിന് അർഹരായവരിൽ അഗ്രഗണ്യനാണ് ചിന്മയാനന്ദ സ്വാമികൾ. വരേണ്യ വർഗ്ഗത്തിന്റെ അടഞ്ഞ വാതിലുകൾക്കുള്ളിൽ മാത്രം ചർച്ചചെയ്യപ്പെട്ടിരുന്ന ഗീതതത്വങ്ങൾ സാമാന്യ ജനഹൃദയങ്ങളിലേയ്ക്ക് എത്തിക്കുന്നതിൽ അദ്വിതീയ സ്‌ഥാനമാണ് ചിന്മയാനന്ദ സ്വാമികൾക്കുള്ളത്.

പൂർവ്വാശ്രമത്തിൽ ചിന്മയാനന്ദസ്വാമികളുടെ പേര് ബാലകൃഷ്ണമേനോൻ എന്നായിരുന്നു. എറണാകുളം ജില്ലയിലെ പൂത്തമ്പള്ളി തറവാട്ടിൽ തൃശൂർ വടക്കേകുറുപ്പത്ത് കുട്ടൻ മേനോന്റേയും പൂത്തമ്പള്ളി പാറുക്കുട്ടി അമ്മയുടേയും മകനായി 1916-മെയ്‌ 8ന് ബാലകൃഷ്ണൻ ജനിച്ചു.തൃശൂരിലെ വിവേകോദയം സ്കൂൾ, കൊച്ചിയിലെ ശ്രീ രാമവർമ്മ ഹൈസ്ക്കൂൾ എന്നിവിടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.എറണാകുളം മഹാരാജാസ് കോളേജ്, തൃശൂർ സെന്റ് തോമസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ കലാശാലാ ജീവിതം.ഉയർന്ന മാർക്കോടെ ബിരുദ പഠനം പൂർത്തിയാക്കിയ അദ്ദേഹം ലഖ്‌നൗ യൂണിവേഴ്സിറ്റിയിൽ എം എ ബി എൽ കോഴ്‌സിന് ചേർന്നു
.
മൂന്നു വർഷം കൊണ്ട് രണ്ടു ബിരുദങ്ങൾ കരസ്‌ഥമാക്കി യൂണിവേഴ്‌സിറ്റിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ രാജ്യം മുഴുവനും ക്വിറ്റ് ഇന്ത്യ പ്രസ്‌ഥാനത്തിന്റെ ആവേശം അലയടിക്കുകയായിരുന്നു. അതിൽ ആകൃഷ്ടനായി അദ്ദേഹം ഒരു സ്വാതന്ത്ര്യസമരപ്പോരാളിയായി ചേർന്നു.പഞ്ചാബിൽ വച്ച് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. ജയിൽ ജീവിതം അദ്ദേഹത്തെ വളരെ ഏറെ ചിന്തിപ്പിച്ചു. ജയിലിൽ വച്ച് ന്യുമോണിയ ബാധിച്ച അദ്ദേഹത്തെ പോലീസുകാർ ജീപ്പിൽ കയറ്റി കൊണ്ടുപോയി വഴിയരുകിൽ ഉപേക്ഷിച്ചു. അതു വഴി കാറിൽ വന്ന ഒരു മാന്യസ്ത്രീ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു.
