Hot Posts

6/recent/ticker-posts

ചായയുടെ ചരിത്രം

ചായയുടെ ചരിത്രം

നീലാംബരീയം
മലയാളിയുടെ പുലർക്കാലം തുടങ്ങുന്നത് തന്നെ ഒരു കപ്പ്‌ ചായയിലല്ലേ.... പിന്നെങ്ങിനെ രുചിയുടെ കഥ പറഞ്ഞ് നീലാംബരീയത്തിൽ ഞാൻ വരുമ്പോൾ ചായയെ മാറ്റിനിര്ത്തും! ഞാനിന്ന്, ഇത്തിരി ചായകാര്യം പറഞ്ഞു തുടങ്ങുകയാണ്.

ദിവസത്തിൽ ഒരു ചായയെങ്കിലും കുടിക്കാത്തവരോ ചായയിടാത്തവരോ ഇന്ത്യയിൽ ഉണ്ടോ.. ഉണ്ടാകില്ല. ചായയെ പറ്റി ഒരു നിമിഷം ചിന്തിക്കുകയെങ്കിലും ചെയ്യാത്തവർ ഉണ്ടോ കേരളത്തിൽ? നമ്മുടെ ചായപ്രിയം അത്രക്കാണ്. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് അന്നത്തെ വിലകൂടിയ ഉത്പന്നമായിരുന്ന ചായയോടു തോന്നിയ ആർത്തിയാണ് ഇന്ത്യയിൽ ചായ വ്യവസായത്തിനു വളമായത്. ഈസ്റ്റ്‌ ഇൻഡ്യാകമ്പനിയുടെ ആർത്തി ഇന്ന് നമ്മേ ചായയോടുള്ള അടങ്ങാത്ത പ്രണയത്തിൽ എത്തിച്ചിരിക്കുന്നു.
ലോകത്ത് ഏറ്റവും കൂടുതല് കറുത്ത ചായപ്പൊടിയുണ്ടാക്കുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രണ്ടാമത്തെ പാനീയമാണ് ചായ... സംശയിക്കണ്ട, ചായയെ ജയിക്കാൻ ഇന്ന് ഇന്ത്യയിൽ പച്ചവെള്ളം മാത്രമേയുള്ളു. ഇന്ത്യയിലെ 83 ശതമാനം ആളുകളുടെയും ഇഷ്ടപാനീയമാണ് ചായ. വെള്ളം കഴിഞ്ഞാല് ഏറ്റവും ചെലവ്കുറഞ്ഞ രീതിയില് ലഭിക്കുന്ന പാനീയവും ചായതന്നെ. ലോകത്ത് ഏതാണ്ട് മുപ്പത്തഞ്ചോളം രാജ്യങ്ങളിൽ ചായ മുൻനിരയിൽ തന്നെയുണ്ട്. ദുബയ് ടീം ഫോറം എന്ന സംഘടന ചായ പ്രചാരത്തിലുള്ള മിക്കവാറും രാജ്യങ്ങളില് നിന്നുള്ള തേയില ഉത്പന്നങ്ങളെ ഒന്നിപ്പിക്കാനും ചായസമ്മേളനത്തിനും ആതിഥേയത്വം വഹിക്കുന്നു എന്നത് ചായയുടെ ലോകത്തുള്ള പ്രചാരം എത്രയെന്നു നമുക്ക് ബോധ്യപ്പെടുത്തി തരുന്നു.
തേയില ചെടിക്കുമുണ്ട് നമ്മോടൊരു കഥപറയാൻ. തന്റെ പിറവിയുടെ കഥ. ഒരിക്കൽ ബുദ്ധദേവൻ ഒൻപതു വർഷം വിശ്രമിക്കാതെ ധ്യാനിക്കുമെന്ന പ്രതിജ്ഞയെടുത്തൊരു തീർത്ഥാടനത്തിന് തിരിച്ചു. യാത്രക്കിടെ വഴിയിൽ എവിടെയോ വച്ച് ഉറങ്ങിപ്പോയെന്നും ഞെട്ടിയുണർന്ന അദ്ദേഹത്തിന് തന്റെ ശപഥം തെറ്റിയതിൽ നിരാശയും വിഷമവും