രോഗമുക്തനായ ബാലകൃഷ്ണൻ വക്കീലോ ജഡ്ജിയോ ആവുന്നതിന് പകരം പത്രപ്രവർത്തകനാവുകയാണ് ചെയ്യ്തത്. ദേശഭക്തിയിൽ പ്രചോദിതനായ അദ്ദേഹം പി ബി കെ മേനോൻ എന്ന പേരിൽ ലേഖനങ്ങൾ എഴുതാൻ തുടങ്ങി. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു സ്‌ഥാപിച്ച നാഷണൽ ഹെറാൾഡ് എന്ന പത്രത്തിന്റെ ഡൽഹി എഡിഷന്റെ സഹപത്രാധിപരായി ചേർന്ന ബാലകൃഷ്ണമേനോൻ നാട് നിരവധി പ്രശ്നങ്ങൾ നേരിട്ടു കൊണ്ടിരിക്കുമ്പോൾ അതിനെയെല്ലാം അവഗണിച്ച് സ്വാർഥജീവിതം നയിക്കുന്ന ഹിമാലയത്തിലെ സംന്യാസി സമൂഹത്തിന്റെ പൊള്ളത്തരങ്ങൾ വെളിച്ചത്ത് കൊണ്ടുവരുക എന്ന ഉദ്ദേശത്തോടെ ഒരു ഹിമാലയ യാത്ര നടത്തി. എന്നാൽ താൻ ഇന്റർവ്യൂ ചെയ്യാനായി സമീപിച്ച ഹൃഷികേശിലെ സ്വാമി ശിവാനന്ദയെ സസൂക്ഷ്മം നിരീക്ഷിച്ചപ്പോൾ അദ്ദേഹത്തിന്റെ ധാരണകൾ തിരുത്തപ്പെട്ടു. ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുമായി കത്തിടപാടുകൾ നടത്തുകയും ലേഖനങ്ങളും പുസ്തകങ്ങളും തയ്യാറാക്കുകയും ആതുരസേവനങ്ങൽക്കായി നടത്തുന്ന ആസ്പത്രി കാര്യങ്ങൾ നോക്കുകയും ആദ്ധ്യാത്മിക ക്‌ളാസ്സുകൾ നടത്തുകയും ചെയ്യുന്നതിൽ സദാ പ്രവർത്തനനിരതനായിരുന്ന സ്വാമി ശിവാനന്ദ അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. ഭാരതീയ തത്വചിന്തയുടെ മഹത്തായ ഗിരിശൃഖങ്ങൾ കണ്ട് ആ പത്രപ്രവർത്തകൻ വിസ്മയഭരിതനായി. രാഷ്ട്ര പുനർനിർമ്മാണത്തിന് ഭഗവദ്ഗീതയുടെ ആശയങ്ങൾ പ്രചരിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. അങ്ങനെ ഇന്റർവ്യൂ ചെയ്യാനെത്തിയ ബാലകൃഷ്ണൻ കാഷായവസ്ത്രം ധരിച്ച് മുണ്ഡിത ശിരസ്കനായി സ്വാമി ശിവാനന്ദയുടെ ശിഷ്യത്വം സ്വീകരിച്ചു.
1949 - ഫെബ്രുവരിലെ മഹാശിവരാത്രി ദിനത്തിലാണ് സ്വാമി ശിവാനന്ദ ബാലകൃഷ്ണമേനോന് സന്യാസദീക്ഷ നൽകിയത്. ആ സുദിനത്തെ കുറിച്ച് സ്വാമി ചിന്മയാനന്ദ പിന്നീട് പറഞ്ഞത് ഇങ്ങനെയാണ്.
"ആ ശിവരാത്രി നാളിൽ ഞാൻ ജനിച്ചു. അതിനു മുമ്പ് എന്റെ ശരീരത്തിനും മനസ്സിനുമുണ്ടായിരുന്ന ഭൂതകാലവുമായി എനിക്ക് ഒരു ബന്ധവുമില്ല. "
വേദാന്തശാസ്ത്രത്തിലെ ഉപരിഗ്രന്ഥങ്ങൾ പഠിക്കാനുള്ള ശിഷ്യന്റെ ആഗ്രഹം മനസ്സിലാക്കിയ ഗുരു അദ്ദേഹത്തെ പൂർവ്വാശ്രമത്തിൽ മലയാളി ആയിരുന്ന ഉത്തരകാശിയിലെ തപോവനം സ്വാമികളുടെ അടുത്തേയ്ക്ക് പറഞ്ഞയച്ചു. ഉത്തരകാശിയിലെ പഠനം അതികഠിനമായിരുന്നു ചിന്മയാനന്ദസ്വാമിക്ക്. ബ്രാഹ്മമുഹൂർത്തത്തിലുണർന്ന് ഹിമസദൃശമായ ഗംഗയിലെ മുങ്ങിക്കുളി, ചപ്പാത്തിയും പരിപ്പുമടങ്ങിയ രണ്ടുനേരത്തെ ഭക്ഷണം.സ്വാമി തപോവനത്തിന്റെ ശിക്ഷണം കഠിനം. എല്ലാറ്റിനും ഉപരി അപര്യാപ്തമായ സംസ്കൃതഭാഷാ ജ്ഞാനവും. എങ്കിലും ചിന്മയൻ പിന്മാറിയില്ല.
ഗംഗോത്രിയിൽ കഴിയുന്ന കാലത്താണ് ജ്ഞാനയജ്ഞ സങ്കല്പം അദ്ദേഹത്തിൽ ആദ്യമായി ഉദിച്ചത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം തന്റെ കർമ്മപരിപാടികൾക്ക് 'ഗംഗോത്രി പദ്ധതി ' എന്ന് പേരിട്ടതും. 1951 മുതൽ 93 ആഗസ്റ്റ് 3 വരെ അവിഘ്‌നം തുടർന്ന അദ്ദേഹത്തിന്റെ ജ്ഞാനയജ്ഞങ്ങൾ ഭാരതത്തിൽ ആധുനിക നവോത്ഥാനത്തിന്റെ വളർച്ച ത്വരിതപ്പെടുത്തി. തന്റെ ലക്ഷ്യങ്ങൾക്ക് പ്രചോദനമായത് ഗംഗാമാതാവാണെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. പുരാണ കഥയനുസരിച്ച് ഹരിപദം ഉപേക്ഷിച്ച് ഹരന്റെ ജടയിൽ പതിച്ച ത്യാഗത്തിന്റെ ഗംഗ. അവിടുന്നങ്ങോട്ട് ജ്ഞാനത്തിന്റെയും സ്നേഹത്തിന്റെയും പ്രവാഹമായി സമതലങ്ങളെ തഴുകി ഫലഭൂയിഷ്ഠമാക്കി ആധുനികതയിലേയ്ക്ക് കുതിച്ചൊഴുകുന്ന ഗംഗ. താൻ നേടിയ അറിവ് മറ്റുള്ളവർക്ക് കൂടി പ്രയോജനപ്പെടുമ്പോഴേ പൂർണ്ണമാവുന്നുള്ളു എന്നദ്ദേഹം മനസ്സിലാക്കി. ത്യാഗം ജ്ഞാനം സ്നേഹം ഇവ മൂന്നിന്റേയും സമഞ്ജസ സമ്മേളനമാണല്ലോ സേവനം.
എന്നാൽ തന്റെ ശിഷ്യൻ ഒരു പ്രചാരകനായി മാറുന്നതിനോട് തപോവന സ്വാമികൾക്ക് യോജിപ്പില്ലായിരുന്നു. ശിഷ്യന്റെ നിർബന്ധം കൂടിയപ്പോൾ തപോവനസ്വാമികൾ ഒരു നിർദ്ദേശം വച്ചു. ആദ്യം ഒരു പരിവ്രാജകനായി ഭാരതം മുഴുവൻ സഞ്ചരിക്കുക. ഉത്തരകാശിയിൽ നിന്ന് പൂണെയ്ക്കുള്ള യാത്രാമദ്ധ്യേ സ്വാമിജി അനുഗ്രഹാശ്ശിസുകൾക്കായി തന്റെ സംന്യാസ ദീക്ഷാ ഗുരുവായ ശിവാന്ദസ്വാമികളെ പോയി കണ്ടു.
"പോകൂ, പോയി വിവേകാനന്ദനെ പോലെ ഗർജ്ജിക്കൂ "എന്ന് തന്റെ ശിഷ്യന്റെ സംരംഭങ്ങൾക്ക് അദ്ദേഹം അനുഗ്രഹം നൽകി.
1951-മെയ്‌ 1ന് അദ്ദേഹം തന്റെ പരിവ്രാജക യാത്ര ആരംഭിച്ചു.
വിജ്ഞാനവിശുദ്ധിയിലേയ്ക്കുള്ള സരണിയാണ് സന്യാസം എന്ന ആദർശം പ്രയോഗികമാക്കാനായി സ്വാമി ചിന്മയാനന്ദൻ പല നൂതന പരിപാടികളും സമാരംഭിച്ചു. അതിൽ ഏറെ ശ്രദ്ധേയം സാന്ദീപനി സാധനാലയം ആയിരുന്നു.1953 - ൽ ബോംബെ ആസ്‌ഥാനമാക്കി സ്‌ഥാപിച്ച ചിന്മയാ മിഷൻ ആത്മീയം ജീവകാരുണ്യം വിദ്യാഭ്യാസം എന്നീ മേഖലകളിൽ ഇന്നും നിസ്തുലമായ സേവനം അനുഷ്ടിച്ചു പോരുന്നു.
അമേരിക്കയിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ വിദേശ യജ്‌ഞം. തുടർന്ന് റഷ്യ, ചൈന തുടങ്ങിയ കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ പര്യടനം നടത്തി. 1992 -ഡിസംബർ / 2 ന് ആഗോള ജനത നേരിടുന്ന പ്രതിസന്ധികളെ പറ്റി അദ്ദേഹം ഐക്യരാഷ്ട്രസഭയിൽ പ്രഭാഷണം നടത്തി. മൂന്ന് പതിറ്റാണ്ടോളം എല്ലാ ഭൂഖണ്ഡങ്ങളിലൂടെയും സഞ്ചരിച്ച് അദ്ദേഹം സനാതനധർമ്മ സന്ദേശം പ്രചരിപ്പിച്ചു.
ചിന്മയാനന്ദസ്വാമികൾ ആരംഭിച്ച ആത്മീയ സംരംഭങ്ങളിൽ ഒടുവിലത്തേതാണ് ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷൻ (CIF) സ്വാമിജിയുടെ ജന്മനാടായ എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് വെളിയനാട്ടിലാണ് സിഫ് സ്‌ഥിതി ചെയ്യുന്നത്. അദ്വൈതാചാര്യനായിരുന്ന ആദിശങ്കരന്റെ മാതൃഗൃഹമായ മേൽപ്പാഴൂർ മന 1990 ഫെബ്രുവരിയിൽ വിലയ്ക്ക് വാങ്ങി സ്വാമികൾ സിഫിന്റെ കേന്ദ്രം ഇവിടെയാക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സാധകരും ജിജ്ഞാസുക്കളും ഇവിടെയെത്തി സാധനകളോടൊപ്പം വിവിധ ഭാരതീയ ശാസ്ത്രങ്ങളും പഠിച്ചു വരുന്നു.
ഏതെങ്കിലും അത്ഭുത സിദ്ധികൾ തനിക്കുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നില്ല. എക്കാലത്തും കേവലം ഒരു വേദാന്ത വിദ്യാർത്ഥി ആയിരിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. അറിഞ്ഞത് പകർന്നു കൊടുത്ത് ഒരു സത്യാന്വേഷകനായി മാത്രം ജീവിച്ച അദ്ദേഹം സ്വന്തം ജീവിതത്തെ സംഗ്രഹിച്ചത് ഇപ്രകാരമാണ്.
"കേരളത്തിൽ ജനിച്ചു, ഉത്തരേന്ത്യയിൽ ജീവിച്ചു, ഉത്തരകാശിയിൽ പുനർ ജനിച്ചു, എല്ലായിടത്തും വിമർശിക്കപ്പെട്ടു, ചില സ്‌ഥലങ്ങളിൽ അഭിനന്ദിക്കപ്പെട്ടു, ഒടുവിൽ എല്ലാവരാലും അംഗീകരിക്കപ്പെട്ടു, എനിക്ക് തന്നെ ഞാനൊരു കടങ്കഥയാണ്. "
"ഒരു ഗുണം നിങ്ങളിൽ പൂർണ്ണമായും വികസിതമായാൽ മറ്റെല്ലാ ഗുണങ്ങളും നിങ്ങളിൽ വന്നു ചേരും. ആ ഗുണം മഹത്തായ ആദർശത്തിനായി സമർപ്പിക്കപ്പെട്ടാൽ ഈ പ്രപഞ്ചം മുഴുവൻ നിങ്ങളുടെ തുണയ്‌ക്കെത്തുകയും ചെയ്യും. "(ചിന്മയാനന്ദ സ്വാമികൾ )
1993 - ആഗസ്റ്റ് മൂന്നാം തിയതി കാലിഫോർണിയയിലെ സാന്റിയാഗോയിൽ വച്ച് ചിന്മയാനന്ദ സ്വാമികൾ മഹാസമാധി പ്രാപിച്ചു.ഹരിദ്വാറിൽ ഗംഗാതീരത്ത് അദ്ദേഹത്തിന്റെ ഭൗതിക ശരീരം സംസ്ക്കരിക്കപ്പെട്ടു.
🌹🌹🙏🙏യുഗപുരുഷൻ ചിന്മയാനന്ദ സ്വാമികൾക്ക് പ്രണാമം. 🙏🙏🌹🌹

മഞ്ജുള ചന്ദ്രകുമാർ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