തോന്നിയപ്പോൾ, ആ നിമിഷത്തിന്റെ ക്രോധത്തിൽ അദ്ദേഹം തന്റെ കൺപോളകൾ പിഴുതു മണ്ണിലേക്ക് എറിഞ്ഞത്രേ. പെട്ടെന്ന് ആ സ്ഥലത്ത് കൺപോളകളുടെ ആകൃതിയിലുള്ള ഇലകളോടെയുള്ള ഒരു ചെടി മുളച്ചു പൊങ്ങിയെന്നും, അതിൽ നിന്ന് ഒരു ഇല അടർത്തി ഭക്ഷിച്ച ബുദ്ധദേവന്റെ ക്ഷീണം മാറി യാത്ര തുടരുകയും ചെയ്തുവെന്നും ഒരു കഥ ആദ്യതേയിലചെടിയുടേതായി പറഞ്ഞു വരുന്നു.
മിക്കവാറും ഏഷ്യൻ ഭാഷകളിൽ ചായ് എന്നാണ്‌ ചായയെ വിളിക്കുന്നത്. 'ചാ' എന്ന ചൈനീസ് വാക്കിൽ നിന്നാണ്‌ ഈ പേരുവന്നതെന്ന് കരുതപ്പെടുന്നു.
ചായയുടെ ചരിത്രം ആരംഭിക്കുന്നതു ഏകദേശം 5000 വർഷങ്ങൾക്കു മുൻപ് പുരാതന ചൈനയിലാണ്. ചൈനീസ് ചക്രവർത്തിയായിരുന്ന ഷെൻ നുങ് ചക്രവർത്തി വേട്ടക്കു പോയപ്പോൾ കാട്ടിൽ അടുപ്പുണ്ടാക്കി വെള്ളം ചൂടാക്കാനായി വെയ്ക്കുകയും, തിളക്കാറായപ്പോൾ അടുത്തുള്ള ചെടിയുടെ കുറച്ച് ഉണങ്ങിയ ഇലകൾ ഈ വെള്ളത്തിൽ വീഴുകയും ചെയ്തു. തിളച്ചവെള്ളം തവിട്ടുനിറത്തിലാകുകയും ഇത്‌ കുടിച്ചവർക്ക് ഉന്മേഷം തോന്നുകയും ചെയ്തു. അങ്ങനെ തേയിലയും ചായയും കണ്ടെത്തി എന്നുമാണ് പറയപ്പെടുന്നത്.
പിന്നീട് ചൈനയിൽ ചായ പ്രചാരം നേടി.
എ ഡി 800-ൽ ബുദ്ധസന്യാസിയായ ലു യു ചായയെ കുറിച്ച് വളരെ വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾ നടത്തി എങ്ങനെയാണ് ചായ വിളവെടുത്തിരുന്നതെന്നും അത് എങ്ങനെ തയ്യാറാക്കുന്നതെന്നും മനസ്സിലാക്കുകയും സെൻ ബുദ്ധിസത്തിന്റെ ഭാഗമാക്കി ചായകുടി മാറ്റുകയും ചെയ്തു. പിന്നീട് സെൻ ബുദ്ധ സന്യാസിയായ യിസൈ ജപ്പാനിലേക്ക് തേയിലച്ചെടിയെത്തിച്ചു.
ജപ്പാനിൽ ചായയുടെ പിതാവായി അറിയപ്പെടുന്നത് യിസൈയാണ്. ചായ രാജകീയ പാനീയമായി ജപ്പാനിൽ പ്രചരിച്ചു. ജപ്പാനിൽ അത്യധികം ബഹുമാനത്തോടെയും അനുഗ്രഹാശിസുക്കളോടെയും നടത്തപ്പെടുന്ന 'ചാ-നൊ-യു' എന്ന മതാചാരചടങ്ങ്, വർഷങ്ങൾ നീണ്ടുനിൽക്കുന്ന പരിശീലനത്തിലൂടെ നടത്തപ്പെടുന്ന ഒരുതരം ചായസൽക്കാരമാണെന്ന്
ഐറിഷ്- ഗ്രീക്ക് സഞ്ചാരിയായിരുന്ന ലഫ്കാഡിയൊ ഹേം തന്റെ യാത്രകുറിപ്പിൽ പറയുന്നു.
ചായ, ചൈനയിലും ജപ്പാനിലും പ്രചരിച്ചതോടെ സഞ്ചാരികളിലൂടെ ഈ പാനീയത്തെ പറ്റി യൂറോപ്യൻമാർ അറിഞ്ഞു തുടങ്ങി, എന്നാൽ ഉപയോഗിക്കുന്നതെങ്ങനെ എന്നറിയാത്തതിനാൽ... ഇത് ഉപ്പിലിട്ടു തിളപ്പിച്ച്,വെണ്ണയോടൊപ്പം കഴിക്കേണ്ട ഒരു പാനീയമെണെന്നാണ് കരുതിയിരുന്നത്. തുടർന്ന് പോർച്ചുഗീസ് ചൈനയുമായി വാണിജ്യാടിസ്ഥാനത്തിൽ ചായയുടെ വ്യപാരം തുടങ്ങി. കാലക്രമേണ എല്ലാ ഭൂഖണ്ഡങ്ങളിലേക്കും ചായ വ്യാപിച്ചു.
1680 കളിൽ ഫ്രാൻസിലെ സാമൂഹ്യ പ്രവർത്തകരായിരുന്ന മാരി ഡി റാബുടിനും മർക്വേസ് ഡി സെവനുമാണ് പാല് കൂട്ടി ചേർത്ത് ചായ ഉണ്ടാക്കാമെന്നു കണ്ടുപിടിച്ചത്. ഡച്ചുകാരിലൂടെ അമേരിക്കയിലെ ആംസ്റ്റർഡാമിലേക്ക് തേയിലയെത്തി. അവിടെ കോളനി സ്ഥാപിച്ചിരുന്ന ഇംഗ്ലീഷുകാർ അങ്ങനെ ചായയുടെ രുചി അറിഞ്ഞു.പിന്നീട്
ഇംഗ്ലണ്ടിലേക്കെത്തിയ ചായ വളരെ കുറഞ്ഞ കാലത്തിനുള്ളിൽ ഇംഗ്ലണ്ടിന്റെ ദേശീയ പാനീയമായി മാറി. പിന്നീട് ഇഗ്ളീഷുകാരുടെ കോളനിയായിരുന്ന ഇന്ത്യായിലേക്ക് തേയിലയെത്തി. അന്നുതൊട്ടിന്നോളം ചായ പലരുചികളിൽ പല നിറങ്ങളിൽ ഭാരതീയരുടെ ഉന്മേഷത്തിന്റെ ഉറവിടമായി പ്രചാരം നേടി.
ചായ എന്ന രണ്ടക്ഷരത്തിൽ ഒതുങ്ങുന്നതല്ല ചായ നമുക്ക് തരുന്ന ഉൗർജം. സ്ട്രോങ്,ലൈറ്റ്, മീഡിയം, വിത്ത്, വിത്തൗട്ട്, അടിച്ചത്, അടിക്കാത്തത്, പൊടി കട്ടൻ, ഇഞ്ചിക്കട്ടൻ, ഏലക്കാചായ, ജീരകചായ, ചുക്ക്ചായ, കുരുമുളക് ചായ, പാൽചായ, ഗ്രീൻ ടീ, സുലൈമാനി അങ്ങിനെ തുടങ്ങി തന്തൂരി ചായ വരെ എത്തി നിൽക്കുന്നു വ്യത്യസ്തചായരുചികൾ.
ഉത്തരേന്ത്യയിൽ ഇഞ്ചി പോലുള്ള സുഗന്ധദ്രവ്യങ്ങൾ ചേർത്തുണ്ടാക്കുന്ന ചായ കേരളത്തിൽ പാലും വെള്ളവും സമാസമമായിരിക്കുമ്പോൾ തമിഴ്നാട്ടിൽ പാല് കൂടുതലും വെള്ളം കുറവുമാണ്. കർണ്ണാടകയിലേക്ക് കടന്നാൽ വെള്ളം ചേർക്കാത്ത പാലിൽ ചായപ്പൊടിചേർത്ത് തിളപ്പിക്കുന്നതാണ് ചായ. എന്തൊക്കെയാണെങ്കിലും ചായ ഇല്ലാതെ ഒരു ദിനം കടന്ന് പോകാൻ മലയാളിക്ക് കഴിയില്ല, മലയാളിക്ക് മാത്രമല്ല മിക്കവാറും എല്ലാ ഭാരതീയരും ചായ കുടിക്കുന്നവർ തന്നെ.

കവിത ബിജു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